ജയ്ഗഢ് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയ്ഗഢ് കോട്ട

രാജസ്ഥാനിലെ ജയ്പൂരിൽ, നഗരത്തിന് 15 കിലോമീറ്റർ ദൂരെയായി ആംബർ കോട്ടയുടെ തൊട്ട് പടിഞ്ഞാറായി ചീൽ കാ ടീല[൧][1][2] എന്ന കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ്‌ ജയ്ഗഢ് കോട്ട. ആംബർ കോട്ടക്ക് തൊട്ടടുത്തായതിനാലും ഒരേ ചുറ്റുമതിലുള്ള വളപ്പിൽ സ്ഥിതി ചെയ്യുന്നതിനാലും ആംബർ കോട്ടയേയും ജയ്ഗഢ് കോട്ടയേയും ഒറ്റ കോട്ടയായി പരിഗണിക്കുന്നവരുണ്ട്. എന്നിരുന്നാലും ജയ്ഗഢ് ഒരു കുന്നിനു മുകളിലായതിനാൽ ആംബർ കോട്ടയിൽ നിന്നും ഇവിടേക്കുള്ള വാഹനങ്ങൾക്കുള്ള പാതക്ക് ഏതാണ്ട് 7 കിലോമീറ്ററോളം ദൈർഘ്യമുണ്ട്. ഇരു കോട്ടകൾക്കുമിടയിൽ കാൽനടയായി സഞ്ചരിക്കാനുള്ള സൗകര്യവുമുണ്ട്.

ആംബറിലേയും ജയ്പൂരിലേയും ഭരണാധികാരികളായിരുന്ന കഛാവ രജപുത്രരുടെ നേതൃത്വത്തിൽ പതിനഞ്ച് പതിനെട്ട് നൂറ്റാണ്ടുകൾക്കിടയിലാണ് ഈ കോട്ടയുടെ പണി നടന്നത്.[3] ആംബറിന്റേയും ജയ്പൂരിന്റേയും സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യം മുന്നിർത്തിയായിരുന്നു ഇതിന്റെ നിർമ്മിതി. അതിനാൽ മറ്റു കോട്ടകളിലും കൊട്ടാരങ്ങളിലും കാണുന്ന പോലെ കാര്യമായ കലാ-കരകൗശലവിദ്യകൾ ഇവിടെ ദർശിക്കാനാകില്ല. നിരവധി മാളികകൾ, സൈനികർക്കുള്ള പരേഡ് മൈതാനങ്ങൾ, പീരങ്കികൾ, ഒരു പീരങ്കിനിർമ്മാണശാല, സംഭരണികൾ എന്നിവയൊക്കെ അടങ്ങിയ ജയ്ഗഢ് കോട്ട, രജപുത്രരുടെ സൈനികപാരമ്പര്യം വിളിച്ചോതുന്നു.[1] രാജവംശത്തിന്റെ ഖജനാവും ഈ കോട്ടയിലായിരുന്നു. ഇവിടെ ഒരു വലിയ നിധി കുഴിച്ചിട്ടുണ്ടെന്ന വിശ്വാസത്തിൽ ഈ കോട്ടയിലേക്കുള്ള പൊതുജനങ്ങൾക്കുള്ള പ്രവേശനം ഏഴുവർഷത്തോളം വിലക്കപ്പെട്ടിരുന്നു.[3]

കോട്ടയുടെ ഭാഗങ്ങൾ[തിരുത്തുക]

ജയ്ഗഢ് കോട്ടയുടെ ഭൂപടം - ഭൂപടത്തിന്റെ മുകൾവശം, കിഴക്കുദിക്കിലേക്കാണ്
ദിയ ബുർജ്

ആംബർ കോട്ടക്ക് പടിഞ്ഞാറായി അതിന് സമാന്തരമായി ഏതാണ്ട് തെക്കുവടക്കുദിശയിൽ നിരയായി നിർമ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ സമുച്ചയമാണ് ജയ്ഗഢ് കോട്ട. കോട്ടക്കു മുകളിലെ ദിയാ ബുർജ് എന്ന സ്തൂപത്തിനു മുകളിൽ കഛാവ രാജവംശത്തിന്റെ ചെറൂതും വലുതുമായ രണ്ടു കൊടികൾ ഒറ്റ കൊടിക്കാലിൽ നാട്ടിയിട്ടുണ്ട്. ഇതിൽ ചെറിയ കൊടി, രാജാവ് നഗരത്തിലുണ്ടെന്ന് കാണിക്കുന്നതിനുള്ള സൂചനയാണ്. കാലങ്ങളായുള്ള ഈ പതിവ് ഇപ്പോഴും തുടർന്നുവരുന്നു. ഇന്നും ഈ കോട്ടയുടെ നടത്തിപ്പും സംരക്ഷണവും കഛാവ രാജകുടൂംബത്തിന്റെ കീഴിൽത്തന്നെയാണ്‌

