Jump to content

ഗായത്രീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗായത്രീ ദേവി
ഗായത്രീദേവി - ഒരു ബാല്യ കാല ചിത്രം.
ജയ്പൂരിലെ രാജമാതാ
Tenure 1940−1970
മക്കൾ
ജഗത്‌ സിംഗ്
പിതാവ് Prince Jitendra Narayan Bhup Bahadur of Cooch Behar
മാതാവ് Princess Indira Raje Gaekwad of Baroda
മതം Hinduism

ജയ്പൂർ രാജ്യത്തിൻറെ മൂന്നാമത്തെ മഹാറാണിയും ഇന്ത്യ റിപ്പബ്ലിക്കായശേഷം സ്വതന്ത്രാ പാർട്ടിയുടെ പ്രതിനിധിയെന്നനിലയിൽ മൂന്നുതവണ രാജസ്ഥാനിലെ ജയപുരിൽ‍ നിന്നുള്ള ലോക്സഭാംഗവുമായിരുന്നു ഗായത്രീദേവി (1919-2009). ജയ്പുർ മഹാറാണി ഗായത്രീദേവിയെന്നും രാജമാതാ ഗായത്രീദേവിയെന്നും അറിയപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ പേരിൽ ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുള്ള ഇവർ ആകർഷണീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരികളായ പത്തു സ്ത്രീകളിലൊരാളായി 'വോഗ്‌' എന്ന വിഖ്യാത ഫാഷൻ മാസിക ഒരിക്കൽ ഗായത്രീദേവിയെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ സ്ത്രീ സൌന്ദര്യത്തിന്റെയും ഫാഷൻറെയും രാജകീയതയുടെയും തിളങ്ങുന്ന ക്ലാസിക്കൽ പ്രതീകമായി ഗായത്രീദേവി വാഴ്ത്തപ്പെട്ടു.

കുച്ച്‌ബിഹാരിലെ രാജകുമാരി

[തിരുത്തുക]

കൂച്ച് ബിഹാർ (Cooch Behar) രാജ്യത്തെ ജിതേന്ദ്ര നാരായൺ തമ്പുരാന്റെയും ബറോഡ രാജകുടുംബത്തിലെ ഇന്ദിര രാജിയുടെയും പുത്രിയും ജയ്പൂരിലെ മഹാരാജാ സാവായ് മാൻസിങ് രണ്ടാമന്റെ പത്നിയുമായിരുന്നു ഗായത്രീദേവി. 1919 മേയ് 23നു് ലണ്ടനിൽ കുച്ച്‌ബിഹാർ രാജകുമാരിയായി ഗായത്രീദേവിയുടെ ജനിച്ചു. അഞ്ഞൂറോളം പരിചാരകരുടെ സ്നേഹവാത്സല്യങ്ങളനുഭവിച്ചാണു വളർന്നത്. അമ്മ ഇന്ദിരാ രാജെയൊടൊപ്പമുള്ള യാത്രകൾ രാജകുമാരിയുടെ ജീവിതവീക്ഷണത്തെകരുപ്പിടിപ്പിച്ചു. ശാന്തിനികേതനിലെ വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്സർലണ്ടിലെ ലൗസാന്നെയിലുംലണ്ടൻ സ്കൂൾ ഒഫ് സെക്രട്ടറീസിലും പഠനം നടത്തി.19-ആ‍ം വയസ്സിൽ ജയ്പുരിലെ സവായി മാൻ സിങ് രണ്ടാമനുമായി പ്രണയത്തിലായി.

ജയപുരിന്റെ മഹാറാണി

[തിരുത്തുക]
മഹാരാജാ സാവായ് മാൻസിങ്ങിനോപ്പം ഗായത്രീദേവി

1940 മെയ് 9 നു രാജാവ് സവായി മാൻ സിങ് രണ്ടാമനെ വരിച്ചു് ജയ്പുർ കൊട്ടാരത്തിൻറെ പടികൾ കയറിതോടെ ഇവർ ജയ്പൂരിന്റെ മൂന്നാമത്തെ മഹാറാണിയായി. അന്നു് മുതൽ 1970-വരെ ജയ്‌പുർ റാണിയെന്ന്‌ അറിയപ്പെട്ടു. തുടർന്ന്‌ 'രാജമാതാ' എന്നായി സ്ഥാനപേര്‌.

