ജുമാൻജി (ചലച്ചിത്രം)
Jumanji | |
---|---|
സംവിധാനം | Joe Johnston |
നിർമ്മാണം | Robert W. Cort Ted Field Larry J. Franco |
രചന | Screenplay: Greg Taylor Jonathan Hensleigh Jim Strain Novel: Chris Van Allsburg |
അഭിനേതാക്കൾ | Robin Williams Jonathan Hyde Bonnie Hunt Kirsten Dunst Bradley Pierce Bebe Neuwirth David Alan Grier Adam Hann-Byrd Laura Bell Bundy Patricia Clarkson |
സംഗീതം | James Horner |
ഛായാഗ്രഹണം | Thomas Ackerman |
ചിത്രസംയോജനം | Robert Dalva |
സ്റ്റുഡിയോ | Interscope Communications Teitler Film |
വിതരണം | TriStar Pictures |
റിലീസിങ് തീയതി | United States / Canada December 15, 1995 United Kingdon February 16, 1996 Japan March 20, 1996 Australia March 21, 1996 |
രാജ്യം | അമേരിക്ക കാനഡ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $65 million |
സമയദൈർഘ്യം | 104 minutes |
ആകെ | $262,797,249 |
ജോ ജോൺസ്റ്റൺ സംവിധാനം ചെയ്ത് 1995ൽ ഇറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് ജുമാൻജി. പ്രകൃത്യതീതവും അസാധാരണവുമായ ജുമാൻജി എന്നൊരു ചതുരംഗപ്പലകയെക്കുറിച്ചാണ് ഈ സിനിമ. ഇതിൽ കളിക്കുന്നവർ തങ്ങളുടെ കരു ഓരോ തവണ മുന്നേറുന്നതിനനുസരിച്ച് പല പ്രതിസന്ധികളേയും നേരിടേണ്ടിവരുന്നു (ഉദാഹരണത്തിനു പല വന്യജീവികളും പ്രകൃതിദുരന്തങ്ങളും അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു). ഇവയൊക്കെ ഈ ചതുരംഗപ്പലകയാണ് സൃഷ്ടിക്കുന്നതെന്ന് അവർ ഞെട്ടലോടെ മനസ്സിലാക്കുന്നു. തുടർന്നുണ്ടാകുന്ന ഉദ്വേഗജനകവും അതിസാഹസികവുമായ സംഭവങ്ങളാണ് ഈ ചിത്രത്തിനാധാരം. റോബിൻ വില്ല്യംസ്, ബോണി ഹണ്ട്, കിർസ്റ്റൺ ഡൺസ്റ്റ്, ബ്രാഡ്ലീ പിയേഴ്സ്, ജൊനാതൻ ഹൈഡ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിക്കുന്നു.
കഥാതന്തു
[തിരുത്തുക]1869ൽ രണ്ട് പയ്യന്മാർ ഒരു ഇരുമ്പ് പെട്ടി ബ്രാന്റ്ഫോർഡ് എന്ന സ്ഥലത്ത് കുഴിച്ചിടുന്നു. ആരെങ്കിലും ഇത് കുഴിച്ചെടുത്താൽ എന്താവുമെന്നു ആദ്യത്തവൻ ചോദിക്കുന്നു. കുഴിച്ചെടുക്കുന്നവന്റെ കാര്യം പോക്കാണെന്ന് മറ്റവൻ മറുപടി കൊടുക്കുന്നു. പയ്യന്മാർ കുതിരപ്പുറത്ത് തിരിച്ച് പോകുമ്പോൾ അങ്ങകലെ പെരുമ്പറ കൊട്ടുന്നതു കേൾക്കാം.
കൃത്യം ഒരു നൂറ്റാണ്ടിന് ശേഷം അതായത് 1969ൽ, പന്ത്രണ്ട് വയസ്സുള്ള അലൻ പാരിഷ് എന്ന ബാലൻ കുറെ റൌഡിപ്പിള്ളേരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ തന്റെ പിതാവിന്റെ സാംസ് ഷൂ ഫാക്റ്ററിയിലേക്ക് ഓടിക്കയറുന്നു. തന്റെ സുഹൃത്തും ഫാക്റ്ററി തൊഴിലാളിയുമായ കാൾ ബെന്റ്ലിയുമായി അലൻ അവിടെവച്ച് സംസാരിക്കുന്നു. കാൾ ഉണ്ടാക്കിയ പുതിയ തരം ഷൂ അബദ്ധത്തിൽ അലൻ നശിപ്പിക്കുന്നു. പക്ഷെ പഴി സ്വയം ഏറ്റെടുത്ത കാളിന് ജോലി നഷ്ടമാവുന്നു. അലൻ ഫാക്റ്ററിക്കു പുറത്തിറങ്ങിയത് കണ്ട റൌഡിപ്പിള്ളേർ അവനെ മർദ്ദിക്കുകയും അവന്റെ സൈക്കിൾ അപഹരിക്കുകയും ചെയ്യുന്നു. എണീറ്റു നടക്കാൻ തുടങ്ങിയ അലനെ ഒരു പെരുമ്പറ ശബ്ദം ആകർഷിക്കുന്നു. ജുമാൻജി എന്ന ചതുരംഗപ്പലക അടക്കം ചെയ്തിട്ടുള്ള ഒരു ഇരുമ്പ്പെട്ടി അലനു കിട്ടുന്നു. അതുമായി അലൻ വീട്ടിലേക്ക് തിരിക്കുന്നു.