തെക്കുവശത്തുള്ള ദുംഗർ ദർവാസ വഴിയാണ് വാഹനമാർഗ്ഗം കോട്ടയിലെത്തുന്നവർക്ക് പ്രവേശിക്കാനാകുക. കിഴക്കുവശത്തുള്ള അവനി ദർവാസ വഴി, ആംബർ കോട്ടയിൽ നിന്നും കാൽനടയായെത്തുന്നവർക്ക് പ്രവേശിക്കാനാകും. കോട്ടയുടെ പ്രധാനഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന ആദ്യത്തെ കെട്ടിടമാണ് സുഭാത് നിവാസ്. തൂണുകളും വലിയ മുറ്റവുമുള്ള ഈ മണ്ഡപം, പട്ടാളക്കാരുടെ സമ്മേളനസ്ഥലമായിരുന്നു.

ജയ്ഗഢ് കോട്ടയിലെ പാവക്കൂത്ത്

കോട്ടയിലെ പ്രധാനപ്പെട്ട ഒരു മാളികയാണ്, മുഗൾ ശൈലിയിലുള്ള ചുമർ ചിത്രപ്പണികൾ കൊണ്ട് അലംകൃതമായ ലക്ഷ്മി വിലാസ്. ഇതിനടുത്ത് പാവകളി നടത്തുന്നതിള്ള ഒരു കൊട്ടകയുണ്ട്. സഞ്ചാരികൾക്കായി ഇന്നും ഇവിടെ പാവക്കൂത്ത് അവതരിപ്പിക്കപ്പെടുന്നുണ്ട്. കോട്ടയുടെ വടക്കേ അറ്റത്തുള്ള ആരാം മന്ദിറും അതിനോട് ചേർന്നുള്ള മുഗൾ ശൈലിയിലുള്ള ചാർ ബാഗും മനോഹാരിതക്ക് മാറ്റുകൂട്ടുന്നു. രാം ഹരിഹർ മന്ദിർ, കാൽ ഭൈരവ് മന്ദിർ എന്നിങ്ങനെ രണ്ട് പുരാതനക്ഷേത്രങ്ങളും ഈ കോട്ടയിലുണ്ട്. ഇവ 1255-ൽ പണിതതാണെന്ന് കരുതുന്നു.

കോട്ടയിലെ ഒരു തുറന്ന ജലസംഭരണി

മഴവെള്ളസഭരണത്തിനുള്ള മൂന്ന് ഭൗമാന്തർസംഭരണികളും അവയെ ബന്ധിപ്പിക്കുന്ന ചാലുകളുടേയും വിദഗ്ദ്ധമായ സംവിധാനം ഈ കോട്ടയിലുണ്ട്. കോട്ടയിലെ ഏറ്റവും വലിയ സംഭരണിയിൽ 60 ലക്ഷം ഗ്യാലൻ വെള്ളം സംഭരിക്കാനാകും. ഇതിന് 158 അടി നീളവും 138 അടി വീതിയും 40 അടി താഴ്ചയുമുണ്ട്.[2] ഇത്തരത്തിലുള്ള ഒരു സംഭരണിക്കുള്ളിലായിരുന്നു കഛാവ രാജവംശത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും സൂക്ഷിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇത് ഭാരതസർക്കാർ പിടിച്ചെടുത്തതായി പറയപ്പെടുന്നു. ഭൗമാന്തർസംഭരണികൾക്കുപുറമേ, തുറന്ന ജലസംഭരണികളും കോട്ടയിലുണ്ട്. ആദ്യത്തെ മഴയിൽ ലഭിക്കുന്ന മലിനമായ ജലം ഇത്തരം തുറന്ന സംഭരണികളിലാണ് സംഭരിക്കപ്പെട്ടിരുന്നത്.