പൊതുജീവിതം

[തിരുത്തുക]

ഇന്ത്യ റിപ്പബ്ലിക്കായശേഷം രാജഭരണത്തിനു തിരശീല വീണെങ്കിലും ജയ്പൂരിലെ രാജകുടുംബങ്ങൾ പഴയ പ്രതാപത്തിൽ തന്നെയാണു ജീവിച്ചത്. രാജകീയ ആചാരാനുഷ്ഠാനങ്ങളുടെ നടുത്തളങ്ങളിൽ‍ ജയപുർ കൊട്ടാരത്തിൽ കഴിഞ്ഞ ഗായത്രീ ദേവി 1962ൽ രാഷ്ട്രീയത്തിലിറങ്ങി. സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ കോൺഗ്രസിനെതിരായി രൂപവത്കരിച്ച സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ഗായത്രീദേവി

രാജസ്ഥാനിൽ ഗായത്രീദേവിയുടെ നേതൃത്വത്തിലായിരുന്നു സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്‌. ജയ്‌പുർ മണ്ഡലത്തിൽനിന്ന്‌ 1962ലും 1967,ലും 1971ലും സ്വതന്ത്രപാർട്ടിക്കാരിയായി ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ജയ്പൂർ ലോക്സഭാ മണ്ഡലത്തിൽ പോൾ ചെയ്ത 246,516 വോട്ടിൽ 192,909 വോട്ടു നേടിയതു്അവരെ ഗിന്നസ് ബുക്കിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു വിജയമെന്ന റെക്കോഡാണു ഗായത്രീ ദേവി കുറിച്ചത്. അമേരിക്കയിൽ ഒരു ചടങ്ങിൽ ജോൺ എഫ്. കെന്നഡി ഗായത്രീ ദേവിയെ പരിചയപ്പെടുത്തിയത് ഈ വൻ വിജയത്തിൻറെ പേരിലായിരുന്നു. തുടർന്നു 1967 ലും 1971 ലും വിജയം ആവർത്തിച്ചു.

പ്രിവിപഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സ്വതന്ത്ര ഇന്ത്യയുടെ രൂപവത്കരണവേളയിലെ ധാരണപ്രകാരം രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേകാവകാശങ്ങളും, സ്വതന്ത്ര പാർട്ടിയെ നേരിടുന്നതിന്റെ ഭാഗമായി, 1971ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗായത്രീദേവിയ്ക്കു് നിഷേധിച്ചു. രാജവംശങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിൻറെ പേരിൽ ഇന്ദിരാഗാന്ധിയോട് അവർ കടുത്ത എതിർപ്പാണു് പ്രകടിപ്പിച്ചതു്. ഇന്ദിരാഗാന്ധിയുടെ അപ്രീതിക്കു പാത്രമായ അവരെ അടിയന്തരാവസ്ഥക്കാലത്ത് അഞ്ചുമാസം തിഹാർ ജയിലിലാക്കി. തെറ്റായ നികുതിരേഖകൾ സമർപ്പിച്ചുവെന്ന പേരിലാണു് ജയിലിലിട്ടതു്. ഈ അനുഭവത്തെ തുടർന്നു് സജീവ രാഷ്ട്രീയത്തിൽ നിന്നു ഗായത്രീ ദേവി വിരമിച്ചു.[1]

രാജമാതാ

[തിരുത്തുക]

1970നു്ശേഷം രാജമാതാ ഗായത്രീദേവിയെന്നു് അറിയപ്പെട്ടിരുന്ന അവർ ജയ്പൂരിലെ പ്രശസ്തമായ രണ്ടു വിദ്യാലയങ്ങളുടെ സ്ഥാപകയായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജയ്പൂരിൽ ഗായത്രി ദേവി തുടങ്ങിയ സ്കൂൾ ഇപ്പോൾ മഹാറാണി ഗായത്രി ദേവി ഗേൾസ് പബ്ലിക് സ്കൂൾ എന്നാണ് അറിയപ്പെടുന്നു.

