കേരളത്തിലെ മറാഠികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അവഗണിക്കാനാവാത്ത ഒരു ജനസമൂഹമാണ് ഭാരതചരിത്രത്തിലെ മുഖ്യ കണ്ണിയായ മറഠാ വംശജർ.പരിഷ്കാരങ്ങളുടെ ഓട്ടത്തിനിടയിൽ കൈയൊഴിയാൻ പറ്റാത്ത ആചാരങ്ങളെ മുറുകെ പിടിക്കുന്ന ചില ഗോത്രവർഗങ്ങളിൽ ഒന്നാണ് മറഠാ വംശജർ.

ചരിത്രം[തിരുത്തുക]

ഐതിഹ്യങ്ങളും പൊയ്കഥകളും വികല ചരിത്രങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന സന്നിഗ്ധ മണ്ഡലത്തിൽ നിന്നും മറാഠികളുടെ യഥാർത്ഥ ചരിത്രം വേർത്തിരിചെടുക്കുക ശ്രമകരമാണ് .ശിവജിയുടെ കാലത്ത് മഹാരാഷ്ട്രയിൽ നിന്നും ദക്ഷിണ കാനറ ആക്രമിക്കാൻ വന്ന ഒരു കൂട്ടം പടയാളികളുടെയും സാധാരണകാരുടെയും പിന്മുറക്കാരായിരിക്കാം മറാഠികൾ എന്നൊരഭിപ്രായമുണ്ട് .ആക്രമണത്തിൽ തോല്പ്പിക്കപെട്ട ഇവർ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ കഴിയാതെ തെക്കൻ കാനറയുടെ കിഴക്കൻ മലയോരങ്ങളിൽ കുടിയേറിയവരാകാം .എന്നാൽ ഈ അഭിപ്രായം തീർത്തും ശരിയാണെന്നു പറഞ്ഞുകൂടാ .മഹാരാഷ്ടയും മറാഠികളും തമ്മിലുള്ള ബന്ധങ്ങൾ സ്ഥാപിക്കുന്ന കഥകൾ ഇനിയും ധാരാളമുണ്ട് എന്തുതന്നെയായാലും അവഗണിക്കാൻ പറ്റാത്ത ഒരു വസ്തുത മറാഠികൾ എന്ന ഗോത്രവിഭാഗവും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധമാണ് .അവർ ഇന്നും സംസാരിക്കുന്നത് പതിനാറാം നൂറ്റാണ്ടിലെ പ്രാചീന മാറാഠിയാണ് .മാതൃഭാഷയായ മാറാഠി ഇന്ന് ഇവരിൽ നിന്ന് ഏറെക്കുറെ അന്യം നിന്നുപോയെങ്കിലും തുളു ,കന്നഡ ,മലയാളം ഭാഷകളുടെ സ്വാധീനം മൂലം മാറ്റം വന്ന മാറാഠിഭാഷ ഇവരിൽ വാമൊഴിയായി നിലനിൽക്കുന്നു .മാറാഠികളുടെ സംസാര ഭാഷയായ മാറാഠിക്ക് ലിപിയില്ലാ .ഇതിൽ നിന്നും മനസ്സിലാകുന്നത് അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരായ ജനങ്ങളാണ് മഹാരാഷ്ട്രയിൽ നിന്നും കുടിയേറി പാർത്തതെന്നു അനുമാനിക്കാം . ഇന്ന് കാസറഗോഡ് ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളെയും കേന്ദ്രീകരിച്ചു താമസിച്ചു വരുന്ന ഇവർ ആദ്യ കാലത്ത് പ്രധാനമായും പാണത്തൂർ ,പെരുതടി ,വട്ടക്കയം ,കുറിഞ്ഞി',പാടിക്കൊച്ചി ,ചെട്ടുക്കയം ,തുബോടി ,ഓട്ടമല ,ചാമുണ്ടിക്കുന്ന് ,കള്ളാർ തുടങ്ങിയ പ്രദേശങ്ങളിൽ ആയിരുന്നു താമസിച്ചിരുന്നത്.കവോട്കർ ,സാൾവ് ,ചൊവ്വാൾ,ഡുവാളി ,ഗോട്ടുന്കാർ ,ഡോള്ളാൽ ,ബടെക്കാർ ,സവൊന്ത് ,ബേന്ദ്രൻ,കർമൊളൊ എന്നിങ്ങനെ പല പേരുകളിലായി അറിയപ്പെടുന്നു .

