അൾജീരിയയിൽ പുരാതന റോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ടിംഗാഡ്. തമുഗാഡി എന്നും ഈ പ്രദേശം അറിയപ്പെട്ടിരുന്നു. (ഇപ്പോഴത്തെ അൾജീരിയയിൽ ഉൾപ്പെട്ട പ്രദേശങ്ങൾക്ക് മുമ്പ് നുമുദിയ എന്നും പേരുണ്ടായിരുന്നു). ട്രാജൻ ചക്രവർത്തി തന്റെ സേനാവ്യൂഹങ്ങൾക്കും മറ്റുമായാണ് എ.ഡി. 100-ആ മാണ്ടിൽ ഈ നഗരം സ്ഥാപിച്ചതും വിപുലീകരിച്ചതും. ട്രാജന്റെ ട്രയംഫൽ ആർച്ച്' എന്ന കവാടവും കച്ചവടകേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഗ്രന്ഥപ്പുരയും ഓഫീസ് കെട്ടിടങ്ങളും സ്നാനഘട്ടങ്ങളും തിയെറ്ററും ഇവിടെയുണ്ടായിരുന്നതായി അവശിഷ്ടങ്ങളിൽനിന്നും മനസ്സിലാകുന്നുണ്ട്. ഈ നഗരം ഏറെക്കാലം സമ്പൽസമൃദ്ധമായി നിലനിന്നിരുന്നുവെന്ന് വ്യക്തമാക്കുന്ന ചരിത്രരേഖകളുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ നഗരം ക്ഷയോന്മുഖമായി. വാൻഡലുകൾ, ബെർബറുകൾ, ബൈസാന്തിയക്കാർ, അറബികൾ എന്നിവർ 5-ആം നൂറ്റാണ്ടു മുതൽ 7-ആം നൂറ്റാണ്ടു വരെ നടത്തിയ ആക്രമണങ്ങൾ നഗരത്തെ നാശത്തിലെത്തിച്ചു. പിന്നീട് നഗരം വിസ്മൃതിയിലാണ്ടു. 1881-ൽ ആരംഭിച്ച ഉത്ഖനനത്തോടെയാണ് പ്രാചീന അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞത്. റോമൻ സംസ്കാരാവശിഷ്ടങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ചിലർ ഈ പ്രദേശത്തെ ഉത്തര ആഫ്രിക്കയിലെ പോമ്പി എന്നും വിശേഷിപ്പിക്കുന്നുണ്ട്.