Jump to content

കാൽ‌വിനും ഹോബ്‌സും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൽ‌വിനും ഹോബ്സും

കാൽ‌വിന്റേയും ഹോബ്സിന്റേയും ഒരുപാടു സവാരികളിലൊന്ന് ജോഷുയ .
ആദ്യ കാൽ‌വിൻ കോമിക് സ്ട്രിപ്പ് സമാഹാരത്തിന്റെ മുഖചിത്രമാണ് ഈ ചിത്രം.
Author(s) ബിൽ വാട്ടേഴ്സൺ
Current statusഅവസാനിച്ചു
Genre(s)ഫലിതം

വിശ്വപ്രസിദ്ധമായ കോമിക് സ്ട്രിപ്പ് ആണ് കാൽ‌വിൻ ആന്റ് ഹോബ്‌സ് (കാൽ‌വിനും ഹോബ്‌സും). കാൽ‌വിൻ എന്ന ഭാവനാശാലിയായ ആറു വയസ്സുകാരൻ കുട്ടിയുടേയും അവന്റെ കളിപ്പാവയായ ഹോബ്‌സ് എന്ന പഞ്ഞിക്കടുവയുടേയും ജീവിതം പ്രമേയമാക്കുന്ന ഈ കാർ‌ട്ടൂൺ സ്ട്രിപ്പ് രചിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നത് ബിൽ വാട്ടേഴ്സൺ ആണ്. കാൽ‌വിൻ എന്ന പേര് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് മതപണ്ഡിതനായ ജോൺ കാൽ‌വിനിൽ നിന്നും ഹോബ്‌സ് എന്ന പേര് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ് ഹോബ്സ് എന്ന ഇംഗ്ലീഷ് രാഷ്ടീയ ദാർ‌ശനികനിൽ നിന്നുമാണ് ബിൽ വാട്ടേഴ്സൺ കണ്ടെടുത്തത് 1985 നവം‌ബർ‌ 18 മുതൽ 1995 ഡിസം‌ബർ 31 വരെ തുടർ‌ച്ചയായി ഈ കാർ‌ട്ടൂൺ സ്ട്രിപ്പ് പുറത്തിറക്കിയിരുന്നു. യൂണിവേഴ്സൽ കാർട്ടൂൺ സിന്റിക്കേറ്റ് എന്ന മാധ്യമ സിന്റിക്കേറ്റിനായിരുന്നു ഈ സ്ട്രിപ്പുകളുടെയെല്ലാം പ്രസിദ്ധീകരണാവകാശം. ഏതാണ്ട് 2400 ൽ പുറമേ പത്രങ്ങളിൽ വരെ കാൽ‌വിൻ ആന്റ് ഹോബ്സ് ഒരേ സമയം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു.ഇന്നു വരെ 30 ദലലക്ഷത്തിൽ പരം കാൽ‌വിൻ ആന്റ് ഹോബ്‌സ് പുസ്തകങ്ങൾ അച്ചടിച്ചിറക്കിയിട്ടുണ്ട്.,[1] പൊതു സംസ്കാരത്തെ പല രീതിയിലും ഈ കാർട്ടൂൺ കഥാപാത്രങ്ങൾ സ്വാധീനിക്കുന്നുമുണ്ട്.

