ഡേവിഡ് ടെനിയേർസ് ദ യംഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡേവിഡ് ടെനിയേർസ് ദ യംഗർ

ഒരു ഫ്ളമിഷ് ചിത്രകാരനാണ് ഡേവിഡ് ടെനിയേർസ് ദ യംഗർ.

ജീവിതരേഖ[തിരുത്തുക]

1610-ൽ ആന്റ് വെർപ്പിൽ വിഖ്യാത ചിത്രകാരനായിരുന്ന ഡേവിഡ് ടെനിയേഴ്സ്, ദി എൽഡറി (1582-1649)ന്റെ മകനായി ജനിച്ചു. അച്ഛൻ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രകലാഗുരു. വളരെ ചെറുപ്പത്തിൽ തന്നെ ഇദ്ദേഹം ചിത്രകലാ രംഗത്ത് പ്രശസ്തനായി. ഭ്രമകല്പനാപരമായ ചിത്രങ്ങളായിരുന്നു ആദ്യം വരച്ചിരുന്നത്. ടെംപ്റ്റേഷൻ ഒഫ് സെന്റ് ആന്റണി (1633 - 36) ഇതിനുദാഹരണമാണ്. 1634 ലെ ഡിന്നർ പാർട്ടി എന്ന ചിത്രം മധ്യവർഗ ജീവിത ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ ഇദ്ദേഹത്തിനുള്ള പ്രാഗല്ഭ്യത്തിന്റെ ഉത്തമോദാഹരണമാണ്. പ്രകൃതി ദൃശ്യങ്ങൾ, മതപരമായ ചിത്രങ്ങൾ, മാന്ത്രിക ചിത്രങ്ങൾ തുടങ്ങി വൈവിധ്യമാർന്ന രചനകൾ നിർവഹിച്ചിട്ടുണ്ടെങ്കിലും കാർഷിക ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം വിശ്വപ്രസിദ്ധനായത്. അഡ്രയിൽ ബ്രവറുടെ അധഃകൃത ജീവിതചിത്രണശൈലിയോട് ആഭിമുഖ്യം പുലർത്തുന്നവയാണ് അത്തരം ചിത്രങ്ങൾ. 1690 ൽ ബ്രസ്സൽസിൽ ഇദ്ദേഹം അന്തരിച്ചു.

രചനകൾ[തിരുത്തുക]

കാബറെ ഇന്റീരിയർ (1645) സ്മോക്കേഴ്സ് ആൻഡ് ഡ്രിങ്കേഴ്സ് ഇൻ ആൻ ആലെ ഹൗസ് (1650) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. കാർഷിക ജീവിതത്തിലെ മുഹൂർത്തങ്ങളെ ഇദ്ദേഹം അതേപടി പകർത്തുകയായിരുന്നില്ല, മറിച്ച് കാല്പനികചാരുതയോടെ പുനഃസൃഷ്ടിക്കുകയായിരുന്നു. ഇളം വർണങ്ങളോടായിരുന്നു ഇദ്ദേഹത്തിനു പ്രിയം. വെളിച്ചത്തിന്റെയും സുതാര്യമായ നിഴലിന്റെയും സാന്നിധ്യവും പല ചിത്രങ്ങളെയും വ്യത്യസ്തങ്ങളാക്കിയിരുന്നു. 1640 മുതൽ 60 വരെയുള്ള ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്. വില്ലേജ് ഫെറ്റി വിത്ത് കാൾഡ്രൺസ് (1643), പ്രോഡിഗൽസൺ അറ്റ് എ ടേബിൾ ഔട്ട്സൈഡ് ആൻ ഇൻ (1644), ആർച്ച് ഡ്യൂക്ക് ലിയോപോൾഡ് വിൽഹെം അറ്റ് എ വില്ലേജ് ഫെറ്റി (1647), പെസന്റ് വെഡ്ഡിംഗ് (1649), വില്ലേജ് മെരിമേക്കിംഗ് (1649). 1651 മുതൽ ടെനിയേഴ്സ് കൊട്ടാരചിത്രകാരനായി ബ്രസ്സൽസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ആർച്ച്ഡ്യൂക്ക് ലിയോപോൾഡ് വിൽഹെമിന്റെ ചിത്രശേഖരങ്ങൾ തരംതിരിച്ചു ക്രമീകരിക്കുകയും അവ 1660 ൽ പ്രകാശിപ്പിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പല ചിത്രങ്ങളും ഇദ്ദേഹം പുനഃസൃഷ്ടിച്ചിട്ടുമുണ്ട്. തുടർന്ന് ചിത്രവില്പനയിൽ ടെനിയേഴ്സ് ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി. അതിനുശേഷമുള്ള ചിത്രങ്ങളൊന്നും കാര്യമായ പ്രാധാന്യമുള്ളവയല്ല.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ an overview of Teniers's life and work എന്ന താളിലുണ്ട്.
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡേവിഡ്, ദ് യംഗർ (1610 - 90) ടെനിയേർസ് ഡേവിഡ്, ദ് യംഗർ (1610 - 90) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ടെനിയേർസ്_ദ_യംഗർ&oldid=3250484" എന്ന താളിൽനിന്ന് ശേഖരിച്ചത്