Jump to content

പ്രീതിലത വാദേദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രീതിലത വാദേദാർ
প্রীতিলতা ওয়াদ্দেদার
ജനനം(1911-05-05)5 മേയ് 1911
മരണം23 സെപ്റ്റംബർ 1932(1932-09-23) (പ്രായം 21)
മരണ കാരണംആത്മഹത്യ
മറ്റ് പേരുകൾറാണി (വിളിപ്പേര്)
കലാലയംബേതൂൺ കോളേജ്
തൊഴിൽസ്കൂൾ അധ്യാപിക, വിപ്ലവകാരി
അറിയപ്പെടുന്നത്പഹർതലി യൂറോപ്യൻ ക്ലബ്ബ് ആക്രമണം (1932)
മാതാപിതാക്ക(ൾ)
 • ജഗബൊന്ധു വാദേദാർ (പിതാവ്)
 • പ്രൊതിഭ ദേവി (മാതാവ്)
ബന്ധുക്കൾമധുസൂദൻ (സഹോദരൻ)
കനകലത (സഹോദരി)
ശാന്തിലത (സഹോദരി)
ആശാലത (സഹോദരി)
സന്തോഷ് (സഹോദരൻ)

ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ഒരു ഇന്ത്യൻ വിപ്ലവകാരിയായിരുന്നു പ്രീതിലത വാദേദാർ (5 മേയ് 1911 – 23 സെപ്റ്റംബർ 1932).[1][2][3] പഠനത്തിൽ മിടുക്കിയായിരുന്ന പ്രീതിലത, തത്ത്വശാസ്ത്രത്തിൽ വളരെ ഉയർന്ന മാർക്കോടുകൂടി ബിരുദം കരസ്ഥമാക്കി.

പ്രീതിലത കുറച്ചുനാളത്തെ അധ്യാപകവൃത്തിക്ക് ശേഷം സൂര്യസെന്നിന്റെ നേതൃത്വത്തിൽ സായുധവിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്തു. "പട്ടികൾക്കും ഇന്ത്യാകാർക്കും പ്രവേശനമില്ല" എന്ന ബോർഡ് വച്ച ചിറ്റഗോങ്ങിലെ പഹർതലി യൂറോപ്യൻ ക്ലബ്ബ് അഗ്നിക്കിരയാക്കിയ വിപ്ലവകാരികളുടെ 15 അംഗസംഘത്തെ നയിച്ചത് പ്രീതിലതയാണ്.[4][5][6] അറസ്റ്റിലാകും എന്ന് ഉറപ്പായ ഘട്ടത്തിൽ പ്രീതിലത പൊട്ടാസ്യം സയനൈഡ് കഴിച്ച് ജീവനൊടുക്കി.[7]

ആദ്യകാല ജീവിതം

[തിരുത്തുക]

1911 മേയ് അഞ്ചിന് ഒരു വൈദ്യ-ബ്രാഹ്മീണ കുടുംബത്തിലാണ് പ്രീതിലത ജനിച്ചത്. ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോങിലെ ദൽഘട്ട് ഗ്രാമത്തിലായിരുന്നു പ്രീതിലതയുടെ കുടുംബം താമസിച്ചിരുന്നത്. ജഗബന്ധു വാദേദാറും, പ്രതിഭാമയീ ദേവിയുമായിരുന്നു മാതാപിതാക്കൾ. ചിറ്റഗോങ് മുനിസിപ്പാലിറ്റിയിലെ ഒരു ഗുമസ്തനായിരുന്നു പിതാവ് ജഗബന്ധു. പ്രതിഭാമയി ഒരു സാധാരണ വീട്ടമ്മയായിരുന്നു. ആറു മക്കളുണ്ടായിരുന്നു ഈ ദമ്പതികൾക്ക്.

