ടൈറ്റസ്-ബോഡെ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രഹങ്ങളുടെ സൂര്യനു ചുറ്റുമുള്ള വിന്യാസം കൃത്യമായി പ്രതിപാദിക്കുവാൻ കഴിയും എന്നു ഒരു കാലത്ത് കരുതപ്പെട്ട ഗണിത സൂത്രവാക്യം ആണ് ടൈറ്റസ്-ബോഡെ നിയമം.

നിയമത്തിന്റെ വിശദീകരണം[തിരുത്തുക]

ടൈറ്റസ്-ബോഡെ നിയമം ഇപ്രകാരം ആണ്:

  1. 0, 3, 6, 12, 24, 48, 96....എന്ന സംഖ്യശ്രേണി എഴുതുക (ഈ ശ്രേണിയിലെ 3നു ശേഷമുള്ള സംഖ്യകൾ അതിന്റെ തൊട്ട് മുൻപത്തെ സംഖ്യയുടെ ഇരട്ടി ആണെന്നു ശ്രദ്ധിക്കുക)
  2. ഈ ശ്രേണിയിലെ‍ ഓരോ സംഖ്യയോടും 4 എന്ന സംഖ്യ കൂട്ടുക
  3. ഉത്തരമായി ലഭിക്കുന്ന ഓരോ സംഖ്യയേയും 10 കൊണ്ട് ഹരിക്കുക

ഉത്തരമായി ലഭിക്കുന്ന സംഖ്യകൾ സൂര്യനിൽ നിന്നുള്ള ഓരോ ഗ്രഹത്തിന്റേയും ദൂരം ആണ് (സൗര ദൂര ഏകകത്തിലുള്ളത്). ഇതാണ് ടൈറ്റസ്-ബോഡെ നിയമത്തിന്റെ രത്ന ചുരുക്കം.

ടൈറ്റസ്-ബോഡെ നിയമവും ഗ്രഹങ്ങളുടെ യഥാർത്ഥ വിന്യാസവും[തിരുത്തുക]

ടൈറ്റസ്-ബോഡെ നിയമപ്രകാരം ഗ്രഹങ്ങളുടെ വിന്യാസവും യഥാർത്ഥത്തിലുള്ള വിന്യാസവും താരതമ്യപ്പെടുത്തുന്ന പട്ടിക താഴെ.

Graphical plot using data from table to the left
ഗ്രഹം k ടൈറ്റസ്-ബോഡെ നിയമ പ്രകാരം ഉള്ള ദൂരം (AU) യഥാർത്ഥത്തിലുള്ള ദൂരം (AU)
ബുധൻ 0 0.4 0.39
ശുക്രൻ 1 0.7 0.72
ഭൂമി 2 1.0 1.00
ചൊവ്വ 4 1.6 1.52
സെറെസ്1 8 2.8 2.77
വ്യാഴം 16 5.2 5.20
ശനി 32 10.0 9.54
യുറാനസ് 64 19.6 19.2
നെപ്റ്റ്യൂൺ 128 38.8 30.06
(പ്ലൂട്ടോ)1 256 77.2 39.44

1 Ceres was considered a planet from 1801 until the 1860s. Pluto was considered a planet from 1930 to 2006. A 2006 IAU proposal to define the term "planet" would have reclassified Ceres as a planet, but this resolution was modified before its ratification in late August 2006. The modification instead placed Ceres, Pluto, and Eris in the newly created category of "dwarf planet".

ചരിത്രം[തിരുത്തുക]

ജോഹാൻ ഡാനിയേൽ ടൈറ്റസ്
ജോഹാൻ എലെർട്ട് ബോഡെ

പതിനെട്ടാം നൂറ്റാണ്ടിൽ, ജർമ്മൻ ഭൌതിക-ഗണിത ശാസ്ത്രജ്ഞനായിരുന്ന ജോഹൻ ടൈറ്റസ്, സൂര്യനു ചുറ്റും ഗ്രഹങ്ങളുടെ വിന്യാസം വിശദീകരിക്കുവാൻ പര്യാപ്തമായ ഒരു ഗണിതസൂത്രവാക്യം കണ്ടെത്തി. അദ്ദേഹം തന്റെ കണ്ടെത്തൽ 1766-ൽ പ്രസിദ്ധീകരിച്ചു എങ്കിലും ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനും ബെർലിൻ നക്ഷത്രനിരീക്ഷണാലയത്തിന്റെ ഡയറക്ടറുമായിരുന്ന ജോഹാൻ ബോഡെ 1772-ൽ അതിനു വമ്പിച്ച പരസ്യം കൊടുക്കുന്നതു വരെ ഈ നിയമം ആരും ശ്രദ്ധിച്ചിരുന്നില്ല. ഈ ഗണിത സൂത്രമാണ് ഇന്നു ടൈറ്റസ്-ബോഡെ നിയമം എന്നു (അല്ലെങ്കിൽ അതിന്റെ സ്രഷ്ടാവിനോട് അനാദരവ് കാണിച്ച് ബോഡെ നിയമം) അറിയപ്പെടുന്നത്.

