Jump to content

കിങ് ഡേവിഡ് ഹോട്ടൽ ബോംബിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിങ് ഡേവിഡ് ഹോട്ടൽ ബോംബിങ്
പലസ്തീനിലെ ജൂതകലാപം എന്നതിന്റെ ഭാഗം
ആക്രമണശേഷമുള്ള ചിത്രം
സ്ഥലംജറൂസലം, പലസ്തീൻ മാൻഡേറ്റ്
തീയതി1946 ജൂലൈ 22
12:37 pm (UTC+2)
ആക്രമണലക്ഷ്യംകിങ് ഡേവിഡ് ഹോട്ടൽ
ആക്രമണത്തിന്റെ തരം
ബോംബിങ്
മരിച്ചവർ91
മുറിവേറ്റവർ
46
ആക്രമണം നടത്തിയത് ഇർഗൂൺ

ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന പലസ്തീനിലെ കാര്യാലയം നിലനിന്നിരുന്ന[1] ഹോട്ടലിന്റെ ഭാഗം ജൂതതീവ്രവാദികൾ ബോംബിട്ട് തകർത്ത സംഭവമാണ് കിങ് ഡേവിഡ് ഹോട്ടൽ ബോംബിങ്. 1946 ജൂലൈ 22-നാണ്[2] ജൂതകുടിയേറ്റ തീവ്രവാദികളായ ഇർഗൂൺ[3][4][5] ഈ ഭീകരാക്രമണം[6][7] സംഘടിപ്പിച്ചത്[2]. അറബികളും ബ്രിട്ടീഷുകാരും ജൂതന്മാരും ഉൾപ്പെടെ വിവിധ രാജ്യക്കാരായ 91 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8].

പാലസ്തീൻ മാൻഡേറ്റിലെ ബ്രിട്ടീഷ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, പലസ്തീൻ ഗവണ്മെന്റിന്റെ സെക്രട്ടറിയേറ്റ്, പലസ്തീന്റെയും ട്രാൻസ്ജോർദ്ദാന്റെയും ബ്രിട്ടീഷ് സൈനിക ആസ്ഥാനം എന്നിവയെല്ലാം ഈ ഹോട്ടലിലാണ് പ്രവർത്തിച്ചിരുന്നത്. ജൂത അർദ്ധസൈനിക വിഭാഗമായിരുന്ന ഹഗാനയുടെ അംഗീകാരത്തോടെയാണ് ഇർഗുൺ പദ്ധതി ആസൂത്രണം ചെയ്തതെങ്കിലും ആക്രമണശേഷം ഹഗാന ഇതിനെ തള്ളിക്കളയുകയായിരുന്നു. ഹഗാന ഈ പദ്ധതിയുടെ അംഗീകാരം റദ്ദാക്കിയെന്നാണ് അവർ വാദിക്കുന്നത്. ഓപ്പറേഷൻ അഗതയുടെ ഭാഗമായി നടത്തപ്പെട്ട ബ്രിട്ടീഷ് റെയ്ഡുകളിലൂടെ ജൂതരുടെ ബ്രിട്ടീഷ് വിരുദ്ധ ആക്രമണങ്ങളുടെ രേഖകൾ പിടിച്ചെടുക്കപ്പെട്ടിരുന്നു. ഈ രേഖകൾ നശിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 1920 മുതൽ 1948 വരെ നീണ്ട ബ്രിട്ടീഷ് മാൻഡേറ്റിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്[9][10].

