ഡെൽറ്റാ റോക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡെൽറ്റ കുടുംബം
ഡെൽറ്റാ റോക്കറ്റ് കുടുംബം.
ഡെൽറ്റാ റോക്കറ്റ് കുടുംബം.
തരം Expendable launch system with various applications
നിർമ്മാതാവ് ഡഗ്ലസ് എയർക്രാഫ്റ്റ് കമ്പനി
മക്ഡോണൽ ഡഗ്ലസ്
ബോയിങ്ങ്
പുറത്തിറക്കിയ തീയതി 1960
സ്ഥിതി സജീവം

ബഹിരാകാശ വാഹന വിക്ഷേപണത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് 1960 മുതൽ നിർമിച്ച് ഉപയോഗിച്ചുവരുന്ന റോക്കറ്റ് പരമ്പരയാണ് ഡെൽറ്റ. അമേരിക്കൻ ബഹിരാകാശ പദ്ധതിയിലെ പല കൃത്രിമ ഉപഗ്രഹങ്ങളേയും ഭ്രമണപഥത്തിലെത്തിക്കാൻ ഈ പരമ്പരയിൽപ്പെട്ട റോക്കറ്റുകളെയാണ് പ്രയോജനപ്പെടുത്തിയത്. യു.എസ്സിലെ ഡഗ്ളസ് എയർക്രാഫ്റ്റ് കമ്പനിയും നാസയും ചേർന്ന് 1956 ഏപ്രിലിൽ ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. ആദ്യമായി തയ്യാറാക്കപ്പെട്ടത് 28.6 മീ. നീളവും 51,840 കി.ഗ്രാം വിക്ഷേപണ ഭാരവും (launch weight) ഉള്ള 'മൂന്നു ഘട്ട' (three stage) ഇനമായിരുന്നു. 220 കി.ഗ്രാം ഭാരമുള്ള പേലോഡിനെ (payload) 480 കി.മീ. ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കാൻ അവയ്ക്ക് അനായാസം സാധിച്ചിരുന്നു. 1960 മേയ് 13-ലെ ആദ്യത്തെ വിക്ഷേപണം പരാജയപ്പെട്ടുവെങ്കിലും തുടർന്നുള്ള എല്ലാ ഡെൽറ്റാ റോക്കറ്റുകൾക്കും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. ടിറോസ് വിഭാഗത്തിൽപ്പെട്ട കാലാവസ്ഥാ ഉപഗ്രഹങ്ങൾ, ടെൽസ്റ്റാർ, റിലേ, സിൻകോം തുടങ്ങിയ വാർത്താവിനിമയ ഉപഗ്രഹങ്ങൾ, എക്കൊ ഉപഗ്രഹം, എക്സ്പ്ളോറർ എന്നിവയെല്ലാം വിക്ഷേപിക്കാൻ ആദ്യകാല ഡെൽറ്റാ റോക്കറ്റുകൾ പ്രയോജനപ്പെട്ടിരുന്നു. ഒന്നാം ഘട്ടത്തിന് കൂടുതൽ ശേഷി നല്കി പരിഷ്കരിക്കപ്പെട്ട ഡെൽറ്റാ റോക്കറ്റിന് 450 കി.ഗ്രാം ഭാരമുള്ള പേലോഡിനെ 800 കി.മീ. ഉയരമുള്ള ഭ്രമണപഥത്തിലെത്തിക്കാൻ കഴിയുമായിരുന്നു; 1964 ആഗ. 19-ന്, വിൽകോം 3 വാർത്താ വിനിമയ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കുവാൻ, ഈ രീതിയിൽ പരിഷ്കരിച്ച റോക്കറ്റിനു കഴിഞ്ഞു.

1960-73 കാലയളവിൽ വർഷം തോറും അവശ്യം വേണ്ടുന്ന നവീകരണങ്ങൾ നടത്തി ഡെൽറ്റാ റോക്കറ്റിന്റെ കാര്യക്ഷമത തുടർച്ചയായി മെച്ചപ്പെടുത്തുകയുണ്ടായി. സ്ട്രാപ്പ് - ഓൺ സോളിഡ് റോക്കറ്റ് ബൂസ്റ്റർ, പ്രഥമ ഘട്ട പ്രണോദ വർദ്ധന, ഇന്ധന ടാങ്കിന്റെ ഉള്ളളവു വർദ്ധന, സുഗമമായ നിയന്ത്രണ സംവിധാനം (guidance system) തുടങ്ങിയവ കാര്യക്ഷമതാ നവീകരണത്തിന്റെ ഭാഗങ്ങളായിരുന്നു.

1974 ഏപ്രിലിൽ പ്രയോഗസജ്ജമാക്കപ്പെട്ട ഡെൽറ്റാ 2914 - ഇനം റോക്കറ്റിൽ ഒൻപത് ഖര നോദക സ്ട്രാപ്പ് - ഓൺ ബൂസ്റ്ററുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 1,33,812 കി.ഗ്രാം വിക്ഷേപണ ഭാരമുണ്ടായിരുന്ന പ്രസ്തുത ഡെൽറ്റാ റോക്കറ്റിന് 33,04,900 ന്യൂട്ടൺ പ്രണോദം സൃഷ്ടിക്കാനുള്ള ശക്തിയുണ്ടായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഡെൽറ്റാ_റോക്കറ്റ്&oldid=1700093" എന്ന താളിൽനിന്ന് ശേഖരിച്ചത്