ഡിംഗ് ലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിംഗ് ലിംഗ്
丁玲
Ding Ling
ജനനംJiang Bingzhi
(1904-10-12)12 ഒക്ടോബർ 1904
ലിൻലി, ഹുനാൻ, ചൈന
മരണം4 മാർച്ച് 1986(1986-03-04) (പ്രായം 81)
ബീജിംഗ്
തൊഴിൽസാഹിത്യകാരി
ഭാഷചൈനീസ്
ശ്രദ്ധേയമായ രചന(കൾ)മിസ്സ് സോഫിയാസ് ഡയറി
ദ സൺ ഷൈൻസ് ഓവർ ദ സൻഗ്ഗാൻ റിവർ
പങ്കാളിഹു യെപിൻ
ഫെംഗ് ഡാ
ചെൻ മിങ്
കുട്ടികൾഹു ക്സിയോപിൻ

ഡിംഗ് ലിംഗ് (ചൈനീസ്: 丁玲; പിൻയിൻ: Dīng Líng; ജീവിതകാലം: ഒക്ടോബർ 12, 1904 - മാർച്ച് 4, 1986), മുമ്പ് റോമൻ ലിപിയിൽ ടിംഗ് ലിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ജിയാങ് ബിങ്‌ഷി (ലഘൂകരിച്ച ചൈനീസ്: 蒋冰之; പരമ്പരാഗത ചൈനീസ്: 蔣冰之; പിൻയിൻ: Jiǎng Bīngzhī), Bin Zhi (彬芷 Bīn Zhǐ) എന്ന സാഹിത്യകാരിയുടെ തൂലികാനാമമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ ചൈനീസ് വനിതാ സാഹിത്യകാരികളിൽ ഒരാളായിരുന്നു അവർ.[1] 1951 ൽ സാഹിത്യത്തിനുള്ള സോവിയറ്റ് യൂണിയന്റെ സെക്കന്റ് സ്റ്റാലിൻ സമ്മാനം അവർക്ക് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഹുനാൻ പ്രവിശ്യയിലെ ലിൻലിയിലെ ഒരു കുലീന കുടുംബത്തിലാണ് ഡിംഗ് ലിംഗ് ജനിച്ചത്. ഡിങ്ങിന് ഏകദേശം മൂന്ന് വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. ഒരു അദ്ധ്യാപികയായി ജോലി ചെയ്തുകൊണ്ട് തന്റെ മക്കളെ തനിച്ചു വളർത്തിയ അമ്മയെ ഡിംഗ് മാതൃകയാക്കുകയും, പിന്നീട് അമ്മയുടെ അനുഭവങ്ങൾ വിവരിക്കുന്ന ഒരു പൂർത്തിയാകാത്ത നോവൽ, മദർ എന്ന പേരിൽ അവർ എഴുതുകയുണ്ടായി. അമ്മയുടെ മാതൃക പിന്തുടർന്ന്, ഡിംഗ് ലിംഗ് ചെറുപ്രായത്തിൽ തന്നെ ഒരു ആക്ടിവിസ്റ്റായി.[2]

തന്റെ ഭാവി ഭർത്താവായി തിരഞ്ഞെടുക്കപ്പെട്ട കസിനെ വിവാഹം കഴിക്കാൻ വിസമ്മതം പ്രകടിപ്പിച്ച ഡിംഗ് ലിംഗ് ഇത്തരം പരമ്പരാഗത ചൈനീസ് കുടുംബ സമ്പ്രദായങ്ങളെ പാടേ നിരസിച്ചുകൊണ്ട് 1920 -ൽ ഷാങ്ഹായിയിലേക്ക് പലായനം ചെയ്തു. ഒരു കുട്ടിയുടെ ശരീരത്തിന്റെ ഉടമ മാതാപിതാക്കളാണെന്ന പൊതുവായി അംഗീകരിക്കപ്പെട്ട കാഴ്ചപ്പാട് നിരസിച്ച അവർ സ്വന്തം ശരീരത്തിന്റെ ഉടമയായ ഒരാളാണ് അത് നിയന്ത്രിക്കുന്നതെന്ന് ശക്തമായി ഉറപ്പിച്ചു.