തന്റെ മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ നൽകാൻ ജഗബന്ധു ശ്രദ്ധിച്ചിരുന്നു. [8] ഡോക്ടർ.കസ്താഗിർ ഗവൺമെന്റ് സ്കൂളിലായിരുന്നു പിതാവ്, പ്രീതിലതയെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തത്. കുട്ടികളിൽ ദേശസ്നേഹം വളർത്താനായി അദ്ധ്യാപികമാർ ഝാൻസി റാണിയുടെ ജീവിത കഥ ക്ലാസ്സിൽ പറയുമായിരുന്നു. ഇത് കുട്ടികളെ വളരെയധികം സ്വാധീനിച്ചിരുന്നു. കലയും, സാഹിത്യവുമായിരുന്നു പ്രീതിലതയുടെ ഇഷ്ട വിഷയങ്ങൾ.

1928 ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രീതിലത, ഉന്നത പഠനത്തിനായി ധാക്കയിലുള്ള ഏദൻ കോളേജിൽ ചേർന്നു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയിരുന്ന പ്രീതിലത, സാമൂഹ്യപ്രവർത്തനത്തിലും ഒട്ടും പിന്നിലായിരുന്നില്ല. കൽക്കട്ട ബെതൂൺ കോളേജിൽ നിന്നും പ്രീതിലത, ഉയർന്ന മാർക്കോടുകൂടി തത്ത്വശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി.[9] എന്നാൽ പ്രീതിലതയുടേയും, ബിന ദാസിന്റേയും സർട്ടിഫിക്കറ്റുകൾ ബ്രിട്ടീഷ് സർക്കാർ തടഞ്ഞുവെച്ചു.

വിദ്യാഭ്യാസം പൂർത്തീകരിച്ച പ്രീതിലത ചിറ്റഗോങിലേക്കു തിരിച്ചുപോവുകയും, അടുത്തുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയായി ജോലിക്കു ചേരുകയും ചെയ്തു. സ്കൂളിലെ ആദ്യത്തെ പ്രധാനാദ്ധ്യാപിക പ്രീതിലത ആയിരുന്നു. [10]

വിപ്ലവകാരി

[തിരുത്തുക]

ഇന്ത്യയിലെ യുവജനങ്ങൾ ദേശീയപ്രസ്ഥാനത്തിലേക്കാകർഷിക്കപ്പെട്ടു തുടങ്ങുന്ന സമയമായിരുന്നു അത്, പ്രീതിലതയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ ഭാഗഭാക്കാവാൻ തീരുമാനിച്ചു. സൂര്യ സെൻ പ്രീതിലതയെക്കുറിച്ചു കേൾക്കുകയും, അവരെ തന്റെ പ്രസ്ഥാനത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. 1932 ജൂൺ 13 ന് പ്രീതിലത സൂര്യ സെന്നിനേയും, നിർമ്മൽ സെന്നിനേയും അവരുടെ ദൽഘട്ട് ക്യാംപിൽ ചെന്നു കണ്ടു സന്ദർശിച്ചു. സ്ത്രീകളെ സംഘടനയിൽ ഉൾപ്പെടുത്തുന്നത് ചില അംഗങ്ങൾ എതിർത്തുവെങ്കിലും, പ്രീതിലതയെ സംഘടനയിൽ ചേർക്കുകയായിരുന്നു. പുരുഷന്മാരേക്കാൾഎളുപ്പത്തിൽ സ്ത്രീകൾക്ക് ആയുധങ്ങൾ കടത്താൻ കഴിയും എന്നതായിരുന്നു അവർ കണ്ടെത്തിയ കാരണം.[11]

