ചോഘ സാൻബിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോഘ സാൻബിൽ
Native name
ഇംഗ്ലീഷ്: چغازنبيل
ചോഘ സാൻബിൽ സിഗുരാത്ത്
Locationഖുസിസ്ഥാൻ പ്രവിശ്യ, ഇറാൻ
Elevation53m (174 അടി)
Built1250 ബി.സി.
CriteriaCultural: (iii), (iv)
Designated1979
Reference no.യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടികയിൽ


ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ഒരു പുരാതന ഈലമൈറ്റ് സമുച്ചയമാണ് ‘’’ചോഘ സാൻബിൽ’’’ (പേർഷ്യൻ: چغازنبيل; ഈലമൈറ്റ്: ഡർ ഉന്റാഷ്).[1] മെസൊപ്പൊട്ടേമിയയ്ക്ക് പുറത്ത് നിലവിലുള്ള അപൂർവം സിഗുരാത്തുകളിൽ ഒന്നാണിത്. സൂസയുടെ തെക്കുകിഴക്കായി ഏകദേശം 30 കിലോമീറ്റർ (19 മൈൽ) ദൂരത്ത്, അഹ്വാസിന് വടക്ക് 80 കിലോമീറ്റർ (50 മൈൽ) അകലെയാണ് ഇതിന്റെ സ്ഥാനം.

പേരിനു പിന്നിൽ[തിരുത്തുക]

ഈലമൈറ്റ് ഭാഷ ഒരു തനത് ഭാഷയാണ്. [2][3][4] ഈ ഭാഷയിൽ ചോഗാ സാൻബിൽ എന്നാൽ “കൂട കൂമ്പാരം” എന്നാണ് പദാനുപദ തർജ്ജമ. അസീറിയൻ ഭാഷയിൽ 'ഉന്താഷ് പട്ടണം' എന്നർഥമുള്ള ഡർ ഉന്റാഷ് എന്നായിരുന്നു ഇതിന്റെ യഥാർത്ഥ പേര്.

ചരിത്രം[തിരുത്തുക]

ബിസി 1250 ൽ ഉന്താഷ്-നാപിരിഷ രാജാവ് ഇത് പണികഴിപ്പിച്ചു. ഇൻഷുഷിനാക്ക് എന്ന ദേവതയോടുള്ള ആദരവായാണ് ഇത് പണികഴിപ്പിച്ചത്. പുരോഹിതന്മാരും ദാസന്മാരും അല്ലാതെ നിരവധി ആളുകൾ അവിടെ താമസിച്ചിരിക്കില്ല എന്ന് കരുതപ്പെടുന്നു.

ഉന്താഷ്-നാപിരിഷയുടെ മരണശേഷം നഗരത്തിലെ നിർമ്മാണം പെട്ടെന്ന് അവസാനിച്ചുവെങ്കിലും, ഈ സ്ഥലം ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. പക്ഷേ ബിസി 640 ൽ അസീറിയൻ രാജാവായ അഷുർബാനിപാൽ നശിപ്പിക്കുന്നതുവരെ ഈ സ്ഥലം തുടർന്നു. ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്, ചോഗാ സാൻബിലിലെ ധാരാളം ക്ഷേത്രങ്ങളെയും സങ്കേതങ്ങളെയും അടിസ്ഥാനമാക്കി, ഉന്താഷ്-നാപിരിഷ ഒരു പുതിയ മതകേന്ദ്രം സൂസയ്ക്ക് പകരമായി സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ്. ഉയർന്ന പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ഈലാമുകളെ ഒരുമിപ്പിക്കുക എന്ന ഉദ്ദേശവും ഈ നീക്കത്തിനു പിന്നിൽ ഉണ്ടായിരികാമെന്ന് അവർ കരുതുന്നു.

ഘടന[തിരുത്തുക]

നഗരത്തിന്റെ പ്രധാന പ്രദേശങ്ങളെ നിർവചിക്കുന്ന മൂന്ന് കേന്ദ്രീകൃത മതിലുകളാൽ സമുച്ചയം സംരക്ഷിക്കപ്പെടുന്നു. അകത്തെ പ്രദേശം മുഴുവനായും പ്രധാന ദൈവത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു വലിയ സിഗുരാത്ത് ആണ്. മുമ്പ് നിലനിന്നിരുന്ന, ഉന്താഷ്-നാപിരിഷ തന്നെ നിർമ്മിച്ച, സംഭരണ മുറികളോട് കൂടിയ ചതുരക്ഷേത്രത്തിന് മുകളിലാണ് ഇത് നിർമ്മിച്ചത്. [5]

മധ്യഭാഗത്ത് പതിനൊന്ന് ക്ഷേത്രങ്ങൾ ഉപദേവതകൾക്കായി ഒരുക്കിയിരിക്കുന്നു. ഇരുപത്തിരണ്ട് ക്ഷേത്രങ്ങൾ നിർമ്മിക്കാനായിരുന്നു പദ്ധതിയെങ്കിലും, അവയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് രാജാവ് മരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പിൻഗാമികൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. പുറം ഭാഗത്ത് രാജകൊട്ടാരങ്ങളും, അഞ്ച് ഭൂഗർഭ കല്ലറകളോടു കൂടിയ സ്മാരക കുടീരവും പണിതിരിക്കുന്നു.


