ക്യു പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യു പനി
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

കോക്സിയെല്ല ബർനെറ്റി[1] എന്ന ബാക്ടീരിയം മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാക്കുന്ന രോഗമാണ് ക്യു പനി. കാലികളിലും വളർത്തുമൃഗങ്ങളായ പൂച്ചകളിലും പട്ടികളിലും ഈ അസുഖം കാണപ്പെട്ടുവരുന്നുണ്ട്. ബാക്ടീരിയയുടെ ബീജകോശം ശ്വസിക്കുന്നതിലൂടെയാണ് ഈ അസുഖം പിടിപെടുന്നത്. കൂടാതെ, രോഗമുള്ള മൃഗങ്ങളുടെ മൂത്രം, മലം, ശുക്ലം എന്നിവയുമായി സമ്പർക്കം ഉണ്ടാവുന്നതിലൂടെയും അസുഖം പിടിപെടുന്നു. ശരീരത്തിൽ പ്രവേശിച്ച ശേഷം 9 മുതൽ 90 വരെ ദിവസങ്ങളിൽ ബാക്ടീരിയം നിർജ്ജീവാവസ്ഥയിലായിരിക്കും. കോക്സിയെല്ല പൂർണ്ണ അന്തർകോശ ജീവിയാണ്.

ചരിത്രം[തിരുത്തുക]

Image A: A normal chest X-ray Image B: Q fever pneumonia

എഡ്വാർഡ് ഹോൾബ്രൂക് ഡെറിക്ക്[2] എന്ന ഓസ്ട്രേലിയൻ ശാസ്ത്രജ്ഞനാണ് ക്യു പനിയെ ആദ്യമായി വിവരിച്ചത്. ക്യു എന്നത് ഇംഗ്ലിഷ് ഭാഷയിലെ 'ക്വറി' എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ക്വറി എന്നാൽ ചോദ്യം എന്നാണർത്ഥം. രോഗത്തിനു കാരണകാരിയായ ജീവിയെ കണ്ടുപിടിക്കാനാവാതിരുന്നതുകൊണ്ടാണ് രോഗത്തിന് ഈ പേര് നൽകിയത്. ക്വീൻസ്ലാന്റ് പനി എന്ന് ഈ രോഗത്തെ നാമകരണം ചെയ്യാൻ ശ്രമമുണ്ടായെങ്കിലും, അത് ഓസ്ട്രേലിയയിലെ കാലിവിപണനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് കണ്ട് ക്വറി പനി എന്ന് നാമകരണം ചെയ്യുകയായിരുന്നു.[3] ഫ്രാങ്ക് ബർണെറ്റ്, മെവിസ് ഫ്രീമാൻ എന്നീ ശാസ്ത്രജ്ഞരാണ് ഡോ. ഡെറിക്കിന്റെ രോഗികളിൽ നിന്നും ഈ ബാക്ടീരിയയെ ആദ്യമായി വേർതിരിച്ചത്.[4] ഇത് റിക്കറ്റ്സിയ ജനുസ്സിൽ പെട്ട ബാക്ടീരിയ ആണെന്നായിരുന്നു ആദ്യകാലങ്ങളിൽ കരുതിപ്പോന്നിരുന്നത്. എന്നാൽ പിന്നീട് റിക്കറ്റ്സിയ,ഫ്രാൻസിസെല്ല, ലീജിയൊണെല്ല എന്നീ ബാക്ടീരിയകളുമായി സാമ്യം പുലർത്തുന്ന മറ്റൊരു ജനുസ്സാണ് ഇവയെന്ന് കണ്ടെത്തി. മേൽപ്പറഞ്ഞ ബാക്ടീരിയകളെപ്പോലെ ഇതും ഒരു പ്രോട്ടോബാക്ടീരിയയാണ്.