സമകാലിക മധ്യപൂർ‌വ അമേരിക്കയിലെ നഗര പ്രാന്തപ്രദേശങ്ങളാണ് കാൽ‌വിന്റേയും ഹോബ്‌സിന്റേയും കഥയ്ക്കു പശ്ചാത്തലം ഒരുക്കുന്നത്. വാട്ടേഴ്സന്റെ ജന്മ സ്ഥലമായ ഒഹിയോയിലെ ചഗ്രിൻ ഫാൾസിൽ നിന്നാണ് ഈ സ്ഥല നിർമിതിയുണ്ടാക്കപ്പെട്ടിട്ടുള്ളതെന്നു അനുമാനിക്കപ്പെടുന്നു. ഏതാണ്ട് എല്ലാ കാർ‌ട്ടൂൺ സ്ട്രിപ്പുകളിലും കാൽ‌വിനും ഹോബ്‌സും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. ചില കാർ‌ട്ടൂണുകളിൽ കാൽ‌വിന്റെ കുടുംബാം‌ഗങ്ങ‌ൾ പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. കാൽ‌വിന്റെ ഭാവനാ ലോകമാണ് ഈ കാർ‌ട്ടൂൺ സ്ട്രിപ്പുകളിൽ ഉടനീളമുള്ള കഥാതന്തു. ഭാവനാലോകത്തെ പോരാട്ടങ്ങൾ, ഹോബ്‌സുമായുള്ള സൗഹൃദം, സാഹസികാബദ്ധങ്ങൾ, രാഷ്‌ട്രീയം, സാമൂഹികം, സം‌സ്കാരം തുടങ്ങിയ വിഷയങ്ങളിൽ കാൽ‌വിന്റെ വീക്ഷണം, അച്ഛനമ്മമാരോടുള്ള ബന്ധവും ഇടപെടലുകളും, സഹപാഠികൾ, അദ്ധ്യാപകർ, മറ്റു സാമൂഹ്യബന്ധങ്ങൾ തുടങ്ങി തികച്ചും വൈവിദ്ധ്യമാർ‌ന്ന കഥാപരിസരങ്ങളിലൂടെയാണ് കാൽ‌വിനും ഹോബ്‌സും മുന്നോട്ടു പോകുന്നത്. ഹോബ്‌സിന്റെ ദ്വന്ദ വ്യക്തിത്വവും മറ്റൊരു പ്രധാന വിഷയമാണ്. (കാൽ‌വിൻ ഹോബ്‌സിനെ ജീവനുള്ള ഒരു കടുവയായി കാണുമ്പോൾ, മറ്റു കഥാപാത്രങ്ങൾ‌ക്കെല്ലാം ഹോബ്‌സ് ഒരു കളിപ്പാവ മാത്രമാണ്.)

ഗാരി ട്രുഡേയുടെ 'ഡൂൺസ്‌ബറി' പോലുള്ള രാഷ്ട്രീയ കാർ‌ട്ടൂൺ സ്ട്രിപ്പുകളെ പോലെ വ്യക്തമായ രാഷ്ട്രീയ വിമർ‌ശനം കാൽ‌വിൻ ആന്റ് ഹോബ്സിൽ കാണാൻ കഴിയില്ലെങ്കിലും പരിസ്ഥിതിവാദം, അഭിപ്രായ സർ‌വേകളുടെ പൊള്ളത്തരം തുടങ്ങിയ വിശാല രാഷ്ട്രീയ സങ്കൽ‌പ്പനങ്ങളെ അത് പരിശോധിക്കാറുണ്ട്. സ്വന്തം വീട്ടിലെ ആറു വയസ്സുള്ള വെളുത്ത ആൺകുട്ടികളുടെ ഇടയിലും പഞ്ഞിക്കടുവകളുടെ ഇടയിലും തന്റെ അച്ഛനുള്ള സ്ഥാനത്തെ പറ്റി കാൽ‌വിൻ നടത്തുന്ന അഭിപ്രായ സർ‌വേകൾ ഒന്നിലധികം കാർ‌ട്ടൂണുകളിൽ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്.