ഹോട്ടൽ ജീവനക്കാരെന്ന വ്യാജേന കടന്നുകയറിയ ഇർഗൂൺ അംഗങ്ങൾ കെട്ടിടത്തിന്റെ ബേസ്മെന്റിൽ ബോംബ് സ്ഥാപിക്കുകയായിരുന്നു. കിങ് ഡേവിഡ് ഹോട്ടലിന്റെ സൗത്ത് വിങ്ങിന്റെ പടിഞ്ഞാറൻ പകുതി തകർന്നു[10]. സൗത്ത് വിങ്ങിലാണ് ഗവണ്മെന്റ് സെക്രട്ടറിയേറ്റ്, സൈനിക ആസ്ഥാനത്തിന്റെ ഏതാനും ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്നത്. ഹോട്ടലിന് പുറത്തും സമീപ കെട്ടിടങ്ങളിലുമായാണ് ചില മരണങ്ങളും പരിക്കുകളും സംഭവിച്ചത്[10].

സ്ഫോടനത്തെ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ഇർഗൂൺ വക്താക്കൾ പിന്നീട് അവകാശപ്പെട്ടിരുന്നു. എന്നാൽ സ്ഫോടനത്തിന് 15 മിനിറ്റ് മുൻപാണ് ഇത്തരം ഒരറിയിപ്പ് നൽകപ്പെട്ടതെന്ന് ചില വിദഗ്ദർ പറയുന്നുണ്ട്. എന്നാൽ വിശ്വസനീയമായ ഒരറിയിപ്പും ഉത്തരവാദപ്പെട്ട ആർക്കും ലഭിച്ചില്ലെന്നാണ് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയത്[11]. ഇക്കാര്യത്തിലെ വ്യത്യസ്ഥമായ വിവരണങ്ങൾക്കൊന്നും ഒരു വ്യക്തതയുള്ള സ്ഥിരീകരണം ലഭ്യമല്ല[10].

പശ്ചാത്തലം

[തിരുത്തുക]
ഓപ്പറേഷൻ അഗതയിൽ സയണിസ്റ്റ് നേതാക്കൾ അറസ്റ്റിൽ. ഇടത്തുനിന്ന് വലത്തോട്ട്: ഡേവിഡ് റെമെസ്, മോഷെ ഷെരെറ്റ്, യിറ്റ്സാക്ക് ഗ്രുൻബോം, ഡോവ് യോസെഫ്, ഷെങ്കാർസ്കി, ഡേവിഡ് ഹാക്കോഹെൻ, ഹാൽപെറിൻ .

ബ്രിട്ടനെതിരായുള്ള ജൂതകലാപത്തിനെ സംബന്ധിച്ച അന്വേഷണത്തോടനുബന്ധിച്ച് നടന്ന റെയ്ഡുകളിൽ ജ്യൂവിഷ് ഏജൻസി, ഹഗാന എന്നിവക്കെതിരായ നിരവധി രേഖകൾ കണ്ടെടുക്കപ്പെടുകയുണ്ടായി. ഓപ്പറേഷൻ അഗത എന്നാണ് ഈ റെയ്‌ഡുകൾ അറിയപ്പെട്ടത്. ജൂത കുടിയേറ്റക്കാർക്കിടയിൽ ബ്ലാക്ക് സാറ്റർഡേ എന്നും അറിയപ്പെടുന്നു.

1948 ജൂൺ 29-ന് ആരംഭിച്ച ഈ ഓപ്പറേഷനിലെ റെയ്‌ഡുകളിൽ ശേഖരിക്കപ്പെട്ട രേഖകളെല്ലാം സൂക്ഷിച്ചിരുന്നത് കിങ് ഡേവിഡ് ഹോട്ടലിലെ സൗത്ത് വിങ്ങിലായിരുന്നു[12]. ഹഗാനയുടെയും ജൂവിഷ് ഏജൻസി എന്നിവക്ക് കലാപങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലുകൾ ഈ രേഖകളിൽ ഉണ്ടായിരുന്നു. ഈ രേഖകൾ നശിപ്പിക്കൽ ലക്ഷ്യമാക്കിയാണ് ഇർഗുൺ ആക്രമണം ആസൂത്രണം ചെയ്തത്[13].

