Jump to content

ഡമാസിയൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഥീനിയൻ അക്കാദമിയുടെ അവസാനത്തെ മേധാവിയായിരുന്ന ഗ്രീക്ക് തത്ത്വചിന്തകനാണ് ഡമാസിയൂസ്‍. ഇദ്ദേഹത്തിന്റെ തത്ത്വചിന്താപദ്ധതിയെ നവപ്ളേറ്റോണിക് വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എ. ഡി 462-ൽ ഡമാസ്കസിൽ ഡമാസിയൂസ് ജനിച്ചു എന്നു കരുതപ്പെടുന്നു. അലക്സാൻഡ്രിയയിൽ വിദ്യാഭ്യാസം നടത്തിയ ശേഷം 485-ൽ ഏഥൻസിലെത്തി. ഇസിദോറസ്സിന്റെ കീഴിൽ ഇദ്ദേഹം തത്ത്വശാസ്ത്രം പഠിച്ചു. ഇവിടെ വച്ചു പ്രോക്ലസ് എന്ന തത്ത്വചിന്തകന്റെ വീക്ഷണങ്ങളെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിരുന്നു. തുടർന്ന് അലക്സാൻഡ്രിയയിലേക്കു തിരിച്ചു പോയ ഡമാസിയൂസ് 515-ൽ വീണ്ടും ഏഥൻസിലേക്കു മടങ്ങി വരികയും അക്കാദമിയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 529-ൽ ജസ്റ്റിനിയൻ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം അക്കാദമിയുടെ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് മറ്റു ചില ചിന്തകരോടൊപ്പം ഡമാസിയൂസ് പേർഷ്യയിലേക്കു പോയി. അവിടെ നിന്ന് സിറിയയിലേക്കു പോയ ഇദ്ദേഹം 550-ൽ അന്തരിച്ചു.

ഡമാസിയൂസ് നിരവധി പ്രബന്ധങ്ങളുടെ കർത്താവാണ്. തന്റെ ഗുരുവായ ഇസിദോറസ്സിന്റെ ജീവചരിത്രം, അരിസ്റ്റോട്ടിലിന്റേയും പ്ലേറ്റോയുടേയും കൃതികളെക്കുറിച്ചുള്ള പഠനങ്ങൾ, ഓൺ ഫസ്റ്റ് പ്രിൻസിപ്പിൾസ് എന്ന പ്രബന്ധം എന്നിവ ഇവയിൽ പ്രമുഖങ്ങളാണ്. ഗ്രീക്ക് തത്ത്വചിന്താമേഖലയിൽ പരിവർത്തനങ്ങളുളവാക്കുവാൻ യത്നിക്കുകയും വിലപ്പെട്ട സംഭാവനകൾ നൽകുകയും ചെയ്ത ദാർശനികൻ എന്ന നിലയിൽ ഇദ്ദേഹം പ്രത്യേകം സ്മരണീയനാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡമാസിയൂസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡമാസിയൂസ്&oldid=2927930" എന്ന താളിൽനിന്ന് ശേഖരിച്ചത്