ഡയഡോറസ് സിക്കുലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bibliotheca historica, 1746

ബി. സി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനാണ് ഡയഡോറസ് സിക്കുലസ്‍. ലോകചരിത്ര ഗ്രന്ഥമായ ബിബ്ളിയോത്തിക ഹിസ്റ്റോറിക്കയുടെ കർത്താവാണ് ഇദ്ദേഹം. സിസിലിയിലെ അജീറിയം (അജിറ) എന്ന സ്ഥലത്ത് ഡയഡോറസ് ജനിച്ചു. റോമൻ ജനറലായ ജൂലിയസ് സീസറിന്റെയും റോമൻ ചക്രവർത്തിയായ അഗസ്റ്റസിന്റെയും സമകാലികനായിരുന്നു ഇദ്ദേഹം. ബി. സി. 60 മുതൽ 57 വരെയുള്ള കാലത്ത് ഈജിപ്റ്റിൽ ഇദ്ദേഹം സഞ്ചാരം നടത്തിയിരുന്നതായും റോമിൽ ദീർഘകാലം താമസിച്ചിരുന്നതായും ഇദ്ദേഹത്തിന്റെതന്നെ പ്രസ്താവനകൾ സൂചിപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥം 40 ചെറുപുസ്തകങ്ങൾ അടങ്ങിയതാണ്. ഇതിന്റെ 1 മുതൽ 5 വരെയും 11 മുതൽ 20 വരെയുമുള്ള ഗ്രന്ഥഭാഗങ്ങൾ പൂർണമായി ലഭ്യമായിട്ടുണ്ട്. മറ്റുള്ളവയുടെ ചില ഭാഗങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇതിഹാസകാലം മുതൽ ജൂലിയസ് സീസറിന്റെ കാലം വരെയുള്ള ചരിത്രമുൾകൊള്ളുന്നതാണ് ബിബ്ലിയോത്തിക. ഇക്കാലത്തെക്കുറിച്ചുള്ള മറ്റു മികച്ച ചരിത്രഗ്രന്ഥങ്ങളുടെ അഭാവം മൂലം ഈ പുസ്തകം ചരിത്രകാരന്മാർക്ക് ഒരു പ്രധാന സ്രോതസ്സായിത്തീർന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ പരാമർശത്തിനു വിധേയമായിട്ടുള്ള അവസാനവർഷം ബി. സി 21 ആണ്. ഇക്കാലത്തോടെ ഇദ്ദേഹം മരണമടഞ്ഞതായി കരുതിപ്പോരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയഡോറസ് സിക്കുലസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡയഡോറസ്_സിക്കുലസ്&oldid=2622128" എന്ന താളിൽനിന്ന് ശേഖരിച്ചത്