പീപ്പിൾസ് ഗേൾസ് സ്കൂളിലെ പുരോഗമന ആശയക്കാരായ അദ്ധ്യാപകരും ഷെൻ കോങ്‌വെൻ, 1925 ൽ അവരെ വിവാഹം കഴിച്ച ഇടതുപക്ഷ കവി ഹു യെപിൻ തുടങ്ങിയ ആധുനിക എഴുത്തുകാരുമായുള്ള ബന്ധം ഡിംഗ് ലിംഗിൽ വളരെ സ്വാധീനം ചെലുത്തി. ഒരു യുവതി തന്റെ ജീവിതത്തിലെ അസന്തുഷ്ടിയും ആശയക്കുഴപ്പത്തിലായ പ്രണയം, ലൈംഗിക വികാരങ്ങൾ എന്നിവ വിവരിക്കുന്ന 1927 ൽ പ്രസിദ്ധീകരിച്ച അവരുടെ ഏറ്റവും പ്രശസ്തമായ മിസ് സോഫിയാസ് ഡയറി ഉൾപ്പെടെ കഥകൾ എഴുതിക്കൊണ്ട് ഈ സമയത്ത് അവർ സാഹിത്യ രചന ആരംഭിച്ചു. മിസ് സോഫിയാസ് ഡയറി 1920 കളിൽ ചൈനയിൽ സംഭവിച്ച ന്യൂ വുമൺ പ്രസ്ഥാനത്തോടുള്ള ഡിംഗ് ലിംഗിന്റെ അടുത്ത ബന്ധവും വിശ്വാസവും എടുത്തുകാണിക്കുന്നു. 1931 -ൽ കമ്മ്യൂണിസ്റ്റുകളുമായുള്ള ബന്ധത്തിന്റെ പേരിൽ കുമിന്താങ് സർക്കാർ ഹു യെപ്പിനെ ഷാങ്ഹായിൽവച്ച് വധിച്ചു. 1932 മാർച്ചിൽ അവൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും ഈ സമയത്തിനുശേഷം അവളുടെ മിക്കവാറും എല്ലാ ഫിക്ഷൻ രചനകളും അതിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു. അവൾ ഇടതുപക്ഷ എഴുത്തുകാരുടെ ലീഗിലും സജീവമായിരുന്നു.

രാഷ്ട്രീയ പീഡനം[തിരുത്തുക]

കമ്മ്യൂണിസ്റ്റ് വിപ്ലവ ലക്ഷ്യത്തിൽ സജീവമായിരുന്ന അവരെ 1933 മുതൽ 1936 വരെ മൂന്ന് വർഷക്കാലം കുമിന്താങ് സർക്കാർ ഷാങ്ഹായിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചു. അവർ വീട്ടുതടങ്കലിൽനിന്ന് രക്ഷപ്പെട്ടു, യാനാനിലെ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രത്തിലേക്ക് മാറി. യനാൻ സാംസ്കാരിക വൃത്തങ്ങളിൽ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളായിത്തീർന്ന അവർ ചൈനീസ് ലിറ്ററേച്ചർ ആന്റ് ആർട്സ് അസോസിയേഷന്റെ ഡയറക്ടറായും ഒരു പത്ര സാഹിത്യ സപ്ലിമെന്റ് എഡിറ്റുറായും സേവനമനുഷ്ടിച്ചിരുന്നു.

പാർട്ടി നിർവചിച്ച വിപ്ലവകരമായ ആവശ്യങ്ങൾക്കു മുന്നിലായിരിക്കണം ഒരാളുടെ സൃഷ്ടിപരമായ കഴിവുകൾ എന്ന ആശയവുമായി ഡിംഗ് ലിംഗ് പോരാടി. യാനിലെ ജോലിസ്ഥലത്തെ ലിംഗപരമായ മാനദണ്ഡങ്ങളെ അവൾ എതിർത്തു. 1942 ൽ ഒരു പാർട്ടി ദിനപത്രത്തിൽ തോട്സ് ഓൺ മാർച്ച് 8 എന്ന പേരിൽ ഒരു ലേഖനം എഴുതിയി ഡിംഗ് ലിംഗ്, സ്ത്രീകളോടുള്ള ജനകീയ മനോഭാവം മാറ്റാനുള്ള പാർട്ടിയുടെ പ്രതിബദ്ധതയെ അവർ ചോദ്യം ചെയ്തു. വീട്ടുജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവർ പരിഹാസ്യരാക്കപ്പെടുന്നതുപോലെതന്നെ അവിവാഹിതരായി പൊതുരംഗത്ത് പ്രവർത്തിക്കുകയാണെങ്കിലും ഗോസിപ്പുകളുടെയും കിംവദന്തികളുടെയും ലക്ഷ്യമായിത്തീരുന്നു എന്ന സ്ത്രീകളെ സംബന്ധിച്ച പുരുഷ ഇരട്ടത്താപ്പുകളെ അവർ പരിഹസിച്ചിരുന്നു. ആവശ്യമില്ലാത്ത ഭാര്യമാരെ ഒഴിവാക്കാൻ വിവാഹമോചന വ്യവസ്ഥകൾ ഉപയോഗിക്കുന്ന പുരുഷ വിഭാഗത്തെയും അവർ വിമർശിച്ചു. അവളുടെ ലേഖനത്തെ മാവോ സേതൂങ്ങും പാർട്ടി നേതൃത്വവും അപലപിക്കുകയും അത്തരം വീക്ഷണങ്ങൾ പിൻവലിക്കാനും പരസ്യമായ സ്വയം ഏറ്റുപറച്ചിലിന് വിധേയയാകാനും അവർ നിർബന്ധിതയായി.

