ഉള്ളടക്കത്തിലേക്ക് പോവുക

കെ.പി. രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും ദീർഘകാലം എം.എൽ.എയും ആയിരുന്നു കെ. പി രാമൻ മാസ്റ്റർ (ജനനം: 15 ജൂലൈ 1945)

ചെറുപ്പം മുതലെ മുസ്ലിംലീഗ് പ്രവർത്തകനായിരുന്ന രാമൻ മാസ്റ്റർ 25-ആം വയസിൽ ആദ്യമായി മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് 1970 ഒക്ടോബറിൽ നിലവിൽവന്ന നാലാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1977[1] 1980[2] 1982[3] വർഷങ്ങളിൽ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽനിന്ന് എം.എൽ.എയായി. 1991 ൽ തൃത്താലയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ൽ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. പി.എസ്.സി മെമ്പർ, ഖാദിബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മുസ്ലിംലീഗ് സെക്രട്ടറിയേറ്റ് മെമ്പറും സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. തിരൂരങ്ങാടി യതീംഖാനയിൽ പഠിച്ചുവളർന്ന രാമനെ മുസ്ലിം ലീഗ് നേതാവ് എം.കെ ഹാജിയാണ് കൈപിടിച്ചുയർത്തിയത്. വേങ്ങര കൂരിയാട് സ്വദേശി കാട്ടിലാപറമ്പ് ശങ്കരന്റെ മകനായ രാമൻ വളരെ ചെറുപ്പത്തിൽ തന്നെ എം.കെ ഹാജിയുടെ വീട്ടിലെത്തിയിരുന്നു. തിരൂരങ്ങാടിയിൽ യതീംഖാന തുടങ്ങിയതോടെ മറ്റുകുട്ടികളോടൊപ്പം  അങ്ങോട്ട് മാറുകയും  പഠിച്ച് വളർന്ന് അവിടെത്തന്നെ അധ്യാപകനായി ജോലിനോക്കുകയും ചെയ്തു. 1974 ൽ മുസ്ലിം ലീഗിലെ പിളർപ്പിനെ തുടർന്ന്  എം.കെ ഹാജിയോടൊപ്പം അഖിലേന്ത്യാ ലീഗിലേക്ക് പോയി. 1985 ൽ ലീഗ് ലയനത്തോടെ മുസ്ലിം ലീഗിൽ തിരിച്ചെത്തി. ത്രിതല പഞ്ചായത്തുകളിൽ സംവരണവ്യവസ്ഥ നടപ്പിലാക്കുന്നതിനും വർഷങ്ങൾക്കുമുമ്പ് ജനറൽ സീറ്റിൽ മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡണ്ട് ആവുകയും ചെയ്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

മരണപ്പെടുമ്പോൾ പി.എസ്.സി അംഗമായിരുന്നു. തിരുവനന്തപുരം യാത്രക്കായി ടിക്കറ്റെടുക്കാൻ ഏപ്രിൽ 20ന് പരപ്പനങ്ങാടി റെയിൽവേ ‌സ്റ്റേഷനിൽ പോയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിയിൽ അന്ത്യശ്വാസം വലിക്കുകയായിരുന്നു.[4]

എം.സി പാറുക്കുട്ടിയാണ് ഭാര്യ

മക്കൾ സുരേഷ് കുമാർ, രാജേഷ് കുമാർ, സജീഷ് കുമാർ, സന്തോഷ് കുമാർ.

2000 ഏപ്രിൽ 22 ന് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 3 ഫിബ്രവരി 2019
  2. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 3 ഫിബ്രവരി 2019
  3. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 3 ഫിബ്രവരി 2019
  4. Purani, Keyoor; Jeesha, Krishnan (2018). Madhyamam Broadcasting Ltd. (A). 1 Oliver's Yard, 55 City Road, London EC1Y 1SP United Kingdom: Indian Institute of Management, Kozhikode. ISBN 978-1-5297-0867-7.{{cite book}}: CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=കെ.പി._രാമൻ&oldid=4524709" എന്ന താളിൽനിന്ന് ശേഖരിച്ചത്