കൊക്കടിചോല കൂട്ടക്കൊല 1991

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊക്കടിചോല കൂട്ടക്കൊല 1991
കൊക്കടിചോല കൂട്ടക്കൊല 1991 is located in Sri Lanka
കൊക്കടിചോല കൂട്ടക്കൊല 1991
സ്ഥലംകൊക്കടിചോല, ശ്രീലങ്ക
തീയതിജൂൺ 12, 1991 (+6 GMT)
ആക്രമണലക്ഷ്യംശ്രീലങ്കൻ തമിഴ് വംശജർ
ആക്രമണത്തിന്റെ തരം
സായുധ കൊലപാതകം
ആയുധങ്ങൾയന്ത്രവത്കൃത തോക്കുകൾ, കത്തികൾ, മഴു തുടങ്ങിയവ
മരിച്ചവർ152
ആക്രമണം നടത്തിയത്ശ്രീലങ്കൻ സൈന്യം

1991 ജൂൺ 12 ന് ശ്രീലങ്കയിലെ ബാറ്റിക്കളാവോയിലുള്ള ഒരു ഗ്രാമമായ കൊക്കടിചോലയിൽ 152 ശ്രീലങ്കൻ തമിഴ് വംശജർ കൊല്ലപ്പെട്ട സംഭവമാണ് കൊക്കടിചോല കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1][2]കൊലപാതകത്തിനുത്തരവാദികളായ ശ്രീലങ്കൻ സൈന്യത്തിന്റെ കമ്മാൻഡറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ നിയമിച്ച അന്വേഷണ കമ്മീഷൻ സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു. ശ്രീലങ്കൻ സൈന്യത്തിന്റെ 19 സൈനികരും, ഈ കൂട്ടകൊലപാതകത്തിനുത്തരവാദികളാണെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് നടന്ന സൈനിക ട്രൈബ്യൂണൽ വിചാരണയിൽ ഇവരെല്ലാവരും കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടയച്ചു.[3][4][5]

പശ്ചാത്തലം[തിരുത്തുക]

ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലുള്ള ഒരു ജില്ലയാണ് ബാറ്റിക്കളോവ. ഈ ജില്ലയിൽ മാത്രം, എൺപതുകളുടെ അവസാനത്തിലും, തൊണ്ണൂറുകളുടെ തുടക്കത്തിലുമായി ഏതാണ്ട് ആയിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്, ഇവരെല്ലാം കൊല്ലപ്പെട്ടെന്നു സംശയിക്കപ്പെടുന്നു. കൊക്കടിചോലയിൽ മാത്രം രണ്ടു കൂട്ടക്കൊലകൾ അരങ്ങേറിയിട്ടുണ്ട്, ആദ്യത്തേത് 1987ലായിരുന്നു.

കൂട്ടക്കൊല[തിരുത്തുക]

ബാറ്റിക്കളോവ ജില്ലയിലെ പടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറു ഗ്രാമമാണ് കൊക്കടിചോല, മുക്കുവ വംശത്തിൽപ്പെട്ട ശ്രീലങ്കൻ തമിഴ് വംശജർ ആണ് ജനസംഖ്യയിലധികവും. ശ്രീലങ്കൻ സൈന്യത്തിന്റെ ഒരു ക്യാംപും ഈ ഗ്രാമത്തിലുണ്ട്. ക്യാംപിലുള്ളവർക്ക് ഭക്ഷണ സാമഗ്രികൾ എത്തിക്കുന്നത് കർഷകർ ഉപയോഗിക്കുന്ന ട്രാക്ടറിലാണ്. 1991 ജൂൺ 12 ആം തീയതി ഉച്ചകഴിഞ്ഞ് ക്യാംപിലേക്കു വരുകയായിരുന്ന ഒരു ട്രാക്ടർ പൊട്ടിത്തെറിച്ച് രണ്ടു ശ്രീലങ്കൻ സൈനികർ മരണമടഞ്ഞു. സംഭവത്തെത്തുടർന്ന് ക്യാംപിലുണ്ടായിരുന്ന സൈനികർ സായുധരായി സംഭവസ്ഥലത്തേക്കെത്തുത്തുടങ്ങി. കൊക്കടിചോലയിലെ ഗ്രാമീണരെ സൈന്യം ആക്രമിക്കാൻ ഇടയുണ്ടെന്ന് ആളുകൾക്ക് വിവരം ലഭിച്ചു. ഗ്രാമത്തിലുള്ള സ്ത്രീകളും, പുരുഷന്മാരും ഗ്രാമം വിട്ടു പോകാൻ തുടങ്ങി. എന്നാൽ സമീപത്തുള്ള ഒരു അരി മില്ലിൽ ജോലി ചെയ്തിരുന്ന ആളുകൾക്ക് ഉടനേ തന്നെ അവിടം വിട്ടു പോവാനാവുമായിരുന്നില്ല.

