ജ്യൂസേപ്പെ ആർക്കീംബോൾഡോ
ഗ്യൂസേപ്പേ ആർക്കീംബോൾഡോ | |
സ്വയം വരച്ചത് | |
ജനനപ്പേര് | ഗ്യൂസേപ്പേ ആർക്കീംബോൾഡോ |
ജനനം | 1527 മിലാൻ |
മരണം | 1593 ജൂലൈ 11(age 66) മിലാൻ |
പൗരത്വം | ഇറ്റലി |
രംഗം | ചിത്രരചന |
പതിനാറാം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു ഗ്യൂസേപ്പേ ആർക്കീംബോൾഡോ (ആംഗലേയം: Giuseppe Arcimboldo) (1527 - ജൂലൈ 11, 1593). പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, മത്സ്യങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ ചിത്രീകരണങ്ങൾ ചേർത്ത് മനുഷ്യരുടെ മുഖരൂപം വരയ്ക്കുന്നതായിരുന്നു അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. വരയ്ക്കുന്ന വിവിധ വസ്തുക്കളുടെ ചിത്രങ്ങളുടെ ക്രമീകരണത്തിൽ കാട്ടിയ കരവിരുത് അവ കൂടിച്ചേർന്നുണ്ടായ ചിത്രസമുച്ചയങ്ങളെ തിരിച്ചറിയാവുന്ന വ്യക്തികളുടെ രൂപങ്ങളാക്കി.
ജീവിതരേഖ
[തിരുത്തുക]1527-ൽ ബിയാഗോ എന്ന ചിത്രകാരന്റെ മകനായി മിലാനിലാണ് ആർക്കീംബോൾഡോ ജനിച്ചത്.[1] മിലാനിലെ പ്രസിദ്ധമായ ഫബ്രിക്കാ ഡുയോമോ പള്ളിയിലെ നിറ-സ്ഫടിക ജനാലകളിൽ കത്രീനാ പുണ്യവതി ജീവിതകഥയും മറ്റും ചിത്രീകരിക്കുന്നതിന് അദ്ദേഹം 1549-ൽ നിയുക്തനായി. 1556-ൽ ജൂസെപ്പേ മേഡാ എന്ന ചിത്രകാരനുമൊത്ത് മൊൻസായിലെ പള്ളിയിലെ ചുവർചിതങ്ങൾ വർക്കുന്നതിൽ ഏർപ്പെട്ടു. ഇറ്റലിയിലെ കോമോയിലെ കത്തീദ്രലിൽ സൂക്ഷിച്ചിരിക്കുന്ന [2]തിരശ്ശീലയിലുള്ള മറിയത്തിന്റെ മരണത്തിന്റെ ചിത്രീകരണം 1558-ൽ ആർക്കീംബോൾഡോ വരച്ചതാണ്.
1562-ൽ വിയന്നായിലെ ഹാപ്സ്ബർഗ് രാജാവായ ഫെർഡിനാന്റ് ഒന്നാമന്റെ കൊട്ടാരം ചിത്രകാരനായും തുടർന്ന് പ്രേഗിൽ മാക്സ്മില്യൻ രണ്ടാമന്റേയും റുഡോൾഫ് രണ്ടാമന്റേയും കൊട്ടാരം ചിത്രകാരനായും ആർക്കീംബോൾഡോ നിയമിതനായി. കൊട്ടാരങ്ങളിലെ അലങ്കാരവേലകളുടേയും വേഷഭൂഷാദികളുടേയും രൂപകല്പനയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു. വിയന്നാ സന്ദർശിച്ച സാക്സണിയിലെ അഗസ്റ്റസ് രാജാവ് ആർക്കീംബോൾഡോയുടെ ചിത്രങ്ങൾ കാണുകയും അദ്ദേഹത്തിന്റെ നാലു ഋതുക്കൾ എന്ന ചിത്രത്തിന്റെ ഒരു പകർപ്പ് തന്റെ രാജകീയചിഹ്നങ്ങൾ ഉൾക്കൊള്ളിച്ച് ഉണ്ടാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
മതസംബന്ധിയായ വിഷയങ്ങളിലുള്ള ആർക്കീംബോൾഡോയുടെ പരമ്പരാഗതരചനകൾ മിക്കവാറും വിസ്മരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ പഴങ്ങളും, പച്ചക്കറികളും, വേരുകളും മറ്റും വരച്ചുയോജിപ്പിച്ചുണ്ടാക്കിയ അദ്ദേഹത്തിന്റെ മനുഷ്യഛായാചിത്രങ്ങൾ അക്കാലത്ത് ഏറെ പ്രശംസനേടുകയും ഇന്നും അത്ഭുതാദരങ്ങളുടെ വിഷയമായിരിക്കുകയും ചെയ്യുന്നു. ഈ ചിത്രങ്ങൾ കേവലം വിചിത്രഭാവനയുടെ സൃഷ്ടിയായിരുന്നെന്നും, അതല്ല, മനോവിഭ്രാന്തിയുടെ ഫലമായിരുന്നെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന കലാവിമർശകരുണ്ട്. [3]ആർക്കീംബോൾഡോ മനോവിഭ്രാന്തിയുടെ ഇര ആയിരുന്നില്ലെന്നും പ്രഹേളികകളും അസാധാരണത്ത്വങ്ങളും ഇഷ്ടപ്പെട്ടിരുന്ന നവോത്ഥാനകാലത്തിന്റെ രുചിവൈചിത്ര്യത്തിനിഷ്ടപ്പെട്ട ഒരു രചനാശൈലി പിന്തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് ഭൂരിപക്ഷം വിമർശകരും കരുതുന്നത്. ഇതിനുദാഹരണമായി, ലിയൊനാർഡോ ദാവിഞ്ചിയുടെ ചില ചിത്രങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്]
രാജകീയ സേവനത്തിൽ നിന്ന് വിരമിച്ചശേഷം മിലാനിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ആർക്കീംബോൾഡോ അവിടെത്തന്നെയാണ് മരിച്ചതും. ജീവിതത്തിന്റെ ഈ അവസാനഘട്ടത്തിലാണ് റുഡോൾഫ് രണ്ടാമൻ രാജാവിന്റെ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രവും, നാലു ഋതുക്കളുടെ ചിത്രവും സ്വന്തം ഛായാചിത്രവും ഒക്കെ അദ്ദേഹം വരച്ചത്. ഇറ്റലിയിലെ സമകാലീനർ, കവിതകളും അപദാനരചനകളും എഴുതിയും മറ്റും അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തെ പിന്തുടർന്നുവന്ന സമകാലീനനായിരുന്ന കരവാജിയോയുടെ രചനകളെ അദ്ദേഹം സ്വാധീനിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു.