സിഗുരാത്തിന്റെ ഓരോ വശത്തിനും 105.2 മീറ്റർ (345 അടി) നീളമുണ്ട്. അഞ്ച് നിലകളിലായി 53 മീറ്റർ (174 അടി) ഉയരമുള്ള നിർമ്മിതിയായിരുന്നു ഇത്. ഏറ്റവും മുകളിലായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചെളി കൊണ്ട് നിർമ്മിച്ച ഇഷ്ടികയായിരുന്നു മുഴുവൻ നിർമ്മിതിയുടെയും അടിസ്ഥാന വസ്തു. സിഗുരാത്തിന്റെ മുൻവശം ചുടുകല്ലുകൾ പാകിയിരിക്കുന്നു. അവയിൽ പലതിലും ഈലമൈറ്റ്, അക്കാഡിയൻ ഭാഷകളിൽ ദേവന്മാരുടെ പേരുകൾ എഴുതി വച്ചിരിക്കുന്നു. സിഗുരാത്ത് ഇപ്പോൾ അതിന്റെ യഥാർത്ഥ ഉയരത്തിന്റെ പകുതിയിൽ താഴെ, 24.75 മീറ്റർ (81.2 അടി) ഉയരത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ.

ഉദ്ഘനനം[തിരുത്തുക]

1935 ൽ, ബ്രിട്ടീഷ് പെട്രോളിയത്തിന്റെ എണ്ണ പര്യവേക്ഷണ പദ്ധതിയ്ക്കിടെ ആകസ്മികമായി കണ്ടെത്തപ്പെട്ടതാണ് ചോഘാ സാൻബിൽ. പ്രശസ്ത ഫ്രഞ്ച് പുരാവസ്തു ഗവേഷകനായ റോമൻ ഘിർഷ്മാൻ 1951 നും 1961 നും ഇടയിൽ ആറ് ഘട്ടങ്ങളിലായി ചോഗാ സാൻബിൽ ഖനനം നടത്തി. ചോഘാ സാൻബിലിനെ കുറിച്ചുള്ള തന്റെ പഠനങ്ങൾ നാല് വോള്യങ്ങളിലായി അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഭീഷണി[തിരുത്തുക]

ഈ പ്രദേശത്ത് നടക്കുന്ന പെട്രോളിയം പര്യവേക്ഷണം ചെയ്യുന്നത് ഈ സൈറ്റിന്റെ അടിത്തറയെ അപകടപ്പെടുത്തുന്നു. പെട്രോളിയത്തിന്റെ കരുതൽ ശേഖരത്തിനായി വിവിധ ഭൂകമ്പ പരിശോധനകൾ നടക്കുന്നത് . സിഗിരാത്തിൽ നിന്ന് 300 മീറ്റർ (984 അടി) അകലെ പോലും എണ്ണയുടെ ഘനനം നടക്കുന്നുണ്ട്.

യുനെസ്കോ അംഗീകാരം[തിരുത്തുക]

സ്റ്റെപ്പ്ഡ് പിരമിഡൽ സ്മാരകത്തിന്റെ ഏറ്റവും മികച്ച സംരക്ഷിത ഉദാഹരണമായി ഈ സിഗുരാത്ത് കണക്കാക്കപ്പെടുന്നു. [6] 1979 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ച ആദ്യത്തെ ഇറാനിയൻ സൈറ്റായി ചോഗ സാൻബിൽ.

അവലംബം[തിരുത്തുക]

  1. https://www.ancient-origins.net/ancient-places-asia/chogha-zanbil-unfinished-elamite-site-unique-ziggurat-003474
  2. Roger Blench, Matthew Spriggs (eds.)(2003),means "Archaeology and Language I: Theoretical and Methodological Orientationshill", Routledge, p.125
  3. Roger D. Woodard (ed.)(2008), "The Ancient Languages of Mesopotamia, Egypt and Aksum", Cambridge University Press, p.3
  4. Amalia E. Gnanadesikan (2011), "The Writing Revolution: Cuneiform toin the Internet", John Wiley & Sons
  5. R. Ghirshman, The Ziggurat of Tchoga-Zanbil, Scientific American, vol. 204, pp. 69–76, 1961
  6. "Tchogha Zanbil". UNESCO World Heritage Centre. Retrieved July 15, 2017. It is the largest ziggurat outside of Mesopotamia and the best preserved of this type of stepped pyramidal monument.
"https://ml.wikipedia.org/w/index.php?title=ചോഘ_സാൻബിൽ&oldid=3253126" എന്ന താളിൽനിന്ന് ശേഖരിച്ചത്