ഈ വർഷങ്ങളിലെ അവരുടെ പ്രധാന കൃതിയെന്ന് പറയാവുന്നത് 1948 ൽ പൂർത്തിയാക്കിയ ദി സൺ ഷൈൻസ് ഓവർ സാംഗ്ഗൻ റിവർ എന്ന നോവലായിരുന്നു. ഒരു ഉൾനാടൻ ഗ്രാമത്തിലെ ഭൂപരിഷ്കരണത്തിന്റെ സങ്കീർണമായ ഫലങ്ങൾ പിന്തുടർന്നതാണ് ഈ നോവൽ. ഇത് സോഷ്യലിസ്റ്റ്-റിയലിസ്റ്റ് ഫിക്ഷന്റെ മികച്ച ഉദാഹരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ നോവലിന് 1951 ൽ സാഹിത്യത്തിനുള്ള സ്റ്റാലിൻ സമ്മാനം ലഭിച്ചു. എന്നിരുന്നാലും, ഇത് ലിംഗപരമായ പ്രശ്നങ്ങൾ പരിഹരിച്ചില്ല. എല്ലായ്പ്പോഴും ഒരു രാഷ്ട്രീയ ആക്ടിവിസ്റ്റായിരുന്ന അവർ 1957 ൽ ഒരു "വലതുപക്ഷക്കാരിയെന്ന്" അപലപിക്കപ്പെടുകയും പാർട്ടിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട അവളുടെ ഫിക്ഷനും ലേഖനങ്ങളും നിരോധിക്കപ്പെടുകയും ചെയ്തു. സാംസ്കാരിക വിപ്ലവകാലത്ത് അഞ്ച് വർഷം ജയിലിൽ കിടന്ന അവർ 1978 -ൽ പുനരധിവസിപ്പിക്കപ്പെടുന്നതിന് മുമ്പ് പന്ത്രണ്ട് വർഷത്തേക്ക് ഒരു കൃഷിയിടത്തിൽ കഠിനജോലി ചെയ്യുന്നതിനായി ശിക്ഷിക്കപ്പെട്ടു.

പിൽക്കാല ജീവിതം[തിരുത്തുക]

മരണത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് പോകാൻ അനുമതി ലഭിച്ച അവർ അവിടെ അയവ സർവകലാശാലയുടെ അന്താരാഷ്ട്ര എഴുത്ത് പ്രോഗ്രാമിൽ ഒരു അതിഥിയായിരുന്നു. 1981 ൽ 10 ദിവസം കാനഡ സന്ദർശിച്ച ഡിംഗ് ലിംഗും ഭർത്താവ് ചെൻ മിങ്ങും കനേഡിയൻ എഴുത്തുകാരായ മാർഗരറ്റ് ലോറൻസ്, അഡെൽ വൈസ്മാൻ, ജ്യോഫ് ഹാൻകോക്ക് എന്നിവരുമായും മനിറ്റോബ പ്രവിശ്യയിൽ, കാനഡയിലെ ആദ്യത്തെ വനിതാ ലെഫ്റ്റനന്റ് ഗവർണറായി കരുതപ്പെടുന്ന പേൾ മക്ഗോണിഗലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 1986 മാർച്ച് 4 ന് ബെയ്ജിംഗിൽവച്ച് ഡിംഗ് ലിംഗ് അന്തരിച്ചു.

ഏകദേശം മുന്നൂറിലധികം കൃതികൾ അവർ രചിച്ചിട്ടുണ്ട്. അവരുടെ പുനരധിവാസത്തിന് ശേഷം, “ദി സൺ ഷൈൻസ് ഓവർ ദി സാംഗ്ഗൻ റിവർ” എന്ന നോവൽ പോലുള്ള മുമ്പ് നിരോധിച്ച അവരുടെ പുസ്തകങ്ങളിൽ പലതും പുനഃപ്രസിദ്ധീകരിക്കപ്പെടുകയും നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. അൻപത് വർഷത്തെ കാലയളവിലുള്ള അവളുടെ ചില ഹ്രസ്വ കൃതികൾ “ഐ മൈസെൽഫ് ആം എ വുമൺ: സെലക്ടഡ് റൈറ്റിംഗ്സ് ഓഫ് ഡിംഗ് ലിംഗ്” എന്ന പേരിൽ സമാഹരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Britannica.com, Ding Ling
  2. Feuerwerker, Yi-Tsi Mei (September 1984). "In Quest of the Writer Ding Ling". Feminist Studies. Feminist Studies, Vol. 10, No. 1. 10 (1): 65–83. doi:10.2307/3177896. JSTOR 3177896.
"https://ml.wikipedia.org/w/index.php?title=ഡിംഗ്_ലിംഗ്&oldid=3656548" എന്ന താളിൽനിന്ന് ശേഖരിച്ചത്