ഗോപിക ഗുഹാലിഖിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപിക ഗുഹാലിഖിതം
Materialഗുഹാശില
Writingസംസ്കൃതം, ഗുപ്തലിപി
Period/cultureമൗഖരി രാജവംശം (ഗുപ്ത കാലഘട്ടം)
Placeനാഗാർജ്ജുനി ഹിൽ, ബരാബർ ഗുഹകൾ
Present locationഗോപിക ഗുഹ
ഗോപിക ഗുഹാലിഖിതം, ബരാബർ ഗുഹകൾ
ഗോപിക ഗുഹാലിഖിതം, പകർത്തിയത്

ബിഹാറിലെ ഗയ ജില്ലയിലെ ബരാബാർ ഗുഹകളുടെ ഭാഗമായ നാഗാർജുനി ഹിൽ ഗുഹയിൽ കണ്ടെത്തിയ സംസ്കൃത ലിഖിതമാണ് ഗോപിക ഗുഹാലിഖിതം. ഗുപ്ത ലിപിയിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആയിരിക്കാം ഇത് എഴുതപ്പെട്ടതെന്ന് കരുതുന്നു. അനന്തവർമ്മന്റെ നാഗാർജുനി ഹിൽ ഗുഹാലിഖിതം II എന്നും ഇത് അറിയപ്പെടുന്നു. [1]

ഹിന്ദുമതത്തിന്റെ ശക്തി പാരമ്പര്യത്തിൽ നിന്നുള്ളതാണ് ഈ ലിഖിതം. ദുർഗയോടുള്ള സമർപ്പണ ശ്ലോകവും ഗുപ്ത കാലഘട്ടത്തിലെ ഓം എന്ന ചിഹ്നവും ഇതിൽ ശ്രദ്ധേയമാണ്. അനന്തവർമ്മൻ രാജാവ് കാത്യായനി (ദുർഗ-മഹിഷാസുരമർദ്ദിനി) പ്രതിമ ഗുഹയ്ക്കായി സമർപ്പിക്കുന്നുവെന്ന് ലിഖിതത്തിൽ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗുഹകൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഈ പ്രതിമ കാണാനുണ്ടായിരുന്നില്ല. [2]

ചരിത്രം[തിരുത്തുക]

