Jump to content

ഡെഡ് പോയറ്റ്‌സ് സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെഡ് പോയറ്റ്‌സ് സൊസൈറ്റി
Theatrical release poster
സംവിധാനംപീറ്റർ വിയെർ
നിർമ്മാണം
രചനടോം ഷൂൾമാൻ
അഭിനേതാക്കൾ
സംഗീതംമൗറീസ് ജാർ
ഛായാഗ്രഹണംജോൺ സീൽ
ചിത്രസംയോജനംവില്യം ആൻഡേഴ്‌സൺ
വിതരണംബ്യൂണ വിസ്റ്റ പിക്‌ചേഴ്‌സ് ഡിസ്ട്രിബ്യൂഷൻ
റിലീസിങ് തീയതി
  • ജൂൺ 2, 1989 (1989-06-02)
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്‌സ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$16.4 million[1]
സമയദൈർഘ്യം128 മിനുട്ട്[2]
ആകെ$235.8 million[3]

1989ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹോളിവുഡ് ചലച്ചിത്രമാണ് ഡെഡ് പോയറ്റ്‌സ് സൊസൈറ്റി, ഡെഡ് പോയെറ്റ്‌സ് സൊസൈറ്റിചെരിച്ചുള്ള എഴുത്ത് (Dead poets society)ചെരിച്ചുള്ള എഴുത്ത്. പ്രമുഖ അമേരിക്കൻ നടൻ റോബിൻ വില്യംസ് നായക കഥാപാത്രമായിരുന്നു. ടോം ഷൂൾമാൻ രചന, പീറ്റർ വിയെർ സംവിധാനവും നിർവഹിച്ചു. 1959ആണ് സിനിമയിലെ കാലഘട്ടം. കർശനവും യാഥാസ്ഥികവുമായ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന വെൽട്ടൺ അക്കാദമി എന്ന പേരിലുള്ള ഒരു സാങ്കൽപ്പിക ധനിക സ്‌കൂളിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സ്‌കൂളിൽ പഠിപ്പിക്കാൻ എത്തുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ കവിതകളിലൂടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാണ് മൂലകഥ. കലാപരവും വാണിജ്യവുമായ വിജയമായിരുന്ന ഈ ചലച്ചിത്രം ബ്രിട്ടണിലെ മികച്ച സിനിമയ്ക്കുള്ള ബാഫ്റ്റ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ മികച്ച വിദേശ ചലച്ചിത്രത്തിനുള്ള പുരസ്‌കാരം എന്നിവ നേടി. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കർ അവാർഡ് ഷൂൾമാന് ലഭിച്ചു. മലയാളത്തിൽ 2000ൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പേരിൽ ഇറങ്ങിയ സിനിമയിൽ ഡെഡ് പോയറ്റ്‌സ് സൊസൈറ്റിയിൽ നിന്നുള്ള കഥാതന്തു ഉപയോഗിച്ചിട്ടുണ്ട്. ഈ ചിത്രം പക്ഷേ, ബോക്‌സ് ഓഫിസിൽ പരാജയപ്പെട്ടിരുന്നു.

ഇതിവൃത്തം

[തിരുത്തുക]

1959ൽ വെൽട്ടൺ അക്കാദമിയിൽ ടോഡ് ആൻഡേഴ്‌സൺ എന്ന അന്തർമുഖനായ വിദ്യാർത്ഥി ചേരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന കർക്കശമായ ചട്ടങ്ങളുള്ള ഒരു ഹയർ സെക്കൻഡറി സ്‌കൂളാണ് വെൽട്ടൺ. ടോഡിന്റെ സഹോദരൻ മുൻപ് വെൽട്ടണിലെ വിദ്യാർത്ഥിയായിരുന്നു. വെൽട്ടണിലെ ഭാവി വാഗ്ദാനങ്ങളിൽ ഒരാൾ എന്ന നിലയിലാണ് ടോഡ് അവതരിപ്പിക്കപ്പെടുന്നത്. ടോഡിന്റെ ഹോസ്റ്റൽ മുറിയിലെ താമസക്കാരൻ നീൽ പെറിയുടെ സുഹൃത്തുക്കൾ ടോഡിനെയും അവരുടെ സൗഹൃദ വലയത്തിൽ ചേർക്കുന്നു.


