Jump to content

ഡി-എക്സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജനപ്രിയവും ശാസ്ത്രീയവുമായ ഒരു ഹോബിയാണ് ഡി-എക്സിങ് . വിദേശ രാജ്യങ്ങളിലെ പ്രത്യേകിച്ചും ഷോർട്ട് വേവിലുള്ള, റേഡിയോ സ്റ്റേഷനുകൾ ശ്രവിക്കുകയും അവയുമായി കത്തിടപാടുകൾ നടത്തുകയുമാണ് ഈ ഹോബിയിസ്റ്റുകൾ ചെയ്യുന്നത്. സ്റ്റേഷനിൽ നിന്നും കിട്ടുന്ന വെരിഫിക്കേഷൻ കാർഡുകൾ (QSL) ശേഖരിക്കുകയാണ് ഒരു ഡി-എക്സറുടെ ഹോബി.

ഡി-എക്സിങ് -വിവരണം

[തിരുത്തുക]

DX എന്ന പദത്തിനർത്ഥം വിദൂര ദേശങ്ങളിലെ റേഡിയോ സ്റ്റേഷനുകൾ ശ്രവിക്കുക എന്നതാണ്. ഇതിൽ D എന്ന പദം ദൂരത്തെയും X എന്നത് അറിയാത്ത കാര്യത്തെയും സൂചിപ്പിക്കുന്നു. സാധാരണയായി റേഡിയോ സെറ്റുകളിൽ MW, SW, FM, LW എന്നീ ബാൻഡുകൾ കാണം. LW വിൽ സംപ്രേഷണം മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകൾ, മംഗോളിയ, ജർമ്മനി എന്നിവിടങ്ങളിൽ മാത്രമേ ഉള്ളൂ. നമ്മുടെ നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്നത് മീഡിയം വേവ് അഥവാ AM ബാൻഡ് ആണ്. പ്രാദേശിക പരിപാടികളുടെ സംപ്രേഷണത്തിനു വളരെ യോജിച്ചതാണ് ഈ ബാൻഡ്. FM തരംഗങ്ങൾ വളരെ വ്യക്തവും സ്റ്റീരിയോഫോണിക് ആയതുമായ ശബ്ദം തരുന്നുവെങ്കിലും ഇതിനു വളരെ കുറഞ്ഞ ദൂരമേ സഞ്ചരിക്കുവാൻ സാധിക്കുകയുള്ളൂ. ഷോർട്ട് വേവ് (SW) അഥവാ HF ആണ് ഹോബിയിസ്റ്റുകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത്.

ചിത്രം.1 മീഡിയം വേവ് ബാൻഡിൽ തരംഗങ്ങൾ സഞ്ചരിക്കുന്നത്.


ചിത്രം.2 ഷോർട്ട് വേവ് ബാൻഡിൽ തരംഗങ്ങൾ സഞ്ചരിക്കുന്നത്.

ഒരു റേഡിയോ ട്രാൻസ്മിറ്റർ പുറപ്പെടുവിക്കുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങളെ ആകാശ തരംഗങ്ങളും ഭൌമ തരംഗങ്ങളും എന്ന് രണ്ടായി വേർതിരിക്കാം.. മീഡിയം വേവ് ബാൻഡിൽ സാധാരണയായി ഭൌമോപരിതലത്തിനു സമാന്തരമായി സഞ്ചരിക്കുന്ന തരംഗങ്ങളാണ്..(ചിത്രം.1) എന്നാൽ രാത്രി സമയത്ത് അയണമണ്ഡലത്തിന്റെ പ്രത്യേക പാളികളിൽ തട്ടി പ്രതിഫലിക്കുന്ന MW തരംഗങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് സംപ്രേഷണം ചെയ്യപ്പെടാറുണ്ട്. അയണമണ്ഡലം ഷോർട്ട് വേവ് തരംഗങ്ങളെ നന്നായി പ്രതിഫലിപ്പിച്ചു ദീർഘദൂര സംപ്രേഷണം സാധ്യമാക്കുന്നതിനാൽ (ചിത്രം.2) ഡി-എക്സിങ് ഹോബി ഈ ബാൻഡിലാണ് പ്രധാനമായും നടക്കുന്നത്.

