കുഞ്ചൈക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഞ്ചൈക്കുട്ടി  പിള്ള  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്നത്തെ കേരളത്തിന്റെ ഭാഗമായ തിരുവിതാംകൂറിന്റെ സൈന്യത്തിലെ ഒരു യോദ്ധാവ്  ആയിരുന്നു . (അദ്ദേഹം "കാളിക്കുട്ടി പിള്ള" എന്ന പേരിലും അറിയപ്പെട്ടിരുന്നു). തിരുവിതാംകൂർ രാജ്യത്തിലെ രാജാക്കന്മാരായ രാമവർമ്മ യുടെയും ബാലരാമ വർമ്മയുടെയും ഭരണകാലത്തു  അദ്ദേഹം "സർവ്വാധികാര്യക്കാർ" ( സേനാധിപൻ ) ആയി അറിയപ്പെട്ടിരുന്നു. രാജാ  കേശവദാസൻ ആയിരുന്നു അന്നത്തെ ദിവാൻ.

മൈസൂർ  ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെതിരായ തിരുവിതാംകൂറിന്റെ യുദ്ധങ്ങളിൽ കുഞ്ചൈക്കുട്ടി പിള്ള നിർണായക പങ്ക് വഹിച്ചു. തിരുവിതാംകൂർ കീഴടക്കാനുള്ള ടിപ്പു സുൽത്താന്റെ ആദ്യത്തെ  ശ്രമം ആയ  1789-ഡിസംബറിലെ നെടുംകോട്ട യുദ്ധത്തിൽ ടിപ്പു സുൽത്താന്റെ സൈന്യത്തിനെതിരെ വൈക്കം പദ്മനാഭ പിള്ളക്കൊപ്പം അദ്ദേഹം പോരാടി. പിന്നീട് നെടുംകോട്ട യുദ്ധത്തിൽ പരിക്കേറ്റു തിരിച്ചു പോയ ടിപ്പു 1790 -ൽ വീണ്ടും മഴക്കാലത്ത്  തിരുവിതാംകൂറിനെ ആക്രമിക്കാൻ എത്തിയപ്പോൾ പെരിയാർ നദിയിലെ ഒരു  അണക്കെട്ടു തുറന്നു വിട്ടു ടിപ്പുവിന് നാശനഷ്ടങ്ങൾ ഉണ്ടാക്കി പിന്തിരിപ്പിച്ചതിലും അദ്ദേഹം പങ്കു വഹിച്ചു[1]. കുഞ്ചൈക്കുട്ടിപ്പിള്ള കൊല്ലവർഷം 969 ഇൽ (A D 1794 ) മരിച്ചതായി പറയപ്പെടുന്നു [2]

കുഞ്ചൈക്കുട്ടിപ്പിള്ള ആലപ്പുഴ ജില്ലയിൽ പള്ളിപ്പാട്ടു നാടാലയ്ക്കൽ തറവാട്ടിൽ നിന്ന് വിവാഹം കഴിച്ചതായി പറയപ്പെടുന്നു.  ആലപ്പുഴ ജില്ലയിൽ ഏവൂർ  എന്ന സ്ഥലത്തു അദ്ദേഹത്തിന്റെ പിൻഗാമികൾ ആയ പൊൻവേലിൽ കുടുംബക്കാർ അദ്ദേഹത്തിന്റെ പ്രതിഷ്ഠ ഉള്ള ഒരു ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ട്.  അവിടെ അദ്ദേഹത്തിന്റെ ഉടവാൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

  1. രാമൻ പിള്ള, സി വി (1918). രാമരാജ ബഹദൂർ.
  2. ശങ്കുണ്ണി, കൊട്ടാരത്തിൽ (1909). ഐതീഹ്യമാല. കോട്ടയം: ഡി സി ബുക്ക്സ്. p. 498.