തന്റെ സൃഷ്ടികളുടെ വാണിജ്യ സാധ്യതകൾ ചൂഷണം ചെയ്യുന്നതിന് വാട്ടേഴ്സൺ തികച്ചും എതിരായിരുന്നു. മാത്രവുമല്ല മാധ്യമ ശ്രദ്ധയിൽ നിന്നുമകന്നു നിൽക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു.അതു കൊണ്ടു തന്നെ കാൽ‌വിൻ - ഹോബ്സ് പുസ്തകങ്ങളല്ലാതെ മറ്റൊരു അം‌ഗീകൃത അനുബന്ധ ഉല്പന്നങ്ങളും ഇന്നു ലഭ്യമല്ല. പരസ്യ ആവശ്യങ്ങൾ‌ക്കായി ചില ഔദ്യോഗിക ഉൽ‌പ്പന്നങ്ങൾ പുറത്തിയിറക്കിയിരുന്നെങ്കിലും അവ ഇപ്പോൾ സ്വകാര്യ ശേഖരങ്ങളിൽ മാത്രമേയുള്ളൂ. രണ്ട് 16-മാസ ചുവർ‌ കലണ്ടറുകൾ, കാൽ‌വനും ഹോബ്‌സും പഠിപ്പിക്കുന്ന പാഠപുസ്തകങ്ങൾ എന്നിവ ലൈസൻസിങ്ങിൽ നിന്നു ഒഴിവാക്കപ്പെട്ട രണ്ടു പ്രധാന ഉല്പന്നങ്ങളാണ്. എന്നാൽ കാൽ‌വിന്റേയും ഹോബ്‌സിന്റേയും വർ‌ദ്ധിച്ച ജനകീയത അനധികൃതമായ ഒട്ടനവധി ഉൽ‌പ്പന്നങ്ങൾ‌ക്കു വഴി വച്ചിട്ടുണ്ട്. ഒട്ടനവധി ടീ-ഷർട്ടുകൾ, താക്കോൽ ചെയിനുകൾ, സ്റ്റിക്കറുകൾ, ജനൽ‌ച്ചിത്രങ്ങൾ എന്നിവ ഇപ്രകാരം പുറത്തിറങ്ങിയിട്ടുണ്ട്. ഇവയിൽ പലതിലും വാട്ടേഴ്സന്റെ സ്വാഭാവിക നർ‌മമോ, ദർ‌ശനങ്ങളോ ഒന്നും തന്നെ പ്രതിനിധീകരിക്കാത്ത ഭാഷയും ചിത്രങ്ങളുമാണുള്ളത്. പലതും ശ്ലീല പരിധി ലം‌ഘിക്കുന്നവയുമാണ്.

ചരിത്രം[തിരുത്തുക]

തനിക്കിഷ്ടമില്ലാതിരുന്ന ഒരു പരസ്യക്കമ്പനി ജോലിക്കിടയിലാണ് വാട്ടേഴ്സൺ കാൽ‌വിനേയും ഹോബ്‌സിനേയും ആദ്യമായി സൃഷ്ടിക്കുന്നത്. ജോലിക്കിടയിലെ വിരസത മാറ്റാനായി ഒഴിവു സമയങ്ങളിൽ അദ്ദേഹം തന്റെ സ്വകാര്യ വിനോദമായ കാർ‌ട്ടൂണിങ്ങിലേക്കു തിരിയുകയായിരുന്നു.

ആദ്യ കാലങ്ങളിൽ വാട്ടേഴ്സൺ രൂപപ്പെടുത്തിയ ആശയങ്ങളൊക്കെ തന്നെ കാർ‌ട്ടൂൺ സിന്റിക്കേറ്റുകൾ നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായത്. ഒരിക്കൽ ഒരു പ്രധാന കഥാപാത്രത്തിന്റെ അനുജനായി പ്രത്യക്ഷപ്പെട്ട ഒരു പഞ്ഞിക്കടുവയെ സ്വന്തമായുള്ള ഒരു ചെറിയ കുട്ടി പ്രസാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി. തുടർ‌ന്ന് വാട്ടേഴ്സൺ ഈ കഥാപാത്രങ്ങളെ കേന്ദ്ര സ്ഥാനത്തു നിർ‌ത്തി പുതിയ ഒരു കാർ‌ട്ടൂൺ സ്ട്രിപ്പ് തുടങ്ങി. എന്നാൽ ഈ സ്ട്രിപ്പിനേയും സിന്റിക്കേറ്റു(യുണൈറ്റഡ് ഫീച്ചേഴ്സ് സിന്റിക്കേറ്റ്) തള്ളിക്കളഞ്ഞു. തുടർ‌ന്ന് വീണ്ടും ചില നിരാകരണങ്ങൾ‌ക്കൊടുവിലാണ് യൂണിവേഴ്സൽ പ്രസ്സ് സിന്റിക്കേറ്റ് ആ സ്ട്രിപ്പിനെ ഏറ്റെടുത്തത്.

