Jump to content

ജഗദാനന്ദകാരക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികളിൽ ഒന്നാമതായി എണ്ണുന്ന കൃതിയാണ് ജഗദാനന്ദകാരക. ഈ കൃതി നാട്ട രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.

സാഹിത്യം

[തിരുത്തുക]
പല്ലവി

ജഗദാനന്ദകാരക ജയ ജാനകി പ്രാണനായക.
(ജനക പുത്രിയായ സീതയുടെ പ്രാണവല്ലഭനും സർവ ജീവജാലങ്ങളെയും സന്തോഷിപ്പിക്കുന്നവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)

അനുപല്ലവി

ഗഗനാധിപ സത്കുലജ രാജരാജേശ്വര, സുഗുണാകര സുര സേവ്യ ഭവ്യദായക സദാസകല
(ആകാശമണ്ഡലത്തിന്റെ അധിപനായ സൂര്യദേവന്റെ വംശത്തിൽ ജനിച്ചവനും രാജാക്കന്മാരിൽ അദ്വിതീയനും സദ്ഗുണസമ്പന്നനും സർവ്വദേവന്മാരാലും സേവിക്കപ്പെടുന്നവനും മംഗളദായകനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)

ചരണം

1.അമരതാരക, നിചയ, കുമുദഹിത, പരിപൂർണാനഘ, സുരസുരഭുജ ദധി, പയോധി, വാസഹരണ
   സുന്ദരതര, വദന, സുധാമയ, വചോബൃന്ദ
   ഗോവിന്ദ സാനന്ദമാവരാജരാപ്ത, ശുഭകരാനേക

(സുരന്മാരാകുന്ന താരവൃന്ദത്തിന് ചന്ദ്രഭഗവാനെപ്പോലെയുള്ളവനും, ശ്രീകൃഷ്ണാവതാരമെടുത്ത് പാല്, വെണ്ണ, തൈര്, മുതലായവ മോഷ്ടിച്ച് ഭുജിച്ചവനും മനോഹരമുഖത്തോടുകൂടിയവനും, അമൃതതുല്യമായ മൊഴി തൂകുന്നവനും, ഗോക്കളെ മേയ്ക്കുന്നവനും സച്ചിദാനന്ദസ്വരൂപനും, ലക്ഷ്മീകാന്തനും, ദേവന്മാർക്ക് സംരക്ഷണം നല്കുന്നവനും, ശുഭപ്രദായകനും ആയ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)

2.നിഗമ നീരജാമൃതജ, പോഷകാനിമിഷ വൈരി,
   വാരിദ, സമീരണ, ഖഗതുരംഗസത് കവി ഹൃദാലയ
   ഗണിത വാനരാധിപനതാങ്ഘ്രിയുഗ

(വേദങ്ങളാകുന്ന അംബുജങ്ങൾക്ക് ആദിത്യനെപ്പോലെ ആനന്ദം നല്കുന്നവനും, ദേവശത്രുക്കളായ അസുരന്മാരാകുന്ന മേഘങ്ങൾക്ക് കാറ്റ് പോലുള്ളവനും, ഗരുഡവാഹനനും, നല്ല കവികളുടെ ഹൃദയസരോജങ്ങളിൽ വാഴുന്നവനും, വാനരാധിപരായ സുഗ്രീവൻ, ആജ്ഞനേയൻ എന്നിവരാൽ പൂജിക്കപ്പെടുന്ന തൃപ്പാദങ്ങളോടു കൂടിയവനുമായ ഹേ! ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)

3.ഇന്ദ്രനീലമണി സന്നിഭാപഘനചന്ദ്രസൂര്യ, നയനാ -
  പ്രമേയ, വാഗീന്ദ്ര, ജനക, സകലേശ, ശുഭ നാഗേന്ദ്ര
  ശയന, ശമന വൈരി സന്നുത