രോഗലക്ഷണങ്ങൾ[തിരുത്തുക]

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നോ-നാലോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ക്ഷീണം, പേശിവേദന, തലവേദന, സന്ധിവേദന, അമിത വിയർപ്പ്, വിശപ്പില്ലായ്മ, കഫമില്ലാത്ത ചുമ, നെഞ്ചുവേദന, വയറിളക്കം എന്നിവ രോഗലക്ഷണങ്ങളാണ്. പനി ഏകദേശം 14 ദിവസങ്ങളോളം നീണ്ടുനിൽക്കും. രോഗബാധിതരിൽ പകുതി പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടാവുകയില്ല.[5]അസുഖം മൂർച്ഛിച്ച് അപ്രാരൂപിക ന്യുമോണിയയായോ, അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രോം ആയോ മാറിയേക്കാം. അപൂർവ്വമായി കരൾവീക്കവും, എന്റോകാർഡൈറ്റിസും[6] ക്യു പനി മൂലം ഉണ്ടാവാറുണ്ട്. ക്യു പനി ബാധിച്ച മൃഗങ്ങളിൽ ന്യുമോണിയയും, പനിയും, വിശപ്പില്ലായ്മയും കാണപ്പെടുന്നു.

രോഗനിർണ്ണയം[തിരുത്തുക]

രോഗനിർണ്ണയം നടത്തുന്നത് രക്തപരിശോധനയിലൂടെയാണ്. ബാക്ടീരിയയ്ക്കെതിരായ ആന്റിബോഡികളുടെ സാന്നിധ്യമുണ്ടെങ്കിൽ രോഗം സ്ഥിതീകരിക്കാം. ബാക്ടീരിയൽ ഡി.എൻ.എ യുടെ തന്മാത്രകൾ കണ്ടുപിടിച്ചാൽ രോഗം ഉറപ്പിക്കാം. കൾച്ചർ ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട് സാധാരണഗതിയിൽ ചെയ്യാറില്ല.

ചികിത്സ[തിരുത്തുക]

ഡൊക്സിസൈക്ലിൻ, ടെട്രാസൈക്ലിൻ, ക്ലോറാമ്പെനിക്കോൾ, സിപ്രോഫ്ലോക്സാസിൻ, ഓഫ്ലോക്സാസിൻ എന്നീ മരുന്നുകൾ ഫലം ചെയ്യും. ഗർഭിണികളായ യുവതികളിൽ കോട്രിമോക്സസോൾ ആണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Beare PA, Samuel JE, Howe D, Virtaneva K, Porcella SF, Heinzen RA (2006). "Genetic diversity of the Q fever agent, Coxiella burnetii, assessed by microarray-based whole-genome comparisons". J. Bacteriol. 188 (7): 2309–24. doi:10.1128/JB.188.7.2309-2324.2006. PMC 1428397. PMID 16547017. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  2. Derrick EH. Q" fever a new fever entity: clinical features. diagnosis, and laboratory investigation. Med J Aust. 1937;11:281-299.
  3. Joseph E. McDade (1990). "Historical Aspects of Q Fever". In Thomas J. Marrie (ed.). Q Fever, Volume I: The Disease. CRC Press. p. 8. ISBN 0-8493-5984-8.
  4. Burnet FM, Freeman M. Experimental studies on the virus of “Q” fever. Med J Aust 1937; 2: 299-305.
  5. Anderson, Alicia & McQuiston, Jennifer (2011). "Q Fever". CDC Health Information for International Travel: The Yellow Book. Oxford University Press. p. 270. ISBN 978-0-19-976901-8. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)CS1 maint: multiple names: authors list (link)
  6. Karakousis PC, Trucksis M, Dumler JS (2006). "Chronic Q fever in the United States". J. Clin. Microbiol. 44 (6): 2283–7. doi:10.1128/JCM.02365-05. PMC 1489455. PMID 16757641. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ക്യു_പനി&oldid=3778717" എന്ന താളിൽനിന്ന് ശേഖരിച്ചത്