ഡിജിറ്റൽ ഒപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉദാഹരണത്തിൽ സന്ദേശം ഒപ്പിട്ടതേയുള്ളൂ, എൻ‌ക്രിപ്റ്റ് ചെയ്തിട്ടില്ല. 1) ആലീസ് അവളുടെ പ്രൈവറ്റ് കീ ഉപയോഗിച്ച് ഒരു സന്ദേശത്തിൽ ഒപ്പിടുന്നു. 2) ആലീസ് സന്ദേശം അയച്ചുവെന്നും സന്ദേശത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ബോബിന് സ്ഥിരീകരിക്കാൻ കഴിയും. സ്ഥിരീകരണത്തിനായി ആലീസിന്റെ പബ്ലിക് കീ ഉപയോഗിക്കണം.

കമ്പ്യൂട്ടർ ഉപയോഗിച്ചു നടത്തുന്ന ക്രയവിക്രയങ്ങളിൽ വിശ്വാസ്യതയും, ആധികാരികതയും ഉറപ്പാക്കുന്നതിന്നു വേണ്ടി ഉപയോഗിക്കുന്ന ഒരുതരം ഒപ്പാണ്‌ ഡിജിറ്റൽ സിഗനെച്ചർ എന്ന ഡിജിറ്റൽ ഒപ്പ്. ഡിജിറ്റൽ രേഖകൾക്ക് അംഗീകാരം നൽകുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന് പ്രവേശനാനുമതി നല്കാനും (ലോഗിൻ ചെയ്യുന്നതിന്) ഇതുപയോഗിക്കാറുണ്ട്. ഗണിതശാസ്‌ത്രപരമായ ഒരു സമ്പ്രദായം ഉപയോഗിച്ചാണ്‌ “ഡിജിറ്റൽ സിഗ്നേച്ചർ ” പ്രാവർത്തിക മാക്കുന്നത്. സംഖ്യാസിദ്ധാന്തത്തിലെ ചില പ്രധാന പ്രമാണങ്ങൾ ഇതിന് ഉപയോഗിക്കുന്നു. ഡിജിറ്റൽ രേഖകളുടെ ഗൂഢാക്ഷര ലേഖകൾ (Encrypted data) അസുരക്ഷിതമായ കമ്പ്യൂട്ടർ ശൃംഖലകളിലൂടെ അയച്ചാലും അവ ലഭിക്കുന്ന വ്യക്തിക്ക് അയച്ച വ്യക്തിയുടെ തിരിച്ചറിയൽ സാധ്യമാകുന്നതും പ്രാമാണ്യം ഉറപ്പിക്കുന്നതിനും സാധിക്കുന്നു. ഉടമസ്ഥന്റെ കൈവശം സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള ഒരു “ പ്രൈവറ്റ് കീ” യും മറ്റുള്ളവർക്ക് നൽകുന്ന ഒരു “പബ്ളിക് കീയും” യും ഉപയോഗിച്ച് അസിമ്മറ്റ്രിക് ക്രിപ്റ്റോഗ്രാഫി എന്ന രീതിയിലാണ്‌ പ്രധാനമായി “ഡിജിറ്റൽ സിഗ്നേച്ചർ ” സമ്പ്രദായം ഉപയോഗപ്പെടുത്തുന്നത്. സ്വന്തം കൈകൊണ്ടു ഫയലിൽ ഒപ്പിടുന്നതു പോലെതന്നെ സുരക്ഷിതമാണു ഡിജിറ്റൽ സിഗ്‌നേച്ചറും. ഡിഡിഒമാർ വ്യക്തിഗത വിവരങ്ങൾ കൈമാറിയാൽ അതുപയോഗിച്ചു ഡിജിറ്റൽ ഒപ്പു തയാറാക്കി പെൻഡ്രൈവിൽ നൽകും. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിയമാനുസൃതമായി പ്രാധാന്യം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ ഒപ്പ് ഉൾപ്പെട്ട രേഖകളിലെ ഡാറ്റയുടെ പ്രാമാണ്യം തെളിയിക്കാനാകും. ഇതുപയോഗിച്ചതിലെ ഉത്തരവാദിത്തം തള്ളിക്കളയാൻസാധിക്കില്ല. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾ, മറ്റു പ്രമുഖ നടപടികൾ നിർവഹിക്കുന്ന സ്ഥലങ്ങളിൽ കള്ളയാധാരമുണ്ടാക്കൽ, ഡാറ്റ ഹാനീവരുത്തൽ തുടങ്ങിയവ തടയാൻ ഈ സാങ്കേതിക വിദ്യ സഹായികമാണ്.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യൻ കമ്പനി നിയമം അനുസരിച്ച് എല്ലാ വർഷവും കമ്പനി രജിസ്ട്രാർ മുമ്പാകെ റിട്ടേൺ ഫയൽ ചെയ്യണം. കൂടാതെ കമ്പനിയുടെ പ്രവർത്തനത്തിനിടയിൽ വരുന്ന എല്ലാ പ്രധാന സംഭവങ്ങളും നിയമപരമായി കമ്പനി രജിസ്ട്രാർക്ക് നിർദ്ദിഷ്ട ഫോമിൽ ഫയൽ ചെയ്യണം. ഇതിനെല്ലാം രജിസ്ട്രാർ ഓഫീസിൽ കയറിയിറങ്ങേണ്ട. അതും ഓൺലൈനായി ഓഫീസിൽ ഇരുന്നുതന്നെ ഫയൽ ചെയ്യാം. അതിനും ഇ-ഒപ്പ് വേണമെന്ന് മാത്രം.

