കൊന്നാര സയ്യിദ് മുഹമ്മദ് കോയ തങ്ങൾ
1921 മലബാർ കലാപത്തിൻറെ മുൻനിരയിൽ ഉണ്ടായിരുന്ന കൊന്നാര തങ്ങന്മാർ എന്നറിയപ്പെട്ട വിപ്ലവ നേതാക്കളിലെ പ്രധാനിയായിരുന്നു എന്ന് വിളിക്കപ്പെട്ടിരുന്ന സയ്യിദ് മുഹമ്മദ് കോയ കൊന്നാര തങ്ങൾ. [1] ബ്രിട്ടീഷ് വിരുദ്ധ പോരാളി ,മത പണ്ഡിതൻ , സൂഫി വര്യൻ, ഖിലാഫത്ത് നേതാവ് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു ഇദ്ദേഹം. ബ്രിട്ടീഷ് വിരുദ്ധ സമര രംഗത്ത് നിറസാന്നിധ്യമായ ഇദ്ദേഹത്തെ 1922 ആഗസ്ററ് മാസം ബ്രിട്ടീഷ് പട്ടാളം പിടികൂടി വധ ശിക്ഷയ്ക്ക് വിധേയമാക്കി. [2]
ജീവിത രേഖ
[തിരുത്തുക]എഡി 1521-ൽ ബുഖാറയിൽ നിന്നും കോലത്ത് നാട് രാജ്യത്തിലേക്ക് എത്തിച്ചേർന്ന സൂഫി യതി സയ്യിദ് ജലാലുദ്ദീൻ അല്ബുഖാരി യുടെ പിൻതലമുറയിലാണ് മുഹമ്മദ് കോയയുടെ ജനനം. ഈ പരമ്പരയിലെ സയ്യിദ് മുഹമ്മദ് ബുഖാരി കൊന്നാര ഗ്രാമത്തിൽ ആവാസമുറപ്പിച്ചതോടെ പിൽകാലത്ത് കൊന്നാര തങ്ങമ്മാർ എന്ന പേരിൽ ഈ കുടുംബം പ്രശസ്തമായി. കൊന്നാര കുടുംബത്തിലെ സയ്യിദ് അബൂബക്കറിൻറെ മകനായാണ് മുഹമ്മദ് കോയ തങ്ങളുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളിൽ നിന്നാർജ്ജിച്ചു വിവിധ ദർസുകളിൽ (പള്ളിയിൽ നടത്തുന്ന മത വിദ്യാഭ്യാസ പ്രക്രിയ) നിന്നായി മതകീയ അറിവുകളിൽ പരിജ്ഞാനം നേടി. തരീഖത്തുകളിലൂടെ സൂഫിസത്തിലും അവഗാഹം നേടി. [3]
സയ്യിദ് മുഹമ്മദ് ബുഖാരി കൊന്നാര, സയ്യിദ് അഹ്മദ് ബുഖാരി കൊന്നാര എന്നിവരുൾപ്പെടുന്ന ഇദ്ദേഹത്തിൻറെ പിതാമഹന്മാർ അദ്ധ്യാത്മ രംഗത്ത് പ്രശോഭിച്ചവരായിരുന്നു. കൊന്നാരയും പരിസര പ്രദേശങ്ങളും മത മേധാവിത്വത്തിലേക്ക് പരിവർത്തിപ്പിച്ചെടുക്കാൻ ഇവർ നിദാനമായിരുന്നു.[4] വിയോഗാനന്തരം ഇവരുടെ സ്മൃതി കുടീരങ്ങൾ അക്കാലത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു. ഈയൊരു അവസ്ഥാവിശേഷം പ്രദേശത്തെ ആത്മീയ നേതൃത്വം കൈയാളുന്നതിലേക്ക് കൊന്നാര തങ്ങന്മാരെ കൈപിടിച്ചുയർത്തി. കൊന്നാര മുഹമ്മദ് കോയ തങ്ങളുടെ പിതാമഹൻ സയ്യിദ് അഹ്മദ് ബുഖാരി ബ്രിട്ടീഷ് വിരുദ്ധ സമര നായകനായിരുന്നു. കുടുംബത്തിൻറെ പൂർവ്വ നിലപാടുകൾ കൊന്നാര സയ്യിദ് മുഹമ്മദ് കോയയെയും സ്വാധീനിച്ചു. ജന്മിമാരുടെ പീഡനങ്ങൾക്കിരയാകുന്ന കുടിയൻമാർക്ക് ആശ്വാസമേകി കൊണ്ടായിരുന്നു കൊന്നാര സയ്യിദ് മുഹമ്മദ് കോയയുടെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. ആദ്യ കാലത്ത് കുടിയാന്മാരുൾപ്പെടെയുള്ള അഗതികൾക്ക് സാന്ത്വനം ഏകിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നരെങ്കിലും കൊന്നാര തങ്ങന്മാരിലെ പ്രധാനിയായി മാറിയതോടെ കുടിയാന്മാരുടേതുൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടാൻ തുടങ്ങി. ജന്മിമാരുടെ ചൂഷണങ്ങളും ബ്രിട്ടീഷ് രാജിൻറെ അതിക്രമങ്ങളും അദ്ദേഹത്തെ വ്യാകുലപ്പെടുത്തി.
