ജോസഫ് മുരിക്കൻ
കേരളത്തിലെ കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമാകുന്നതിൽ സുപ്രധാന പങ്കു വഹിച്ച കർഷകനും ഭൂവുടമയുമായിരുന്നു മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ. കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് മുരിക്കൻ ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് എന്നറിയപ്പെടുന്നു.നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നു.
തുടക്കം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി നെല്പാടങ്ങളുണ്ടാക്കിയത്[1].ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) എന്നിങ്ങനെ 1959 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ മുരിക്കൻ നികത്തിയെടുക്കുകയുണ്ടായി. [2].രാജ കുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ് നികത്തു നിലങ്ങൾക്ക് ഇത്തരത്തിൽ പേരു നൽകാൻ ഇടയാക്കിയത്.
കായൽ നികത്തു രീതി
[തിരുത്തുക]മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട് നിർമ്മാണമാണ് ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച് നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ് ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച് അടി വീതിയുമാണ് ബണ്ടിന്. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത് മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ് ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ് വിരിക്കും. അതിന് മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട് ചിറയാക്കുന്നു.
ആയിരക്കണക്കിന് ദണ്‌ഡ് (ഒരു അളവ്) നീളമുള്ള ചിറയാണ് മുരിക്കൻ നിർമ്മിച്ചത്. ഒരു ദണ്‌ഡ് നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട് മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ് കണക്ക്.
ബോയിലറുകളിൽ മരക്കരിയിട്ട് കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ് ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട് കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്. മുരിക്കൻ കായൽ നികത്തിയെടുത്ത സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു. [3]
തകർച്ച
[തിരുത്തുക]കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമര മാർഗ്ഗങ്ങൾ അവലംബിക്കുകയുണ്ടായി.തുടര്‌ന്ന് 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ർ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട് പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരൽ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു.
അന്ത്യം
[തിരുത്തുക]അവസാന കാലത്ത് തിരുവനന്തപുരത്ത് മകന്റെ വസതിയിലായിരുന്നു മുരിക്കൻ.1972 ഡിസംബർ 9ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ വാർഡിൽ വച്ച് 74 -)ം വയസ്സിൽ മുരിക്കൻ അന്തരിച്ചു.സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.manoramaonline.com/advt/specials/keralapiravi2006/images/Keralappiravi%2044%20new.PDF Archived 2012-03-07 at the Wayback Machine. സുവർണ്ണ കേരളം - മലയാള മനോരമ പ്രത്യേക പതിപ്പ്]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-09-27. Retrieved 2007-06-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-06-01. Retrieved 2007-06-08.