തന്നെ ബോർഡിങ്ങ് സ്കൂളിലാക്കാൻ തീരുമാനിച്ച അച്ഛനോട് അലൻ വീട്ടിൽ വച്ച് വഴക്കിടുന്നു. അലൻ ഒളിച്ചോടാൻ തുനിഞ്ഞിരിക്കുമ്പോൾ അവന്റെ കൂട്ടുകാരിയായ (റൌഡിപ്പിള്ളേരുടെ സംഘത്തലവന്റെ കാമുഖിയും) സാറാ വിറ്റിൽ അവന്റെ സൈക്കളുമായി വരുന്നു. അലനും സാറയും ചേർന്ന് ജുമാൻജി കളിക്കാൻ തുടങ്ങുന്നു. ഓരോ തവണ പകിടയെറുമ്പോഴും കരു സ്വയം നീങ്ങുകയും ചതുരംഗപ്പലകയുടെ മദ്ധ്യത്തിൽ ഒരു സന്ദേശം തെളിയുകയും ചെയ്യുന്നു. തങ്ങളുടെ കരുവിനെ പലകയുടെ മദ്ധ്യത്തിൽ എത്തിച്ച ശേഷം “ജുമാൻജി” എന്നുരുവിട്ടാലാണ് കളി ജയിക്കുക എന്നവർ മനസ്സിലാക്കുന്നു. രണ്ടാളും ഓരോ തവണ പകിടയെറിഞ്ഞതും അലനെ ചതുരംഗപ്പലക ഒരു വാതകം കണക്കെ വലിച്ചെടുക്കുന്നു, കൂടാതെ ഒരുകൂട്ടം വവ്വാലുകൾ സാറയെ ആക്രമിക്കുന്നു. അടുത്ത കളിക്കാരൻ അഞ്ചോ എട്ടോ പകിടയെറിഞ്ഞ് നേടിയാൽ മാത്രമെ അലൻ സ്വതന്ത്രനാവൂ എന്ന സന്ദേശം ചതുരംഗപ്പലകയുടെ മദ്ധ്യത്തിൽ തെളിയുന്നു. പക്ഷെ വവ്വാലുകളെ കണ്ട് ഭയന്ന സാറ തുടർന്ന് കളിക്കാതെ വീട്ടിലേക്ക് ഓടിരക്ഷപ്പെടുന്നു.
26 വർഷങ്ങൾക്ക് ശേഷം, അതായത് 1995ൽ ജൂഡി ഷെപ്പേഡ്, പീറ്റർ ഷെപ്പേഡ് എന്നീ രണ്ട് കുട്ടികൾ അവരുടെ അമ്മായിയായ നോറയുടെ കൂടെ അലന്റെ വീട്ടിൽ താമസിക്കാൻ വരുന്നു. അവരുടെ മാതാപിതാക്കൾ കുറച്ച് കാലം മുൻപ് കാനഡയിലെ ഒരു കാറപകടത്തിൽ മരിച്ചിരുന്നു. താമസിയാതെ തന്നെ ജൂഡിയേയും പീറ്ററേയും ഒരു പെരുമ്പറ ശബ്ദം മുകൾ നിലയിൽ സൂക്ഷിച്ച ജുമാൻജിയുടെ അടുക്കലെത്തിക്കുന്നു. കളിതുടങ്ങിയ അവരെ ഭീമൻ കൊതുകുകൾ, കുറെ കിറുക്കൻ കുരങ്ങന്മാർ, സിംഹം എന്നീ ജീവികൾ ആക്രമിക്കുന്നു. ആരെങ്കിലും ജയിച്ചാൽ ഈവക ജന്തുക്കളെല്ലാം ജുമാൻജിയുടെ ഉള്ളിലേക്ക് തന്നെ തിരിച്ചു പൊയ്ക്കോളുമെന്ന് അവർ മനസ്സിലാക്കുന്നു. പീറ്റർ അടുത്ത തവണ പകിടയെറിഞ്ഞ് അഞ്ച് നേടുന്നു. അതോടെ ജുമാൻജിയുടെ കാട്ടിൽ അകപ്പെട്ട് പോയ അലൻ സ്വതന്ത്രനായി തിരിച്ചെത്തുന്നു. അലൻ തന്റെ പിതാവിന്റെ പഴയ ഷൂ ഫാക്റ്ററിയിലേക്ക് ഓടിച്ചെല്ലുന്നു. പക്ഷെ അത് കൊല്ലങ്ങളായി അടച്ചിട്ടിരുക്കുകയാണെന്ന് മനസ്സിലാക്കുന്നു. അലൻ അപ്രത്യക്ഷനായത് മുതൽ അലന്റെ അച്ഛൻ മരിക്കുന്നത് വരെ അവനെ തിരഞ്ഞു നടന്നെന്നും അതു കൊണ്ടാണ് ഫാക്റ്ററി പൂട്ടേണ്ടിവന്നതെന്നും ഒരു അപരിചിതൻ അലനെ അറിയിക്കുന്നു. സുഹൃത്തും ഫാക്റ്ററി തൊഴിലാളിയുമായ കാൾ ബെന്റ്ലി ഇപ്പോൾ പോലീസിലാണെന്നും അലൻ അയാളിൽ നിന്നറിയുന്നു.
