ഗുരുസാഗരം
കർത്താവ് | ഒ.വി. വിജയൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1987 |
ഏടുകൾ | 142 |
ISBN | 81-713-0002-2 |
ഒ.വി. വിജയൻ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമർപ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലും തുടർന്ന് പ്രസിദ്ധീകരിച്ച ചെറുകഥകളിലും കാണാം.
കഥാസംഗ്രഹം
[തിരുത്തുക]പത്രലേഖകനായ കുഞ്ഞുണ്ണിയുടെ ബംഗാളിയായ ഭാര്യയായ ശിവാനി, ഭാര്യയുടെ സുഹൃത്തായ പിനാകി, എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു. കുഞ്ഞുണ്ണിക്ക് മകൾ കല്യാണി അയക്കുന്ന നൈർമല്യം നിറഞ്ഞ കത്തുകൾ കുഞ്ഞുണ്ണി ഒരു നിധിപോലെ സൂക്ഷിക്കുന്നു. കുഞ്ഞുണ്ണി ഭാര്യയിൽ നിന്നും പിരിഞ്ഞ് ജീവിക്കുന്നു. കൽക്കത്തയിലും ദില്ലിയിലുമായി കഥ പുരോഗമിക്കുന്നു. ബംഗ്ലാദേശ് യുദ്ധവും പ്രാഗ് വസന്തം പോലെയുള്ള അന്താരാഷ്ട്ര സംഘർഷങ്ങളും നോവലിന് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒടുവിൽ കല്യാണിക്ക് കാൻസർ ബാധിക്കുന്നു.കല്യാണിയുടെ മരണക്കിടക്കയിൽ വെച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല, മറിച്ച് സുഹൃത്തായ പിനാകിയുടെ മകളാണ് എന്ന് ശിവാനി പറയുന്നു. രോഗം ബാധിച്ച് മകൾ മരിക്കുന്നു. തന്റെ ഗുരു മകളായിരുന്നു എന്ന് കുഞ്ഞുണ്ണി തിരിച്ചറിയുന്നു.