Jump to content

ജെൻഡാർമുകാരുടെ പ്രത്യേക സേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1860ലെ റഷ്യൻ ജെൻഡാർമുകാർ
1911ലെ ജെൻഡാർമുകാരുടെ യൂണിഫോം

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യകാലത്തും റഷ്യൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പോലീസ് സേനയാണ് ജെൻഡാർമുകാരുടെ പ്രത്യേക സേന(ഇംഗ്ലീഷ്: Special Corps of Gendarmes,Russian: Отдельный корпус жандармов). ഇവരുടെ പ്രധാന ചുമതല നിയമ നിർവഹണവും രാജ്യസുരക്ഷയുമായിരുന്നു.

കോടതി ഉത്തരവുകളുടെ നിർവഹണവും അഭയാർത്ഥികളെ പിന്തുടരലും ക്രമസമാധാന പാലനവും അസാധാരണ കുറ്റവാളികളെ അറസ്റ്റ് ചെയ്യലും ഇവരുടെ ചുമതലയായിരുന്നു. പോലീസിനെയും ഉദ്യോഗസ്ഥരെയും സഹായിക്കാനും ഇവരെ നിയമിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]

ബോറിസോജിലേബിസ്ക് ഡ്രാഗൂൺ റെജിമെന്റിനെ അടിസ്ഥാനപ്പെടുത്തി കരസേനയിൽ 1815ൽ രൂപീകരിച്ച ജെൻഡാർമ് റെജിമെന്റും 1811ൽ രൂപീകരിച്ച അർദ്ധ സൈനിക വിഭാഗമായ ഇന്റെണൽ ഗാർഡ്സിന്റെ പ്രത്യേക സേനയിലെ ജെൻഡാർമ് യൂണിറ്ററുകളുമായിരുന്നു ജെൻഡാർമുകാരുടെ പ്രത്യേക സേനയുടെ പൂർവികർ. 1825ലെ പ്രക്ഷോപത്തിന് ശേഷം പുതിയ സാർ ചക്രവർത്തിയായ നിക്കോളാസ് ഒന്നാമൻ 1826 ജൂലൈയിൽ ചീഫ് ഓഫ് ജെൻഡാർമ്സ് തസ്‌തിക സൃഷ്ടിച്ച് അലക്സാണ്ടർ ബെൻകെൻഡോർഫ് പ്രഭുവിനെ ഇതിലേക്ക് നിയമിച്ചു. ജെൻഡാർമുകാരെല്ലാം ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട ഇമ്പീരിയൽ ചാൻസിലെറിയുടെ മൂന്നാം വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ബെൻകെൻഡോർഫ് ആയിരുന്നു. എങ്കിലും ഈ രണ്ടു തസ്തികകളും 1839ൽ മാത്രമേ ഒന്നിച്ചാക്കിയുള്ളു.

1836ൽ ഇന്റെണൽ ഗാർഡ്സിന്റെ പ്രത്യേക സേനയിലെ ജെൻഡാർമ് യൂണിറ്ററുകൾ ചീഫ് ഓഫ് ജെൻഡാർമ്സിന്റെ കീഴിൽ ജെൻഡാർമുകാരുടെ പ്രത്യേക സേനയായി മാറി. സേനയുടെ കമാണ്ടറും ചീഫ് ഓഫ് സ്റ്റാഫും മൂന്നാം വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ കീഴിലുള്ള ഡയറക്ടർമാറുമായിരുന്നു. ഈ സേനയെ ഏഴു അതിർത്തി ജില്ലാ വിഭാഗങ്ങളായി വിഭജിച്ചിരുന്നു. ഇവയിൽ ആറെണ്ണം റഷ്യയിലും ഒരെണ്ണം പോളണ്ടിലും ആയിരുന്നു. ഓരോന്നിനും ഓരോ ഡയറക്ടറേറ്റും ഉണ്ടയിരുന്നു. പ്രധാന ഡയറക്ടറേറ്റും ഗുബെർണിയൽ ഡയറക്ടറേറ്റുകളും രൂപീകരിക്കപ്പെട്ടു. കരസേനയിലെ ജെൻഡാർമ് റെജിമെൻറ് 1842ൽ ജെൻഡാർമുകാരുടെ പ്രത്യേക സേനയിൽ ചേർന്നു.