ഹോട്ടലിന്റെ ഘടന

[തിരുത്തുക]

H ആകൃതിയിലായി രൂപകല്പന ചെയ്യപ്പെട്ട കിങ് ഡേവിഡ് ഹോട്ടൽ, ജറൂസലമിലെ ആദ്യത്തെ ആധുനിക ആഡംബര ഹോട്ടലായിരുന്നു. 1932-ൽ പ്രവർത്തന്മാരംഭിച്ച ഈ ഹോട്ടലിന് ആറ് നിലകളായിരുന്നു[14] ഉണ്ടായിരുന്നത്. വടക്കും തെക്കും ഉള്ള രണ്ട് കെട്ടിടഭാഗങ്ങളും അവയെ ബന്ധിപ്പിക്കുന്ന ഒരു നീളമുള്ള മധ്യഭാഗവും ഉൾക്കൊള്ളുന്നതാണ് ഈ ഹോട്ടൽ. ചിറകുകളെ ബന്ധിപ്പിക്കുന്ന നീളമുള്ള മധ്യ അക്ഷം. ജൂലിയൻസ് വേ, ഒരു പ്രധാന പാത, ഹോട്ടലിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് സമാന്തരമായും അടുത്തും ഓടി. ഫ്രഞ്ച് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നതും ഹോട്ടലിന്റെ സേവന കവാടത്തിലേക്കുള്ള പ്രവേശനം ലഭിച്ചതുമായ ഒരു ഉപരിതലമില്ലാത്ത ഒരു പാത, അവിടെ നിന്ന് ഹോട്ടലിന്റെ വടക്കേ അറ്റം കടന്ന് ഓടി. പൂന്തോട്ടങ്ങളും ഒരു പാർക്കായി നിശ്ചയിച്ചിരുന്ന ഒരു ഒലിവ് തോട്ടവും മറുവശത്ത് ചുറ്റിത്തിരിയുന്നു.

സർക്കാർ, സൈനിക ഉപയോഗം

[തിരുത്തുക]

1938-ന്റെ അവസാനത്തിലാണ് അധികാരികൾ ഹോട്ടൽ മുറികൾ ആദ്യമായി ആവശ്യപ്പെട്ടത്. അന്ന് ഈ ആവശ്യം താത്കാലികാടിസ്ഥാനത്തിലായിരുന്നു. സെക്രട്ടേറിയറ്റിനും ആർമി ഹെഡ് ക്വാർട്ടേഴ്സിനുമായി ഒരു സ്ഥിരം കെട്ടിടം പണിയാൻ നേരത്തെ തന്നെ പദ്ധതികളുണ്ടായിരുന്നെങ്കിലും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനേത്തുടർന്ന് റദ്ദാക്കപ്പെടുകയായിരുന്നു. ആ സമയത്ത് ഹോട്ടൽ മുറികൾ ഭൂരിഭാഗവും സർക്കാർ, സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചു.

1846-ൽ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രധാന കാര്യാലയങ്ങൾ ഹോട്ടലിന്റെ തെക്കൻ ശാഖയിലേക്ക് മാറ്റപ്പെട്ടു. സെക്രട്ടറിയേറ്റ്, സൈനിക ആസ്ഥാനം[15], മിലിറ്ററി പോലീസ്, പലസ്തീൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഒരു വിഭാഗം[14] എന്നിവയും, സൈനിക ടെലഫോൺ എക്സ്ചേഞ്ചും[10] ഈ കെട്ടിടഭാഗത്ത് പ്രവർത്തിച്ചുവന്നു. പലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റിന്റെ സിരാകേന്ദ്രമായിരുന്നു ഈ ഹോട്ടൽ എന്ന് വിലയിരുത്തപ്പെടാറുണ്ട്[16][17].