1985 നവം‌ബർ 18 നാണ് ആദ്യത്തെ കാൽവിൻ ആന്റ് ഹോബ്‌സ് കാർ‌ട്ടൂൺ സ്ട്രിപ്പ് പുറത്തിറങ്ങിയത്. തുട‌ർന്ന് വളരെപ്പെട്ടെന്നായിരുന്നു പ്രശസ്തിയുടെ പടവുകൾ കാൽ‌വിനേയും ഹോബ്‌സിനേയും തേടി വന്നത്. ഒരു വർ‌ഷത്തെ സിന്റിക്കേഷൻ കൊണ്ടു തന്നെ ഏതാണ്ട് 250ൽ പരം പത്രങ്ങളിൽ ഈ സ്ട്രിപ്പ് പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. 1987 ഏപ്രിൽ 1 ആയപ്പോൾ, വെറും പതിനാറു മാസം മാത്രം പ്രായമുണ്ടായിരുന്ന 'കാൽ‌വിൻ ആന്റ് ഹോബ്‌സ് ' ഉം ബിൽ വാട്ടേഴ്സണും അമേരിക്കയിലെ പ്രമുഖ പത്രമായ ലോസ് ഏയ്ഞ്ചല‍സ് ടൈംസിൽ ഫീച്ചർ ലേഖനത്തിനു വിഷയമാക്കപ്പെട്ടു. നാഷണൽ കാർ‌ട്ടൂണിസ്റ്റ് സൊസൈറ്റിയുടെ 'ഔട്ട്സ്റ്റാന്റിങ്ങ് കാർ‌ട്ടൂണിസ്റ്റ് ഓഫ് ദ ഇയർ' - കാർ‌ട്ടൂണിസ്റ്റ് മികവിനുള്ള വാർ‌ഷിക പുരസ്കാരം, കാൽ‌വിൻ ആന്റ് ഹോബ്‌സിലൂടെ രണ്ടു തവണ ബിൽ വാട്ടേഴ്സൺ സ്വന്തമാക്കി. 1986ലും 1988ലുമായിരുന്നു അവ. തുടർ‌ന്ന് 1992ൽ വീണ്ടും അതേ പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നിർ‌ദ്ദേശിക്കപ്പെടുകയുണ്ടായി. 1988 ൽ ഏറ്റവും രസകരമായ കോമിക് സ്ട്രിപ്പിനുള്ള പുരസ്കാരവും സൊസൈറ്റി അദ്ദേഹത്തിനു സമ്മാനിക്കുകയുണ്ടായി. അധിക കാലം കഴിയുന്നതിനു മുൻപു തന്നെ അമേരിക്കയ്ക്കു പുറത്തും കാൽ‌വിനും ഹോബ്‌സും പ്രശസ്തരായി. കാൽ‌വനും ഹോബ്‌സും പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് രണ്ട് ദീർ‌ഘങ്ങളായ അവധിയും വാട്ടേഴ്സൺ എടുത്തിട്ടുണ്ടായിരുന്നു. 1991 മെയ് മുതൽ 1992 ഫെബ്രുവരി വരെയും 1994 ഏപ്രിൽ മുതൽ ഡിസം‌ബർ വരെയുമായിരുന്നു ആ കാലയളവുകൾ.

1995-ൽ കാൽ‌വിൻ ആന്റ് ഹോബ്‌സിന്റെ രചന നിർ‌ത്തന്നതിനു മുന്നോടിയായി, ആ കാർ‌ട്ടൂൺ പ്രസിദ്ധീകരിച്ചിരുന്ന ലോകമൊട്ടാകെയുള്ള പത്രങ്ങൾക്ക് വാട്ടേഴ്സൺ ഒരു കുറിപ്പു തയ്യാറാക്കിയിരുന്നു. ഇത് തന്റെ സിന്റിക്കേറ്റ് വഴിയാണ് അദ്ദേഹം വിതരണം ചെയ്തത്.ആ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ താഴെ കൊടുത്തിരിക്കുന്നു.