1826ൽ റഷ്യൻ സൈനിക പദവികളിൽ അവതരിപ്പിക്കപ്പെട്ട കുതിരപ്പടയാളികളുടെ പദവികളായിരുന്നു ജെൻഡാർമുകാരുടെ പ്രത്യേക സേന ഉപയോഗിച്ചിരുന്നത്. റഷ്യൻ സൈന്യവും പോലീസും ഉപയോഗിച്ചിരുന്ന കടും പച്ച യൂണിഫോമിന് പകരം ജെൻഡാർമുകാരുടെ പ്രത്യേക സേനയുടെ മിക്ക ശാഖകളും ഇളം നീല യൂണിഫോമായിരുന്നു ഉപയോഗിച്ചിരുന്നത്. റെയിൽറോഡ് ഡയറക്ടറേറ്റുകളിലെ ജെൻഡാർമുകാരെ കടും നീല യൂണിഫോം കാരണം എളുപ്പം തിരിച്ചറിയാമായിരുന്നു.

1867ൽ ചട്ടമനുസരിച്ച് സേനയിൽ

  • പ്രധാന ഡയറക്ടറേറ്റ്
  • സർവെയ്‌ലൻസ് സ്റ്റാഫ്
  • കൊകോസസ്‌,വാർസോ,സൈബീരിയ ജില്ലകൾ
  • ഗുബെർണിയൽ ഡയറക്ടറേറ്റുകൾ (56)
  • ഉയെസദ് ഡയറക്ടറേറ്റുകൾ (50)
  • റെയിൽറോഡ് ഡയറക്ടറേറ്റുകൾ
  • സെൻറ് പീറ്റേഴ്‌സ്ബർഗ്,മോസ്കോ,വാർസോ ഡിവിഷനുകൾ
  • കുതിരപ്പടയാളി യൂണിറ്റുകൾ (13)

എന്നിങ്ങനെ വിഭാഗങ്ങളുണ്ടായിരുന്നു.

1871ൽ,ജുഡീഷ്യൽ അന്വേഷകരെ പിരിച്ചു വിട്ടതിനാൽ ക്രിമിനൽ കേസുകളും രാഷ്ട്രീയ കേസുകളും അന്വേഷിക്കാനുള്ള അധികാരം ജെൻഡാർമുകാരുടെ പ്രത്യേക സേനയ്ക്ക് ലഭിച്ചു.

സൈന്യത്തിലെ ഉയർന്ന റാങ്കുകാർക്കു മാത്രമേ ജെൻഡാർമുകാരുടെ പ്രത്യേക സേനയിൽ ചേരാൻ കഴിഞ്ഞുള്ളൂ. സേന നല്ലൊരു പ്രതിഛായ നിലനിർത്തിയെങ്കിലും ഇവരുടെ ചാരന്മാരുടെ ശൃംഖല മിക്കവാറും കിംവദന്തികളും അപവാദങ്ങളും മാത്രമേ നല്കിയുള്ളു. ജെൻഡാർമുകാർക്ക് വിപ്ലവ സംഘടനകളിലേക്ക് നുഴഞ്ഞുകയറുന്നതിൽ പരിമിത വിജയം മാത്രമേ ഉണ്ടായുള്ളൂ. 1880 ഓഗസ്റ്റിൽ ലോറിസ്-മെലികോവ്‌ പ്രഭുവിന്റെ നിർദ്ദേശപ്രകാരം ജെൻഡാർമുകാരുടെ പ്രത്യേക സേനയും മൂനാം വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലേക്കു മാറി. ഇതുപ്രകാരം ചീഫ് ഓഫ് ജെൻഡാർമ്സ് മന്ത്രിയും സേനയുടെ കമാൻഡർ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മന്ത്രിയുമായി. മിക്ക ജെൻഡാർമുകാരേയും അപ്പോൾ സൃഷ്ടിച്ച പോലീസ് ഡിപ്പാർട്മെന്റിലേക്കു മാറ്റി.

1902ലെ ആഭ്യന്തര മന്ത്രിയായിരുന്ന സിപയാഗിന്റെ വധത്തെത്തുടർന്ന് ജെൻഡാർമ് ഡയറക്ടറേറ്റുകളുടെ രാജ്യസുരക്ഷാ അധികാരം ഓഖ്‌റാന യൂണിറ്റുകൾക്കും പൊതു വിഭാഗത്തിലെ കൗണ്ടർ-ഇന്റലിജൻസ് വിഭാഗത്തിനും പോലീസ് ഡിപ്പാർട്മെന്റിനും നൽകപ്പെട്ടു.

1917ലെ ഫെബ്രുവരി വിപ്ലവത്തിൽ ക്രോൺസ്റ്റാഡറ്റിൽ ഉണ്ടായിരുന്ന ജെൻഡാർമുകാർ സാർ ഭരണത്തിന് അനുകൂലമായി നിൽക്കുകയും പ്രകടനക്കാർക്ക് നേരെ വെടിയുതിർത്ത് വിചാരണയ്ക്കായി തടവിലാക്കപ്പെടുകയും ചെയ്തു.[1]

അവലംബം

[തിരുത്തുക]
  1. Pitcher, Harvey (2001). Witnesses of the Russian Revolution. pp. 105–106. ISBN 0-7126-6775-X.