ഓഹരി വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ തെളിവായി കിട്ടുന്ന നിയമപരമായ രേഖയാണ് 'കോൺട്രാക്ട് നോട്ട്'. ഓഹരി ഇടപാടിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ കോൺട്രാക്ട് നോട്ട് തന്നെ ഇലക്‌ട്രോണിക് രേഖയായി ഇ-മെയിൽ വഴി ലഭിക്കാൻ സൗകര്യമുണ്ട്. അതിനും ഡി.എസ്. തന്നെ ഉപയോഗിക്കുന്നു.

ഇതിനെല്ലാം പുറമേ കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച ഫയലിങ് തുടങ്ങി നിയമപരമായി സമർപ്പിക്കേണ്ട രേഖകൾക്കെല്ലാം 'ഡി.എസ്.' ഉപയോഗപ്പെടും.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം ഡി.എസ്. എടുക്കാം. ടി.സി.എസ്, എൻ.ഐ.സി., കോഡ് സൊല്യൂഷൻസ് തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളാണ് 'ഡി.എസ്.' നല്കുന്നത്. ഫോട്ടോ, തിരിച്ചറിയൽ രേഖ (ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, പാൻ കാർഡ്) എന്നിവ സഹിതം നിശ്ചിത ഫോമിൽ അപേക്ഷ നല്കിയാൽ മതി. ഒരു വർഷമോ, രണ്ട് വർഷത്തേയോ കാലാവധിക്കാണ് ഡി.എസ്. നല്കുന്നത്. ഇതിനായി ആയിരം മുതൽ രണ്ടായിരം രൂപ വരെ ഫീസ് ഈടാക്കാറുണ്ട്. സെൻട്രൽ ജിഎസ്ടി, സെൻട്രൽ എക്സൈസ് ഓഫിസുകളിൽ ഡിജിറ്റൽ ഒപ്പ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ ഉയർന്ന റാങ്കിലുള്ള എല്ലാ ഗ്രൂപ്പ് എ ഓഫിസർമാർക്കും ഡിജിറ്റൽ സിഗ്നേച്ചർ നൽകിയിട്ടുണ്ട്.[1]

കേരളത്തിൽ[തിരുത്തുക]

സംസ്ഥാനത്തെ മുപ്പതിനായിരത്തോളം ഡിഡിഒമാർ(ഡ്രായിംഗ് ആൻഡ് ഡിസ്പേഴ്സിംഗ് ഉദ്യോഗസ്ഥർ - ശമ്പളം മാറി നൽകുന്നവർ) കെൽട്രോണിൽനിന്നു ഡിജിറ്റൽ സിഗ്നേച്ചർ വാങ്ങണമെന്നു സർക്കാർ നിർദേശിച്ചിരുന്നു.[2] കേരളത്തിലെ സർക്കാർ ജീവനക്കാരായ ഡിഡിഒമാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ ലഭിക്കുന്നതാണ്. (ഐ.ടി. മിഷൻ ആണ് ഇവ നിയന്ത്രിക്കുന്നത്‌ ). നാഷണൽ ഇൻഫോർമാറ്റിക്സ സെന്റർ, ഇ മുദ്ര കൺസ്യൂമർ സർവീസസ് എന്നിവ വഴിയാണ് ഡിജിറ്റൽ സിഗ്നേച്ചർ നൽകുന്നത്.[3]

അവലംബം[തിരുത്തുക]

  1. "ഇ ഓഫിസുകളായി മാറാനൊരുങ്ങി നൂറിലേറെ കേന്ദ്ര ഓഫിസുകൾ". മലയാള മനോരമ. July 26, 2020. ശേഖരിച്ചത് September 3, 2020.
  2. "സ്പാർക്കിൽ ചോർച്ച: ഡിജിറ്റൽ ഒപ്പ് നടപ്പാക്കാത്തത് പഴുതായി". മനോരമ. February 10, 2018. ശേഖരിച്ചത് September 3, 2020.
  3. "Digital Signature (ഡിജിറ്റൽ സിഗ്നേച്ചർ)". ഇൻഫർമേഷൻ കേരള മിഷൻ. September 4, 2020. ശേഖരിച്ചത് September 4, 2020.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിജിറ്റൽ_ഒപ്പ്&oldid=3429649" എന്ന താളിൽനിന്ന് ശേഖരിച്ചത്