ഗ്രഹങ്ങൾ ഈ നിയമം കൃത്യമായി പാലിക്കാത്തതു കൊണ്ട് ഇതിനെ ഒരു ശാസ്ത്ര നിയമം എന്നു വിളിക്കാൻ പറ്റില്ലെങ്കിലും ഭൂരിപക്ഷം ഗ്രഹങ്ങളുടേയും സൂര്യനിൽ നിന്നുള്ള ഏകദേശ ദൂരം കണക്കാക്കാൻ ഈ നിയമം സഹായിക്കുന്നു.

നിയമത്തിന്റെ ശാസ്ത്രീയത[തിരുത്തുക]

ഈ പട്ടികയിൽ നിന്ന് ടൈറ്റസ്-ബോഡെ നിയമം പ്രവചിക്കുന്ന നിയമം ഏതാണ്ട് എല്ലാ ഗ്രഹങ്ങളും ഒരു വിധം കൃത്യതയോടെ പാലിക്കുന്നു എന്നു കാണാം. ഹെർഷൽ യുറാനസിനെ വളരെ അപ്രതീക്ഷിതമായി കണ്ടെത്തുന്നതു വരെ സൂര്യനിൽ നിന്ന് ഗ്രഹങ്ങളുടെ ദൂരം മനഃപാഠം പഠിക്കുന്നതിനുള്ള ഒരു എപ്പുപ്പവഴിയായാണ് ജ്യോതിശാസ്ത്രജ്ഞർ ഈ നിയമത്തെ കണ്ടത്. പക്ഷേ യുറാനസിന്റെ കണ്ടെത്തൽ 2.8 AU ദൂരത്ത് ഇതു വരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഗ്രഹത്തെ തിരയാൻ ജ്യോതിശസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. താമസിയാതെ തന്നെ ഏകദേശം ഈ ദൂരത്ത് തന്നെ ഉൽക്കാവലയത്തെ കണ്ടെത്താൻ കഴിഞ്ഞപ്പോൾ ഈ നിയമത്തിനു എന്തോ പ്രവചന സ്വഭാവമുണ്ടെന്നും ഈ നിയമം സൗരയൂഥത്തിന്റെ ഒരു ഭൌതിക ഗുണമാണെന്നും ഉള്ള ചിന്ത ഉടലെടുക്കുന്നതിനു ഇടയായി.

പക്ഷേ പിന്നീട് സൗരയൂഥത്തിലെ മറ്റ് രണ്ട് ഗ്രഹങ്ങായ നെപ്റ്റ്യൂണിനേയും പ്ലൂട്ടോയേയും (പ്ലൂട്ടോയെ ഇപ്പോൾ ഒരു ഗ്രഹമായല്ല കരുതുന്നത്) ഈ നിയമം അനുസരിക്കാത്ത ഇടങ്ങളിൽ കണ്ടെത്തിയത് ഈ നിയമത്തിന്റെ ശാസ്ത്രീയത സംശയിക്കുന്നതിനു ഇടയായി. ആധുനിക വിശദീകരണം അനുസരിച്ച് ഗ്രഹങ്ങൾ ഈ നിയമം അനുസരിക്കുന്നതിനു അടിസ്ഥാനപരമായ ഒരു കാരണവും കാണുന്നില്ല. ചില ഗ്രഹങ്ങൾ ഈ നിയമം അനുസരിക്കുന്നത് വെറും യാദൃച്ഛികമാണ് എന്നാണ് ശാസ്ത്രജ്ഞമാരുടെ അനുമാനം. സൗരയൂഥം ഉടലെടുത്ത സൗരനെബുലയിലെ വിന്യാസം മറ്റൊന്നായിരുന്നെങ്കിൽ ഗ്രഹങ്ങളുടെ വിന്യാസവും മറ്റൊരു തരത്തിലായേനെ എന്നും അതു ടൈറ്റസ്-ബോഡെ നിയമം അനുസരിക്കുന്ന ഒന്ന് ആയിരിക്കില്ല എന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ടൈറ്റസ്-ബോഡെ_നിയമം&oldid=2317372" എന്ന താളിൽനിന്ന് ശേഖരിച്ചത്