ചൗരപഞ്ചാശിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്കൃതഭാഷയിൽ എഴുതപ്പെട്ട അൻപതു പ്രേമകവിതകളുടെ ഒരു സമാഹാരമാണ്‌ ചൗരപഞ്ചാശിക.[1] പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കശ്മീരി കവി ബിൽഹണന്റെ രചനയായി ഇതു കരുതപ്പെടുന്നു. ഈ സമാഹാരത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങൾ നിലവിലുണ്ട്. ചില ഭാഷ്യങ്ങളിൽ, സമാനസ്വഭാവമുള്ള സ്വതന്ത്രരചനകളുടെ ശേഖരമാണ്‌ ഈ രചന. മറ്റു ചില ഭാഷ്യങ്ങളിൽ, കവിയുടേയും അദ്ദേഹത്തിന്റെ പ്രേമഭാജനത്തിന്റേയും കഥ പറയുന്ന ആഖ്യാനരൂപത്തിലാണ്‌ കവിതകളുടെ ക്രമീകരണം. കഥയുടെ പരിണാമത്തിന്റെ കാര്യത്തിലും ഭാഷ്യങ്ങൾ തമ്മിൽ അന്തരമുണ്ട്. ദക്ഷിണഭാരത്തിൽ പ്രചരിച്ചിരിക്കുന്ന ഭാഷ്യത്തിൽ ഇത് ശുഭപര്യവസായിയാണ്‌. കശ്മീരിൽ പ്രചരിച്ചിരിക്കുന്ന ഭാഷ്യത്തിൽ കഥാന്ത്യം വ്യക്തമാക്കിയിട്ടില്ല.

കഥ[തിരുത്തുക]

ഈ കവിതകളുടെ പശ്ചാത്തലമായി സാധാരണ പറയുന്ന കഥ ഇതാണ്: ഇന്ത്യയൊട്ടാകെ സഞ്ചരിച്ച കവി ബിൽ‌ഹണൻ, വിവിധരാജസദസ്സുകളിൽ ബഹുമാനിതനായ ശേഷം പാഞ്ചാലദേശത്തെ രാജാവായ മദനാഭിരാമന്റെ മകളായ യാമിനീപൂർണ്ണതിലകയെ കാവ്യശാസ്ത്രങ്ങൾ അഭ്യസിപ്പിക്കാൻ നിയുക്തനായി. ഗുരുവിനും ശിഷ്യയ്ക്കുമിടയിൽ പ്രേമത്തിനുള്ള സാധ്യത ഒഴിവാക്കാനായി മദനാഭിരാമൻ, ബിൽഹണൻ അന്ധനാണെന്ന് മകളോടും മകൾ കുഷ്ഠരോഗിയാണെന്ന് ബിൽഹണനോടും നുണപറഞ്ഞിരുന്നെങ്കിലും[2] താമസിയാതെ അവർ പ്രേമബദ്ധരായി. അവർ കണ്ടുപിടിക്കപ്പെട്ടതിനെ തുടർന്ന് അവരെ തമ്മിൽ അകറ്റുവാൻ രാജാവ് ആവുന്നത്ര ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രാജാവ് ബിൽഹണനെ വധശിക്ഷനൽകാൻ തീരുമാനിച്ച് തടവിലിട്ടു. തടവിൽ കിടന്ന് കാമുകിയെ ഓർത്തും അവളുമായുള്ള സംഗമത്തിന്റെ മധുരസ്മരണകൾ അയവിറക്കിയും ബിൽഹണൻ എഴുതിയ കവിതകളുടെ സമാഹാരമായാണ്‌ ചൗരപഞ്ചാശിക കരുതപ്പെടുന്നത്. കഥയുടെ ശുഭാന്തഭാഷ്യം അനുസരിച്ച്, വധശിക്ഷ നടപ്പാക്കാനായി നിശ്ചയിച്ചിരുന്ന ദിവസം കൊലക്കളത്തിൽ വച്ച് ബിൽഹണൻ പാടിയ ഈ കവിതകൾ കേട്ട് കവിയുടെ പ്രേമത്തിന്റെ ആഴവും സ്ഥിരതയും മനസ്സിലാക്കിയ രാജാവ് ബിൽഹണണ്‌ മാപ്പുകൊടുത്ത്, യാമിനീപൂർണ്ണതിലകയെ ഭാര്യയായി നൽകി.


കൊട്ടാരത്തിൽ അതിക്രമിച്ചു കടന്ന ഒരു കള്ളനും രാജകുമാരിയുമായുള്ള പ്രേമത്തിന്റെ കഥയാണ്‌ ഈ പദ്യങ്ങൾ എന്നും പറയപ്പെടുന്നു.[3]

പദ്യങ്ങൾ[തിരുത്തുക]

ചൗരപഞ്ചാശിക എന്ന പേരിന്‌ "പ്രേമമോഷ്ടാവിന്റെ അൻപതുപദ്യങ്ങൾ" എന്ന് അർത്ഥം പറയാറുണ്ട്.[4] ചൗരൻ എന്നത് കഥയിലെ നായകന്റെ പേരായിരുന്നു എന്നു കരുതുന്നവരുമുണ്ട്. കാമുകിയോടൊത്തുള്ള സൗഭാഗ്യം ഇപ്പോഴും തനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന കവിയുടെ പരിവേദനമാണ്‌ ഓരോ കവിതയും. അതിനാൽ മൂലഭാഷയായ സംസ്കൃതത്തിൽ എല്ലാത്തിന്റേയും തുടക്കം 'അദ്യപി' (ഇപ്പോഴും) എന്നാണ്‌.[5] രതിസ്മൃതിയുണർത്തുന്ന(erotic) ഭാഷയും ബിംബങ്ങളുമാണ്‌ ഈ രചനയിൽ ഉടനീളം. ചൗരപഞ്ചാശികയിലെ താഴെകൊടുക്കുന്ന പദ്യം ഉദാഹരണമാണ്‌.