ചിറ്റഗോങ് ഐ.ജി. ആയിരുന്ന ക്രെയിഗിന്റെ വധിക്കാൻ സൂര്യ സെന്നും കൂട്ടാളികളും തീരുമാനമെടുത്തു. രാമകൃഷ്ണ ബിശ്വാസും, കാളിപാദ ചക്രവർത്തിയുമാണ് ഈ ജോലിക്കുവേണ്ടി നിയോഗിക്കപ്പെട്ടത്. എന്നാൽ ഇവർ ആളുമാറി ചാന്ദ്പൂർ എസ്.പി.യെയാണ് വധിച്ചത്. 1931 ഡിസംബർ രണ്ടിന് രാമകൃഷ്ണ ബിശ്വാസിനേയും, കാളിപാദ ചക്രവർത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി വിചാരണക്കുശേഷം, രാമകൃഷ്ണ ബിശ്വാസിനെ തൂക്കിക്കൊല്ലാനും, കാളിപാദ ചക്രവർത്തിയെ സെല്ലുലാർ ജയിലിലേക്ക് അയക്കാനും വിധിയായി.[12] കൽക്കട്ടയിലെ ആലിപോർ ജയിലിലായിരുന്ന രാമകൃഷ്ണയെ പ്രീതിലതാ സന്ദർശിക്കുമായിരുന്നു.

പഹർത്തലി യൂറോപ്യൻ ക്ലബ് ആക്രമണം (1932)

[തിരുത്തുക]

പട്ടികൾക്കും, ഇന്ത്യാക്കാർക്കും പ്രവേശനമില്ല എന്ന അവഹേളനാപരമായ ബോർഡു തൂക്കിയ പഹർത്തലിയിലുള്ള ബ്രിട്ടീഷുകാരുടെ ക്ലബ് ആക്രമിക്കാൻ സൂര്യ സെൻ പദ്ധതി തയ്യാറാക്കി. സംഘടനയിലുള്ള ഒരു വനിതയെ ഈ ജോലിയുടെ നേതൃത്വം ഏൽപ്പിക്കാനാണ് സൂര്യ സെൻ തീരുമാനിച്ചത്. കൽപ്പന ദത്ത ഏതാനും ദിവസങ്ങൾക്കു മുമ്പ് അറസ്റ്റിലായിരുന്നു. അങ്ങനെ ഈ ജോലിയുടെ ഉത്തരവാദിത്തം പ്രീതിലതയുടെ ചുമലിലായി. പ്രീതിലത കോട്ടോവാലി തീരപ്രദേശത്തുള്ള രഹസ്യകേന്ദ്രത്തിൽ വെച്ച് ആയുധ പരിശീലനം പൂർത്തിയാക്കുകയും, ആക്രമണ പദ്ധതി തയ്യാറാക്കുകയും ചെയ്തു.

1932 സെപ്റ്റംബർ 23 ന് ക്ലബ് ആക്രമിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി, പിടിക്കപ്പെട്ടാൽ രഹസ്യങ്ങൾ ചോരുന്നതിനു മുമ്പ് ജീവനൊടുക്കാൻ എല്ലാ സംഘാംഗങ്ങൾക്കും പൊട്ടാസ്സ്യം സയനൈഡ് നൽകിയിരുന്നു. സംഭവദിവസം ഒരു പഞ്ചാബി പുരുഷനെപോലെ പ്രീതിലത വസ്ത്രം ധരിച്ചു. കാളീശങ്കർ ഡേ, ബീരേശ്വർ റോയ്, പ്രഫുല്ല ദാസ്, ശാന്തി ചക്രവർത്തി, മഹേന്ദ്ര ചൗധരി, സുശീൽ ദേ, പന്നാ സെൻ എന്നിവരായിരുന്നു മറ്റു സംഘാംഗങ്ങൾ.

രാത്രി 10:45 ഓടുകൂടി അവർ ക്ലബ് ആക്രമിച്ചു. ഏതാണ്ട് നാൽപ്പതോളം അംഗങ്ങൾ അപ്പോൾ ക്ലബിൽ ഉണ്ടായിരുന്നു. വിപ്ലവകാരികൾ മൂന്നു ഗ്രൂപ്പായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. ക്ലബിലുണ്ടായിരുന്ന ചില പോലീസുദ്യോഗസ്ഥർ വിപ്ലവകാരികൾക്കെതിരേ വെടിയുതിർത്തു. ആക്രമണത്തിൽ പ്രീതിലതക്ക് വെടിയേറ്റു. സള്ളിവൻ എന്നു പേരുള്ള സ്ത്രീ മരണമടയുകയും, നാലു ബ്രിട്ടീഷുകാർക്ക് പരുക്കേൽക്കുയും ചെയ്തു.