ജൂഡിയേയും പീറ്ററേയും കൂട്ടി വീണ്ടും അലൻ കളിതുടങ്ങുന്നു. എന്നാൽ അലൻ പകിടയെറിഞ്ഞിട്ടും കരുക്കൾ നീങ്ങുന്നില്ല. താനും സാറയും പണ്ട് 1969ൽ കളിച്ചിരുന്ന കളിയാണ് ഇപ്പൊഴും തുടരുന്നതെന്നും അടുത്ത ഊഴം സാറയുടേതാണെന്നും അലൻ മനസ്സിലാക്കുന്നു. അവർ സാറയെ കണ്ടെത്തുന്നു. പക്ഷെ 1969ലെ ജുമാൻജികളിയും തുടർന്നുണ്ടായ അലൻ അപ്രത്യക്ഷ്യമായതടക്കമുള്ള സംഭവങ്ങളും കൊണ്ട് മാനസികാഘാതമേറ്റ നിലയിലാണ് സാറ. അതുകൊണ്ട് തന്നെ സാറ തുടർന്ന് കളിക്കാൻ വിസമ്മതിക്കുന്നു. ഉണ്ടായ ദുരന്തങ്ങളെല്ലാം പോകണമെങ്കിൽ ആരെങ്കിലും ഒരാൾ ജുമാൻജി ജയിക്കണമെന്നു അലൻ പറയുന്നു. തുടർന്ന് അലൻ സൂത്രത്തിൽ സാറയെക്കൊണ്ട് പകിട എറിയിപ്പിക്കുന്നു. തുടർന്നുള്ള നീക്കങ്ങളിൽ പല ജീവികൾ ജുമാൻജിയിൽ നിന്നു വരുന്നു – മനുഷ്യനെ ജീവനോടെ വിഴുങ്ങുന്ന ഒരു വള്ളിച്ചെടി, വാൻ പെൽട് എന്ന ഒരു വേട്ടക്കാരൻ, കൂട്ടത്തോടെ വിരണ്ടോടി വരുന്ന കാണ്ടാമൃഗങ്ങളും ആനകളും വരയൻ കുതിരകളും, പിന്നെ ഒരു ഞാറപ്പക്ഷിയും. തുടർന്നു നിരന്തരമായി പലതരത്തിലുള്ള നാശനഷ്ടങ്ങളും കോലാഹലങ്ങളുമുണ്ടാവുന്നു. കളിയിൽ കാപട്യം കാണിച്ച പീറ്റർ കുരങ്ങായി മാറുന്നു; പീറ്ററും ജൂഡിയും സാറയും ഒരു ഹാർഡ് വേർ സ്റ്റോറിൽ വച്ച് വാൻ പെൽടുമായി ഏറ്റുമുട്ടുന്നു; വള്ളിച്ചെടി കാളിന്റെ പോലീസ് കാർ വിഴുങ്ങുന്നു; ഒരു ഭൂകമ്പം വന്ന് അലന്റെ വീട് രണ്ടായി മുറിയുന്നു; അങ്ങനെ പലതും.
അവസാനം വാൻ പെൽടിന്റെ തോക്കിനു മുന്നിൽ അലൻ കീഴടങ്ങുന്നു. അലൻ കയ്യിലുള്ള പകിട താഴെയിടുന്നു. ഭാഗ്യത്തിന് ജയിക്കാൻ വേണ്ടിയിരുന്ന അതേ സംഖ്യയിൽ പകിട ഉരുണ്ടുരുണ്ട് നിൽക്കുന്നു. ചതുരംഗപ്പലകയിൽ “ജുമാൻജി“ എന്നു തെളിഞ്ഞു വരുന്നു. അലൻ അതു നോക്കി അങ്ങനെ ഉരുവിടുന്നതോടെ ജുമാൻജി വാൻ പെൽടിനെ ഒരു വാതകം കണക്കെ അതിലേക്ക് വലിച്ചെടുക്കുന്നു. തുടർന്ന് ജുമാൻജിയിൽ നിന്നു മുൻപ് പുറത്ത് വന്ന സർവ്വവും തിർച്ച് അതിനകത്തേക്ക് തന്നെ വലിച്ചെടുക്കപ്പെടുന്നു.