ഞാൻ കാൽ‌വിനും ഹോബ്‌സും ഈ വർ‌ഷാവസാനത്തോടെ അവസാനിപ്പിക്കുകയാണ്. ഈ തീരുമാനം പെട്ടെന്നെടുത്തതോ എളുപ്പത്തിലുള്ളതോ അല്ല, എന്നല്ല ഈ പിരിഞ്ഞു പോക്ക് ദുഃഖകരം കൂടിയാണ്. എന്റെ താൽ‌പര്യങ്ങൾ മാറിയിരിക്കുന്നു. ചെറു പാനലുകൾ‌ക്കുള്ളിലും ദൈനന്തിന തിരക്കുകൾ‌ക്കുള്ളിലും എനിക്കു ചെയ്യാനാവുന്നതെല്ലാം ഞാൻ ചെയ്തു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. കലാപരമായ എന്റെ താൽ‌പര്യങ്ങളോട് ചുരുങ്ങിയ വിട്ടു വീഴ്ച മാത്രം പുലർ‌ത്തി, കുറേക്കൂടി ചിന്താപരമായ ഒരു വേഗത്തിൽ പ്രയത്നിക്കുവാൻ എനിക്കു തിടുക്കമായി. ഭാവി പ്രവർ‌ത്തനങ്ങളെ പറ്റി ഒരു തീരുമാനത്തിൽ ഞാൻ എത്തിയിട്ടില്ല. എന്നാൽ യൂണിവേഴ്സൽ പ്രസ്സ് സിന്റിക്കേറ്റുമായുള്ള എന്റെ ബന്ധം തുടരുക തന്നെ ചെയ്യും.

ഒട്ടനവധി പത്രങ്ങളിൽ കാൽ‌വിൻ ആന്റ് ഹോബ്‌സ് പ്രസിദ്ധീകരിക്കുന്നു എന്നത് എന്നെ സം‌ബന്ധിച്ചിടത്തോളം ഒരു അം‌ഗീകാരമാണ്. ഞാനതിൽ തികച്ചും അഭിമാനിതനുമാണ്. കഴിഞ്ഞ ഒരു ദശകത്തോളമായി നിങ്ങൾ നൽകി വരുന്ന സഹായസഹകരണങ്ങളെ ഞാൻ വിലമതിച്ചിട്ടുണ്ട്. ഈ കോമിക് സ്ട്രിപ്പ് വരയ്ക്കുവാൻ കഴിഞ്ഞത് ഒരു വിശിഷ്ടകർ‌മ്മവും സന്തോഷപ്രദവുമായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഈ അവസരം തന്നതിൻ ഏവരോടും എന്റെ നന്ദി പ്രകാശിപ്പിക്കുന്നു.

1995 ഡിസം‌ബർ 31 -നാണ് കാൽ‌വിനും ഹോബ്‌സും അവസാന സ്ട്രിപ്പ് (ലക്കം : 3,160) പ്രസിദ്ധീകരിച്ചത്. കാൽ‌വിനും ഹോബ്‌സും മഞ്ഞുകാലത്തിന്റെ വിസ്മയങ്ങൾ കാണുന്ന ഒരു കഥാചിത്രീകരണമായിരുന്നു അത്. "ഹോബ്‌സേ.. ഈ ലോകം എന്തു രസമാ.. ചങ്ങാതീ.." എന്നു കാൽ‌വിൻ അതിൽ പറയുന്നുണ്ട്. ഒടുവിലത്തെ പാനലിൽ കാൽ‌വിനും ഹോബ്‌സും ഒരു സ്ലെഡിലിരുന്ന് അകലേക്കു തെന്നിപ്പോകുന്നതാണ്. "വാ.. നമുക്കെല്ലാം ചുറ്റി കാണാം" എന്നു കാൽ‌വിൻ വിളിച്ചു പറയുന്നുമുണ്ട്. പത്തു കൊല്ലങ്ങൾക്കു ശേഷം ചാൾസ് സോൾമൻ എന്ന നിരൂപകൻ "മറ്റൊരു കോമിക് സ്ട്രിപ്പിനും നികത്താനാവാത്ത കോമിക് പേജിലെ ഒരു വിടവ്" എന്നാണ് ഈ വിടവാങ്ങലിനെ വിശേഷിപ്പിച്ചത്.[2]

