ഉള്ളടക്കത്തിലേക്ക് പോവുക

ചുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയനാട്(താമരശ്ശേരി) ചുരം

കുത്തനെയുള്ള കയറ്റം കയറിപ്പോകുന്ന മലമ്പാതകളെ ചുരം എന്നു പറയുന്നു[1]. പ്രദേശത്ത് മലയുടെ ഏറ്റവും ഉയരം കുറഞ്ഞഭാഗത്തുകൂടിയായിരിക്കും ഇവ മല കടന്നിറങ്ങിപ്പോകുന്നത്. പല ചെറുമലകളുടേയും താഴ്വരകളിലൂടെയും കയറിയും ഇറങ്ങിയും പോയി ഒരു ഉയരംകൂടിയ ഒരു മലനിര കടന്നു പോകുന്ന ചുരങ്ങളും ഉണ്ട്. ഉയർന്ന പർവതങ്ങളിൽ, കൊടുമുടിക്കും പർവതത്തിനും ഇടയിലുള്ള 2,000 മീറ്റർ (6,600 അടി) വ്യത്യാസം ഉണ്ടെങ്കിൽ അതിനെ ഒരു പർവത ചുരം ആയി നിർവചിക്കപ്പെടുന്നു. [2]

Idealised mountain pass represented as the green line; the saddle point is in red.

കേരളത്തിന്റെ കിഴക്കുള്ള സഹ്യപർ‌വ്വതം. താമരശ്ശേരി ചുരം മുഴുവനും കയറി മുകളിൽ വയനാട്ടിലെ ലക്കിടിയിലെത്തുമ്പോഴേക്ക് 700 മീറ്ററോളം ഉയരത്തിലാണ് നം എത്തുന്നത്. ദുർഘടങ്ങൾ നിറഞ്ഞ മലനിരകൾ കടന്നുള്ള യാത്രകൾ‍ക്കും, കുടിയേറ്റങ്ങൾക്കും, കച്ചവടത്തിനും, യുദ്ധങ്ങൾ‍ക്കും പ്രധാന ഗമനാഗമനമാർഗ്ഗമായി ചരിത്രാതീതകാലം മുതൽ ചുരങ്ങൾ വർത്തിച്ചിരുന്നു.

ചുരങ്ങളിലൂടെ മനുഷ്യർ റോഡുകളും റെയിൽവേകളും പണിഞ്ഞിട്ടുണ്ട്. ഒരു ചുരത്തിന്റെ ഏറ്റവും ഉയരമുള്ള സ്ഥലത്ത് മാത്രമേ പലപ്പോഴും സ്വൽപ്പമെങ്കിലും നിരപ്പായ ഭൂമി കാണപ്പെടുകയുള്ളു. പല ചുരങ്ങളും രാജ്യങ്ങളിൽ തമ്മിലുള്ള അതിർത്തികളായിരിക്കും. അത്തരം ചുരങ്ങളിൽ പട്ടാളത്തിന്റേയും കസ്റ്റംസിന്റേയും താവളങ്ങളും ഉണ്ടായിരിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ചിലിക്കും അർജെന്റീനക്കുമിടയിൽ(5300 കി.മീ.) 42 ചുരങ്ങളുണ്ട്.

മലനിരക്ക് കുറുകേയുള്ള, മനുഷ്യസഞ്ചാരത്തിനു സഹായകമായ ഉയരം തീരെ കുറഞ്ഞ തുറസ്സുകളേയും - മലക്കു കുറുകേയുള്ള വഴി എന്ന പരിമിതാർത്ഥത്തിൽ - ഈ പേരിട്ടു വിളിക്കാറുണ്ട്. ഉദാഹരണമാണ് പാലക്കാടിനടുത്തുള്ള വാളയാർ ചുരം. പഴയ രേഖകളിൽ ഇതിനെ വാളയാർ തുറ എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.

പ്രശസ്തമായ ചുരങ്ങളിൽ ചിലതാണ്‌ ഹിന്ദുക്കുഷ് മലനിരകളിലെഖൈബർ ചുരം(1070 മീറ്റർ), ഹിമാലയത്തിൽ സിക്കിം അതിർത്തിയിലെ നാഥുലാ ചുരം(സമുദ്രനിരപ്പിൽ നിന്ന് 4310 മീറ്റർ), ജമ്മുവിനേയുംയും കാശ്മീർതാഴ്വരയേയും ബന്ധിപ്പിക്കുന്ന ബനിഹാൽ ചുരം (2832 മീറ്റർ) തുടങ്ങിയവ.

അവലംബം

[തിരുത്തുക]
  1. ശബ്ദതാരാവലി
  2. Bishop & Shroder 2004, p. 103.


പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുരം&oldid=4533402" എന്ന താളിൽനിന്ന് ശേഖരിച്ചത്