ഷോർട്ട് വേവ് ഡി-എക്സിങ്

[തിരുത്തുക]

ഷോർട്ട് വേവ് ബാൻഡിൽ 2300 മുതൽ 26100 KHz വരെ സംപ്രേഷണത്തിന് ഉപയോഗിക്കുന്നു. 120, 90, 75, 60 മീറ്റർ ബാൻഡുകളാണ് ട്രോപ്പിക്കൽ ഷോർട്ട് വേവ്. പ്രാദേശിക സംപ്രേഷണത്തിനാണ് ഇത് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ഈ തരംഗങ്ങൾ പകൽ സമയത്ത് താരതമ്യേന വളരെ കുറഞ്ഞ ദൂരവും രാത്രി സമയത്ത് വളരെ കൂടുതൽ ദൂരം സഞ്ചരിക്കുന്നു. 5850 മുതൽ 26100 KHz വരെയുള്ള 49, 41, 31, 25, 22, 19, 15, 16, 13, 11 മീറ്റർ ബാൻഡുകൾ അന്താരാഷ്ട്ര ഷോർട്ട് വേവ് ബാൻഡ് എന്നറിയപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശസംപ്രേഷണം ഈ ബാൻഡുകളിലാണ് പ്രധാനമായും ലഭിക്കുന്നത് .സിഗ്നൽ ശക്തി താളക്രമത്തിൽ കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം ഷോർട്ട് വേവ് ബാൻഡിൽ സാധാരണമാണ്. സൂര്യൻ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളുംടെ തീവ്രതയും ഹ്രസ്വതരംഗത്തെ പ്രതികൂലമായി ബാധിക്കും. ബാഹ്യ ആന്റെന്ന ഘടിപ്പിച്ചു ഷോർട്ട് വേവ് ഡി-എക്സിങ് മെച്ചപ്പെടുത്താം.


ലോകത്തെ പ്രധാന രാജ്യങ്ങളിൽ നിന്നെല്ലാം വിദേശ സംപ്രേഷണമുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെ പ്രധാന ഭാഷകളിലെല്ലാം ഇവ ലഭ്യമാണ്. ബ്രിട്ടനിൽ നിന്നുള്ള ബി.ബി.സി, ഇന്ത്യയുടെ ആകാശവാണി (ആൾ ഇന്ത്യാ റേഡിയോ), അമേരിക്കൻ ഐക്യനാടുകളുടെ വോയ്‌സ് ഓഫ് അമേരിക്ക, ജർമനിയുടെ ഡോയ്ചവെല്ലെ (DW റേഡിയോ), ചൈന റേഡിയോ ഇന്റർനാഷണൽ, വോയ്‌സ് ഓഫ് റഷ്യ, റേഡിയോ നെതർലാന്റ്‌സ്, റേഡിയോ ജപ്പാൻ, വോയ്‌സ് ഓഫ് തുർക്കി, റേഡിയോ കാനഡ, ചെക് റിപ്പബ്ലിക്കിന്റെ റേഡിയോ പ്രാഗ്, റേഡിയോ ഫ്രാൻസ്, വോയ്‌സ് ഓഫ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, വത്തിക്കാൻ റേഡിയോ, റേഡിയോ ആസ്‌ട്രേലിയ തുടങ്ങിയവ അവയിൽ ചിലതാണ്. ഫീബാ റേഡിയോ, അഡ്വന്റിസ്റ്റ് വേൾഡ് റേഡിയോ, റേഡിയോ ആത്മീയ യാത്ര, വോയ്‌സ് ഏഷ്യ തുടങ്ങി അനേകം സ്വകാര്യ സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്.


റിസപ്ഷൻ റിപ്പോർട്ട്

[തിരുത്തുക]

വിദൂര ദേശങ്ങളിലേക്ക് സംപ്രേഷണം ചെയ്യുമ്പോൾ, അവിടങ്ങളിൽ ഈ സ്റ്റേഷന്റെ സിഗ്നലുകൾ വ്യക്തമായി കിട്ടുന്നുണ്ടോ എന്ന് സ്റ്റേഷൻ എൻജിനീയർക്ക് അറിയേണ്ടതുണ്ട്. ശ്രോതാവ് അയക്കുന്ന റിസപ്ഷൻ റിപ്പോർട്ട് ഇതിനവരെ സഹായിക്കുന്നു.

ഒരു റിസപ്ഷൻ റിപ്പോർട്ട് തയ്യാറാക്കുന്നതിങ്ങനെയാണ്.

SINPO അല്ലെങ്കിൽ SIO കോഡുകളുപയോഗിച്ചാണ് സിഗ്നലിന്റെ ഗുണനിലവാരം അളക്കുന്നത്.

S - സിഗ്നലിന്റെ ശക്തി (Signal Strength).

I - ഇന്റർഫെറൻസ് (Interference) - മറ്റുള്ള സ്റ്റേഷനുകൾ ഈ സ്റ്റേഷൻ ലഭിക്കുന്ന തരംഗദൈർഘ്യത്തിൽ ഇടകലർന്ന് റിസപ്ഷന് തടസ്സമുണ്ടാക്കുന്നത്.

N - ശബ്ദശല്യം (Noise) - സ്റ്റേഷനിൽ നിന്നുള്ള ശബ്ദം വ്യക്തമാകാതിരിക്കുന്ന അവസ്ഥ.