ഗോപിക ഗുഹയുടെ പ്ലാൻ

ബീഹാറിലെ ബരാബാർ ഗുഹകൾക്കടുത്തുള്ള നാഗാർജുനി ഹിൽ ഗുഹാശ്രേണിയിൽ നിന്ന് കണ്ടെത്തിയ മൂന്ന് ഗുഹകളിൽ ഒന്നാണ് ഗോപിക ഗുഹ. വാപിയക ഗുഹ, വാഡതിക ഗുഹ എന്നിവയാണ് മറ്റു രണ്ട് ഗുഹകൾ. ഇവ യഥാക്രമം വാപിയ കാ കുഭ, വാഡതി കാ കുഭ എന്നും അറിയപ്പെടുന്നു.[3] ക്രി.മു. 3-ആം നൂറ്റാണ്ടിൽ അജിവിക സന്യാസിമാർക്ക് അശോകൻ സമ്മാനിച്ച ആദ്യത്തെ ഗുഹയായ ലോമാസ് ഋഷി ഗുഹയ്ക്കടുത്താണ് ഇവ. ക്രി.മു. 214-ൽ ഇവിടെയുള്ള ഗ്രാനൈറ്റ് ശിലകൾ നിറഞ്ഞ കുന്നിൽ അശോകന്റെ ചെറുമകൻ സൃഷ്ടിച്ചവയാണ് നാഗാർജുനി ഗുഹകൾ. ഗയയിൽ നിന്ന് 16 മൈൽ (26 കിലോമീറ്റർ) വടക്കാണ് ഇവ സ്ഥിതി ചെയ്യുന്നത്.[3] പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും ഇൻഡോളജിസ്റ്റുമായ ആർതർ ബഷാമിന്റെ അഭിപ്രായത്തിൽ, ഈ ഗുഹകളുടെ കൊത്തുപണികളിലും ലിഖിതങ്ങളിലും നിന്ന് നാഗാർജുനി, ബരാബാർ ഹിൽ ഗുഹകൾ ക്രി.മു. 3-ആം നൂറ്റാണ്ടിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അക്കാലത്ത് ബുദ്ധമതത്തിൽ നിന്നും വേറിട്ട് നിലനിന്നിരുന്നതും പിൽക്കാലത്ത് അന്യം നിന്നു പോയതുമായ ഒരു ഇന്ത്യൻ മതമായിരുന്നു അജിവിക. ഈ മതവിശ്വാസികളാണ് നാഗാർജ്ജുനി ഗുഹകളിലെ യഥാർത്ഥ നിവാസികൾ. അവർ ഒരു ഘട്ടത്തിൽ ഗുഹകൾ ഉപേക്ഷിച്ചു. ബുദ്ധമതക്കാർ ഈ ഗുഹകൾ ഉപയോഗിച്ചത് ഇവിടെ ബോധിമുല, ക്ലേശ-കാന്താര ലിഖിതങ്ങൾ ഉള്ളതുകൊണ്ടാണ്. നൂറ്റാണ്ടുകൾക്ക് ശേഷം, മൗഖരി രാജവംശത്തിലെ അനന്തവർമ്മൻ എന്ന ഹിന്ദു രാജാവ് അഞ്ചോ ആറോ നൂറ്റാണ്ടിലെ ഈ മൂന്ന് ഗുഹകളിൽ വൈഷ്ണവ, ശൈവ, ശക്തി ധാരകളിലെ ഹിന്ദു മൂർത്തികൾ (ചിത്രങ്ങൾ) ഇവിടെ സമർപ്പിച്ചു.[2] സമർപ്പണത്തിന്റെ അടയാളമായി അദ്ദേഹം ഇവിടെ സംസ്കൃതത്തിൽ ലിഖിതങ്ങൾ സൃഷ്ടിച്ചു. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗുപ്ത ലിപിയിൽ ചെയ്ത ഈ ലിഖിതങ്ങൾ ഇന്നും നിലനിൽക്കുന്നു.[4] പതിനാലാം നൂറ്റാണ്ടിനുശേഷം ഈ പ്രദേശം മുസ്ലിംകൾ കൈവശപ്പെടുത്തിയിരുന്നു. നിരവധി ശവകുടീരങ്ങൾ ഇതിനു സമീപത്തുണ്ട്.[3]

നാഗാർജുനി കുന്നിലെ മൂന്ന് ഗുഹകളിൽ ഏറ്റവും വലുതാണ് ഗോപിക ഗുഹ. കുന്നിന്റെ തെക്ക് ഭാഗത്താണ് ഇത് കാണപ്പെടുന്നത്, തെക്ക് അഭിമുഖമായി ഒരു പ്രവേശന കവാടമുണ്ട്. മറ്റ് രണ്ട് ഗുഹകൾ (വടതിക, വാപിയാക്ക ഗുഹകൾ) ഒരേ കുന്നിന്റെ വടക്കുവശത്താണ്. കല്ലിൽ കൊത്തിയെടുത്ത പടികളാണ് ഗുഹകളിലേക്ക് നയിക്കുന്നത്. 1860 കളിൽ അലക്സാണ്ടർ കന്നിംഗ്ഹാം ഗുഹ സന്ദർശിച്ചപ്പോൾ, "ഗുഹ ഭാഗികമായി ഒരു മരത്താലും മുസ്ലീങ്ങൾ നിർമ്മിച്ച ഒരു ഈദ്ഗാഹ് മതിലിനാലും മറച്ചിരുന്നു" എന്ന് അദ്ദേഹം എഴുതി. ഗുഹയ്ക്ക് 46.5 അടി (14.2 മീറ്റർ) നീളവും 19.16 അടി (5.84 മീറ്റർ) വീതിയും അർദ്ധ വൃത്താകൃതിയിലുള്ള അറ്റങ്ങളുമുണ്ട്. [3] ഇതിന് ഒരു പ്രവേശന കവാടമുണ്ട്. പ്രവേശന കവാടത്തിന് മുകളിൽ അശോകന്റെ ചെറുമകനായ ദശരഥ മൗര്യ എഴുതിയ ഒരു ലിഖിതമുണ്ട്, “ഗുഹയെ അജിവിക സന്ന്യാസിക്ക് സമർപ്പിക്കുന്നു”, എന്ന് പ്രസ്താവിക്കുന്ന ഈ ലിഖിതത്തിൽ നിന്ന് ഗുഹയുടെ നിർമ്മാണകാലം ക്രി.മു. 3-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയായിരുന്നു എന്ന് കണക്കാക്കുന്നു. ഈ ലിഖിതത്തിന്റെ “ഗോപികയുടെ ഗുഹ, ഒരു വാസസ്ഥലം…” എന്നാരംഭിക്കുന്ന, 1837-ൽ ജെയിംസ് പ്രിൻസെപ് തയ്യാറാക്കിയ പരിഭാഷയിൽ നിന്നാണ് ഈ ഗുഹയ്ക്ക് അതിന്റെ പേര് കൈവന്നത്.[3]

