കേശബ് ചക്രവർത്തി
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയുമാണ് കേശബ് ചക്രവർത്തി (യഥാർത്ഥനാമം അജ്ഞാതമാണ്). ചിലർ ഇദ്ദേഹത്തിന്റെ ജീവിതത്തെ കേശവ് റാവു ബലിറാം ഹെഡ്ഗേവാറുടെ ജീവിതവുമായി ബന്ധപ്പെടുത്താറുണ്ട്. എന്നാൽ രണ്ടുപേരും ഒന്നുതന്നെയെന്ന് സമർത്ഥിക്കുന്ന ആധികാരിക രേഖകൾ ലഭ്യമല്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവങ്ങൾ നടത്തിയിട്ടുള്ള കേശബ് ചക്രവർത്തി 1925-ലെ കകൊരി ട്രെയിൻ കൊള്ളയിൽ പങ്കെടുത്തിരുന്നു.[1]
ആദ്യകാല ജീവിതം[തിരുത്തുക]
കൊൽക്കത്താ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്താണ് ഇദ്ദേഹം 'കേശബ് ചക്രവർത്തി' എന്ന രഹസ്യനാമത്തിൽ വിപ്ലവപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്. അനുശീലൻ സമിതിയിലെ ശ്യാം സുന്ദർ ചക്രവർത്തിയും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനിലെ രാം പ്രസാദ് ബിസ്മിലും കേശബിന്റെ സുഹൃത്തുക്കളായിരുന്നു. ഇന്ത്യയുടെ പുതിയ പ്രതീക്ഷാ കിരണം എന്നാണ് ബിസ്മിൽ ഇദ്ദഹത്തെ വിശേഷിപ്പിച്ചിരുന്നത്.[2]
സ്വാതന്ത്ര്യ സമരവും കകോരി ട്രെയിൻ കൊള്ളയും[തിരുത്തുക]
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിപ്ലവങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1928-ൽ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നു പുനർനാമകരണം ചെയ്യപ്പെട്ട സംഘടന) എന്ന വിപ്ലവപ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനായിരുന്നു കേശവ് ചക്രവർത്തി.[3] ചന്ദ്രശേഖർ ആസാദ്, അഷ്ഫാഖ് ഉല്ലാഖാൻ, രാം പ്രസാദ് ബിസ്മിൽ എന്നീ വിപ്ലവകാരികൾക്കൊപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിപ്ലവപ്രവർത്തനങ്ങൾക്കു പണവും ആയുധങ്ങളും ആവശ്യമായി വന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ പണപ്പെട്ടികളുമായി സഞ്ചരിക്കുന്ന ഒരു തീവണ്ടി കൊള്ളയടിക്കുവാൻ ഇവർ തീരുമാനിച്ചു.[4] 1925 ഓഗസ്റ്റ് 9-ന് കേശബ് ചക്രബർത്തി ഉൾപ്പെടെ 10 വിപ്ലവകാരികൾ ഉത്തർ പ്രദേശിലെ കകൊരി റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് ഒരു തീവണ്ടി തടഞ്ഞുനിർത്തുകയും അതിലെ പണപ്പെട്ടികൾ കൊള്ളയടിക്കുകയും ചെയ്തു. ഈ സംഭവമാണ് കകൊരി ട്രെയിൻ കൊള്ള എന്നറിയപ്പെടുന്നത്.[5] പണപ്പെട്ടികളുമായി രക്ഷപെട്ട വിപ്ലവകാരികളെ 18 മാസത്തെ അന്വേഷണത്തിനു ശേഷം പോലീസ് പിടികൂടി. ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് നാൽപ്പതോളം പേരെ അറസ്റ്റ് ചെയ്തു.[6]
ജീവപര്യന്തം[തിരുത്തുക]
ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന വിചാരണയ്ക്കു ശേഷം 1927-ൽ വന്ന കോടതി വിധിയെത്തുടർന്ന് രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖ് ഉല്ലാഖാൻ, രാജേന്ദ്ര ലാഹിരി, റോഷൻ സിംഗ് എന്നിവരെ തൂക്കിലേറ്റി. കേശവ് ചക്രബർത്തി ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്കു ജീവപര്യന്തം തടവുശിക്ഷയും ലഭിച്ചു. 1970-ൽ കേശബ് ചക്രവർത്തി അന്തരിച്ചു.
അവലംബം[തിരുത്തുക]
- ↑ Azad (Tewari), Chandrashekhar (1925). Kakori ke veeron se parichay. Banaras.
{{cite book}}
:|access-date=
requires|url=
(help) - ↑ Pattani, Gautam (2011-09-17). "YOUTHS OF INDIA: Rashtriya Swayamsevak Sangh". ശേഖരിച്ചത് 2018-09-09.
- ↑ Shrikrishan Saral (1999). Indian revolutionaries: a comprehensive study, 1757-1961. Ocean Books. പുറങ്ങൾ. 103–. ISBN 978-81-87100-19-5.
- ↑ The Revolutionary. UP, India. 1925. മൂലതാളിൽ നിന്നും 2015-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 January 2015.
{{cite book}}
:|first1=
missing|last1=
(help) - ↑ "Kakori Train Robbery December 19, 1927 : the Story of Real Freedom Fighters". www.ibtl.in. IBTL. ശേഖരിച്ചത് 7 January 2015.
- ↑ Rana, Bhawan Singh (2004). Chandra Shekhar Azad (An Immortal Revolutionary of India) (1st പതിപ്പ്.). New Delhi, India: Diamond Pocket Books. ശേഖരിച്ചത് 7 January 2015.