കൊന്നാര മഖാമിലെ സന്ദർശകനായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ള സമര സേനാനികളിലൂടെയാണ് നിസ്സഹകരണ പ്രസ്ഥാനത്തെയും , കുടിയാൻ സംഘത്തെയും പറ്റി മുഹമ്മദ് കോയ തങ്ങൾ മനസ്സിലാക്കുന്നത്. പിന്നീട് ഖിലാഫത്ത് പ്രവർത്തനങ്ങളിലേക്ക് ഹാജിയും ആലി മുസ്ലിയാരും തല്പരരായപ്പോൾ മുഹമ്മദ് കോയ തങ്ങളെയും ഇത് സ്വാധീനിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന് വാഴക്കാടും പരിസരങ്ങളിലും അകമഴിഞ്ഞ പിന്തുണ നൽകാൻ ആദ്ദേഹം മടികാട്ടിയില്ല. 1920 ആഗസ്റ്റ് 18 ന് കോഴിക്കോട് കടപ്പുറത്ത് മഹാത്മാ ഗാന്ധിയുടെയും ഷൗകത്തലിയുടെയും നേതൃത്വത്തിൽ നടന്ന ഖിലാഫത്ത് സ്വാതന്ത്ര്യ പ്രക്ഷോഭ യോഗത്തിൽ [5] പ്രതേക ക്ഷണിതാവായി കൊന്നാര മുഹമ്മദ് കോയ തങ്ങൾ പങ്കെടുത്തു. വിശിഷ്ടാഥിതികളായി കൊന്നാര തങ്ങളോടൊപ്പം ആലി മുസ്ലിയാർ , വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ , കുമരംപുത്തൂർ സീതിക്കോയ തങ്ങൾ എന്നിവരും ഈ മഹാ യോഗത്തിൽ സംബന്ധിച്ചിരുന്നു . ഇതോട് കൂടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കൊണ്ട് കൊന്നാര തങ്ങൾ രംഗത്തിറങ്ങി. കൊന്നാര ദർസ് പ്രധാന അധ്യാപകനായിരുന്നു സയ്യിദ് മുഹമ്മദ് കോയ, കൊന്നാര പള്ളിയിൽ വെച്ച് മുഹമ്മദ് കോയ നടത്തുന്ന പഠന ക്ലാസ്സുകൾ , ആത്മീയ അനുഷ്ഠാനങ്ങൾ , കൊന്നാര മഖാം കേന്ദ്രീകരിച്ചുള്ള നേർച്ച , രട്ടീബ് - മൗലിഡ് -ധിക്കർ- മാല സദസ്സുകൾ എന്നിവയെല്ലാം ബ്രിട്ടീഷ് വിരുദ്ധരുടെ കൂടിച്ചേരലുകളായി പരിണമിച്ചു.
