ട്വൈലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുലരി, സന്ധ്യ എന്നീ സമയങ്ങളിൽ (സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കുമ്പോൾ) ഉള്ള പ്രകാശത്തെ സൂചിപ്പിക്കാനായി ട്വൈലൈറ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നു. പ്രകാശത്തെ മാത്രമല്ല, ആ പ്രകാശം ഉണ്ടാകുന്ന സമയങ്ങളെയും ഈ പദം പ്രതിനിധീകരിക്കുന്നുണ്ട്[1]. സൂര്യൻ ചക്രവാളത്തിന് താഴെയാണെങ്കിലും, അതിന്റെ പ്രകാശം ചരിഞ്ഞുകൊണ്ട് അന്തരീക്ഷത്തിൽ എത്തുകയും അതുവഴി വെളിച്ചം പരക്കുകയും ചെയ്യുന്നു. പുലരി (Dawn) മുതൽ സൂര്യോദയം (Sunrise) വരെയുള്ള സമയവും സൂര്യാസ്തമയം മുതൽ ഇരുട്ടുന്നത് (Dusk) വരെയുള്ള സമയവുമാണ് ട്വൈലൈറ്റ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.

സൂര്യൻ ചക്രവാളത്തിന് കീഴോട്ട് എത്രത്തോളം പോകുന്നു എന്നതിനെ ആശ്രയിച്ച് പ്രകാശത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. 18° വരെ ട്വൈലൈറ്റിന്റെ വെളിച്ചം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 18°-യിലെത്തുമ്പോൾ ട്വൈലൈറ്റിന്റെ പ്രകാശം പൂജ്യത്തിലെത്തുന്നു. സൂര്യാസ്തമയത്തെത്തുടർന്ന് 18° കഴിയുമ്പോൾ (Evening twilight കഴിയുന്നതോടെ) രാത്രി ആരംഭിക്കുന്നു. സൂര്യോദയത്തിന് മുൻപുള്ള 18° മുതൽ രാത്രി അവസാനിച്ച് പുലരി (Morning twilight) ആരംഭിക്കും. നിഴലുകളില്ലാത്ത വെളിച്ചവും വസ്തുക്കളുടെ നിഴൽച്ചിത്രരൂപവും മൂലം ചിത്രകാരന്മാർക്കും ഛായാഗ്രാഹകർക്കും ഇഷ്ടപ്പെട്ട സമയങ്ങളാണ് ട്വൈലൈറ്റുകൾ. ബ്ലൂ അവർ എന്ന പേരിലും ഈ സമയം അറിയപ്പെട്ടുവരുന്നു.

പുലരിയും സന്ധ്യയും ട്വൈലൈറ്റിന്റെ ഭാഗങ്ങളാണെങ്കിലും പലപ്പോഴും സന്ധ്യയുടെ പര്യായമായി ട്വൈലൈറ്റ് ഉപയോഗിക്കപ്പെടാറുണ്ട്. ശക്തി ക്ഷയിച്ച് അവസാനഘട്ടത്തിലെത്തുന്നതിനെ സൂചിപ്പിക്കാനായി ഭാഷയിൽ ട്വൈലൈറ്റ് എന്നുപയോഗിക്കാറുണ്ട്. സന്ധ്യാസമയത്തോ പുലർച്ചെയോ കൂടുതൽ സജീവമാകുന്ന ചില ജന്തുക്കളെ സൂചിപ്പിക്കുന്ന ക്രെപ്യുസ്കുലർ എന്ന വാക്ക് ട്വൈലൈറ്റിന്റെ പര്യായമാണ്.

ജ്യാമിതീയമായ നിർവചനങ്ങൾ[തിരുത്തുക]

ചക്രവാളവുമായി താരതമ്യപ്പെടുത്തുമ്പോൾ സൂര്യൻ എത്ര ഡിഗ്രി താഴെയാണ് എന്നതിനെ ആസ്പദമാക്കി ട്വൈലൈറ്റിനെ മൂന്നായി തിരിക്കുന്നു.