ഇടതുവശത്തെ പ്രവേശന ഇടനാഴിക്കുള്ളിലെ അനന്തവർമ്മന്റെ ഗോപിക ഗുഹാലിഖിതം ആദ്യം 1785 ൽ ജെ. എച്ച്. ഹാരിംഗ്ടൺ ശ്രദ്ധിച്ചു, തുടർന്ന് 1788 ലെ ഏഷ്യാറ്റിക് റിസർച്ചസ്, വാല്യം 1 ലൂടെ വിദഗ്ദ്ധർക്ക് റിപ്പോർട്ട് ചെയ്തു.[1][5] ഈ ഗുഹകൾക്ക് സമീപം മുസ്ലീങ്ങൾ താമസിക്കുന്നുവെന്ന് ഹാരിംഗ്ടൺ പ്രസ്താവിച്ചു. ഈ ഗുഹകളിൽ കണ്ടെത്തിയ മൂന്ന് വികലമാക്കപ്പെട്ട ചിത്രങ്ങളിൽ നിന്ന് ഒരുകാലത്ത് ഇവ മതപരമായ ക്ഷേത്രങ്ങളായിരുന്നുവെന്ന് അദ്ദേഹം അനുമാനിച്ചു.[5] ഹാരിംഗ്ടൺ പകർത്തിയ ലിഖിതം ആദ്യമായി വിവർത്തനം ചെയ്തത് 1785 ൽ ചാൾസ് വിൽക്കിൻസ് ആണ്, ഈ ലിഖിതം ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മറ്റൊരു വിവർത്തനം കമലകാന്ത വിദ്യാലങ്കർ ജെയിംസ് പ്രിൻസെപ്പിനൊപ്പം 1837 ൽ പ്രസിദ്ധീകരിച്ചു. ജോൺ ഫ്ലീറ്റ് 1888 ൽ മറ്റൊരു പരിഷ്കരിച്ച വിവർത്തനം പ്രസിദ്ധീകരിച്ചു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 DR Bhandarkar, BC Chhabra & GS Gai 1981, പുറങ്ങൾ. 226–228.
  2. 2.0 2.1 Hans Bakker (2014). The World of the Skandapurāṇa. BRILL Academic. pp. 43–44 with footnotes. ISBN 978-90-04-27714-4.
  3. 3.0 3.1 3.2 3.3 Sir Alexander Cunningham (1871). Four Reports Made During the Years, 1862-63-64-65. Government Central Press. pp. 43–52.  This article incorporates text from this source, which is in the public domain.
  4. Piotr Balcerowicz (2015). Early Asceticism in India: Ajivikism and Jainism. Taylor & Francis. pp. 335–336. ISBN 978-1-317-53852-3.;For more on Maukhari dating, see: Maukhari dynasty, Encyclopaedia Britannica
  5. 5.0 5.1 J. H. Harrington (1799). Asiatick Researches, Or, Transactions of the Society Instituted in Bengal, for Inquiring Into the History and Antiquities, the Arts, Sciences, and Literature of Asia. BMO Press. pp. 276–279.
"https://ml.wikipedia.org/w/index.php?title=ഗോപിക_ഗുഹാലിഖിതം&oldid=3257021" എന്ന താളിൽനിന്ന് ശേഖരിച്ചത്