(നീലരത്നശോഭയെ തോല്പിക്കുന്ന സൗന്ദര്യമുള്ള ഗാത്രത്തോടു കൂടിയവനും സൂര്യചന്ദ്രന്മാരെ നയനങ്ങളായി ധരിക്കുന്നവനും അമിത മഹിമയോടു കൂടിയവനും വാഗീശനായ ബ്രഹ്മാവിന്റെ പിതാവും, സർവ്വേശ്വരനായുള്ളവനും, അനന്തശയനത്തിൽ പള്ളികൊള്ളുന്നവനും യമരാജാവിനെ ജയിച്ച പരമശിവൻ വണങ്ങുന്നവനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)

4.പാദവിജിത, മൗനിശാപ, സർവപരിപാല, വരമന്ത്ര
  ഗ്രഹണലോല, പരമശാന്ത, ചിത്തജനകജാധിപ
  സരോജ ഭവ വരദാഖില

(ഗൗതമ പത്നിയായ അഹല്യയുടെ ശാപത്തെ പാദസ്പർശത്താൽ വിമോചിപ്പിച്ചവനും, വിശ്വാമിത്രയാഗത്തെ സംരക്ഷിച്ചവനും ബല, അതിബല എന്നീ ശ്രേഷ്ഠ മന്ത്രങ്ങളെ വിശ്വാമിത്ര മഹർഷിയിൽ നിന്ന് ഗ്രഹിച്ചവനും, ശാന്തസ്വരൂപനും, സീതാനായകനും, ബ്രഹ്മാവിന് വരപ്രദാനം ചെയ്തവനും ആയ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.)

5.സൃഷ്ടി സ്ഥിത്യന്ത കാരകാമിത, കാമിത ഫലദാ
   സമാന ഗാത്ര ശചീ പതിനുതാബ്ധിമദഹരാനുരാഗ രാഗ
   രാജിത കഥാസാരഹിത

(സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നുകർമ്മങ്ങളെ ചെയ്യുന്നവനും, ഭക്തന്മാർക്ക് അഭീഷ്ടഫലങ്ങൾ നൽകുന്നവനും, സുന്ദരഗാത്രത്തോടുകൂടിയവനും ഇന്ദ്രനാൽ വണങ്ങപ്പെട്ടവനും സമുദ്രരാജന്റെ ഗർവത്തെ നിയന്ത്രിച്ചവനും, ഭക്തി, സംഗീതം ഇവ അടങ്ങിയ രാമായണത്തിന്റെ സാരഭൂതനുമായ അല്ലയോ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും)

6. സജ്ജനമാനസാബ്ധി സുധാകര കുസുമ വിമാന
   സുരസാരിപുകരാബ്ജ ലാലിതചരണാവഗുണാ
   സുരഗണമദഹരണ സനാതനാജനുത

(സജ്ജനങ്ങളുടെ മനസ്സിൽ ചന്ദ്രനെപ്പോലെ ശോഭിക്കുന്നവനും പുഷ്പകവിമാനം ഉള്ളവനും സുരജ എന്ന രാക്ഷസിയെ ജയിച്ച ഹനുമാനാൽ പൂജിക്കപ്പെട്ട പാദങ്ങളോടുകൂടിയവനും ദുഷ്ടാസുരസമൂഹത്തെ നശിപ്പിച്ചവനും, സനാതനും, പുരാണപുരുഷനും, ബ്രഹ്മാവിനാൽ സ്തുതിക്കപ്പെട്ടവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.)

7. ഓംകാരപഞ്ജരകീര പുരഹര സരോജ ഭവ
    കേശവാദി രൂപവാസവരിപുജനകാന്തക
    കലാധര കലാധരാപ്ത ഘൃണാകര
    ശരണാഗത ജനപാലന സുമനോരമണ
    നിർവികാര നിഗമസാരതര

(പ്രണവമാകുന്ന കൂട്ടിൽ തത്തയെപ്പോലെ വസിക്കുന്നവനും ത്രിമൂർത്തിരൂപനും, മേഘനാദന്റെ പിതാവായ രാവണനെ നിഗ്രഹിച്ചവനും, ചന്ദ്രക്കലാധരനായ പരമശിവന് ഉറ്റ മിത്രവും, ദയാസാഗരനും, ശരണാഗതരക്ഷകനും, ദേവകളെയും സജ്ജനങ്ങളെയും ആനന്ദിപ്പിക്കുന്നവനും നിർവ്വികാരനും വേദങ്ങളുടെ സാരഭൂതനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.)