ബഹുമുഖ പ്രതിഭയും കലാസ്‌നേഹിയുമായിരുന്നു ഗായത്രീദേവി. ഗായത്രി ദേവിയുടെ ആത്മകഥയാണ് എ പ്രിൻസസ് റിമംബേഴ്സ്. ഇന്ത്യയിലെ ആദ്യത്തെ 3ഡി ഡോക്യുമെന്ററി ജയ്‌പുർ രാജമാതയെക്കുറിച്ചുള്ളതാണ്‌.

ഗായത്രിയെ ബന്ധുക്കളും സുഹൃത്തുക്കളും 'ആയ്‍‍ഷ' എന്നു വിളിച്ചു. കെന്നഡിയുടെ ഭാര്യയായിരുന്ന ജാക്വിലിൻ കെന്നഡി, ഗായത്രീ ദേവിയുടെ അടുത്ത സുഹൃത്തായിരുന്നു.

ജഗത്‌ സിംഹ് രാജകുമാരനായിരുന്നു മകൻ. അയാൾ1997ൽ നിര്യാതനായി. പേരക്കുട്ടികൾ രാജകുമാരി ലാളിത്യകുമാരി, ദേവ് രാജ് സിംഹ് രാജകുമാരൻ‍ എന്നിവരാണു്.

രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച രാജമാതാ ഗായത്രീദേവി ജയ്പുർ സതോക്ബെൻ ദുർലഭ് മെമ്മോറിയൽ ആശുപത്രിയിൽ 2009 ജൂലൈ-29 ബുധനാഴ്ച രാവിലെ 90-ആം വയസിൽ അന്തരിച്ചു.[2] വാർധക്യസഹജമായുണ്ടായ കുടലിലെ രോഗത്തിന് ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞശേഷമായിരുന്നു മരണം. വൻകുടലിലെ തടസത്തിന് (കുടൽ അനങ്ങാത്ത അവസ്ഥ അതായതു് പാരലിറ്റിൽ ഇലിയഡ്) ബലൂൺ ചികിത്സ നടത്തിയിരുന്നു. ലണ്ടനിലെ കിങ് എഡ്വേർഡ്സ് ആശുപത്രിയിലെ ഏകാന്തത അസഹനീയമായപ്പോൾ സ്വന്തം ആഗ്രഹപ്രകാരം മരണത്തിനു് തൊട്ടടുത്തയിടെ ജയ്പൂരിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുവന്നു. അന്നുമുതൽ ജയ്പൂരിലെ സന്തോക് ബദുർലഭ് മെമ്മോറിയൽ ആശുപത്രിയിൽ ഐ.സി.യുവിൽ കഴിയുകയായിരുന്നു. മരണത്തിനു് ഏതാനും ദിവസംമുമ്പു് ആശുപത്രി വിട്ടെങ്കിലും. ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് മരണത്തിനു് തലേന്നു് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവസാനം വരെ തികഞ്ഞ രാജകീയ ജീവിതം നയിച്ച ഈ മഹാറാണിയുടെ വ്യക്തിപ്രാഭവം അവസാനം വരെ നിലനിന്നു. ഇന്ത്യൻ രാജവംശങ്ങളുടെ അവസാനത്തെ മഹാറാണിമാരിലൊരാളായിരുന്ന അവർ രാജമാതാവായി നാടുനീങ്ങി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗായത്രീദേവി&oldid=3202778" എന്ന താളിൽനിന്ന് ശേഖരിച്ചത്