കൊന്നാര തങ്ങളുടെ വീട്ടിൽ വിളിച്ചു ചേർത്ത ആദ്യ ഖിലാഫത്ത് കോണ്ഗ്രസ് സമ്മേളനത്തിൽ ഖിലാഫത്ത് കമ്മിറ്റികൾ രൂപീകൃതമായി. കൊന്നാര ഖിലാഫത്ത് കമ്മിറ്റിയുടെ നേതൃത്വം തങ്ങളിലർപ്പിതമായി. തുടർന്ന് കേസുകൾ തീർപ്പാക്കുന്നതിനായി ഖിലാഫ കോടതിയും കൊന്നാര തങ്ങൾ ആരംഭിച്ചു. ഖിലാഫത്ത് നേതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മുഹമ്മദ് കോയ മുപ്പത് വയസ്സായിരുന്നു അദ്ദേഹത്തിന് എന്നാണു മാധവൻ നായരുടെ നിഗമനം.[6]
പോരാട്ടങ്ങൾ
[തിരുത്തുക]ആദ്യ ഘട്ടത്തിൽ സമാധാനപരമായി ആയിരുന്നു തങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളെങ്കിൽ 1921 ആഗസ്റ്റ് മാസത്തോടെ സായുധ പോരാട്ടമായി അത് മാറി. പട്ടാള അതിക്രമണങ്ങളെ തുടർന്ന് 1921 ആഗസ്റ്റ് 19ന് രാത്രി തിരൂരങ്ങാടിയിൽ നടന്ന യോഗത്തിൽ കൊന്നാര തങ്ങൾ പങ്കെടുത്തു. ആലി മുസ്ലിയാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ , കുമരംപുത്തൂർ സീതി കോയ തങ്ങൾ , കാരാട്ട് മൊയ്തീൻ കുട്ടി ഹാജി തുടങ്ങിയവരായിരുന്നു യോഗത്തിൽ പങ്കെടുത്തിരുന്നത്. സമാധാന പരമായി പ്രശ്നപരിഹാരം കാണണമെന്ന ആലി മുസ്ലിയാരുടെ അഭിപ്രായത്തെ യോഗം പിന്താങ്ങി. എന്നാൽ 20 ന് നടന്ന പട്ടാള വെടിവെപ്പോടെ ഖിലാഫത്ത്- ബ്രിട്ടീഷ് യുദ്ധം പൊട്ടിപുറപ്പെടുകയും 200 അംശങ്ങൾ കേന്ദ്രീകരിച്ചു പുതിയ രാജ്യം രൂപീകൃതമാവുകയും ചെയ്തു. കൊന്നാര വാഴക്കാട് പ്രദേശങ്ങളിലെ അധികാര സ്ഥാനീയൻ കൊന്നാര തങ്ങളായിരുന്നു. ആഗസ്റ്റ് 22ന് രാത്രി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ വീട്ടിൽ വച്ച് നടന്ന പ്രഥമ വിപ്ലവ സർക്കാർ യോഗത്തിൽ കൊന്നാര തങ്ങൾ പങ്കെടുത്തു. സർക്കാരിൻറെ നയങ്ങൾ പാകപ്പെടുത്തി.
