ചൂട്ടുപടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വളവനാട് ദേവീക്ഷേത്രം
choottu padayani valavanadu Devi temple 2014

തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിലുള്ള ദേവീക്ഷേത്രങ്ങളിലെ ഉത്സത്തോടനുബന്ധിച്ച് നടത്തുന്ന അനുഷ്ഠാനപരമായ ഒരു ചടങ്ങാണ് ചൂട്ടുപടയണി. ഉണങ്ങിയ തെങ്ങോലകൾ ചേർത്ത് മെടഞ്ഞുണ്ടാക്കിയ ചൂട്ട് ആണ് പ്രധാന വസ്തു. നേർച്ച കഴിക്കുന്ന വ്യക്തിയുടെ ഭവനത്തിൽ നിന്ന് തീ കൊളുത്തിയ ചൂട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നു. കത്തിച്ച ചൂട്ട് തീരുന്നതിനനുസരിച്ച് അടുത്തത് കത്തിക്കും . എല്ലാവരും ആഹ്ലാദ നൃത്തചുവടുകൾ വച്ചുകൊണ്ടായിരിക്കും പോവുക. ക്ഷേത്ര സമീപം എത്തുമ്പോഴേക്കും ചൂട്ടുകളുടെ എണ്ണം വർദ്ധിക്കും. ക്ഷേത്രഅതിർത്തിയിൽ വച്ച് പൂജാരിയും സംഘവും ചൂട്ടു പടയണിക്കാരെ സ്വീകരിക്കും . തുടർന്ന് വാദ്യമേളം, പൂത്തിരി, പടക്കം, കരിമരുന്ന് പ്രയോഗം തുടങ്ങിയവയോടുകൂടി ക്ഷേത്രസന്നിധിയിലെത്തും. ക്ഷേത്രത്തിനു മുൻപിൽ ചൂട്ടുകൾ കോട്ടപോലെ നാട്ടി തീകൊളുത്തും ഭക്തർ ചൂട്ടുകൾക്കിടയിലുള്ള സ്ഥലത്ത് ആനന്ദനൃത്തം ആടും. എറണാകുളം ജില്ലയിലെ വൈപ്പിനിലുള്ള പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് ചൂട്ടു പടയണി നടത്താറുണ്ട്. താലപ്പൊലി കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷം ആൾത്തൂക്കം നടക്കുന്ന ദിവസം വെളുപ്പിനാണ് ഇവിടെ ചൂട്ടു പടയണി നടക്കുന്നത്.

വളവനാട് ചൂട്ടുപടയണി[തിരുത്തുക]

ചേർത്തല, ആലപ്പുഴ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ ചൂട്ടു പടയണി ന‍ടന്നിരുന്നുവെങ്കിലും ഇപ്പോൾ അവ ചുരുക്കം ചില ക്ഷേത്രങ്ങളിലെ നടക്കുന്നുള്ളു. അവയിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ വളവനാട് വളവനാട് ദേവീക്ഷേത്രം. ചൂട്ടുകളുടെ ലഭ്യതക്കുറവ്, അപകട സാധ്യത തുടങ്ങിയവ ഈ പടയണിയുടെ പ്രചാരം കുറക്കുന്നതിന് കാരണമായി. എന്നാൽ ഇന്നും ആചാരാനുഷ്ഠാനങ്ങളോടെ ഇവിടെ ചൂട്ട് പടയണി നടത്തുന്നു.

"https://ml.wikipedia.org/w/index.php?title=ചൂട്ടുപടയണി&oldid=4022370" എന്ന താളിൽനിന്ന് ശേഖരിച്ചത്