  • സിവിൽ ട്വൈലൈറ്റ്
ചക്രവാളത്തോട് ചേർന്നുള്ള 6° വരെ സൂര്യൻ താഴുമ്പോൾ
  • നോട്ടിക്കൽ ട്വൈലൈറ്റ്
ചക്രവാളത്തോട് ചേർന്നുള്ള 6° മുതൽ 12° വരെ സൂര്യൻ താഴുമ്പോൾ
  • ആസ്ട്രണോമിക്കൽ ട്വൈലൈറ്റ്
ചക്രവാളത്തോട് ചേർന്നുള്ള 12° മുതൽ 18° വരെ സൂര്യൻ താഴുമ്പോൾ[1]

സിവിൽ ട്വൈലൈറ്റ്[തിരുത്തുക]

പ്രഭാതത്തിലോ പ്രദോഷത്തിലോ സൂര്യന്റെ സ്ഥാനം ചക്രവാളത്തിന് തൊട്ടുതാഴെ ആറ് ഡിഗ്രി വരെയുള്ള സമയമാണ് സിവിൽ ട്വൈലൈറ്റ്[3][4][5]. ആറാമത്തെ ഡിഗ്രി എത്തുന്ന സമയത്തെ സിവിൽ ഡസ്ക് (പ്രദോഷത്തിൽ) എന്നോ സിവിൽ ഡൗൺ (പ്രഭാതത്തിൽ) എന്നോ വിളിക്കപ്പെടുന്നു. ഈ ഘട്ടത്തിൽ കൃത്രിമമായ വെളിച്ചത്തിന്റെ ആവശ്യം വരുന്നില്ല.

അമേരിക്കൻ സൈന്യത്തിൽ BMCT, EECT എന്നീ ചുരുക്കപ്പേരുകൾ യഥാക്രമം

  • Begin morning civil twilight, i.e. civil dawn (പ്രഭാതത്തിലെ സിവിൽ ട്വൈലൈറ്റിന്റെ തുടക്കം)
  • End evening civil twilight, i.e. civil dusk (പ്രദോഷത്തിലെ സിവിൽ ട്വൈലൈറ്റിന്റെ അവസാനം)

എന്നിവയെ സൂചിപ്പിക്കുന്നതാണ്. പ്രഭാതത്തിൽ സിവിൽ ട്വൈലൈറ്റിന് മുൻപായും പ്രദോഷത്തിൽ അതിന് ശേഷമായും നോട്ടിക്കൽ ട്വൈലൈറ്റ് എന്ന ഘട്ടം കടന്നുവരുന്നു.

തെളിഞ്ഞ കാലാവസ്ഥയിലായിരിക്കുമ്പോൾ അസ്തമന ശേഷവും ഉദയത്തിന് മുൻപും, കൃത്രിമ വെളിച്ചമില്ലാതെ വസ്തുക്കളെ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന സമയത്താൽ സിവിൽ ട്വൈലൈറ്റ് നിർവ്വചിക്കപ്പെടുന്നു. തിളക്കമുള്ള പല നക്ഷത്രങ്ങളും ഗ്രഹങ്ങളും ഈ സമയത്ത് ആകാശത്തിൽ ദൃശ്യമാകാറുണ്ട്[6].

നിയമനിർവ്വഹണരംഗത്ത് സിവിൽ ട്വൈലൈറ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നുണ്ട്. ജ്യാമിതീയമായ നിർവ്വചനങ്ങൾക്കപ്പുറം ഉദയാസ്തമയങ്ങൾക്ക് ഇത്ര മിനുട്ട് മുൻപ്-പിൻപ് (സാധാരണയായി 20-30 മിനിറ്റ്) എന്നിങ്ങനെ ഇത് നിയതമാക്കപ്പെട്ടിരിക്കുന്നു. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ ഓണാക്കാനുള്ള സമയം (യു.കെയിൽ ലൈറ്റിങ് അപ്പ് ടൈം എന്ന പേരിൽ അറിയപ്പെടുന്നു), വേട്ടയാടൽ നിയന്ത്രണം, മോഷണത്തിന്റെ തരം (രാത്രിയാണെങ്കിൽ കടുത്തശിക്ഷ ലഭിക്കാവുന്ന നിയമങ്ങളും ഉണ്ട്) എന്നിവയൊക്കെ സിവിൽ ട്വൈലൈറ്റിനെ ആശ്രയിച്ചിരിക്കുന്നു.

