ടോങ്കു രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോങ്കു രാജവംശം

1486–1752
ബെയിനാംഗിന്റെ സാമ്രാജ്യം
ബെയിനാംഗിന്റെ സാമ്രാജ്യം
Statusസാമ്രാജ്യം
CapitalTaungoo (1486–1539)
Pegu (1539–1599)
Ava (1599–1752)
Common languagesBurmese
Religion
Theravada Buddhism
GovernmentMonarchy
• 1531–1550
താബിൻസ്വേതി
• 1551–1581
ബെയിനാംഗ്
• 1606–1628
Anaukpetlun
• 1629–1648
Thalun
• 1733–1752
Mahadhammaraza Dipadi
LegislatureHluttaw
History 
• രാ‍ജവംശം സ്ഥാപിച്ചത്
ജനുവരി 1486
• Conquest of Hanthawaddy
1534–1541
• Bayinnaung's Empire
1551–1581
• Nyaungyan Restoration
1599–1615
• Decline
1724–1752
• അവയുടെ പതനം
ഏപ്രിൽ 1752
Population
• 1635
2,000,000
Preceded by
Succeeded by
Ava Kingdom
Hanthawaddy Kingdom
Shan States
Konbaung Dynasty
[[Restored Hanthawaddy]]

ബർമയിൽ (മ്യാൻമർ) 15-ാം ശതകം മുതൽ 18-ാം ശതകത്തിന്റെ മധ്യം വരെ ഭരണം നടത്തിയിരുന്ന രാജവംശമാണ് ടോങ്കു രാജവംശം. 1530 വരെ ഒരു ചെറുരാജ്യമായി നിലനിന്ന ടോങ്കു ഭരിച്ചിരുന്ന വംശമാണ് ടോങ്കു രാജവംശം എന്ന് അറിയപ്പെടുന്നത്. ടോങ്കു രാജ്യത്തിനു വടക്ക് അവായിലെ ഷാൻ രാജ്യവും തെക്ക് പെഗുവും ആണ് ഉണ്ടായിരുന്നത്. നൂറ്റാണ്ടുകളോളം ഭരണപരമായി വിഘടിച്ചുകിടന്നിരുന്ന ഐരാവതീ നദീതടപ്രദേശത്ത് ടോങ്കു രാജവംശത്തിന്റെ കീഴിൽ ഏകീകൃതഭരണം നിലനിർത്തുവാൻ സാധിച്ചു. 1531 മുതൽ 81 വരെ ഈ രാജവംശത്തിന്റെ പ്രതാപകാലമായിരുന്നു. താബിൻസ്വേതിയും (ഭരണകാലം 1531-1550) ബെയിനാംഗും (ഭരണകാലം 1551-81) ആയിരുന്നു ഇക്കാലത്തെ ശക്തന്മാരായ രാജാക്കന്മാർ. 1753 വരെ ഈ വംശം ഭരണം നടത്തി. ഈ രാജവംശത്തിന്റെ 1530 മുതൽ 90 വരെയുള്ള കാലഘട്ടത്തെ ഒന്നാം ടോങ്കു വംശമായും, 1590 മുതൽ 1752 വരെയുള്ള കാലത്തെ രണ്ടാം ടോങ്കു വംശമായും ചരിത്രകാരന്മാർ വിഭജിച്ചിരിക്കുന്നു.

1044 മുതൽ 1287 വരെ പഗാൻ വംശത്തിന്റെ കീഴിൽ ഐരാവതീ നദീതടപ്രദേശത്ത് ഏകീകൃതഭരണം നിലനിന്നിരുന്നു. അതിനുശേഷം, ഇവിടത്തെ ചെറുരാജ്യങ്ങൾ പരസ്പരം ശത്രുതയുടെയും സംഘട്ടനങ്ങളുടെയും സങ്കേതങ്ങളായി മാറുകയാൽ ശിഥിലീകരണം സംഭവിച്ചു. ടോങ്കുവിലെ രാജാവായിരുന്ന താബിൻസ്വേതി 1530-ൽ തെക്കേ ബർമയിലെ മോൺ രാജ്യമായ പെഗു ആക്രമിച്ചു കീഴടക്കി തന്റെ തലസ്ഥാനം അവിടേക്കു മാറ്റി സ്ഥാപിച്ചു. മധ്യ ഐരാവതീ സമതലവും ഇദ്ദേഹം പിന്നീടു കീഴടക്കി. താബിൻസ്വേതി 1550-ൽ കൊല്ലപ്പെട്ടു. ഇതോടെ മോൺ വിഭാഗക്കാർ തങ്ങളുടേതായിരുന്ന പെഗു തിരിച്ചുപിടിച്ചു. താബിൻസ്വേതിയെത്തുടർന്ന് 1551-ൽ രാജാവായ ബെയിനാംഗ് വിപുലമായ സൈനിക മുന്നേറ്റം നടത്തി. ഇദ്ദേഹം പെഗു വീണ്ടും കൈവശപ്പെടുത്തി. മാത്രമല്ല, കിഴക്ക് തായ്ലൻഡ്, ലാവോസ് എന്നിവിടംവരെ രാജ്യവിസ്തൃതി വരുത്തുകയും ചെയ്തു. 1540-നും 70-നും ഇടയ്ക്ക് ഇപ്പോഴത്തെ മ്യാൻമറിന്റെ ഏതാണ്ടു മുഴുവൻ ഭാഗങ്ങളും ലാവോസ്, തായ്ലൻഡ്, യുനാൻ (തെക്കുപടിഞ്ഞാറേ ചൈന) എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും ടോങ്കു വംശത്തിന്റെ അധീശത്വത്തിൻകീഴിലായി. ബെയിനാംഗിന്റെ ഭരണതലസ്ഥാനമായ പെഗുവിലെ ആഡംബരങ്ങൾ 1570-കളിലെ യൂറോപ്യൻ സഞ്ചാരികളെപ്പോലും വിസ്മയിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. 1581-ൽ ബെയിനാംഗ് മരണമടഞ്ഞു. തുടർന്ന് 1590-ഓടുകൂടി സാമ്രാജ്യം ശിഥിലമായി. ടോങ്കു രാജാക്കന്മാരുടെ തുടർന്നുള്ള ഭരണം 1752 വരെ നിലനിന്നു. ഇക്കാലത്ത് തലസ്ഥാനം ഉത്തര ഭാഗത്തുള്ള അവായിലേക്കു മാറ്റി (1635). 1752-ൽ മോണുകൾ ഭരണം പിടിച്ചെടുക്കുന്നതുവരെ ടോങ്കുരാജവംശം നിലനിന്നിരുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോങ്കു രാജവംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടോങ്കു_രാജവംശം&oldid=3816222" എന്ന താളിൽനിന്ന് ശേഖരിച്ചത്