മുമ്പത്തെ ആക്രമണങ്ങൾ

[തിരുത്തുക]

വി3 എന്ന് ബ്രിട്ടീഷുകാർ വിളിച്ചിരുന്ന വിദൂരനിയന്ത്രിത മോർട്ടാർ ഇർഗൂൺ വികസിപ്പിച്ചെടുത്തിരുന്നു. 1945-ൽ നിരവധി പോലീസ് സ്റ്റേഷനുകൾക്ക് നേരെ ഈ മോർട്ടാർ ആക്രമണം നടന്നിരുന്നു. ഇത്തരം മോർട്ടാറുകളിൽ ആറെണ്ണം ഹോട്ടലിന് തെക്കുള്ള ഒലീവ് തോട്ടത്തിൽ ഇർഗൂൺ സ്ഥാപിച്ചു. സർക്കാർ അച്ചടിശാലയുടെ സമീപത്തായി മൂന്നെണ്ണവും, ഹോട്ടലിന്റെ തെക്കൻ ശാഖയെ ലക്ഷ്യമിട്ട് മൂന്നെണ്ണവും. രാജാവിന്റെ ജന്മദിനത്തിൽ പൊട്ടിക്കാനായി ആസൂത്രണം ചെയ്യപ്പെട്ടെങ്കിലും ജ്യൂവിഷ് ഏജൻസി വഴി വിവരം ലഭിച്ച ബ്രിട്ടീഷുകാർ മോർട്ടാറുകൾ കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നു. മറ്റൊരവസരത്തിൽ ഹോട്ടലിനെതിരെ ഒരജ്ഞാത സംഘം ഗ്രനേഡ് എറിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്തിയില്ല[9].

ആസൂത്രണം

[തിരുത്തുക]

ഇർഗൂൺ നേതാവായ മെനാച്ചെം ബെഗിന് ഹഗാനയുടെ മോഷെ സ്നെയിൽ നിന്നുള്ള കത്തിൽ ചിക്കിൽ ഓപ്പറേഷൻ നടത്താനായി നിർദ്ദേശിക്കുന്നുണ്ട്. ചിക്ക് എന്നത് ഹോട്ടലിനെ സൂചിപ്പിക്കാനായി ജൂതതീവ്രവാദികൾ ഉപയോഗിച്ച രഹസ്യനാമമായിരുന്നു[18]. ഹഗാന ഈ പ്രൊജക്റ്റിന് 1945-ൽ നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങൾ കാരണം പദ്ധതി നീട്ടിവെക്കാൻ പലതവണയായി ആവശ്യപ്പെട്ടു വന്നു. ഇർഗൂൺ-പൽമാച്ച് (ഹഗാനയുടെ ഘടകം) ഗൂഡാലോചനയിലൂടെ പദ്ധതി അന്തിമായി തീരുമാനിക്കപ്പെട്ടു[10].

സുഡാനി വെയ്റ്റർമാരുടെ വേഷവിധാനത്തിൽ എത്തുന്ന ഇർഗൂൺ ഭീകരർ, ബേസ്മെന്റ് വഴി പ്രവേശിക്കുകയും പാൽ പാത്രങ്ങളിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ തെക്കൻ ശാഖയുടെ പ്രധാന തൂണുകൾക്ക് അരികെ സ്ഥാപിക്കുക എന്നതായിരുന്നു പദ്ധതി. ബേസ്മെന്റിലെ നൈറ്റ്ക്ലബ് (റീജൻസ്) പ്രവർത്തിച്ചിരുന്നേടത്താണ് ഈ തൂണുകൾ[10] എന്നതിനാൽ അവിടെ വിജനമാകുന്ന സമയത്ത് വേണമായിരുന്നു ഇത് നിർവ്വഹിക്കാൻ. അങ്ങനെ ജൂലൈ 22-ന് 11 മണിയോടെ അവിടെ പ്രവേശിച്ച് ബോംബുകൾ സ്ഥാപിക്കാമെന്ന് ധാരണയായി[16]. ഈ സമയത്ത് കടന്നുകയറാനും എളുപ്പമായിരിക്കുമെന്ന് അവർ മനസ്സിലാക്കി[10]. രണ്ടു മണിയോടെ ഉപഭോക്താക്കളെത്തുകയും ഓപ്പറേഷൻ അസാധ്യമാവുകയും ചെയ്യും. ലേഹി എന്ന തീവ്രവാദ സംഘടന ആസൂത്രണം ചെയ്ത മറ്റൊരു ആക്രമണവുമായി (ഡേവിഡ് ബ്രദേഴ്സ് ബിൽഡിങിലെ ആക്രമണം) സമയം പൊരുത്തപ്പെടുത്താനായാണ് ഹോട്ടൽ ആക്രമണത്തിന്റെ സമയം നിശ്ചയിച്ചത്. എന്നാൽ ലേഹിയുടെ പദ്ധതി അവസാനനിമിഷം റദ്ദാക്കുകയായിരുന്നു.

