കൽപ്പന ദത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൽപ്പന ദത്ത
কল্পনা দত্ত
Kalpana Dutt.png
കൽപ്പന ദത്ത
വ്യക്തിഗത വിവരണം
ജനനം27 ജൂലൈ 1913
ശ്രിപുർ, ചിറ്റഗോംഗ്, ബംഗാൾ, ഇന്നത്തെ ബംഗ്ലാദേശ്
മരണം8 ഫെബ്രുവരി 1995(1995-02-08) (പ്രായം 81)
കൽകട്ട now കൊൽക്കത്ത , പശ്ചിമ ബംഗാൾ, ഇന്ത്യ
ദേശീയത ഇന്ത്യ
രാഷ്ട്രീയ പാർട്ടിഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി, ചിറ്റഗോംഗ് ശാഖ
1940 മുതൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
തൊഴിൽഇന്ത്യൻ സ്വാതന്ത്ര്യ സമരം, വിപ്ലവകാരി

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്നു കൽപ്പന ദത്ത(കൽപ്പന ജോഷി)(27 ജൂലൈ 1913 – 8 ഫെബ്രുവരി 1995). 1930-ൽ സൂര്യ സെന്നിന്റെ നേതൃത്വത്തിൽ നടന്ന സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്തിരുന്നു[1]. പിന്നീട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ ചിറ്റഗോങ് ജില്ലയിൽ, ശ്രീപുരിൽ ജനിച്ചു. 1929-ൽ മെട്രിക്കുലേഷൻ പരീക്ഷ പാസ്സായ ശേഷം കൊൽക്കത്തയിലെ ബേതൂൺ കോളേജിൽ ബിരുദവിദ്യാർത്ഥിനിയായി. വൈകാതെ അവർ “ഛാത്രി സംഘ” എന്ന വിദ്യാർത്ഥി സംഘടനയിൽ അംഗമായി[2]

സായുധ പ്രതിരോധ പ്രസ്ഥാനം[തിരുത്തുക]

1930 ഏപ്രിൽ 18-നായിരുന്നു ചിറ്റഗോങ് ആയുധപ്പുര ആക്രമണം. 1931 മേയ് മാസത്തിൽ കൽപ്പന സൂര്യ സെൻ നേതൃത്വം നൽകിയ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയിൽ അംഗമായി. അതേ വർഷം സെപ്റ്റംബറിൽ ചിറ്റഗോങിലെ യൂറോപ്യൻ ക്ലബ്ബ് ആക്രമിക്കുക എന്ന ദൗത്യം കൽപ്പന, പ്രീതിലത വാദേദാർ എന്നിവരെ ഏൽപ്പിച്ചു. എന്നാൽ ഇതിന്റെ മുന്നൊരുക്കത്തിനായി പരിസരനിരീക്ഷണം നടത്തവേ കൽപ്പന അറസ്റ്റ് ചെയ്യപ്പെട്ടു. ജാമ്യത്തിൽ പുറത്തിറങ്ങി ശേഷം ഒളിവിൽ പോയി. 1933 ഫെബ്രുവരി 17-ന് പോലീസ് ഇവരുടെ ഒളിത്താവളം വളഞ്ഞ് സൂര്യ സെന്നിനെ അറസ്റ്റ് ചെയ്തുവെങ്കിലും കൽപ്പന രക്ഷപെട്ടു. 1933 മേയ് 19-ന് വീണ്ടും അറസ്റ്റിലായി.

വിചാരണ, നാടുകടത്തൽ[തിരുത്തുക]

ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിന്റെ വിചാരണയെത്തുടർന്ന് കൽപ്പനയെ ജീവപര്യന്തം നാടുകടത്തുവാൻ വിധിയുണ്ടായി. 1939-ൽ മോചിതയായ അവർ 1940-ൽ കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന കൽപ്പന ചിറ്റഗോങിൽ നിന്ന് ബംഗാൾ നിയമസഭയിലേക്ക് മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു.

1995 ഫെബ്രുവരി 8-ന് കൊൽക്കത്തയിൽ നിര്യാതയായി.

കുടുംബം[തിരുത്തുക]

1943-ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന പുരൺ ചന്ദ് ജോഷിയെ വിവാഹം കഴിച്ചു[3]. ഇവർക്ക് ചന്ദ്, സൂരജ് എന്നീ രണ്ട് മക്കളാണ്. ചന്ദ് ജോഷി അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. ഇദ്ദേഹത്തിന്റെ ഭാര്യ മാനിനി ചാറ്റർജി ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തെക്കുറിച്ച് ഡു ആന്റ് ഡൈ: ദി ചിറ്റഗോങ് അപ്റൈസിങ്ങ് എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്[4].

അഭ്രപാളിയിൽ[തിരുത്തുക]

2010-ൽ ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തെ ആസ്പദമാക്കി നിർമ്മിച്ച '"ഖേലെ ഹം ജീ ജാൻ സെ" എന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, 2012 ഒക്റ്റോബർ 12-ന് പുറത്തിറങ്ങിയ "ചിറ്റഗോങ്ങ്" എന്ന ചിത്രത്തിൽ ദേവിന സേത്ത് എന്നിവർ കൽപ്പന ദത്തയുടെ വേഷമഭിനയിച്ചു.

അവലംബം[തിരുത്തുക]

  1. Chandra, Bipan and others (1998). India's Struggle for Independence, New Delhi: Penguin Books, ISBN 0-14-010781-9, p.253
  2. Jain, Simmi (2003). Encyclopaedia of Indian Women through the Ages. Vol.3. Delhi: Kalpaz Publications. p. 106. ISBN 81-7835-174-9. |volume= has extra text (help)
  3. "Kalpana Joshi, 81; Struggled for India". The New York Times. 26 February 1995. ശേഖരിച്ചത് 19 May 2010.
  4. "This above All". The Tribune. 5 February 2000. ശേഖരിച്ചത് 19 May 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൽപ്പന_ദത്ത&oldid=3401077" എന്ന താളിൽനിന്ന് ശേഖരിച്ചത്