സിന്റിക്കേഷനും വാട്ടേഴ്സന്റെ കലാപരമായ മൂല്യവ്യവസ്ഥകളും[തിരുത്തുക]

തുടക്കം മുതൽ തന്നെ വാട്ടേഴ്സൺ, സിന്റിക്കേറ്റിന്റെ കച്ചവട തൽപ്പരതയുമായി ചേർന്നു പോകുവാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. കഥാപാത്രങ്ങളെ വിൽപ്പനച്ചരക്കുകളാക്കാനും ആദ്യ സ്ട്രിപ്പിന്റെ പ്രചരണാർത്ഥം നാടു ചുറ്റുവാനുമൊക്കെയുള്ള അവരുടെ നിർബന്ധങ്ങൾ വാട്ടേഴ്സൺ നിരാകരിച്ചു.അദ്ദേഹത്തിനെ സംബന്ധിച്ച് കാർട്ടൂൺ സ്ട്രിപ്പിന്റെയും കലാകാരന്റേയും ആർജ്ജവത്തെ കച്ചവടവൽക്കരണം തമസ്കരിക്കുന്നു എന്നത് കാർട്ടൂൺ കലാലോകത്തെ ഏറ്റവും വലിയ ഋണാത്മക സ്വാധീനമായിരുന്നു [3]

വർത്തമാന പത്രങ്ങളിൽ കോമിക് സ്ട്രിപ്പുകൾക്ക് ലഭ്യമായിരുന്ന സ്ഥലം ക്രമാനുഗതമായി കുറയുന്നതിലും വാട്ടേഴ്സൻ നിരാശനായിരുന്നു. ഒരു ചെറിയ വാചകത്തിനോ വളരെ ചുരുങ്ങിയ വരകൾക്കോ മാത്രമല്ലാതെ മറ്റൊന്നിനും സ്ഥലമില്ലാത്തത് കോമിക്സിനെ ഒരു കലാരൂപമെന്ന നിലയിൽ നേർപ്പിക്കുകയും ലഘൂകരിക്കുകയും തനിമയില്ലാത്തതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പരാതിപ്പെട്ടു.[3][4]. കുറച്ചു കള്ളികളിലൊതുക്കുന്ന പതിവു കാർട്ടൂൺ രചനാരീതിയിൽ നിന്നു വിഭിന്നമായി മുഴുവൻ പേജ് ചിത്രണങ്ങൾക്ക് വാട്ടേഴ്സൺ ശ്രമിച്ചു. ലിറ്റിൽ നിമോ, ക്രേസി കാറ്റ് തുടങ്ങിയ ക്ലാസ്സിക്കൽ സ്ട്രിപ്പുകൾക്ക് നൽകിയിരുന്ന പോലെ കലാപരമായ ഒരു സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹം ശ്രമിച്ചു. അത്തരമൊരു സ്വാതന്ത്ര്യത്തിനു എന്ത് സംഭാവന നൽകാൻ കഴിയുമെന്ന കാര്യം വ്യക്തമാക്കാൻ തന്റെ ഞായറാഴ്ച കാർട്ടൂൺ സമാഹാരമായ കാൽവിനും ഹോബ്സും മടിയൻ ഞായറാഴ്ച പുസ്തകം.[5] എന്ന പുസ്തകത്തിന്റെ തുടക്കപ്പേജുകൾ അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു.