പരിഭാഷകൾ[തിരുത്തുക]

യൂറോപ്യൻ ഭാഷകളിൽ ചൗരപഞ്ചാശികയ്ക്ക് ആദ്യം പരിഭാഷയുണ്ടായത് 1848-ൽ ഫ്രഞ്ചിൽ ആയിരുന്നു. 1896-ൽ പ്രസിദ്ധ ഓറിയന്റലിസ്റ്റ്, എഡ്‌വിൻ ആർനോഡ് ഈ സമാഹാരം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. പരിഭാഷകനും കവിയുമായ എഡ്‌വേഡ് പോവിസ് മാത്തേഴ്സിന്റെ 1919-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഭാഷ്യം, തുടർച്ചയായ ആഖ്യാനത്തിന്റെ രൂപത്തിലുള്ള സ്വതന്ത്രപരിഭാഷയാണ്‌. കറുത്ത മാരിഗോൾഡ് പൂക്കൾ (Black Marigolds) എന്നാണ്‌ ആ പരിഭാഷയുടെ പേര്‌. ചൗരപഞ്ചാശിക മലയാളത്തിലേയ്ക്ക് പ്രണയത്തടവുകാരൻ എന്ന പേരിൽ പരിഭാഷപ്പെടുത്തിയ പ്രമുഖനിരൂപക എസ്. ശാരദക്കുട്ടി, ഈ രചനയെ "ബിൽഹണൻ എഴുതിയ താരുണ്യോത്സവം" എന്നു വിളിക്കുന്നു. "മരണത്തേയും അധികാരത്തേയും വർഗീയവും വംശീയവുമായ അതിർ‌വരമ്പുകളേയും പ്രണയം എങ്ങനെ തോല്പിച്ചുകളയുന്നുവെന്ന് തെളിയിച്ച് ജീവകാമനയുടെ പ്രത്യക്ഷമാകുന്ന കൃതി" എന്നും അവർ ഇതിനെ വിശേഷിപ്പിക്കുന്നു.[1]

ചിത്രകലയിൽ[തിരുത്തുക]

ചൗരപഞ്ചാശികയിലെ പ്രേമകഥ പിൽക്കാലങ്ങളിൽ ചിത്രകാരന്മാരുടെ ഇഷ്ടവിഷയമായിത്തീർന്നു. ഇതിനെ ആശ്രയിച്ചുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായവ, പതിനാറാം നൂറ്റാണ്ടിൽ മീവാറിൽ സൃഷ്ടിക്കപ്പെട്ട പതിനെട്ട് ഫോളിയോകളുടെ സമുച്ചയമാണ്‌. അഹമ്മദബാദിലെ എൻ.സി. മേത്താ ഗാലറിയിലാണ്‌ അവ ഇപ്പോൾ. ഫോളിയോകളിൽ ചിത്രങ്ങളോടൊപ്പമുള്ള ചൗരപഞ്ചാശികയിലെ വരികൾ, ദേവനാഗരി ലിപിയിലാണ്‌. ഈ ചിത്രങ്ങളുടെ ജനസമ്മതി മൂലം അവയുടെ മാതൃകയിൽ മറ്റു പ്രമേയങ്ങളെ ഉപജീവിച്ചുള്ള ചിത്രങ്ങളുടേയും പരമ്പര തന്നെയുണ്ടായി. ചൗരപഞ്ചാശികാ ശൈലിയിൽ പെടുന്ന ചിത്രങ്ങളെന്ന് അവയെല്ലാം അറിയപ്പെടുന്നു. [6][7]

അവലംബം[തിരുത്തുക]

  1. 1.0 1.1 ജീവകാമനയുടെ ചടുലതാളം, 2010 ഏപ്രിൽ 18-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ(പുറങ്ങൾ 26-29) എസ്. ശാരദക്കുട്ടിയുടെ ലേഖനം
  2. Makers of Indian Literature, Bilhana, PN Kawthekar, കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണം(പുറം 44)
  3. Romila Thapar, Early India from the Origins to AD 1300(പുറം 474)"Bilhana, in his Chaurapanchashika, describes the love between a princess and a man who has broken into the palace, a theme where the erotic is inevitable."
  4. Humanitictexts.orgബിൽഹണൻ
  5. Text etc.com, ബിൽഹണൻ
  6. Online Encyclopedia of Painting, Ethnic Paintings, Illustrated manuscripts [1]
  7. Splendours of HImachal Heritage, Edited by Mulkraj Anand, പുറം 57 [2]
"https://ml.wikipedia.org/w/index.php?title=ചൗരപഞ്ചാശിക&oldid=1962607" എന്ന താളിൽനിന്ന് ശേഖരിച്ചത്