P - പ്രോപ്പഗേഷൻ (Propagation) - സിഗ്നൽ ശക്തി താളക്രമത്തിൽ കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസം.

O - ഓവറോൾ - തരംഗങ്ങളുടെ ആകെ ഗുണനിലവാരം.

1 മുതൽ 5 വരെയുള്ള സംഖ്യകളാണ് റേറ്റിംഗിന് ഉപയോഗിക്കുന്നത്.അടുത്തുള്ള സ്റ്റേഷനാണെങ്കിൽ സിഗ്നൽ പൊതുവെ സുവ്യക്തവും ശക്തവുമായിരിക്കും. എങ്കിൽ സിഗ്നലിന്റെ ശക്തി 5 കൊടുക്കാം. തരക്കേടില്ലെങ്കിൽ 3 ഉം മോശമാണെങ്കിൽ 2 ഉം കൊടുക്കാം. ഇതുപോലെ ബാക്കി പ്രത്യേകതകളും റേറ്റ് ചെയ്ത് 54535, 35534 തുടങ്ങിയ കോഡുകൾ രൂപീകരിക്കുക.


റിസപ്ഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടവ.

1. റേഡിയോ സ്റ്റേഷന്റെ പേര്, ഭാഷ.

ഡിജിറ്റൽ ട്യൂണിംഗ് ഉള്ള ഒരു റേഡിയോ റിസീവർ

2. പരിപാടി കേട്ട ഫ്രീക്വൻസി. -ഇത് പരിപാടിക്കു മുൻപോ ശേഷമോ അനൗൺസ് ചെയ്യാറുണ്ട്. ഡിജിറ്റൽ ട്യൂണിംഗ് ഉള്ള റിസീവറാണെങ്കിൽ റിസീവർ ഡിസ്‌പ്ലേയിൽ കാണാം. 3. കേൾക്കുന്ന സമയം (അന്താരാഷ്ട്ര സമയത്തിൽ രേഖപ്പെടുത്തണം.)

4. കേൾക്കുന്ന തീയതി.

5. റിസപ്ഷൻ ഗുണനിലവാരം (SINPO അല്ലെങ്കിൽ SIO കോഡിൽ)

6. കേട്ട പരിപാടിയുടെ വിശദാംശങ്ങൾ, പരിപാടികളെക്കുറിച്ചുള്ള അഭിപ്രയങ്ങൾ.

7. അയക്കുന്ന ആളിന്റെ പേര്, മേൽവിലാസം.

8. ഉപയോഗിക്കുന്ന റേഡിയോ റിസീവറിന്റെ പേര്, മോഡൽ.

9. ഉപയോഗിക്കുന്ന ആന്റിന - പ്രത്യേകം ആന്റിന ഉപയോഗിക്കുന്നുണ്ടോ, നീണ്ട വയർ ആന്റിന തുടങ്ങിയ കാര്യങ്ങൾ.


ഇത്രയും കാര്യങ്ങൾ ഉൾപ്പെടുത്തി അതത് സ്റ്റേഷന് തപാൽ മാർഗ്ഗമോ ഇ-മെയിൽ വഴിയോ അയച്ചു കൊടുക്കുക.


ഈ റിപ്പോർട്ട് സ്റ്റേഷന് കിട്ടിക്കഴിഞ്ഞാൽ അത് അവരുടെ സംപ്രേഷണവിഭാഗം വിലയിരുത്തുകയും ഒരു QSL കാർഡ് അയച്ചു തരികയും ചെയ്യുന്നു. ഈ കാർഡിന്റെ ഒരു വശത്ത് ആ രാജ്യത്തിന്റെ സവിശേഷമായ ഒരു ചിത്രം ഉണ്ടാകും. മറുവശത്ത് സ്റ്റേഷന്റെ റിസപ്ഷൻ സംബന്ധിച്ച് നമ്മൾ അയച്ചു കൊടുത്ത വിവരങ്ങൾ ഉൾപ്പെടുത്തി, സ്റ്റേഷൻ എൻജിനീയർ ഒപ്പിട്ട് അയക്കും. കൂടാതെ സ്റ്റേഷന്റെ പ്രോഗ്രാം ഗൈഡുകൾ, പുസ്തകങ്ങൾ, സി.ഡികൾ തുടങ്ങി അനേകം സാധനങ്ങളും ലഭിക്കാം. ഉപഹോബിയായി സ്റ്റാമ്പുശേഖരണവും നടത്താം.


അവലംബം

[തിരുത്തുക]

ജൂലൈ 2001 ലെ ശാസ്ത്രകേരളത്തിലെ ടി.ആർ രജീഷിന്റെ ലേഖനം.

"https://ml.wikipedia.org/w/index.php?title=ഡി-എക്സിങ്&oldid=3088744" എന്ന താളിൽനിന്ന് ശേഖരിച്ചത്