മരണങ്ങൾ കുറക്കാനായി പരമാവധി ശ്രദ്ധിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്ന് ഇർഗൂൺ അവകാശപ്പെടുന്നുണ്ട്. ഹോട്ടൽ ആ സമയത്ത് ഒഴിപ്പിക്കുക എന്നതും അവർ പ്ലാൻ ചെയ്തിരുന്നുവത്രെ[19]. ആക്രമണശേഷം ഹഗാനയുമായി ഇർഗൂൺ അഭിപ്രായവ്യത്യാസമുണ്ടാവുകയും, ആളൊഴിഞ്ഞ ദിവസം ആക്രമണം നടത്താനാണ് തങ്ങൾ അനുമതി നൽകിയതെന്ന് വ്യക്തമാക്കുകയും ചെയ്തു[10].

മുന്നറിയിപ്പുകൾ

[തിരുത്തുക]
ഹോട്ടലിന്റെ പിൻഭാഗം, 1931-ൽ

സ്ഫോടനത്തെ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ഇർഗൂൺ വക്താക്കൾ പിന്നീട് അവകാശപ്പെട്ടിരുന്നു. എന്നാൽ സ്ഫോടനത്തിന് 15 മിനിറ്റ് മുൻപാണ് ഇത്തരം ഒരറിയിപ്പ് നൽകപ്പെട്ടതെന്ന് ചില വിദഗ്ദർ പറയുന്നുണ്ട്. എന്നാൽ വിശ്വസനീയമായ ഒരറിയിപ്പും ഉത്തരവാദപ്പെട്ട ആർക്കും ലഭിച്ചില്ലെന്നാണ് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കിയത്[11]. ഇക്കാര്യത്തിലെ വ്യത്യസ്ഥമായ വിവരണങ്ങൾക്കൊന്നും ഒരു വ്യക്തതയുള്ള സ്ഥിരീകരണം ലഭ്യമല്ല[10].

അമേരിക്കൻ എഴുത്തുകാരനായ തർസ്റ്റൺ ക്ലാർക്കിന്റെ വിശദീകരണപ്രകാരം 12:37-നാണ് സ്ഫോടനം നടക്കുന്നത്. മൂന്ന് തവണ മുന്നറിയിപ്പ് ഫോൺകോളുകൾ ലഭിച്ചതായും ആദ്യതവണത്തെ കോളിൽ (സമയം 12:22) ടെലഫോൺ ഓപ്പറേറ്റർക്ക് ലഭിച്ച മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതായും അദ്ദേഹം പറയുന്നുണ്ട്. രണ്ടാമത്തെ കോൾ ഹോട്ടലിനോട് ചേർന്നുള്ള ഫ്രെഞ്ച് കോൺസുലേറ്റിലേക്കായിരുന്നു. ഇതോടെ ജീവനക്കാർ, സ്ഫോടനത്തിന്റെ ആഘാതം കുറക്കാനായി ജനലുകൾ തുറന്നിടുകയും കർട്ടനുകൾ അടക്കുകയും ചെയ്തു. മൂന്നാമത്തെ കോൾ പലസ്തീൻ പോസ്റ്റ് പത്രത്തിലേക്കായിരുന്നു. ഇതോടെ ബോംബുകൾ ഘടിപ്പിച്ച പാൽ പാത്രങ്ങൾ കണ്ടെത്തിയെങ്കിലും സമയം അതിക്രമിച്ചിരുന്നു[9]. എന്നാൽ ബ്രിട്ടീഷുകാർ തങ്ങൾക്ക് അപകീർത്തിയുണ്ടാക്കാനായി മന:പൂർവ്വം ഒഴിഞ്ഞുപോവാതിരുന്നതാണെന്ന് മെനാച്ചം ബെഗിൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ പ്രസ്താവിക്കുന്നുണ്ട്[20].