1648-ൽ മുപ്പതാണ്ടുയുദ്ധത്തിൽ പ്രേഗ് ആക്രമിച്ച സ്വീഡന്റെ സൈന്യം റുഡോൾഫ് രണ്ടാമൻ രാജാവിന്റെ ശേഖരത്തിലുണ്ടായിരുന്ന ആർക്കീംബോൾഡോയുടെ രചനകൾ പലതും കൈവശമാക്കി.
പൈതൃകം
[തിരുത്തുക]ആർക്കീംബോൾഡോയുടെ വിചിത്രരചനകൾ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ സാൽവദോർ ദാലിയയെപ്പോലുള്ള സറിയലിസ്റ്റ് കലാകാരന്മാരുടെ സവിശേഷശ്രദ്ധ ആകർഷിച്ചു. 1987-ൽ വെനീസിലെ പലാസ്സോ ഗ്രാസിയിൽ "ആർക്കീംബോൾഡോ ഇഫക്ട്" പ്രമേയമാക്കി നടത്തിയ പ്രദർശനത്തിൽ അനേകം ദ്വയാർഥചിത്രങ്ങൾ (double meaning paintings) പ്രദർശിക്കപ്പെട്ടു. ആർക്കീംബോൾഡോയുടെ സ്വാധീനം ഷിഗിയോ ഫക്കൂഡാ, ഇസ്റ്റ്വാൻ ഒറോസ്, ഒക്ടാവിയോ ഒക്കാമ്പോ, സാന്ദ്രോ ദെൽ പ്രീറ്റെ, തുടങ്ങിയവരുടെ ചിത്രങ്ങളിലും Jan Švankmajer-ടെ ചലച്ചിത്രങ്ങളിലും കാണാം. ആർക്കീംബോൾഡോയുടെ "വെള്ളം" എന്ന ചിത്രം, കൻസാസിലെ പുരോഗമനവാദി റോക്ക്-ഗാന സംഘം അവരുടെ Masque എന്ന ആൽബത്തിന് കവർചിത്രമായുപയോഗിച്ചു.
ചിത്രശാല
[തിരുത്തുക]-
ഹേമന്തം, 1573-ൽ ക്യാൻവാസിൽ വരച്ച ഇതും തുടർന്നുകാണുന്ന ഋതുക്കളെക്കുറിച്ചുള്ള മറ്റ് മൂന്ന് ഏണ്ണച്ചിത്രങ്ങളും ഇപ്പോൾ പാരിസിലെ Louvre സംഗ്രഹാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു
-
വസന്തം
-
ഗ്രീഷ്മം,
-
ശിശിരം
-
ഗ്രന്ഥശാലാധിപൻ; 1556-ൽ ക്യാൻവാസിൽ വരച്ച ഈ എണ്ണച്ചിത്രം, സ്വീഡണിലെ സ്കോക്ലോസ്റ്റർ കോട്ടയിലാണിപ്പോൾ
-
ഗ്രീഷ്മം എന്ന ചിത്രത്തിന്റെ 1563-ൽ വരച്ച ഒരു പൂർവരൂപം, ആസ്ട്രിയയിൽ വിയന്നയിലെ Kunsthistorisches സംഗ്രഹാലയത്തിലാണിപ്പോൾ
അവലംബം
[തിരുത്തുക]- ↑ "Giuseppe Arcimboldo's hallucinations: Fantasy or insanity? - International Herald Tribune". Archived from the original on 2007-10-06. Retrieved 2007-10-06.
- ↑ "Giuseppe Arcimboldo's hallucinations: Fantasy or insanity? - International Herald Tribune". Archived from the original on 2007-10-06. Retrieved 2007-10-06.
- ↑ "Giuseppe Arcimboldo's hallucinations: Fantasy or insanity? - International Herald Tribune". Archived from the original on 2007-10-06. Retrieved 2007-10-06.
പുറം കണ്ണികൾ
[തിരുത്തുക]- Giuseppe Arcimboldo at Olga's Gallery
- Arcimboldo at TVM Archived 2006-10-03 at the Wayback Machine.
- Arcimboldo in the "A World History of Art" Archived 2020-03-04 at the Wayback Machine.
- Web Gallery of Art
- Arcimboldo at MuseumSyndicate Archived 2020-07-13 at the Wayback Machine.
- Arcimboldo at Panopticon Virtual Art Gallery Archived 2008-09-27 at the Wayback Machine.
- Skokloster Castle, Sweden Archived 2007-10-27 at the Wayback Machine.
- Arcimboldo, from Milan's cathedral to european courts Archived 2012-01-14 at the Wayback Machine.