പ്രീതിലത ആത്മഹത്യ ചെയ്ത സ്ഥലം

വെടിയേറ്റ പ്രീതിലതയുടെ ഒളിത്താവളം ബ്രിട്ടീഷുകാർ വളഞ്ഞു. അറസ്റ്റ് ഒഴിവാക്കാനായി, പ്രീതിലത, കയ്യിലുള്ള പൊട്ടാസ്സ്യം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.[13] ചില ലഘുലേഖകളും, രാമകൃഷ്ണ ബിശ്വാസിന്റെ ഒരു ചിത്രവും, ആക്രമണത്തിന്റെ പദ്ധതിയും പ്രീതിലതയുടെ മൃതദേഹത്തിൽ നിന്നും ബ്രിട്ടീഷുകാർക്കു ലഭിച്ചു. വെടിയുണ്ടയേറ്റ മുറിവ് സാരമുള്ളതായിരുന്നില്ലെന്നും, മരണ കാരണം സയനൈഡാണെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.

ബംഗാൾ ചീഫ് സെക്രട്ടറി ലണ്ടനിലേക്കയച്ച റിപ്പോർട്ടിൽ പ്രീതിലതയെ നിർമ്മൽ സെന്നിന്റെ ഭാര്യയായി രേഖപ്പെടുത്തിയിരിക്കുന്നു.[14]

സ്വാധീനം

[തിരുത്തുക]

ബംഗാളി എഴുത്തുകാരിയായ സെലീന ഹുസ്സൈൻ പ്രീതിലതയെ ഒരു ആദർശ വനിതയായാണ് എടുത്തു കാണിക്കുന്നത്.[15] പ്രീതിലതയുടെ ഓർമ്മക്കായി ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രീതിലതയുടെ ജന്മദിനം ബംഗ്ലാദേശിലും, ഇന്ത്യയിലും ആഘോഷിക്കുന്നു. വനിതകളുടെ ഒരു ദീപസ്തംഭമായി അവർ പ്രീതിലതയെ ചൂണ്ടിക്കാണിക്കുന്നു.[16]