പദ്ധതിവിവരം ചോരുന്നു

[തിരുത്തുക]

ജൂതഭീകരർ കിങ് ഡേവിഡ് ഹോട്ടൽ തകർത്തു എന്ന സന്ദേശം ഒരു ഇർഗൂൺ അംഗം കൂടിയായ സ്ട്രിങർ വഴി ലണ്ടനിലെ യു.പി.ഐ ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ആക്രമണം ഒരു മണിക്കൂർ വൈകിപ്പിച്ച വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. എന്നാൽ സംഭവം സ്ഥിരീകരിക്കപ്പെടുന്നത് വരെ യു.പി.ഐ ഇത് പ്രസിദ്ധീകരിച്ചിരുന്നില്ല.

സ്ഫോടനം

[തിരുത്തുക]

ബെയ്ത് അഹരോൺ തൽമൂദ് തോറയിലാണ് 1946 ജൂലൈ 22-ന് അക്രമികൾ കണ്ടുമുട്ടുന്നത്. അവരെ ആക്രമണലക്ഷ്യം മനസ്സിലാക്കിക്കൊടുത്ത ശേഷം 350 കിലോ സ്ഫോടകവസ്തുക്കൾ ആറ് ബോംബുകളാക്കി ഏല്പിച്ചു. ഡേവിഡ് ബ്രദേഴ്സ് ബിൽഡിങ്ങിലെ കൂടി ആക്രമണം അന്നത്തെ പദ്ധതിയിൽ പെടുന്നതിനാൽ അതുമായി ബന്ധപ്പെട്ട അവ്യക്തതകളാൽ ഓപ്പറേഷൻ ഒരുമണിക്കൂറോളം വൈകി 12:00 മണിയോടെയാണ് ആരംഭിച്ചത്[21].

ലാ റീജൻസ് കഫേയിൽ ബോംബുകൾ സ്ഥാപിച്ച ശേഷം, [22] ഇർഗൺ തീവ്രവാദികൾ പെട്ടെന്ന് പുറത്തേക്ക് കടന്ന് പുറത്തുള്ള തെരുവിൽ സ്ഫോടനം നടത്തി[21]. പോലീസ് റിപ്പോർട്ട് പ്രകാരം ഈ സ്ഫോടനം മരണസംഖ്യ കൂടാൻ കാരണമായിട്ടുണ്ട്. ഈ സംഭവം കാണാനായി ഹോട്ടലിലെ ആളുകൾ കൂടിയ ഭാഗത്താണ് ഹോട്ടലിലെ സ്ഫോടനം നടന്നത് എന്നതാണ് ഇതിന് കാരണം. തെരുവിലെ സ്ഫോടനത്തിൽ പെട്ട ബസ്സിലെ യാത്രക്കാരും ഹോട്ടലിന്റെ ഭാഗത്താണ് ഒത്തുകൂടിയിരുന്നതും അപകടത്തിന്റെ തീവ്രത കൂട്ടി[10]. അടുക്കളയിലെ അറബ് ജീവനക്കാർ ഓടിരക്ഷപ്പെടാൻ നിർദ്ദേശം കിട്ടിയത് പ്രകാരം രക്ഷപ്പെടുകയായിരുന്നു[19].