ഏതാനും സമയത്തിനുശേഷം, സായുധരായെത്തിയ സൈനികർ ഈ മില്ലിലേക്കു കടന്നു വന്ന് വെടിവെപ്പു തുടങ്ങി. മില്ലിൽ ഉണ്ടായിരുന്നവർ തത്സമയം തന്നെ കൊല്ലപ്പെട്ടു. മില്ലിനോടു ചേർന്നുള്ള വീടിനുള്ളിൽ താമസിച്ചിരുന്നവർക്കും മുറിവേറ്റു. തിരികെ എത്തിയ സൈനികർ ആദ്യത്തെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടവരേയും ആക്രമിച്ചു, കൂടാതെ അവിടെയുണ്ടായിരുന്ന 17 ഓളം വരുന്ന യുവാക്കളെ പിടിച്ചുകൊണ്ടുപോയി വധിച്ചു. മൃതദേഹങ്ങൾക്ക് അവർ തീയിട്ടു, ജനങ്ങളുടെ വസ്തുവകകൾ കൊള്ളയടിച്ചു.[6][7]

സർക്കാരിന്റെ പ്രതികരണം[തിരുത്തുക]

ശ്രീലങ്കൻ പ്രസിഡന്റും, സ്ഥലത്തെ എം.പിയുമുൾപ്പടെയുള്ള ഉന്നതതലസംഘം സ്ഥലം സന്ദർശിക്കാനായി ബാറ്റിക്കളോവയിൽ എത്തിയെങ്കിലും, അവിടം സന്ദർശിക്കുന്നത് സുരക്ഷാകാരണങ്ങളാൽ സൈന്യം വിലക്കിയതുകൊണ്ട് അവർക്കു തിരികെ പോവേണ്ടി വന്നു. എന്നാൽ പിന്നീട് .എം.പി. ജോസഫ് പരരാജസിങ്കം സംഭവസ്ഥലം സന്ദർശിച്ചു. കൊക്കടിചോലയിലെ സൈനിക ക്യാംപിലുള്ള മുതിർന്ന നേതാക്കളെ സർക്കാർ ഉടനടി സ്ഥലം മാറ്റുകയും, പുതിയ ഓഫീസർമാരെ നിയമിക്കുകയും ചെയ്തു.

മനുഷ്യാവകാശ സംഘടനകൾ[തിരുത്തുക]

ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയായ, യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ പ്രകാരം, തിരിച്ചറിഞ്ഞ 67 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. 56 പേരേ കാണാതായിട്ടുണ്ട്. കത്തിക്കരിഞ്ഞുപോയതുകൊണ്ട് തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുമുണ്ടായിരുന്നു. 43 പേരുടെ മൃതദേഹങ്ങൾ അരി മില്ലിൽ നിന്നും കണ്ടെത്തിയിരുന്നു, എന്നാൽ അവിടെ 32 പേർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളു എന്നതായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിദശദീകരണം. രണ്ടുസഹോദരിമാരുൾപ്പടെ, ആരു സ്ത്രീകൾ ക്രൂരമായ ബലാത്സംഗത്തിനിരയായതായി പ്രദേശവാസികൾ ആരോപിക്കുമ്പോൾ, അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നതായിരുന്നു സർക്കാരിന്റെ നിലപാട്.[8]

സർക്കാർ അന്വേഷണം[തിരുത്തുക]

കൊക്കടിചോലയിലെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിണക്കമെന്ന സമ്മർദ്ദം അന്താരാഷ്ട്രതലത്തിൽ ശക്തമായപ്പോൾ, ശ്രീലങ്കൻ സർക്കാർ സംഭവത്തേക്കുറിച്ചന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. കൊക്കടിചോലയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക്, 5.25 ദശക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകണമെന്ന് അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിൽ സർക്കാരിനോടു ശുപാർശ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും കമ്മീഷൻ സർക്കാരിനോടാവശ്യപ്പെട്ടു. കൊക്കടിചോലയിൽ 1991 ൽ നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്തം 2001 ൽ ശ്രീലങ്കൻ സൈന്യം ഏറ്റെടുത്തു. പിന്നീടു നടന്ന സൈനിക വിചാരണയിൽ, അന്ന് കൊക്കടിചോല സൈനിക ക്യാംപിലുണ്ടായിരുന്ന കമ്മാന്റിങ് ഓഫീസർ അവിടെ നടന്ന കൂട്ടക്കൊലക്കും, മൃതദേഹങ്ങൾ അനാദരവോടു കൂടി ദഹിപ്പിച്ചതിനും ഉത്തരവാദിയെന്നു കണ്ടെത്തി സൈനിക സേവനത്തിൽ നിന്നും പിരിച്ചയച്ചു. എന്നാൽ പിന്നീട് ഇയാളെ കുറച്ചു കൂടി ഉയർന്ന സ്ഥാനത്തേക്കു സർക്കാർ തന്നെ നിയമിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന 19 സൈനികരേ പിന്നീട് വെറുതെ വിട്ടയച്ചു. മനുഷ്യാവകാശ സംഘടനകൾ ഈ നടപടിയിൽ ഖേദം രേഖപ്പെടുത്തിയിരുന്നു.[9]

അവലംബം[തിരുത്തുക]

  1. Human Rights Accountability in Sri Lanka. Human rights watch. 1992. p. 10. ASIN B007FCY8UE.
  2. "Kokadichcholai massacre anniversary remembered". Tamilnet. 2004-01-25. ശേഖരിച്ചത് 2016-11-21.
  3. "Srilanka". Human rights Watch. ശേഖരിച്ചത് 2016-11-20.
  4. "Kokkadicholai and after". University Teachers association for human rights in Jaffna. ശേഖരിച്ചത് 2016-11-20.
  5. Amnesty International, (1994). Disappearances and political crisis: Human Rights crisis of 1990s, A manual for action. Amnesty International. pp. 16–22. ISBN 90-6463-095-X.CS1 maint: extra punctuation (link)
  6. Trawick, Prof. Margaret (1999). "Lessons from Kokkodaicholai". Proceedings of Tamil Nationhood & Search for Peace in Sri Lanka. Carleton University. pp. 1–10.
  7. "Kokkadicholai and after". University Teachers association for human rights in Jaffna. ശേഖരിച്ചത് 2016-11-20.
  8. "Kokkadicholai massacre and after". UTHR. ശേഖരിച്ചത് 2016-11-22.
  9. "Massacres". Nakkeeran. ശേഖരിച്ചത് 2016-11-22.