Jump to content

ഡെയ്‌സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പോസിറ്റെ (Compositae) സസ്യകുടുംബത്തിൽ പെടുന്നു ഒരു ഉദ്യാന സസ്യമാണ്‌ ഡെയ്സി. ശാ.നാ. ക്രിസാന്തിമം ല്യുക്കാന്തിമം (Chrysanthemum leucanthemum). യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. ചിരസ്ഥായിയായ ഈ സസ്യം പൂന്തോട്ടങ്ങളിൽ നട്ടുവളർത്തപ്പെടുന്നതാണെങ്കിലും പലപ്പോഴും തരിശു ഭൂമികളിലും വെളിപ്രദേശങ്ങളിലും കളയായി വളരുന്നതു കാണാം.

മണ്ണിനടിയിലുള്ള പ്രകന്ദത്തിൽനിന്ന് 30-90 സെ.മീ. വരെ ഉയരത്തിൽ കാണ്ഡം വളരുന്നു. കാണ്ഡത്തിന് ധാരാളം ശാഖകളുണ്ടായിരിക്കും. കാണ്ഡത്തിന്റെ ചുവട്ടിലെ ആയതാകാരത്തിലുള്ള ഇലകൾ നീളം കൂടിയ ഞെട്ടോടുകൂടിയവയാണ്. അഗ്രത്തിലേയ്ക്കു വരുംതോറും ഞെട്ടില്ലാത്ത, വീതികുറഞ്ഞ, ദന്തുരമായ ഇലകൾ കാണപ്പെടുന്നു. വസന്തകാലം മുതൽ ശരത്കാലം വരെയാണ് ഇതിന്റെ പുഷ്പകാലം. ഹെഡ്പുഷ്പമഞ്ജരിയായി പുഷ്പങ്ങൾ ഉണ്ടാകുന്നു. പുഷ്പമഞ്ജരിക്ക് 2.5-5 സെ.മീ. വ്യാസമുണ്ടായിരിക്കും. ഓരോ പുഷ്പമഞ്ജരിയിലും അനേകം കടും മഞ്ഞ നിറമുള്ള ഡിസ്ക് പുഷ്പങ്ങളും ഓരോ ഡിസ്ക്പുഷ്പത്തിനും ചുറ്റിലുമായി 15-30 വെളുപ്പുനിറത്തിലുള്ള 'റേ' പുഷ്പങ്ങളും കാണപ്പെടുന്നു. ഫലം സിപ്സെല(Cypsela)യാണ്.


കമ്പോസിറ്റെ കുടുംബത്തിലെതന്നെ ബെല്ലിസ് പെരെന്നിസ് (ശാസ്ത്രീയ നാമം: Bellis perennis) എന്ന സസ്യവും ഡേയ്സി എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് പുഷ്പാകാരിക (റോസെറ്റ്)മായി സ്പൂൺ ആകൃതിയിലുള്ള ഇലകളുണ്ടാകുന്നു. 15 സെ.മീ. വരെ ഉയരത്തിൽ വളരുന്ന കാണ്ഡത്തിൽ ഇലകൾ കാണപ്പെടുന്നില്ല. കാണ്ഡാഗ്രത്തിൽ ഒരു പുഷ്പം മാത്രം ഉണ്ടാകുന്നു. മഞ്ഞ 'ഡിസ്ക്' പുഷ്പങ്ങളും ഇതിനു ചുറ്റിലുമായി നീളം കൂടിയ 'റേ' പുഷ്പങ്ങളും കാണപ്പെടുന്നു.

യൂറോപ്പിൽ ഡേയ്സി കളസസ്യമായി വളരുന്നു. നട്ടുവളർ ത്തപ്പെടുന്നയിനത്തിന് 'ഡിസ്ക്' പുഷ്പങ്ങളേക്കാൾ കൂടുതൽ 'റേ' പുഷ്പങ്ങളാണുള്ളത്. യു.എസ്സിലെ അസ്ട്രാന്തം ഇന്റെഗ്രിഫോളിയം (Astranthum integrifolium) ഡേയ്സി സസ്യത്തിനോട് ഏറെ സാദൃശ്യമുള്ളതാണ്. ഇത് മുൻകാലങ്ങളിൽ ബെല്ലിസ് (Bellis) ജീനസ്സായി അറിയപ്പെട്ടിരുന്നു. ഈ ഇനം 40 സെ.മീ. ഉയരത്തിൽ വളരും. ഇതിന് മഞ്ഞ 'ഡിസ്ക്' പുഷ്പങ്ങളും ഇളം ചുവപ്പു കലർന്ന 'റേ' പുഷ്പങ്ങളുമാണുള്ളത്.

കമ്പോസിറ്റെ കുടുംബത്തിലെ ഏതാണ്ട് 12 ഇനങ്ങൾ ഡേയ്സി എന്ന പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്. ആസ്റ്ററിനും (Michaelmas daisy) എറിജെറോണിനും (Erigeron) ഡേയ്സി എന്നു പേരുണ്ട്.


ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡെയ്‌സി&oldid=2929651" എന്ന താളിൽനിന്ന് ശേഖരിച്ചത്