സംഭവത്തിനിടെ രണ്ട് ഇർഗൂൺ തീവ്രവാദികൾക്ക് വെടിയേൽക്കുകയുണ്ടായി[19][23]. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇവരെ പിറ്റേദിവസം ജൂതന്മാരുടെ തെരുവിൽ നിന്ന് പോലീസ് കണ്ടെത്തിയെങ്കിലും ഒരാൾ ഇതിനകം മരണപ്പെട്ടിരുന്നു[10].

സ്ഫോടനത്തിന്റെ ആഘാതം

[തിരുത്തുക]
കിംഗ് ഡേവിഡ് ഹോട്ടലിൽ രണ്ടാമത്തെ ബോംബ് സ്‌ഫോടനം

ഉച്ചതിരിഞ്ഞ് 12:37-നായിരുന്നു ഹോട്ടലിലെ സ്‌ഫോടനം നടന്നത്. ഹോട്ടലിന്റെ തെക്കൻ ശാഖയുടെ പടിഞ്ഞാറൻ പകുതി ഇതോടെ നിലം പൊത്തി. 91 പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു[10]. കുതിച്ചെത്തിയ റോയൽ എഞ്ചിനീയേഴ്സ് രക്ഷാപ്രവർത്തകർ മൂന്ന് ദിവസങ്ങൾ എടുത്താണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങളും ജീവനോടെ ബാക്കിയായവരേയും പുറത്തെടുത്തത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിച്ചാണ് ഈ രക്ഷാപ്രവർത്തനം നടത്തിയത്.

41 അറബികൾ, 28 ബ്രിട്ടീഷുകാർ, 17 ജൂതന്മാർ എന്നിവരടക്കം 91 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 70 പേരും സർക്കാർ ഉദ്യോഗസ്ഥരും ഗുമസ്തരുമായിരുന്നു. 13 പട്ടാളക്കാരും 3 പോലീസുകാരും 5 സാധാരണക്കാരും ആണ് കൊല്ലപ്പെട്ടവർ[24][9].

ആറ് പേരെ ജീവനോടെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചു. സ്ഫോടനം നടന്ന് 31 മണിക്കൂറിന് ശേഷമാണ് ആറാമത്തെ ആളെ ജീവനോടെ രക്ഷിക്കാൻ സാധിച്ചത്[25].

പ്രതികരണങ്ങൾ

[തിരുത്തുക]

ബ്രിട്ടീഷ് പ്രതികരണങ്ങൾ

[തിരുത്തുക]

പലസ്തീനിലെ ബ്രിട്ടീഷ് മാൻഡേറ്റ്, ജൂതസൈനികർക്കെതിരെ വിജയിച്ചുനിൽക്കുകയാണെന്ന ബ്രിട്ടീഷ് അവകാശവാദത്തെ തകർക്കാൻ ഈ സ്ഫോടനം ഇടയാക്കി[17]. ബ്രിട്ടനിൽ മാൻഡേറ്റ് ഭരണത്തിനെതിരായ വികാരം അവിടെ വളർന്നുവന്നു. ജൂതരോടുള്ള ബ്രിട്ടീഷ് സർക്കാറിന്റെ കർക്കശനിലപാടുകളാണ് ആക്രമണകാരണമെന്നും പലസ്തീനിൽ ജൂതകുടിയേറ്റം വർദ്ധിപ്പിക്കണമെന്നും സയണിസ്റ്റ് അനുകൂലിയായ വിൻസ്റ്റൺ ചർച്ചിൽ ഉൾപ്പെടെയുള്ളവർ വാദിച്ചു[26].

