കേരളത്തിലെ ആഫ്രിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ആഫ്രിക്ക
കേരളത്തിലെ ആഫ്രിക്ക
കർത്താവ്കെ. പാനൂർ
പ്രസാധകർനാഷണൽ ബുക്‌ സ്‌റ്റാൾ, കോട്ടയം
ഏടുകൾ110
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം

അരനൂറ്റാണ്ടുമുമ്പുണ്ടായിരുന്ന വയനാടിനെയും വനവാസികളെയും ആസ്​പദമാക്കി കെ. പാനൂർ രചിച്ച മലയാള ഗ്രന്ഥമാണ് കേരളത്തിലെ ആഫ്രിക്ക. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ തിരുവിതാംകൂറിൽ നിന്നുണ്ടായ കുടിയേറ്റത്തിന് മുമ്പുള്ള സാമൂഹിക മണ്ഡലമാണ് 'കേരളത്തിലെ ആഫ്രിക്ക'യിൽ പരാമർശിക്കുന്നത്.

ഉള്ളടക്കം[തിരുത്തുക]

ട്രൈബൽ വകുപ്പിലെ ഉദ്യോഗസ്ഥനായി വയനാട്ടിലെത്തിയ പാനൂർ തന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമായി നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് ഈ കൃതിയിലെ പ്രതിപാദ്യം.[1] സഞ്ചാര സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന ഈ പുസ്തകം, ഏഴ് അധ്യായങ്ങളിലായി അടിയർ, കുറിച്യർ, കൊറകർ, പണിയർ, കാട്ടു നായ്കന്മാർ, കുറുമർ എന്നിങ്ങനെ വിവിധ ആദിവാസി വിഭാഗങ്ങളുടെ ആചാര, അനുഷ്ടാന, വിശ്വാസങ്ങളേ പറ്റിയും, അവരുടെ ജീവിത ചുറ്റുപാടുകളേ കുറിച്ചുമാണ് ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നത്. സംസ്ഥാനത്തെ റവന്യു വകുപ്പിൽ ഡപ്യൂട്ടി കളക്ടറായി ഉദ്യോഗമനുഷ്ടിച്ച പാനൂർ ആദിവാസികളുടെ ക്ഷേമത്തിൽ തല്പരനായിരുന്നു. അങ്ങനെയാണ് 1963 ൽ മലയാളത്തിലെ ആദ്യ ആദിവാസികൾക്ക് വേണ്ടിയുള്ള ഈ ഗ്രന്ഥം പിറവിയെടുക്കുന്നത്. വല്ലിസമ്പ്രദായവും ഫ്യൂഡൽ സാമൂഹിക ബന്ധങ്ങളുമെല്ലാം പാനൂർ ഈ കൃതിയിൽ ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്. കേരളത്തിലെ ആഫ്രിക്ക ആദ്യം ലേഖനരൂപത്തിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചു. 1958-60 കാലത്ത് പുസ്തകമാക്കാൻ ആദ്യം സമീപിച്ചത് മാതൃഭൂമി ബുക്സിനെ. കയ്പേറിയ അനുഭവമായിരുന്നു. ആ അഭ്യർഥന അവർ തള്ളി.

ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ തലത്തിൽ പഠന വിഷയമാണ് ഈ പുസ്തകം.

ബേഗ നിനഗുള്ള മനെ ബേഗ ആക്ക്. ഇതു മിനക്കെട്ടനീന്തലെ ആപ്പതില്ലെ. ബേഗനങ്ക ഹോക്ക്. നന ഹോട്ടെക്തീനി കാണെ. ശത്തവനു ഇനി ഒന്തും കാണെ'.(നിനക്കുള്ള ശവക്കുഴി നീതന്നെ തീർത്തുകൊള്ളണം. ഇതിനുമാത്രം മിനക്കെട്ടു നിൽക്കാൻ ഞങ്ങൾക്കു സൌകര്യമില്ല. വേഗം പോണം. വിശക്കുന്ന വയർ നിറയ്ക്കാൻ വല്ലതും കണ്ടുപിടിക്കേണ്ടതുണ്ട്. ചത്തവന് അങ്ങനെ ബുദ്ധിമുട്ടേണ്ടതില്ലല്ലോ) ..

വിവാദങ്ങൾ[തിരുത്തുക]

സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ആദിവാസീ പുനരുദ്ധാരണ പദ്ധതികളുടെ പരാജയത്തെ പറ്റി തുറന്ന് ശബ്ദിക്കുന്ന ഈ ഗ്രന്ഥം ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ചു. തുടർന്ന് 1963 ൽ കേരളാ സർക്കാർ ഈ പുസ്തകം കണ്ടു കെട്ടാനായുള്ള നീക്കം നടത്തി. നിയമസഭയിൽ ഭൂപരിഷ്കരണ നിയമത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, ഒ. കോരൻ എം.എൽ.എ, വയനാട്ടിൽ ആദിവാസികൾ വൻകിട ഭൂവുടമകൾക്കു കീഴിൽ വെറും അടിമകളായി ജീവിക്കുകയാണെന്നതിനു തെളിവായി 'കേരളത്തിലെ ആഫ്രിക്ക'യുടെ കോപ്പി സ്പീക്കറുടെ മുമ്പാകെ ഹാജരാക്കി. അടിമത്തത്തെക്കുറിച്ചുള്ള പുസ്തകത്തിലെ പ്രസ്താവന രാജ്യത്തിനും തനിക്കും അപമാനകരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ നിലപാട്. പുസ്തകം കണ്ടുകെട്ടാനും സർക്കാർ ഉദ്യോഗസ്ഥനായ ഗ്രന്ഥകാരനെതിരെ ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് അനുസരിച്ച് നടപടി എടുക്കാനുമാണ് ശ്രമിച്ചത്. പുസ്തകത്തിലെ പല പ്രസ്താവനകളെപ്പറ്റിയും വിശദീകരണം നൽകേണ്ടിവന്നു. ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് പ്രകാരം നടപടിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ ഗവൺമെന്റ് സർവന്റ്സ് കോൺടാക്ട് റൂൾസ് പുറത്തെടുത്തു. സർക്കാർ ഉദ്യോഗസ്ഥർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്നതായിരുന്നു നിയമം. [2]

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം
  • യുനസ്ക്കോ പുരസ്ക്കാരം

അവലംബം[തിരുത്തുക]

  1. "'കേരളത്തിലെ ആഫ്രിക്ക'യ്ക്ക് 50 തികയുന്നു". മാതൃഭൂമി. Archived from the original on 2015-03-02. Retrieved 2 മാർച്ച് 2015.
  2. "കേരളത്തിലെ ആഫ്രിക്കക്ക് 50". ദേശാഭിമാനി. Retrieved 1 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ആഫ്രിക്ക&oldid=3972297" എന്ന താളിൽനിന്ന് ശേഖരിച്ചത്