കഛാവ രജപുത്രരുടെ ചരിത്രം വിശദീകരിക്കുന്ന ചിത്രങ്ങളും, നാണയങ്ങളും,, മറ്റു രാജകീയവസ്തുക്കളും ശേഖരിച്ചിരിക്കുന്ന ഒരു കാഴ്ചബംഗ്ലാവും, ആയുധങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മറ്റൊരു കാഴ്ചബംഗ്ലാവും ഈ കോട്ടയിൽ സജ്ജീകരിച്ചിട്ടുണ്ട്. ആംബർ കോട്ടയുടേയും ആംബർ പട്ടണത്തിന്റേയും, ജൽ മഹലിന്റേയും മനോഹരമായ വീക്ഷണവും ഇവിടെ നിന്നും ലഭിക്കും.[1]

ലക്ഷ്മി വിലാസ്[തിരുത്തുക]

ജയ്ഗഢ് കോട്ടയിലെ ഏറ്റവും മനോഹരമായ മാളികയാണ് ലക്ഷ്മി വിലാസ്. 65 അടി നീളവും 25 അടി വീതിയുമുള്ള ഈ മണ്ഢപം, പന്ത്രണ്ട് ഇരട്ട മാർബിൾ തൂണുകളിലാണ് നിലകൊള്ളുന്നത്. മിർസ രാജ ജയ് സിങ്ങിന്റെ കാലത്താണ് (1621-1667) ലക്ഷ്മി വിലാസ് പണികഴിപ്പിച്ചത്. സവായ് ജയ് സിങ് രണ്ടാമന്റേയും (1700-1743) സവായ് രാം സിങ് രണ്ടാമന്റേയും (1835-1880) കാലങ്ങളിൽ ഇതിൽ ചില കൂട്ടിച്ചേർക്കലുകൾ വരുത്തി. ഈ കൊട്ടാരത്തിലെ ശില്പകലക്ക് വിദ്യാധർ എന്ന ശിൽപ്പിക്ക്, ശിരോപാവ് എന്ന ബഹുമതിയും സമ്മാനിക്കപ്പെട്ടിരുന്നു.[4]

ലളിത് മന്ദിർ[തിരുത്തുക]

കോട്ടയിലെ ഒരു വേനൽക്കാലമന്ദിരമാണ് ലളിത് മന്ദിർ. രണ്ടു നിലകളിലുള്ള ഈ മന്ദിരം, പരമ്പരാഗത രജപുത്രശൈലിയിൽ നിർമ്മിക്കപ്പെട്ടതാണ്. 69x68 അടി വലിപ്പമുള്ള വിശാലമായ മുറ്റം ഈ മന്ദിരത്തിനുണ്ട്. രജപുത്രശൈലിയിൽ മണൽക്കല്ലുകൾ കൊണ്ടുള്ള 8 ഇരട്ടത്തൂണുകൾ ഇതിന്റെ നടുമുറിയിലുണ്ട്. ലളിത് മന്ദിറിന്റെ മുകളിലെ നിലയിൽ കിടപ്പുമുറികളും വരാന്തകളും ബാൽക്കണികളുമുണ്ട്.[5]

പീരങ്കികളും പീരങ്കിനിർമ്മാണശാലയും[തിരുത്തുക]

ജയ്‌വാൻ പീരങ്കി - ജയ്ഗഢ് കോട്ടയിലെ പീരങ്കിനിർമ്മാണശാലയിൽ നിർമ്മിക്കപ്പെട്ട ഈ പീരങ്കി, ചക്രങ്ങളിലുള്ള ലോകത്തെ ഏറ്റവും വലിയ പീരങ്കിയാണ്.[6][3]
ജയ്ഗഢ് കോട്ടയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബജ്‌രംഗ് പീരങ്കി - 1691-ൽ നിർമ്മിക്കപ്പെട്ട ഈ പീരങ്കി, 32 കാളകളെക്കൊണ്ട് വലിപ്പിച്ചാണ് യുദ്ധമുഖത്തെത്തിച്ചിരുന്നത്[7]

രജപുത്രരുടെ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും നിർമ്മാണത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു ജയ്ഗഢ് കോട്ട. ഇവിടത്തെ പീരങ്കി നിർമ്മാണശാല ഇന്ന് സന്ദർശകർക്കു വേണ്ടി ഒരു കാഴ്ചബംഗ്ലാവായി ഒരുക്കിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മാണപ്രവർത്തനമാരംഭിച്ച് ഈ ശാല, മദ്ധ്യകാലത്തെ ഇന്നും നിലനിൽക്കുന്ന ചുരുക്കം പീരങ്കിനിർമ്മാണശാലകളിൽ ഒന്നാണ്.

