കൈലോമൈക്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊഴുപ്പുകളും മാംസ്യങ്ങളും ഒത്തുചേർന്ന കണികകളാണ് കൈലോമൈക്രോണുകൾ. അപ്പോപ്രോട്ടീൻ ബി 48, ട്രൈഅസൈൽ ഗ്ലിസറോൾഎസ്റ്ററുകൾ, ഫോസ്ഫോലിപ്പിഡുകൾ എന്നിവ ചേർന്നുണ്ടാകുന്ന കൈലോമൈക്രോണുകളുടെ രൂപത്തിലാണ് കൊഴുപ്പിന്റെ ദഹനഫലമായുണ്ടാകുന്ന ഫാറ്റി അമ്ലങ്ങളെ ചെറുകുടലിന്റെ ഭിത്തിയിലുള്ള വില്ലസ് എന്ന കൈവിരൽസമാനഭാഗങ്ങളിലെ ലാക്ടിയൽ കുഴലിലുള്ള ലിംഫ് ദ്രവത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നത്. ആഹാരത്തിലടങ്ങിയിട്ടുള്ള കൊഴുപ്പുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിന് ഈ രൂപാന്തരത്വം സഹായിക്കുന്നു. 75 nmഓളം വ്യാസവും 950 g/L ഓളം സാന്ദ്രതയുമുള്ള വലിയ തന്മാത്രകളാണിവ.

ഘടന[തിരുത്തുക]

ട്രൈഗ്ലിസറൈഡുകൾ (85-92%), ഫോസ്ഫോലിപ്പിഡുകൾ (6-12%), കൊളസ്ട്രോൾ (1-3%)‌, മാംസ്യങ്ങൾ (1-2%)എന്നിവയാണ് ഇവയുടെ പ്രധാനരാസഘടകങ്ങൾ.[1] കൈലോമൈക്രോണുകൾ, വി.എൽ.ഡി.എൽ (VLDL), ഐ.ഡി.എൽ(IDL), എൽ.ഡി.എൽ(LDL), എച്ച്.ഡി.എൽ (HDL) എന്നിവയാണ് പ്രധാനപ്പെട്ട അഞ്ചുതരം ലിപ്പോപ്രോട്ടീനുകൾ. [2]

ധർമ്മം[തിരുത്തുക]

ഫാറ്റി അമ്ലങ്ങൾ(fatty acids), മോണോഗ്ലിസറൈഡുകൾ (monoglycerides), ലൈസോഫോസ്ഫാറ്റിഡിൽ കോളിൻ (lysophosphatidylcholine), മറ്റ് സ്വതന്ത്രരൂപ കൊളസ്ട്രോളുകൾ (free cholesterol) എന്നിവയാണ് കോഴുപ്പിന്റെ ദഹനഫലമായി ചെറുകുടലിന്റെ ഉള്ളിലുണ്ടാകുന്നത്. പിന്നീട് ഇവ മൈസെല്ലുകൾ എന്ന ഘടനയിലൂടെ ചെറുകുടലിന്റെ എന്ററോസൈറ്റ് കോശങ്ങൾക്കുള്ളിൽ പ്രവേശിക്കുന്നു. എന്ററോസൈറ്റ് കോശങ്ങൾക്കകത്ത് ഇവ അപ്പോലിപ്പോപ്രോട്ടീൻ (apolipoprotein (apo) B48) ഉമായി സംയോജിക്കുന്നു. ട്രൈ അസൈൽ ഗ്ലിസറോൾ, കൊളസ്ട്രോൾഎസ്റ്റർ, ഫോസ്ഫോലിപ്പിഡ്, അപ്പോപ്രോട്ടീൻ ബി 48, അപ്പോ എ എന്നിവ കൂടിക്കലർന്ന ഈ പദാർത്ഥജാലമാണ് കൈലോമൈക്രോണുകൾ.

സംവഹനം[തിരുത്തുക]

ചെറുകുടലിലെ വില്ലസിനുള്ളിലെ ലാക്ടിയലിലെ ലിംഫ് ദ്രവത്തിലൂടെ വലിയ ലിംഫ് വാഹികളിലെത്തുകയും ഒടുവിൽ ഇവ തൊറാസിക് ലിംഫ് കുഴലിലെത്തി രക്തത്തിലേയ്ക്ക് കലരുന്നു. കൂടാതെ പ്ലാസ്മാ എച്ച്.ഡി.എല്ലിൽ നിന്നും അപ്പോ സി II (apoC-II),അപ്പോ ഇ(apoE) എന്നിവ കൂടി സ്വീകരിച്ച് സഞ്ചരിക്കുന്നു. ഈ ഘട്ടത്തിൽ ഇവയ്ക്ക് ലിപ്പോപ്രോട്ടീൻ ലിപ്പേയ്സ് (lipoprotein lipase) എന്ന രാസാഹ്നിയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. അസ്ഥിപേശികളിലും ഹൃദയപേശികളിലും ആഡിപ്പോസ് കലകളിലും സ്തനങ്ങളിലും ഈ രാസാഗ്നിയുണ്ട്. ഇവ കൈലോമൈക്രോണിൽ നിന്നും ഫാറ്റിഅമ്ളത്തെയും മോണോ ഗ്ലിസറൈഡുകളേയും വേർതിരിക്കുന്നു. ഒടുവിൽ കൊളസ്ട്രോളും മാംസ്യവും മാത്രം അവശേഷിപ്പിച്ച് കൈലോമൈക്രോണുകളുടെ ഘടന ലോപിക്കുന്നു.[3]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

* ലിപ്പോപ്രോട്ടീനുകൾ Archived 2017-07-04 at the Wayback Machine.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൈലോമൈക്രോൺ&oldid=3629565" എന്ന താളിൽനിന്ന് ശേഖരിച്ചത്