വാട്ടേഴ്സൺ കാർട്ടൂൺ രചനയിൽ നിന്ന് ആദ്യമായി താത്ക്കാലിക അവധിയെടുത്ത കാലയളവിൽ, അദ്ദേഹത്തിന്റെ പഴയ "കാൽവിനും ഹോബ്സും" കാർട്ടൂണുകൾ പുനപ്രസിദ്ധീകരിക്കുന്നതിന് പൂർണ്ണ തുകയും "യൂണിവേഴ്സൽ പ്രെസ്സ് സിന്റിക്കേറ്റ്", പത്രങ്ങളിൽ നിന്നു കൈപ്പറ്റി. പത്രാധിപന്മാർ ഈ നീക്കം അംഗീകരിക്കാൻ തയാറല്ലായിരുന്നുവെങ്കിലും, അതി പ്രശസ്തമായ ആ കാർട്ടൂൺ സ്ട്രിപ്പുകൾ മറ്റേതെങ്കിലും പത്രങ്ങൾ കൈവശപ്പെടുത്തി തങ്ങളുടെ പത്രങ്ങളുടെ പ്രചാരം നഷ്ടപ്പെടുത്തുവാൻ സാധ്യതയുണ്ടായിരുന്നതിനാൽ സിന്റിക്കേറ്റിന്റെ ആ തീരുമാനത്തിനു വഴങ്ങേണ്ടി വന്നു.[6]

This half-page layout can easily be rearranged for full, third, and quarter pages.

വാട്ടേഴ്സൺ തിരിച്ചെത്തിയതോടെ, തന്റെ ഞായറാഴ്ചക്കാർട്ടൂണുകൾ വിഭജിക്കാത്ത പകുതിപ്പേജ് നീക്കി വയ്ക്കുന്ന പത്രങ്ങൾക്കോ ടാബ്ലോയിഡ് പേജുകൾക്കോ മാത്രമേ അദ്ദേഹം നൽകുകയുള്ളൂ എന്ന് "യൂണിവേഴ്സൽ പ്രെസ്സ് സിന്റിക്കേറ്റ്" പ്രഖ്യാപിച്ചു. പല പത്രാധിപരും ചില കാർട്ടൂണിസ്റ്റുകളും അദ്ദേഹത്തെ ഇതിന്റെ പേരിൽ വിമർശിക്കുകയുമുണ്ടായി.[7] കാർട്ടൂൺ വ്യവസായത്തിലെ സാധാരണ രീതികൾ പാലിക്കുവാനുള്ള വൈമുഖ്യമായോ അഹന്തയായോ ആണ് അവർ ഇതിനെ കണ്ടത്. വാട്ടേഴ്സൺ ഞായറാഴ്ച്ചക്കാർട്ടൂണുകളിൽ തനിക്കു കൂടുതൽ സർഗ്ഗപരമായ സ്വാതന്ത്ര്യം ലഭിക്കാനുള്ള ഒരു അവസരമായി ഈ വ്യവസ്ഥയെ മാറ്റുകയുണ്ടായി:

"കാൽവിനേയും ഹോബ്സിനേയും" കച്ചവടച്ചരക്കാക്കാനുള്ള ശ്രമങ്ങളെ തടയുവാനുള്ള ദൈർഘ്യമേറിയതും വൈകാരികമായി തളർത്തുന്നതുമായ ഒരു യുദ്ധത്തിനു ശേഷം ഞാൻ ഒരു താൽക്കാലിക അവധിയെടുത്തു.ഒരു പുതിയ ഉടമ്പടിക്കാലയളവിൽ എന്റെ ഉൽസാഹം നിലനിർത്തുന്നതിലേക്കുള്ള ഒരു മാർഗ്ഗമായി ഞാൻ കൂടുതൽ ഫലക വഴക്കം നൽകുന്ന ഒരു പുതുക്കിയ ഞായറാഴ്ച ഘടന മുന്നോട്ടു വച്ചു. എനിക്ക് ആശ്ചര്യവും സന്തോഷവും നൽകിക്കൊണ്ട് യൂണിവേഴ്സൽ, പത്രാധിപരിൽ നിന്നു പ്രതീക്ഷിച്ചിരുന്ന എതിർപ്പിനെ വകവയ്ക്കാതെ, മുറിക്കാനാകാത്ത ഒരു പകുതിപ്പേജ് വിപണനം ചെയ്യാനുള്ള ഒരു വാഗ്ദാനം മുന്നോട്ടു വച്ചു(ഞാൻ ചോദിക്കാൻ ധൈര്യപ്പെട്ടിരുന്നതിലും കൂടുതലായിരുന്നു ഇത്)