വിപ്ലവ പ്രദേശങ്ങൾ തിരിച്ചു പിടിക്കാനായി ബ്രിട്ടീഷ് രാജിലെ മൂന്നിൽ ഒന്ന് സൈനികരും മലബാറിൽ വിന്യസിക്കപ്പെട്ടു. ബ്രിട്ടീഷ് പോലീസ് ജനറൽ ആർമിറ്റേജ്, ബ്രിട്ടീഷ് രാജ് ഇന്റലിജിൻസ് തലവൻ മോറിസ് വില്യംസ്, പട്ടാള തലവൻ ജനറൽ ബാർനെറ്റ് സ്റ്റുവേർട് എന്നിവർ നേരിട്ട് മലബാറിൽ തമ്പടിച്ചു യുദ്ധ തന്ത്രങ്ങൾ മിനഞ്ഞു . ഡോർസെറ്റ്, യനിയർ, ലിൻസ്റ്റൺ, രജതപുത്താന, ഖൂർഖ, ചിൻ, കച്ചിൻ, തുടങ്ങി ബ്രിട്ടീഷ് സൈന്യത്തിലെ പ്രശസ്തമായ മുഴുവൻ റെജിമെന്റുകളും മലബാറിലേക്ക് വിന്യസിക്കപ്പെട്ടു. രണ്ടാം മഹാ ലോക യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായിരുന്നു ഇത് എന്നത് ബ്രിട്ടന് നേരിട്ട കനത്ത തിരിച്ചടി വ്യക്തമാക്കുന്നു. മാധവൻ നായരുടെ ഭാഷയിൽ പറഞ്ഞാൽ മുഗൾ സാമ്രാജ്യം കീഴടക്കുവാനായി 1854 ഇൽ ബ്രിട്ടൻ നടത്തിയ സൈനിക നീക്കത്തിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പോരാട്ടമായിരുന്നു 1921 ഇൽ മലബാറിൽ അരങ്ങേറിയത്. [7]
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കൊന്നാരയിലും പരിസരത്തും കനത്ത പോരാട്ടമായിരുന്നു ബ്രിട്ടീഷുകാർക്ക് എതിരെ കാഴ്ച്ച വെച്ചത് . ഗറില്ല യുദ്ധ മുറകളിലെ തങ്ങളുടെ സാമർഥ്യം ബ്രിട്ടീഷ് സൈനികരെ വല്ലാതെ വലച്ചു. കൊന്നാരയിലെ അതിർത്തി കടക്കാൻ പോലും ബ്രിട്ടീഷ് പട്ടാളത്തിനായില്ല എന്നത് പോരാട്ടങ്ങളുടെ വീര്യം വ്യക്തമാക്കി തരുന്നുണ്ട്. ചാലിയാർ പുഴയിലും , മണലിൽ കുഴികളെടുത്തും ഒളിച്ചിരിക്കുന്ന മാപ്പിള പോരാളികൾ ബ്രിട്ടീഷ് റെജിമെന്റുകളുടെ മുഴുവൻ ഭീതി സ്വപ്നമായി മാറിയതോടെ അതിർത്തി കടക്കാൻ ശ്രമിക്കാതെ പുഴയുടെ മറുഭാഗത്ത് വലിയ പീരങ്കികളും മിഷീൻ ഗണ്ണുകളും സ്ഥാപിച്ചുള്ള യുദ്ധ തന്ത്രത്തിലേക്ക് ബ്രിട്ടീഷ് സൈന്യം മാറിയതോടെ മാപ്പിള പോരാളികൾക്ക് വ്യാപകമായ ആൾ നഷ്ടം ഉണ്ടാകാൻ തുടങ്ങി. ഇത്തരം അക്രമണങ്ങളിൽ കൊന്നാര പള്ളിക്കും മഖാമിന് കേടുപാടുകൾ സംഭവിച്ചു.[8]
ചാലിയപ്പുറം മുസ്ലിം ദേവാലയം പട്ടാളം ആക്രമിക്കുന്ന വാർത്തയറിഞ്ഞു കൊന്നാര സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അവിടേക്ക് കുതിച്ചു. മുഹമ്മദ് കോയയും ഇരുനൂറോളം സഖാക്കളും പട്ടാളവുമായി എതിരിട്ടു. ഖിലാഫത്ത് സേനയുമായി പിടിച്ചു നിൽക്കാനാകാതെ ബ്രിട്ടീഷ് പട്ടാളം പിന്തിരിഞ്ഞോടി.