കളി അവസാനിച്ചതോടെ അലനും സാറയും പണ്ട് 1969ൽ കളിതുടങ്ങിയ സമയത്തേക്ക് തിരിച്ചെത്തുന്നു, കുട്ടികളായിത്തന്നെ. അവർ നടന്ന കാര്യങ്ങളൊന്നും മറക്കുന്നുമില്ല. അലൻ തന്റെയച്ഛനോട് വഴക്കിട്ടതിന് മാപ്പ് പറയുന്നു. കൂടാതെ കാൾ അല്ല താനാണ് ഷൂ നശിപ്പിച്ചതെന്നും ഏറ്റുപറയുന്നു. അതോടെ കാളിനു ജോലി തിരിച്ചു കിട്ടുന്നു. അലനു താല്പര്യമില്ലെങ്കിൽ ബോഡിങ്ങ് സ്കൂളിൽ പോകണ്ടെന്ന് അച്ഛൻ പറയുന്നു. അലനും സാറയും ചേർന്ന് ജുമാൻജി ഒരു പുഴയിൽ വലിച്ചെറിയുന്നു.
26 വർഷങ്ങൾക്കു ശേഷം.... അലനും സാറയും വിവാഹിതരാണ്. ഷൂക്കമ്പനി ഇപ്പോൾ അലനാണ് നോക്കിനടത്തുന്നത്, കാൾ ഇപ്പോഴും അവിടെത്തന്നെ പണിയെടുക്കുന്നു. സാറ ഗർഭിണിയാണ്. അക്കൊല്ലത്തെ ക്രിസ്തുമസ് പാർട്ടിയിൽ അലന്റെയും സാറയുടെയും വീട്ടിൽ ജൂഡിയും പീറ്ററും അവരുടെ മാതാപിതാക്കൾക്കൊപ്പം സന്ദർശിക്കുന്നു. അലനും സാറയും അവരുടെ മാതാപിതാക്കൾക്ക് തങ്ങളുടെ ഷൂക്കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്യുകയും കാനഡയിലേക്കു അവർ നടത്താനിരുന്ന ഉല്ലാസയാത്ര നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. കാനഡയിൽ പോയാൽ അവർ കാറപകടത്തിൽ കൊല്ലപ്പെടുമെന്നു അവർക്കറിയാമല്ലോ. ജൂഡിയുടെയും പീറ്ററിന്റെയും ചിരിയിൽ നിന്നു അവരും എല്ലാം ഓർക്കുന്നുവെന്നു പ്രേക്ഷകർക്ക് മനസ്സിലാവുന്നു.
കൂറച്ച് കാലത്തിനു ശേഷം രണ്ട് ഇന്ത്യൻ പെൺകുട്ടികൾ കടൽക്കരയിലൂടെ നടക്കുമ്പോൾ ഒരു പെരുമ്പറ ശബ്ദം കേൾക്കുന്നു. പാതി മണലിൽ പുതഞ്ഞ നിലയിൽ ജുമാൻജിപ്പലക കാണിച്ചുകൊണ്ട് ഈ ചലച്ചിത്രം അവസാനിക്കുന്നു.
നടീ നടന്മാരും വേഷങ്ങളും
[തിരുത്തുക]- റോബിൻ വില്ല്യംസ്, അലൻ പാരിഷ്
- ജൊനാതൻ ഹൈഡ്, വാൻ പെൽട് ആയും അലന്റെ അച്ഛനായും
- ബോണി ഹണ്ട്, സാറാ വിറ്റിൽ
- കിർസ്റ്റൺ ഡൺസ്റ്റ്, ജൂഡി ഷെപ്പേഡ്
- ബ്രാഡ്ലീ പിയേഴ്സ്, പീറ്റർ ഷെപ്പേഡ്
- ബെബെ ന്യുവിർത്, നോറ ഷെപ്പേഡ്
- ഡേവിഡ് അലൻ ഗ്രയർ, കാൾ ബെന്റ്ലീ
- ആഡം ഹാൻ-ബൈഡ്, ബാലനായ അലൻ പാരിഷ്
- ലൗറ ബെൽ ബണ്ടി, ബാലികയായ സാറാ വിറ്റിൽ
- പാട്രീഷ്യ ക്ലാർക്ക്സൺ, കരോൾ-ആൻ പാരിഷ്