ആചാരങ്ങളും അനുഷ്ഠാനങ്ങളും[തിരുത്തുക]

നമ്മുടെ നാട്ടിലെ മറ്റു സമുദായങ്ങളിൽ നിന്നും വ്യത്യസ്തമായ പല അചാരനുഷ്ഠനങ്ങളും മറാഠാ സമുദായങ്ങളിൽ കാണപ്പെടുന്നു .അവയിൽ ഒന്നാണ് ' ഗോന്തള പൂജ '.ദൈവപ്രീതിക്കും ഐശ്വര്യത്തിനുള്ള നന്ദി സൂചകമായും ഗോന്തള പൂജ നടത്താറുണ്ട് .പുനംകൃഷി കഴിഞ്ഞുള്ള വിശ്രമവേളയിൽ നല്ല വിളവ് തന്നതിനുള്ള സന്തോഷത്താൽ തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ദൈവത്തിൽ സമർപ്പിച്ചുകൊണ്ട് പൂജ നടത്തും .ചൊവ്വ ,വെള്ളി ദിവസങ്ങളിലാണ് സാധാരണയായി പൂജ നടത്താറ് .ഗ്രാമത്ത്തിലെവിടെയെങ്കിലും വയനാട്ടുകുലവൻ ദൈവം കേട്ടുന്നുണ്ടെങ്കിൽ അതു കഴിയുന്ന ദിവസം വരെ പൂജ നടത്താറില്ല .പൂജ നടത്തുന്നത് മറാഠി വംശത്തിൽപ്പെട്ട മന്ത്രവും പൂജാവിധികളും അറിയുന്ന ഒരു വ്യക്തിയായിരിക്കും .നാലോ അഞ്ചോ സഹായികൾ ഇതിനാവശ്യമുണ്ട്.ഭൈരവനെയും ദുർഗാദെവിയെയും പ്രീതിപ്പെടുത്താനുള്ള ഈ പൂജയിൽ പൂജാരിയും സാഹായിയും ഏഴുദിവസത്തെ വ്രതം അനുഷ്ടിക്കേണ്ടതുണ്ട്.ദുർഗാദേവിക്ക് വീടിനകത്തുവെച്ചും ഭൈരവന് പുറത്തുമാണ് ചടങ്ങ് .ഗോന്തള പൂജയ്ക്ക് ഏറ്റവും പ്രധാനം പത്തുകാലുള്ള മൃഗം എന്നതുകൊണ്ട് ഞണ്ട് നിർബന്ധമാണ് .കൂടാതെ കോഴിയും മദ്യവും വേറെ.അടുത്തകാലത്തായി പന്നിയെയും ബലിയായി സമർപ്പിക്കാറുണ്ട് .

പൂജാരി കുളിച്ച് ശുദ്ധനായി ഭസ്മമനിണിഞ്ഞ് കോഴിയറുക്കൽ ചടങ്ങോടുകൂടി പൂജയാരംഭിക്കുന്നു കോഴിയെ അറുക്കുന്നതിനുമുന്പ് കോഴിക്ക് ഭക്ഷണം കൊടുത്ത് സമ്മതം വാങ്ങണമെന്ന് നിർബന്ധമാണന്നാണു വിശ്വാസം. ഭൈരവന് വീടിനുപുറത്ത് ഒരു പൂവൻകോഴിയെ അറുത്ത് ,പുരുക്ഷന്മാർ കുളിച്ച് ശുദ്ധിയോടെ തയ്യാറാക്കിയ ഒറോട്ടിയും ,ഞണ്ടും മറ്റുവിഭവങ്ങളും വിളമ്പുന്നു .അതിനുശേഷം വീടിനകത്ത് ദേവിക്ക് ഒരു പൂവനും പിടക്കോഴിയും അറുത്ത് ഞണ്ടും ചോറും മറ്റുവിഭവങ്ങളും വിളമ്പുന്നു.സ്ത്രീകളാണ് ദേവിക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് .പിന്നീട് പന്തം കത്തിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന ചടങ്ങാണ് .പന്തമെടുക്കാൻ അഞ്ചുപെരുണ്ടാകും .പൂജാരി പന്തം കത്തിച്ചു കൊടുക്കുന്നു .ഇതിനു പ്രത്യേക പാട്ടുണ്ട് .പൂജാരി ഉറഞ്ഞു തുള്ളുകയും ഉറഞ്ഞുതുള്ളിപറയുന്ന കാര്യങ്ങൾ ദൈവത്തിന്റെ അരുളപ്പാടായി കണക്കാക്കപ്പെടുന്നു .പ്രസാദ വിതരണത്തിനുശേഷം എല്ലാരും പിരിയുന്നു . കമുകിൻ പാളയിൽ പുഴുങ്ങിയ അപ്പവും പന്നിയിറച്ചിയും ആണ് പ്രസാദം.

കല്യാണ ചടങ്ങുകൾ[തിരുത്തുക]