അവലംബം

[തിരുത്തുക]
 1. "പ്രീതിലതാസ് 100 ബർത്ത്ഡേ ടുഡേ". ദ ഡെയിലി സ്റ്റാർ. 2011-05-11. Archived from the original on 2015-01-12. Retrieved 2012-12-18.{{cite news}}: CS1 maint: bot: original URL status unknown (link)
 2. "പ്രീതിലത വാദേദാർ(1911-1932)". ന്യൂസ് ടുഡേ. Archived from the original on 2015-01-12. Retrieved 2012-12-18.{{cite news}}: CS1 maint: bot: original URL status unknown (link)
 3. "ആഫ്ടർ 80 ഇയേഴ്സ്, പോസ്തുമസ് ഡിഗ്രീസ് ഫോർ റെവല്യൂഷണറീസ്". ദ ടൈംസ് ഓഫ് ഇന്ത്യ. 2012-03-22. Archived from the original on 2015-01-12. Retrieved 2012-12-18.{{cite news}}: CS1 maint: bot: original URL status unknown (link)
 4. ജെറാൾ‍ഡൈൻ ഫോബ്സ് (1999-04-28). വുമൺ ഇൻ മോഡേൺ ഇന്ത്യ. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ്. p. 140. ISBN 978-0-521-65377-0. Retrieved 2012-12-18.
 5. "റിമംബറിങ് ദ ലെജൻഡറി ഹീറോസ് ഓഫ് ചിറ്റഗോങ്". നാഷണൽ ഇൻഫോമാറ്റിക്ക് സെന്റർ. Archived from the original on 2015-01-12. Retrieved 2013-01-06.{{cite web}}: CS1 maint: bot: original URL status unknown (link)
 6. "ഇന്ത്യൻ ഇൻഡിപ്പെൻഡൻസ്" (PDF). Archived from the original (PDF) on 2012-11-19. Retrieved 2013-01-05.
 7. ക്രെയിഗ് എ ലൊക്കാദ് (2010-01-01). സൊസൈറ്റീസ്, നെറ്റ്വർക്ക്സ് , ആന്റ് ട്രാൻസിഷൻസ്: എ ഗ്ലോബൽ ഹിസ്റ്ററി : സിൻസ് 1750. സെൻഗേജ് ലേണിങ്. pp. 699–. ISBN 978-1-4390-8534-9. Retrieved 2012-12-18.
 8. "ദ ഫയർ ബ്രാൻഡ് വുമൺ ഓഫ് ഇന്ത്യൻ ഫ്രീഡം സ്ട്രഗ്ഗിൾ". ടുവേഡ്സ് ഫ്രീഡം. Archived from the original on 2015-01-12. Retrieved 2015-01-12.{{cite news}}: CS1 maint: bot: original URL status unknown (link)
 9. "പ്രീതിലത വാദേദാർ". ബംഗ്ലാപീഡിയ. Archived from the original on 2015-01-12. Retrieved 2015-01-12.{{cite web}}: CS1 maint: bot: original URL status unknown (link)
 10. "ചിറ്റഗോങ് സിറ്റി കോർപ്പറേഷൻ പ്ലാൻസ് ടു ഹൗസ് ടു ഗേൾസ് ഹൈസ്കൂൾസ് ഇൻ കോമേഴ്സ്യൽ കോംപ്ലക്സ്". ദ ഡെയിലി സ്റ്റാർ. 2009-01-31. Retrieved 2015-01-12.
 11. "പ്രീതിലതാസ് 103 ബർത്ത് ആനിവേഴ്സറി ടു ബീ ഒബ്സർവ്‍‍ഡ് ടുമാറോ". ബി.എസ്.എസ്.ന്യൂസ്. Archived from the original on 2015-01-13. Retrieved 2015-01-13.{{cite news}}: CS1 maint: bot: original URL status unknown (link)
 12. രേവ, ചാറ്റർജി (2000). നേതാജി സുഭാസ് ബോസ്. ഓഷ്യൻ ബുക്സ്. p. 2. ISBN 978-8187100270.
 13. നിഷ.കെ, സെൻഗുപ്ത. ദ ലാൻഡ് ഓഫ് ടു റിവേഴ്സ് എ ഹിസ്റ്ററി ഓഫ് ബംഗാൾ ഫ്രം മഹാഭാരത ടു മുജീബ്. പെൻഗ്വിൻ ബുക്സ്. p. 360. ISBN 978-0143416784. Retrieved 2015-01-13.
 14. "ഫോർട്ട്നൈറ്റ്ലി റിപ്പോർട്ട് ഓൺ ബംഗാൾ, ഫോർ ദ സെക്കൻഡ് ഹാഫ് ഓഫ് സെപ്റ്റംബർ1932 , ഗവൺമെന്റ് ഓഫ് ഇന്ത്യ പോൾ നംബർ. 18/1932". 1932. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
 15. "കോൺട്രിബ്യൂഷൻ ഓഫ് പ്രീതിലതാ ഈസ് റീകോൾഡ്". ദ ഡെയിലിസ്റ്റാർ. 2011-06-01. Archived from the original on 2015-01-13. Retrieved 2015-01-13.{{cite web}}: CS1 maint: bot: original URL status unknown (link)
 16. "എ ബീക്കൺ ഓഫ് ലൈറ്റ് ഫോർ വുമൺ". ദ ഡെയിലി സ്റ്റാർ. 2012-09-26. Archived from the original on 2015-01-13. Retrieved 2015-01-13.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പ്രീതിലത_വാദേദാർ&oldid=3802919" എന്ന താളിൽനിന്ന് ശേഖരിച്ചത്