ഇവിടത്തെ പീരങ്കിനിർമ്മാണശാലയിൽ നിർമ്മിച്ച ജയ്‌വാൻ പീരങ്കി എന്ന ഭീമൻ പീരങ്കി, കോട്ടയിലെ ഒരു പ്രധാന ആകർഷണമാണ്. ചക്രങ്ങളുള്ള, ലോകത്തിലെ ഏറ്റവും വലിയ പീരങ്കിയാണിത്.[6][3] 50 ടൺ ഭാരവും 20 അടി നീളവുമുള്ള ഈ പീരങ്കിയുടെ കുഴലിൽ മനോഹരമായ ചിത്രപ്പണികളും നടത്തിയിട്ടുണ്ട്. ഈ പീരങ്കിയിൽ നിന്നും വെടിയുതിർക്കുന്നതിന് 100 കിലോ വെടിമരുന്നുപയോഗിക്കേണ്ടതുണ്ട്. എങ്കിലും വെറും രണ്ടുവട്ടം മാത്രമേ ഈ പീരങ്കിയിൽ നിന്നും വെടിയുതിർത്തിട്ടുള്ളൂ.[2] ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന ബജ്‌രംഗ് പീരങ്കിയും ശ്രദ്ധേയമാണ്.

പീരങ്കിനിർമ്മാണശാലയിലെ കടച്ചിൽ യന്ത്രത്തിന് പ്രവർത്തനശക്തി നൽകുന്നതിനായി നാലു കാളകളെ പൂട്ടി വലിപ്പിക്കുന്ന സംവിധാനം

ബാബറുടെ കാലം മുതലേ മുഗളർ, വെടിമരുന്നിന്റേയും പീരങ്കികകളുടേയും നിർമ്മാണത്തിൽ നൈപുണ്യമുള്ളവരായിരുന്നെങ്കിലും ഇതിന്റെ നിർമ്മാണരഹസ്യം ആദ്യകാലത്ത് തദ്ദേശീയരായ സാമന്തർക്ക് കൈമാറിയിരുന്നില്ല. ആംബറിന്റെ ഭരണാധികാരികളായിരുന്ന രാജ ഭർമാൽ, ഭഗവന്ത് ദാസ്, മാൻ സിങ് തുടങ്ങിയവർക്ക് മുഗൾ ചക്രവർത്തി അക്ബറിന്റെ സഭയിലും സേനയിലും മികച്ച സ്ഥാനം ലഭിച്ചിരുന്നെങ്കിലും പീരങ്കിനിർമ്മാണശാല അവർക്ക് അപ്രാപ്യമായിരുന്നു. എന്നാൽ 1580-ൽ കാബൂൾ ആക്രമിക്കുന്നതിന് മാൻ സിങ്ങിന് നിർദ്ദേശം ലഭിക്കുകയും, ഈ ആക്രമണത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. തുടർന്ന് ആറുവർഷം, അദ്ദേഹം കാബൂളിന്റെ ഗവർണറായിരുന്നു. ഈ കാലയളവിൽ കാബൂളിൽ നിന്നും അദ്ദേഹം പീരങ്കിനിർമ്മാണം പഠിക്കുകയും, ഈ അറിവുകൾ ആംബറിലെത്തിക്കുകയും അങ്ങനെ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ആംബറിൽ പീരങ്കിനിർമ്മാണം ആരംഭിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടു വരെ ഇവിടെ പീരങ്കികൾ നിർമ്മിക്കപ്പെട്ടു പോന്നു.[8]

ലോഹക്കൂട്ട് ഉരുക്കി പീരങ്കിയുടെ കുഴൽ (ദ്വാരമില്ലാതെ) വാർത്തെടുക്കുക, വാർത്തെടുത്ത കുഴലിൽ കടച്ചിൽ യന്ത്രത്തിന്റെ (ലേത്ത്) സഹായത്തോടെ ദ്വാരമിടുക, ഈ പീരങ്കിക്കുഴലിനെ ചക്രങ്ങളിൽ ഉറപ്പിച്ച് യുദ്ധമുഖത്തേക്കെത്തിക്കാൻ തയാറാക്കുക തുടങ്ങിയ പണികളാണ് ഈ പീരങ്കിനിർമ്മാണശാലയിൽ ചെയ്തിരുന്നത്.[8] നാല് കാളകളെക്കൊണ്ട് വലിപ്പിച്ചുണ്ടാക്കുന്ന ശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കടച്ചിൽ യന്ത്രം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.[9]

കുറിപ്പുകൾ[തിരുത്തുക]

  • ^  പരുന്തുകളുടെ കുന്ന് എന്നാണ് ചീൽ കാ ടീല എന്ന വാക്കിനർത്ഥം

ചിത്രജാലകം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയ്ഗഢ്_കോട്ട&oldid=2355024" എന്ന താളിൽനിന്നു ശേഖരിച്ചത്