പിറ്റേന്ന് പട്ടാളം തമ്പടിച്ചിരുന്ന ചെറുവാടി പട്ടാള ക്യാമ്പ് ഖിലാഫത്ത് പ്രവർത്തകർ ആക്രമിച്ചു വ്യാപക നാശനഷ്ടങ്ങൾ വരുത്തി തുടർന്ന് കൊന്നാര ബ്രിട്ടീഷ് സൈന്യം ആക്രമിച്ചു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യുദ്ധത്തിൽ കൊന്നാരയിലെ മാപ്പിള യോദ്ധാക്കളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ക്യാപ്റ്റൻ അടക്കം നിരവധി ബ്രിട്ടീഷ് പട്ടാളക്കാർക്കും ജീവഹാനി നേരിട്ടു. ഇതേതുടർന്ന് ഒളി യുദ്ധത്തിലേക്ക് തങ്ങളും കൂട്ടരും ചുവടുകൾ മാറ്റി. [9] ഖിലാഫത്ത് നേതാവ് അബ്ദുവിനോടൊപ്പം ഊർങ്ങാട്ടിരി കേന്ദ്രമാക്കി ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പടപൊരുതിയ കൊന്നാര തങ്ങൾ പിന്നീട് കോഴിക്കോട് താലൂക്കിലെ മലനിരകൾ കേന്ദ്രീകരിച്ചു പോരാട്ടം വ്യാപിപ്പിച്ചു [10] ആലി മുസ്ലിയാർ , ചെമ്പ്രശ്ശേരി തങ്ങൾ , സീതിക്കോയ തങ്ങൾ , വാരിയൻ കുന്നത്ത് എന്നീ വിപ്ലവ നേതാക്കൾ ഒക്കെയും പിടികൂടപ്പെട്ടിട്ടും വിപ്ലവ പ്രദേശങ്ങൾ പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കാൻ ബ്രിട്ടന് കഴിഞ്ഞിരുന്നില്ല. കൊന്നാര തങ്ങളുടെയും കാരാട്ട് മൊയ്തീൻ കുട്ടി ഹാജിയുടെയും നേതൃത്വത്തിലുള്ള ചെറുത്ത് നിൽപ്പുകളായിരുന്നു ഇതിന് കാരണം. [11]< ഇതോടെ എന്ത് വിലയും കൊടുത്ത് തങ്ങളെ പിടികൂടാൻ ബ്രിട്ടീഷ് സൈന്യം കളത്തിലിറങ്ങിയതോടെ [12]. പോരാട്ടം കനത്തു .ഇതിനകം കൊന്നാര തങ്ങളുടെ സഹോദരന്മാർ പട്ടാള പിടിയിലകപ്പെട്ടിരുന്നു. മുഹമ്മദ് വലിയുണ്ണി തങ്ങൾ ബ്രിട്ടീഷ് സൈന്യത്താൽ കൊല്ലപ്പെട്ടു, ഇമ്പിച്ചിക്കോയ തങ്ങളെ ആൻഡമാനിലേക്ക് നാട് കടത്തി. ചാലിയപ്രുറത്ത് കോയക്കുട്ടി തങ്ങൾ 12 വർഷ ജയിൽ ശിക്ഷ ഏറ്റുവാങ്ങി. ബെല്ലാരി ജയിലിലടക്കപ്പെട്ട മുഹമ്മദ് ചെറുകുഞ്ഞിക്കോയ തങ്ങൾ പീഡനങ്ങളെ തുടർന്ന് രക്തസാക്ഷിയായി. [13] ആറ്റക്കോയ തങ്ങൾ , കോലോത്ത് പടി കോയക്കുട്ടി തങ്ങൾ, എറക്കോടൻ ഇബ്റാഹിം, എറെക്കോടൻ ചെറിയ മോയിന് കുട്ടി ഹാജി, പാലക്കൽ അബൂബക്കർ മുസ്ലിയാർ , ചെറുവലത്ത് ഉസ്മാൻ, എഴുത്തുംതൊടി ചേക്കു മൊല്ല, ചോലക്കര അഹ്മദ് ,തുടങ്ങി കൊന്നാരയിലെ വിപ്ലവ നേതൃത്വംമുഴുവനായും സൈന്യത്തിൻറെ പിടിയിലകപ്പെട്ടു. ക്രൂരമായ പകപോക്കലുകൾക്ക് ശേഷം ഇവരിൽ പലരെയും കൊലപ്പെടുത്തുകയോ ആന്തമാനിലേക്ക് നാടുകടത്തുകയോ ചെയ്തു.
