ടെട്രാബ്രാങ്കിയേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അകശേരുകി ഫൈലമായ മൊളസ്ക്കയിലെ സെഫാലോപോഡ (Cephalopoda) വർഗത്തിന്റെ ഒരു ഉപവർഗം. ഈ ഉപവർഗത്തിൽ നോട്ടിലോയ്ഡിയ, അമണോയ്ഡിയ എന്നീ രണ്ടു ഗോത്രങ്ങളുണ്ട്. ആദ്യം നിലവിലിരുന്ന പദ്ധതിയനുസരിച്ചുള്ള വർഗീകരണമാണിത്. ഇപ്പോഴും പൂർണമായിട്ടില്ലാത്ത ഇവയുടെ വർഗീകരണപദ്ധതിയനുസരിച്ച് ചില വ്യതിയാനങ്ങളും കണ്ടുവരുന്നുണ്ട്. പില്ക്കാലത്ത് അംഗീകരിക്കപ്പെട്ട വർഗീകരണ പദ്ധതി പ്രകാരം ടെട്രാബ്രാങ്കിയ നോട്ടിലോയ്ഡിയ ഉപവർഗമായും അറിയപ്പെടുന്നുണ്ട്.

നോട്ടിലസ്

ഈ ഉപവർഗത്തിൽ നോട്ടിലസ് (Nautilus) എന്ന ഒരു ജീനസ് മാത്രമേ ഇന്ന് കാണപ്പെടുന്നുള്ളു. പാലിയോസോയിക്-മീസോസോയിക് കല്പങ്ങളിൽ ഈ ഉപവർഗത്തിലെ നിരവധി ജീനസ്സുകൾ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന നോട്ടിലസ് ജീനസിലെ അംഗങ്ങൾ തികച്ചും കടൽ ജീവികളാണ്. ഇവ ഇന്ത്യാസമുദ്രത്തിന്റെയും ദക്ഷിണ പസിഫിക് സമുദ്രത്തിന്റെയും തീരങ്ങളിലും പവിഴപ്പുറ്റുനിരകളിലും വസിക്കുന്നു. മറ്റു മൊളസ്കുകളിൽ നിന്നും വ്യത്യസ്തമായ ശരീരഘടനയാണ് ഇവയ്ക്കുള്ളത്. നിരവധി അറകളുള്ളതും, സർപിളാകൃതിയിൽ ചുരുണ്ടതുമായ ഒരു പുറംതോടിനുള്ളിലായാണ് ഇവയുടെ ശരീരം കാണപ്പെടുന്നത്. പുറംതോടിന്റെ ചുരുളുകൾ എല്ലാംതന്നെ ഒരേ തലത്തിൽ സ്ഥിതിചെയ്യുന്നു. ഏറ്റവും വലിയ ബാഹ്യഅറയാണ് ശരീരത്തെ ഉൾക്കൊള്ളുന്നത്. ഈ അറയിലേക്ക് ശരീരത്തെ പിൻവലിക്കാനും ഇവയ്ക്കു സാധിക്കും. ദ്വാരങ്ങളുള്ള നിരവധി ഭിത്തികൾ പുറംതോടിന്റെ ഉൾ അറയെ വിഭജിച്ചിരിക്കുന്നു. അറയ്ക്കുള്ളിൽ വായു ഉള്ളതിനാൽ പുറംതോടിന് വെള്ളത്തിൽ പൊങ്ങിക്കിടക്കാനും ജീവിക്ക് അനായാസം നീന്തിനടക്കാനും സാധിക്കുന്നു.

കണ്ണുകളും ഗ്രാഹികളും വഹിക്കുന്ന ഒരു ശീർഷവും സഞ്ചിപോലുള്ള ഉടലും (സ്തംഭം) ഇവയ്ക്കുണ്ട്. ശീർഷത്തിന്റെ അഗ്രഭാഗത്താണ് വായ് സ്ഥിതിചെയ്യുന്നത്. വായയ്ക്കു ചുറ്റുമായി നിരവധി ശീർഷപാളികളുണ്ട്. ആകുംചന-ആസംജക (retractile and adhesive) ശീലമുള്ള ഗ്രാഹികൾ ശീർഷപാളികളിൽ കാണപ്പെടുന്നു. ബാഹ്യ-ആന്തരിക പാളികളായിട്ടാണ് ഗ്രാഹികൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ബാഹ്യഗ്രാഹികളുടെ വക്കുകളുടെ മുൻഭാഗം തടിച്ച് ഒരു മൂടി (hood)യുടെ രൂപത്തിലായിരിക്കുന്നു. പുറംതോടിന്റെ ഉള്ളറയിലേക്ക് ശരീരം പിൻവലിക്കപ്പെടുമ്പോൾ അറയുടെ പ്രവേശനദ്വാരം അടയ്ക്കാനുള്ള ഒരു പ്രച്ഛദം (spericardium) ആയി ഇത് വർത്തിക്കുന്നു. ഭുജങ്ങൾ ഇല്ല.

നോട്ടിലസിന് രണ്ടു ജോടി ഗില്ലുകളും രണ്ടു ജോടി വൃക്കകളും രണ്ടു ജോടി ഓറിക്കിളുകളും ഉണ്ട്. ക്ളോമ (branchial)ഹൃദയങ്ങൾ ഇവയിൽ കാണപ്പെടുന്നില്ല. ഹൃദയാവരണം (pericardium) രണ്ടു ദ്വാരങ്ങൾ വഴി പുറത്തേക്കു തുറക്കുന്നു. ഇവയുടെ കണ്ണുകൾക്ക് കാചങ്ങളോ അപവർത്തന (refractive) മാധ്യമങ്ങളോ ഇല്ല. കണ്ണുകൾ തുറന്ന വെസിക്കിളുകളുടെ രൂപത്തിലുള്ളവയാണ്. ദൃഷ്ടിപടലം (retina) സമുദ്രജലവുമായി എപ്പോഴും സമ്പർക്കത്തിലായിട്ടുള്ള നിലയിലാണ്. ശരീരത്തിനുള്ളിൽ വർണകോശങ്ങളോ മഷിസഞ്ചികളോ ഇല്ല. രാത്രി സഞ്ചാരസ്വഭാവമുള്ള നോട്ടിലസ് ഗ്രാഹികളുടെ സഹായത്തോടെ അധികം ആഴത്തിലല്ലാതെ നീന്തിനടക്കുന്നു

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെട്രാബ്രാങ്കിയേറ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെട്രാബ്രാങ്കിയേറ്റ&oldid=3518993" എന്ന താളിൽനിന്ന് ശേഖരിച്ചത്