8. കരധൃത ശര ജാലാസുരമദാപഹരണാവനീ
    സുരസുരാവന, കവീന ബിലജമൗനി കൃതചരിത്ര
    സന്നുത, ശ്രീ ത്യാഗരാജാനുത

(കൈകളിൽ അമ്പും വില്ലും ധരിക്കുന്നവനും, അസുരഗർവ്വത്തെ നശിപ്പിക്കുന്നവനും, സുരന്മാർ, ഭൂദേവന്മാർ എന്നിവരെ കാത്തുരക്ഷിക്കുന്നവനും കവികളിൽ സൂര്യനെപ്പോലെയുള്ള വാല്മീകി കവിയാൽ രചിക്കപ്പെട്ട രാമായണത്തിൽ പുകഴ്ത്തപ്പെട്ടവനും ത്യാഗരാജനാൽ സ്തുതിക്കപ്പെട്ടവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.)

9. പുരാണപുരുഷ, നൃവരാത്മജാശ്രിത പരാധീന
    ഖരവിരാധ രാവണവിരാവണാനഘ പരാശരാമനോഹര
    വികൃത്യാഗരാജസന്നുത

(പുരാണപുരുഷനും, ദശരഥന്റെ പുത്രനും, ആശ്രിതരുടെ അഭിലാഷങ്ങളെ നിറവേറ്റുന്നവനും ഖരൻ, വിരോധൻ, രാവണൻ എന്നീ അസുരന്മാരെ നിഗ്രഹിച്ചവനും, പാപമില്ലാത്തവനും പരാശരമുനിയുടെ മനസ്സിനെ ആകർഷിച്ചവനും നിർവികാരനും, ത്യാഗരാജനാൽ വാഴ്ത്തപ്പെട്ടവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.)

10. അഗണിതഗുണ കനകചേല സാലവിഭളനാരുണാഭ
     സമാനചരണാപാരമഹിമാത്ഭൂത
     ഹൃത് സദന സുരമുനിഗണ വിഹിത
     കലശ നീര നിധിജാരമണ പാപഗജ നൃസിംഹ
     വര ത്യാഗരാജാ ദിനുത

(അനേകം സദ്ഗുണങ്ങൾ നിറഞ്ഞവനും പീതാംബരധാരിയും, സപ്തസാലവൃക്ഷങ്ങളെ ഒറ്റ ബാണത്താൽ പിളർന്നവനും, ചുവന്ന (സൂര്യോദയം പോലെ) പാദങ്ങളോടുകൂടിയവനും, അളവറ്റ പ്രഭാവത്തോടു കൂടിയവനും, ആനന്ദമൂർത്തിയും, സദ്കവിഹൃദയങ്ങളിൽ വസിക്കുന്നവനും, ദേവർഷിഗണങ്ങളുടെ മിത്രനും, പാലാഴിയിൽ നിന്ന് ഉത്ഭവിച്ച ലക്ഷ്മീദേവിയുടെ നായകനും, പാപമാകുന്ന ഗജങ്ങൾക്ക് കേസരിയെപ്പോലുള്ളവനും ത്യാഗരാജൻ തുടങ്ങിയവരാൽ സ്തുതിക്കപ്പെട്ടവനുമായ ശ്രീരാമചന്ദ്രാ! അങ്ങ് വിജയിച്ചാലും.)

ഇതും കാണുക

[തിരുത്തുക]

ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ

"https://ml.wikipedia.org/w/index.php?title=ജഗദാനന്ദകാരക&oldid=3124876" എന്ന താളിൽനിന്ന് ശേഖരിച്ചത്