വ്യോമയാനരംഗത്തിലും ഇത് പ്രാധാന്യമർഹിക്കുന്നു. പല രാജ്യങ്ങളിലും ഏവിയേഷൻ റെഗുലേഷന്റെ ഭാഗമായി സിവിൽ ട്വൈലൈറ്റിനെ നിർവ്വചിക്കുന്നതായി കാണാം[7][8][9].

നോട്ടിക്കൽ ട്വൈലൈറ്റ്[തിരുത്തുക]

പ്രഭാതത്തിലോ പ്രദോഷത്തിലോ സൂര്യന്റെ സ്ഥാനം ചക്രവാളത്തിന് താഴെ ആറ് ഡിഗ്രിക്കും 12 ഡിഗ്രിക്കും ഇടയിൽ വരുന്ന സമയമാണ് നോട്ടിക്കൽ ട്വൈലൈറ്റ് [10][3][5]. പന്ത്രണ്ട് ഡിഗ്രി എത്തുന്ന സമയത്തെ നോട്ടിക്കൽ ഡസ്ക് (പ്രദോഷത്തിൽ) എന്നോ നോട്ടിക്കൽ ഡൗൺ (പ്രഭാതത്തിൽ) എന്നോ വിളിക്കപ്പെടുന്നു.

പ്രഭാതത്തിൽ സിവിൽ ട്വൈലൈറ്റിന് മുൻപും, പ്രദോഷത്തിൽ സിവിൽ ട്വൈലൈറ്റിന് ശേഷവും നാവികർക്ക് ചക്രവാളം കാണാൻ സാധിക്കുന്ന സമയപരിധിയാണ് നോട്ടിക്കൽ ട്വൈലൈറ്റ്[2]. പ്രഭാതത്തിൽ നോട്ടിക്കൽ ട്വൈലൈറ്റിന്റെ തുടക്കം കുറിക്കുന്ന നിമിഷമാണ് നോട്ടിക്കൽ ഡൗൺ. പ്രദോഷത്തിൽ നോട്ടിക്കൽ ട്വൈലൈറ്റിന്റെ അവസാന നിമിഷം നോട്ടിക്കൽ ഡസ്ക് എന്നും അറിയപ്പെടുന്നു. ഈ സമയങ്ങളിൽ (നോട്ടിക്കൽ ഡൗൺ, നോട്ടിക്കൽ ഡസ്ക്) സൂര്യന്റെ ഉദയാസ്തമന ബിന്ദുക്കളെ നേരിയ വെളിച്ചത്താൽ തിരിച്ചറിയാൻ സാധിക്കേണ്ടതാണെങ്കിലും പലപ്പോഴും സാധിക്കാറില്ല.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Definitions from the US Astronomical Applications Dept". USNO. Archived from the original on 2019-09-27. Retrieved 2011-07-22.
  2. 2.0 2.1 2.2 Van Flandern, T.; K. Pulkkinen (1980). "Low precision formulae for planetary positions". Astrophysical Journal Supplement Series. 31 (3): 391. Bibcode:1979ApJS...41..391V. doi:10.1086/190623.
  3. 3.0 3.1 https://flaterco.com/files/xtide/Bowditch.pdf#238[പ്രവർത്തിക്കാത്ത കണ്ണി] The American Practical Navigator, 2002; page 238
  4. http://msi.nga.mil/MSISiteContent/StaticFiles/NAV_PUBS/APN/Gloss-1.pdf#9 Archived 2017-08-29 at the Wayback Machine. Glossary of Marine Navigation
  5. 5.0 5.1 http://www.ast.cam.ac.uk/public/ask/2445 University of Cambridge – Institute of Astronomy – Ask an Astronomer [NB: questionable source as its sources refer back to Wikipedia]
  6. "What Is Civil Twilight?". www.timeanddate.com.
  7. 14 C.F.R. 121.323
  8. "Title 14: Aeronautics and Space PART 1 – Definitions". ELECTRONIC CODE OF FEDERAL REGULATIONS. U.S. Government Publishing Office.
  9. "The Air Almanac". aa.usno.navy.mil.
  10. "What Is Nautical Twilight?". www.timeanddate.com.
"https://ml.wikipedia.org/w/index.php?title=ട്വൈലൈറ്റ്&oldid=3963888" എന്ന താളിൽനിന്ന് ശേഖരിച്ചത്