പ്രണയിക്കാൻ വെമ്പുന്ന നോക്‌സ് ഓവർസ്ട്രീറ്റ്, ബുദ്ധിജീവി പരിവേഷമുള്ള റിച്ചാർഡ് കാമറോൺ, ഉറ്റസുഹൃത്തുക്കളായ സ്റ്റീവൻ മീക്ക്‌സ്, ജെറാർഡ് പിറ്റ്‌സ് തന്റേടിയായ ചാർളി ഡാൾട്ടൺ എന്നിവരാണ് അവരുടെ സൗഹൃദവലയം. സ്‌കൂൾ ജീവിതത്തിന്റെ ആദ്യദിവസം കുട്ടികൾ ജോൺ കീറ്റിംഗ് എന്ന അദ്ധ്യാപകന്റെ ഇംഗ്ലീഷ് പോയട്രി ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നു. വെൽട്ടണിലെ വ്യവസ്ഥാപിത രീതികൾക്ക് വിരുദ്ധമാണ് അയാളുടെ അദ്ധ്യാപനം. വെൽട്ടണിലെ പൂർവ വിദ്യാർത്ഥി കൂടിയായ അദ്ദേഹം കുട്ടികൾക്ക് നൽകുന്ന ഉപദേശം 'ജീവിതം അതിസാധാരണമാക്കു' എന്നതാണ്. ഈ അർഥമുള്ള 'കാർപ് ഡെയിം' എന്ന ലാറ്റിൻ വാക്ക് കുട്ടികൾക്ക് കീറ്റിംഗ് പറഞ്ഞു കൊടുക്കുന്നു. കുട്ടികൾ അത് വേദവാക്യമായി സ്വീകരിക്കുന്നു. കീറ്റിംഗ് വ്യത്യസ്തമായ പഠന രീതികൾ നടപ്പാക്കുന്നത് തുടരുന്നു. ജീവിതത്തെ വ്യത്യസ്തമായി കാണാൻ എല്ലാ വിദ്യാർത്ഥികളോടും ഡെസ്‌കിനു മുകളിൽ കയറി നിന്ന് ലോകം കാണാനും, കവിതാ നിരൂപണ പുസ്തകത്തിന്റെ ആദ്യ പേജ് കീറിക്കളയാനും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. സ്വന്തം വ്യക്തിത്വം സൃഷ്ടിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന കീറ്റിംഗിന്റെ സമീപനങ്ങൾ കാർക്കശ്യക്കാരനായ പ്രിൻസിപ്പല്ഡ ഗെയ്ൽ നോളന് രസിക്കുന്നില്ല.
കീറ്റിംഗ് വെൽട്ടണിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് ഡെഡ് പോയറ്റ്‌സ് സൊസൈറ്റി എന്ന പേരിൽ ഒരു അനധികൃത കവിതാ പാരായണ സംഘം രൂപീകരിച്ചത് പഴയ മാഗസിനിൽ നിന്ന് നീൽ കണ്ടെത്തുന്നു. തുടർന്ന് രാത്രികാലങ്ങളിൽ സ്‌കൂൾ ഹോസ്റ്റൽ മതിൽ ചാടിക്കടന്ന് തൊട്ടടുത്തുള്ള ഒരു ഗുഹയിൽ കുട്ടികൾ സമ്മേളിക്കുന്നു. പ്രശസ്തരുടെ കവിതകളും സ്വന്തം കവിതകളും അവർ പരസ്പരം പാടി കേൾപ്പിക്കുന്നു. ക്‌നോക്‌സ് അവന്റെ കുടുംബ സുഹൃത്തിന്റെ മകളുമായി പ്രണയത്തിലാകുന്നു. നീൽ അക്കാദമയിൽ നടക്കുന്ന അഭിനയ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നു. ഷേക്‌സ്പിയറുടെ മിഡ്‌സമ്മർനൈറ്റ്‌സ് ഡ്രീം എന്ന നാടകത്തിൽ നീൽ അഭിനയിക്കുന്നു. ടോഡിനെ സ്വന്തം പുറന്തോടിൽ നിന്ന് പുറത്തു വരാൻ കീറ്റിംഗ് സഹായിക്കുന്നു.
ഇതിനിടയ്ക്ക് ചാർളി ഡാൾട്ടൺ ഡെഡ് പോയറ്റ്‌സ് സൊസൈറ്റിയുടെ പേരിൽ സ്‌കൂൾ ദിനപത്രത്തിൽ ലേഖനമെഴുതുന്നു. പെൺകുട്ടികളെ വെൽട്ടൺ അക്കാദമിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു അതിന്റെ ആവശ്യം. ഇത് പ്രിൻസിപ്പൽ അറിയുകയും ചാർളിയെ ശിക്ഷിക്കുകയും ചെയ്യുന്നു. മകനെ ഡോക്ടർ ആക്കാൻ വെമ്പുന്ന നീലിന്റെ പിതാവ്, അവൻ നാടകത്തിൽ അഭിനയിക്കുന്നത് അറിയുന്നതോടെ പ്രതിഷേധവുമായി സ്‌കൂളിൽ എത്തുന്നു. നീലിനെ പിന്തിരിപ്പിക്കുന്നു. ഒരു നടൻ ആകാനാണ് തനിക്ക് താൽപര്യമെന്ന് നീൽ അച്ഛനോട് വെളിപ്പെടുത്തുന്നു. നാടകത്തിൽ നീൽ നല്ല പ്രകടനം നടത്തുന്നു. നീലിന്റെ പിതാവ് ഇതിൽ ദേഷ്യപ്പെടുകയും ബലമായി നീലിനെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. കീറ്റിംഗിനെ കുറ്റപ്പെടുത്തുന്ന നീലിന്റെ അച്ഛൻ അവനെ മിലിട്ടറി സ്‌കൂളിലേക്ക് മാറ്റുകയാണെന്ന് അറിയിക്കുന്നു. ആ രാത്രി മാനസിക സംഘർഷങ്ങളെത്തുടർന്ന് നീൽ വെടിവച്ച് മരിക്കുന്നു.
നീലിന്റെ മരണത്തെ തുടർന്ന് പ്രിൻസിപ്പൽ നോളൻ അന്വേഷണം നടത്തുന്നു. കീറ്റിംഗിനുമേൽ കുറ്റം ചാരാനാണ് അധികൃതർ ശ്രമിക്കുന്നത്. ഡെഡ് പോയറ്റ് സൊസൈറ്റി രൂപീകരിച്ച് കുട്ടികളെ വഴിതെറ്റിച്ചത് കീറ്റീംഗ് ആണെന്ന് എഴുതി നൽകാൻ പ്രിൻസിപ്പൽ രക്ഷിതാക്കളുടെ മുന്നിൽവച്ച് ആവശ്യപ്പെടുന്നു. തങ്ങളുടെ ഭാവി സംരക്ഷിക്കാൻ കുട്ടികൾ കീറ്റിംഗിന് എതിരായി മൊഴി നൽകുന്നു. എതിരഭിപ്രായം പ്രകടിപ്പിച്ച ചാർളി ഡാൾട്ടണെ സ്‌കൂളിൽ നിന്ന് പുറത്താക്കുന്നു.

സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ട കീറ്റിംഗ് തന്റെ ഏതാനും വസ്തു വകകൾ എടുക്കാൻ തിരികെ ക്ലാസ് മുറിയിൽ എത്തുന്നു. പ്രിൻസിപ്പൽ പോയട്രി ക്ലാസ്സ് എടുക്കുകയാണ് അ്‌പ്പോൾ. കുറ്റബോധം കൊണ്ട് തലകുനിച്ചിരിക്കുകയാണ് ടോഡ് അടക്കമുള്ള വിദ്യാർത്ഥികൾ. കീറ്റിംഗ് ക്ലാസ്സ് വിട്ട് പുറത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ മാപ്പ് അപേക്ഷിച്ച് ടോഡ് അലറുന്നു. ഭാവിയോർത്ത് എല്ലാവരും കീറ്റിംഗിനെ ഒറ്റിക്കൊടുക്കുകയായിരുന്നു എന്ന് വിളിച്ചു പറഞ്ഞ് അവൻ ഡെസ്‌കിന് മുകളിൽ കയറി നിൽക്കുന്നു. 'ഓ ക്യാപ്ടൻ! മൈ ക്യാപ്ടൻ' എന്നാണ് കുട്ടികൾ കീറ്റിംഗിനെ അഭിസംബോധന ചെയ്തിരുന്നത്. ഇത് ടോഡ് ആവർത്തിക്കുന്നു. തുടർന്ന് ഡെഡ് പോയറ്റ്‌സ് സൊസൈറ്റിയിലെയും മറ്റു വിദ്യാർത്ഥികളും ഓരോരുത്തരായി ഡെസ്‌കിനു മുകളിൽ കയറി നിന്ന് തങ്ങളുടെ ഐക്യദാർഢ്യം അറിയിക്കുന്നു. കുട്ടികളുടെ സ്്‌നേഹം സ്വീകരിച്ച് കീറ്റിംഗ് വിടവാങ്ങുന്നു.