മാറാഠി സമുദായത്തിലെ കല്യാണ ചടങ്ങുകൾക്കുമുണ്ട് ചില പ്രത്യേകതകൾ .കുടുംബക്കാരെല്ലാരും കൂടിയാലോചിച്ച് വിവാഹം തിരുമാനിക്കുന്നു .ബ്രാഹ്മണനെ കൊണ്ട് ജാതകം ഒത്തു നോക്കുന്നു .വിവാഹ ചടങ്ങ് രണ്ടു ദിവസം നീണ്ടുനില്ല്ക്കും .ആദ്യം പന്തൽ ഒരുക്കൽ ചടങ്ങാണ് .പന്തലിൽ ഏലമരത്തിന്റെ ഒരു കുന്തം ഉറപ്പിക്കുന്നു .താലിക്കെട്ടിനു തലേന്നാൾ കല്യാണ ചെറുക്കന്റെ അനുജനും ബന്ധുക്കളിൽ ഒരാളും ചേർന്ന് പെണ്ണിന്റെ വീട്ടിലേക്ക് വസ്ത്രം ,മോതിരം ,മൂക്കുത്തി ,കാൽവള എന്നിവ കൊണ്ടുപോകുന്നു . താലിക്കെട്ടിനു തലേന്നാൾ മഞ്ഞൾ കല്യാണം എന്നൊരു ചടങ്ങുണ്ട് .ചെറുക്കന്റെ വീട്ടിലെ പെണ്ണുങ്ങൾ ഒരു സ്വർണമാല അണിയിക്കുന്നു . പിന്നീട് അഞ്ചു സ്ത്രീകൾ അഞ്ചു പാത്രത്തിൽ വെള്ളം എടുത്തുവെക്കും. ചെറുക്കനെ വീട്ടിലെ പ്രായമായ സ്ത്രീ മടിയിൽ ഇരുത്തും .ഇരിക്കാനായി ഈലമരത്തിന്റെ പലകതന്നെ വേണമെന്ന് നിർബന്ധമുണ്ട് .പന്തലിന്റെ ചുറ്റിനും വന്ന് അഞ്ചു പാത്രത്തിലെ വെള്ളം അഞ്ചു സ്ത്രീകൾ ചെറുക്കന്റെ ദേഹത്ത് ഒഴിക്കുന്നു .ഇതാണ് മഞ്ഞൾ കല്യാണം .സമാനമായ ചടങ്ങ് പെണ്ണിന്റെ വീട്ടിലും ഉണ്ട് .കല്യാണ ദിവസം പെണ്ണിന്റെ വീട്ടിൽ ബ്രാഹ്മണൻ വന്ന് താലികെട്ടൽ ചടങ്ങിനു ആരംഭം കുറിക്കുന്നു .അദ്ദേഹത്തിന് മുൻപിൽ വിളക്കും ഒരു മുറത്തിൽ അരി ,കോവയ്ക്ക ,വെറ്റില ,തേങ്ങ ,പൂക്കുല എന്നിവ വയ്ക്കും .പിന്നീട് ബ്രാഹ്മണൻ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട പൂജാദി കർമ്മങ്ങൾ ചെയ്യുന്നു . പിന്നീട് ധാര കല്യാണം .ധാര ചെയ്യുന്നതിനു മുന്നോടിയായി പെണ്ണിന് സാരി കൈമാറുന്ന ചടങ്ങുണ്ട് .പെണ്ണിനേയും ചെറുക്കനേയും അഭിമുഖമായി നിർത്തി കുറുകെ ഒരു മുണ്ട് പിടിച്ചു ഒരു തളികയിൽ സാരിവെച്ചു ചെറുക്കൻ പെണ്ണിന് കൈമാറുന്നു .ആ സാരിയുടുത്ത് വേണം പെണ്ണ് ധാരക്ക് തയ്യാറാകുവാൻ .പിന്നീട് പെണ്ണിന്റെ അച്ഛനും അമ്മയും കിണ്ടിയിൽ വെള്ളവും അഞ്ചു മാവിലയും ഒരു തേങ്ങയും കിണ്ടിയുടെ മുകളിൽ വെച്ച് മൂന്നു തവണ പ്രദക്ഷിണം വെയ്ക്കുന്നു .പെണ്ണും ചെറുക്കനും കൈകൾ ചേർത്തുപിടിച്ചു താലി കൈയിൽ പിടിക്കും .പ്രദക്ഷിണത്തിനു ശേഷം താലികെട്ട് .ശേഷം ബ്രാഹ്മണന് ദക്ഷിണ കൊടുക്കുന്നു .ചെറുക്കന്റെ വീട്ടിലെത്തി രണ്ടുപേരെയും കുളിപ്പിക്കുന്ന ചടങ്ങുമുണ്ട് .ചടങ്ങിനോടുവിൽ പന്തലിൽ കെട്ടിയ മാവിലകൾ ഒന്നിച്ചുവെച്ചു കത്തിച്ച് അതിന്റെ കരി പെണ്ണിന്റെ നെറ്റിയിൽ ചാർത്തുന്നു .പെണ്ണിനെ അന്നുതന്നെ കൂട്ടികൊണ്ടു പോകും .പതിനാല് ദിവസം കഴിഞ്ഞ് വിരുന്നു വിളിച്ച് വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകും .

നമ്മുടെ നാടിന്റെ നാനാഭാഗങ്ങളിലും സംസ്കാരത്തിന്റെ നെടുംത്തൂണുകൾ ഉയര്ന്നു വരുമ്പോൾ അതിലൊന്നായി മാറാനും നാടിൻറെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാകാനും കഴിഞ്ഞ മറാഠിസന്താനങ്ങൾ മനസ്സിന്റെ നന്മയും പ്രവർത്തനത്തിന്റെ ആത്മാർത്ഥതയും കൊണ്ട് എന്നും നമ്മുടെ അഭിമാനമാണ് .

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_മറാഠികൾ&oldid=2281949" എന്ന താളിൽനിന്ന് ശേഖരിച്ചത്