പാലാക്കാം തൊടി അവോക്കർ മുസ്ലിയാറിനോടൊപ്പം ചേർന്ന് കോഴിക്കോട് താലൂക്കിലെ കിഴക്കൻ മലനിരകൾ കേന്ദ്രീകരിച്ചു മാസങ്ങളോളം അത്യുഗ്രപോരാട്ടം നടത്താൻ നടത്തിയ സയ്യിദ് കോയക്കായി. [14]ആക്രമണത്തിനിടെ പരിക്കേറ്റ് അവോക്കാർ മുസ്ലിയാരും, കൊന്നാര മുഹമ്മദ് തങ്ങളും അസുഖബാധിതരായെന്ന വാർത്ത ലഭിച്ച ബ്രിട്ടീഷ് പട്ടാളം അവർ തമ്പടിച്ചിരുന്ന വളഞ്ഞു ഭക്ഷണവും വെള്ളവും ലഭിക്കാതെ വിപ്ലവ സംഘത്തെ ഉപരോധത്തിലാക്കി. [15] 1922 ആഗസ്റ്റ് 25ന് കൊന്നാര തങ്ങളും സൈന്യത്തിൻറെ പിടിയലായി . [16] കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ തങ്ങളെ ബ്രിട്ടീഷ് രാജാവിനെതിരെ യുദ്ധം നയിച്ചു, രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങൾ ചുമത്തി പെഷ്യൽ ജഡ്ജി ജാക്സൺ വധശിക്ഷയ്ക്ക് വിധിച്ചു. 1923 മാർച്ച് 23ന് ശിക്ഷ നടപ്പാക്കി തൂക്കി കൊന്നു .
കൊന്നാര തങ്ങൾ വലയിലായതോടെ ഒരു വർഷം 5 ദിവസവും നീണ്ടു നിന്ന മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവ പോരാട്ടങ്ങൾക്ക് അറുതിയായി [17]
അവലംബം
[തിരുത്തുക]- ↑ Gopalan Nair, Diwan Bahadur Moplah rebellion 1921 page 80
- ↑ Gopalan Nair ibid 80
- ↑ പ്രവാചക കുടുംബങ്ങള് ഉല്ഭവം ചരിത്രം, മുജീബ് തങ്ങള് കൊന്നാര്
- ↑ ബുഖാരി പ്രമുഖരും ചരിത്രതാവഴിയും-സയ്യിദ് ഉനൈസ് അല് ബുഖാരി മേല്മുറി, സാദാത്ത് ബുക്സ്, മലപ്പുറം
- ↑ ദി ഹിന്ദു ദിനപത്രം / മദ്രാസ്-1920, ആഗസ്റ്റ് 19
- ↑ കെ. മാധവൻ നായര്/ മലബാർ കലാപം
- ↑ കെ. മാധവൻ നായര്/ മലബാർ കലാപം/ പേ: 278
- ↑ കൊന്നാര് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രഭൂമി/ മുജീബ് തങ്ങൾ കൊന്നാര്
- ↑ CIX Dated Malappuram, the 12th January 1922 Malabar 1922 Inquiry Report,MADRAS ,PRINTED BY THE SUPERINTENDENT, GOVERNMENT PRESS
- ↑ CXIII Dated Malappuram, the 19th January 1922. Mopplah Rebellion, Malabar 1922 Inquiry Report,MADRAS ,PRINTED BY THE SUPERINTENDENT, GOVERNMENT PRESS 1922
- ↑ Madras Mail Jan. 23rd 1922
- ↑ CVII, Dated Malappuram, the 9th January 1922
- ↑ Peasant Revolt in Malabar: A History of the Malabar Rebellion, 1921, R.H. Hitchcock
- ↑ CXVII Dated Malappuram, the 26th January 1922--2, CXXII Dated Malappuram, the 5th February 1922
- ↑ CXXVIII Dated Malappuram, the 20th February 1922Mopplah Rebellion, Malabar 1922 Inquiry Report,MADRAS ,PRINTED BY THE SUPERINTENDENT, GOVERNMENT PRESS 1922
- ↑ Gopalan Nair, Diwan Bahadur Moplah rebellion – 1921 page 58
- ↑ Gopalan Nair, Diwan Bahadur Moplah rebellion page 80– 1921