പലസ്തീന്റെ ചീഫ് സെക്രട്ടറിയായിരുന്ന സർ ജോൺ ഷാ, സ്ഫോടനത്തിൽ മരണപ്പെട്ട സഹപ്രവർത്തകരെ കുറിച്ച് വികാരഭരിതനാവുന്നുണ്ട്. ക്ലെമന്റ് ആറ്റ്ലി, സ്ഫോടനത്തെ അപലപിക്കുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു.[27]

അവലംബം

[തിരുത്തുക]
 1. The Terrorism Ahead: Confronting Transnational Violence in the Twenty-First, Paul J. Smith, M.E. Sharpe, 2007, p. 27 [ISBN missing]
 2. 2.0 2.1 Hardy, Roger (2017). The Poisoned Well, Empire and its Legacy in the Middle East. New York: Oxford University Press. p. 10. ISBN 978-0-19-062322-7.
 3. Encyclopedia of Terrorism, Harvey W. Kushner, Sage, 2003 p. 181 [ISBN missing]
 4. Encyclopædia Britannica article on the Irgun Zvai Leumi
 5. The British Empire in the Middle East, 1945–1951: Arab Nationalism, the United States, and Postwar Imperialism, William Roger Louis, Oxford University Press, 1986, p. 430 [ISBN missing]
 6. Chalk, Peter (1996). Encyclopedia of World Terrorism. Routledge. p. 394. ISBN 978-1-56324-806-1.
 7. Crenshaw, Martha; Pimlott, John (1998). International Encyclopedia of Terrorism. Routledge. p. 287. ISBN 978-1-57958-022-3.
 8. Clarke, Thurston. By Blood and Fire, G. P. Puttnam's Sons, New York, 1981 [പേജ് ആവശ്യമുണ്ട്] [ISBN missing]
 9. 9.0 9.1 9.2 9.3 Clarke, Thurston. By Blood and Fire, G. P. Puttnam's Sons, New York, 1981 [പേജ് ആവശ്യമുണ്ട്] [ISBN missing]
 10. 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 Bethell, Nicholas (1979). The Palestine Triangle. Andre Deutsch.
 11. 11.0 11.1 Koestler, Arthur (1949). Promise and Fulfilment, Palestine 1917–1949. London: Macmillan.
 12. The Bombing of the King David Hotel. Jewish Virtual Library. Retrieved April 26, 2009.
 13. Jerusalem – British Beneath the surface Archived April 24, 2009, at the Wayback Machine.. The Jerusalem Post. Retrieved April 26, 2009.
 14. 14.0 14.1 Eric Silver, Begin, A Biography, Weidenfeld and Nicolson, London, 1984
 15. The Times, London, July 23, 1946.
 16. 16.0 16.1 Jeffers, H. Paul (2004). The Complete Idiot's Guide to Jerusalem. Jerusalem: Alpha Books. pp. 149–52. ISBN 978-1-59257-179-6.
 17. 17.0 17.1 Hoffman, Bruce (1999). Inside Terrorism. Columbia University Press. pp. 48–52.
 18. The original letter can be found in the Jabotinsky Institute Archives (k-4 1/11/5).
 19. 19.0 19.1 19.2 Katz, Shmuel (1966). Days of Fire. Karni Press.
 20. Begin, Menachem (1978). The Revolt. New York: Dell Publishing Co. pp. 296–97. ISBN 978-0-440-17598-8. Retrieved 11 May 2021.
 21. 21.0 21.1 Menachem Begin, The Revolt, translated by Samuel Katz, W. H. Allen, London, First edition 1959, Revised edition 1979 [ISBN missing]
 22. "Former Commander Of Deadly King David Hotel Attack Dies". www.apnewsarchive.com.
 23. Yehuda Lapidot, Besieged – Jerusalem 1948 – Memories of an Irgun fighter
 24. Walton, Calder (2013). Empire of Secrets. Harper Press. pp. 78, 79. ISBN 978-0-00-745796-0.
 25. Palestine Post, July 24, 1946, p. 1; August 2, p. 3.
 26. Gilbert, Martin (2007). Churchill and the Jews. Macmillan. pp. 253–57. ISBN 978-0-8050-7880-0.
 27. ഫലകം:Hansard