പ്രധാന അഭിനേതാക്കൾ

[തിരുത്തുക]
  • റോബിൻ വില്യംസ് (ജോൺ കീറ്റിംഗ്)
  • റോബർട്ട് ഷോൺ ലിയോനാർഡ് (നീൽ പെറി)
  • ഏഥൻ ഹോക് (ടോഡ് ആൻഡേഴ്‌സൺ)
  • ജോഷ് ചാൾസ് (ക്‌നോക്‌സ് ഓവർസ്ട്രീറ്റ്)
  • ഗെയൽ ഹാൻസൺ (ചാർളി ഡാൾട്ടൺ)
  • നോർമൻ ലോയ്ഡ്(പ്രിൻസിപ്പൽ)

നിർമ്മാണം

[തിരുത്തുക]

തിരക്കഥാ കൃത്ത് ടോം ഷൂൾമാൻ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് സിനിമക്ക് തിരക്കഥ ഒരുക്കിയത്. സാമുവൽ പിക്കെറിംഗ് എന്ന് അദ്ദേഹത്തിന്റെ അദ്ധ്യാപകനാണ് ജോൺ കീറ്റിംഗ് എന്ന കഥാപാത്രത്തിന് പ്രചോദനം. ആദ്യ തിരക്കഥയിൽ കീറ്റിംഗ് മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു. എന്നാൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന് കുട്ടികൾ ആദരവ് പ്രകടിപ്പിക്കുന്ന രംഗമാക്കി ഇത് മാറ്റുകയായിരുന്നു.

നിരൂപണം

[തിരുത്തുക]

ഏതാണ്ട് എല്ലാ നിരൂപകരും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാൽ പ്രമുഖ നിരൂപകൻ റോജർ എബെർട്ട് മാത്രം ചിത്രം മോശമാണെന്ന് അഭിപ്രായപ്പെട്ടു.

ഖ്യാതി

[തിരുത്തുക]
  • വാൾട്ട് വിറ്റ്മാൻ,ഹെന്റി ഡേവിഡ് തൊറോ എന്നീ കവികൾ ചിത്രത്തിലുടനീളം പരാമർശിക്കപ്പെടുന്നുണ്ട്. ഇവരുടെ കവിതാ ശകലങ്ങൾ സിനിമ പുറത്തിറങ്ങിയതോടെ വലിയ ജനപ്രീതി നേടി.
  • 'കാർപ് ഡെയിം' എന്ന ശകലവും വിഖ്യാതമായി.
  • 2014ൽ റോബിൻ വില്യംസ് ആത്മഹത്യ ചെയ്തപ്പോൾ സോഷ്യൽ മീഡിയയിൽ ആദരം അർപ്പിക്കാൻ ആരാധാകർ ഉപയോഗിച്ചത് 'ഓ ക്യാപ്ടൻ! മൈ ക്യാപ്ടൻ!' എന്ന വാചകമാണ്. തന്നെ അഭിസംബോധന ചെയ്യാൻ കുട്ടികൾക്ക് കീറ്റിംഗ് പഠിപ്പിച്ചു നൽകുന്ന വാചകമാണ് 'ഓ ക്യാപ്ടൻ! മൈ ക്യാപ്ടൻ!'. ഇത് യഥാർത്ഥത്തിൽ കവി വാൾട്ട് വിറ്റ്മാൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മരണത്തെക്കുറിച്ച് എഴുതിയ കവിതയുടെ തലക്കെട്ടാണ്.[അവലംബം ആവശ്യമാണ്]

അനുകരണം

[തിരുത്തുക]

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പേരിൽ 2000ൽ ഫാസിൽ സംവിധാനം ചെയ്ത സിനിമ ഡെഡ് പോയറ്റ്‌സ് സൊസൈറ്റിയെ അവലംബിച്ചായിരുന്നു. പൂർണമായും ഹോളിവുഡ് ചലച്ചിത്രത്തിന്റെ പകർപ്പായിരുന്നില്ല ഈ സിനിമ. കീറ്റിംഗ് എന്ന അദ്ധ്യാപകന് സമാനമായ വിനയചന്ദ്രൻ എന്ന കഥാപാത്രമാണ് സിനിമയിൽ ഉണ്ടായിരുന്നത്.മോഹൻലാൽ ആയിരുന്നു അഭിനേതാവ്‌. സിനിമ വാണിജ്യമായി പരാജയമായിരുന്നു.[അവലംബം ആവശ്യമാണ്]

  1. "Dead Poets Society (1989)". The Numbers. Retrieved June 1, 2016.
  2. "DEAD POETS SOCIETY (PG)". Warner Bros. British Board of Film Classification. July 27, 1989. Retrieved August 15, 2014.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; boxoff എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.