കുമരകം ബോട്ടപകടം

From വിക്കിപീഡിയ
Jump to navigation Jump to search

2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടമാണ് കുമരകം ബോട്ടപകടം എന്ന് അറിയപ്പെടുന്നത്.

മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന്‌ നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്. കുമരകം ജെട്ടിയിൽ എത്തുന്നതിന്‌ ഒരു കിലോമീറ്റർ ബാക്കി നിൽക്കേയാണ് അപകടം സംഭവിച്ചത്.[1] പി.എസ്‌.സി. ലാസ്റ്റ് ഗ്രേഡ്‌ സർവന്റ്‌ പരീക്ഷ എഴുതാൻ[2] കോട്ടയത്തേക്കു പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞവരിൽ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെട്ടിരുന്നു.[3]

അപകടത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ മരണമടഞ്ഞവരുടെ ആശ്രിതർക്കായി 91.6 ലക്ഷം രൂപ ധനസഹായം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒരുലക്ഷം രൂപ വീതമാണ് ഇതുവരെ നൽകപ്പെട്ടത്.[4] നഷ്ടപരിഹാരത്തുക വിതരണം സംബന്ധിച്ചും അപകടകാരണം സംബന്ധിച്ചും കേസുകൾ ഇപ്പോഴും തുടരുന്നു. അപകടത്തിനു കാരണമായ ബോട്ട് രണ്ടു കൊല്ലം മുൻപ് ജലഗതാഗത വകുപ്പ് ലേലം ചെയ്തു.[5]

അവലംബം[edit]

  1. കുമരകം ബോട്ടപകടത്തിന് നാളെ പത്ത് വയസ് , മെട്രോ വാർത്ത
  2. "ആ ദുരന്തത്തിന്‌ നാളെ പത്തു വയസ്സ്‌". മംഗളം. ജൂലൈ 26, 2012. ശേഖരിച്ചത് ജൂലൈ 27, 2012.
  3. "കേരളത്തിലെ ബോട്ടപകടത്തിൽ 29 പേർ മരിച്ചു" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. ജൂലൈ 28, 2002. ശേഖരിച്ചത് ജൂലൈ 27, 2012.
  4. "നാരായണക്കുറുപ്പ് കമ്മീഷൻ റിപ്പോർട്ട് ജലരേഖയായി". മാതൃഭൂമി. മേയ് 8, 2003. ശേഖരിച്ചത് ജൂലൈ 27, 2012.
  5. "കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് പത്തു വയസ്സ്". മലയാള മനോരമ, പേജ് 7. ജൂലൈ 27, 2012. Missing or empty |url= (help); |access-date= requires |url= (help)