ഇന്നേ ദിനം വരെ എന്റെ സിന്റിക്കേറ്റ് എന്നോട് പറയുന്നത് ചില പത്രാധിപർ ഈ പുതിയ രൂപം ഇഷ്ടപ്പെടുകയും, വ്യത്യാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും വലിപ്പം കൂടിയ സ്ട്രിപ്പ് സന്തോഷ പൂർവ്വം പ്രസിദ്ധീകരിക്കുവാൻ തയ്യാറാവുകയും ചെയ്തു എന്നാണ്. എന്നാൽ എനിക്കു തോന്നുന്നത്, ശരിയായി പറയണമെങ്കിൽ അതല്ലായിരുന്നു ഏറ്റവും പൊതുവായ അഭിപ്രായം എന്നാണ്. സിന്റിക്കേറ്റ് എന്നോട് ഞായറാഴ്ച്ചപ്പതിപ്പിന്റെ അനവധി റദ്ദാക്കലുകൾക്കായി തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു, എന്നാൽ കുറച്ച് ആഴ്ചകൾ ബഹളങ്ങളേയും മുഖം ചുവന്ന പത്രാധിപരേയും മെരുക്കിക്കഴിഞ്ഞപ്പോൾ, പത്രങ്ങളോട് അവരുടെ സ്ട്രിപ്പ് വലിപ്പം ടാബ്ലോയിഡ് പത്രങ്ങൾ അവരുടെ ചെറിയ പേപ്പറുകൾക്ക് ഉപയോഗിക്കുന്ന സ്ട്രിപ്പ് വലിപ്പത്തിലേക്ക് മാറ്റുവാൻ സിന്റിക്കേറ്റ് നിർദ്ദേശിച്ചു... ഞാൻ അതിന്റെ തിളക്കമുള്ള ഭാഗമാണ് കണ്ടത് : എനിക്ക് രൂപനിർമ്മിതിയിൽ പൂർണ്ണ സ്വാതന്ത്ര്യവും ഏതാണ്ട് റദ്ദാക്കലുകൾ ഒന്നുമില്ലാത്ത അവസ്ഥയും.

ദേഷ്യം പിടിച്ച പത്രാധിപരുടെ എല്ലാ തെറിവിളികൾക്കും അലർച്ചകൾക്കുമൊടുവിലും, വലിപ്പമേറിയ ഞായറാഴ്ച സ്ട്രിപ്പ് പത്രങ്ങൾക്ക് ഒരു മെച്ചപ്പെട്ട ഉൽപ്പന്നവും വായനക്കാർക്ക് കൂടുതൽ രസം പകരുന്ന ഒരു കോമിക് വിഭാഗവും നൽകി എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടായിരുന്നില്ല. കോമിക്കുകൾ ഒരു ദൃശ്യ മാദ്ധ്യമമാണ്. ഒരു പാട് വരകളുള്ള ഒരു സ്ട്രിപ്പ് രസകരവും വൈവിധ്യമുള്ളതുമായിരിക്കും. എനിക്ക് അത്തരം വലിയ സ്ട്രിപ്പ് വരക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെങ്കിലും അടുത്ത കാലത്തൊന്നും അതു പോലെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. പത്ര വ്യവസായത്തിൽ സ്ഥലം പണമാണ്, ഞാൻ സംശയിക്കുന്നത് മിക്ക പത്രാധിപരും ഈ മാറ്റം അതിനു വേണ്ട ചിലവിനൊത്ത മൂല്യം ഉൽപ്പാദിപ്പിക്കുന്ന ഒന്നല്ല എന്നു പറയുമെന്നാണ്. ദൗർഭാഗ്യവശാൽ ഇതൊരു ദൂഷിതവലയമാണ് : നല്ല ചിത്രീകരണങ്ങൾക്ക് സ്ഥലം ഇല്ലാത്താതിനാൽ കോമിക്കുകൾ ലളിതമായി വരയ്ക്കപ്പെടുന്നു. അവ ലാളിത്യമുള്ള ചിത്രീകരണങ്ങളായതിനാൽ അവ വരയ്ക്കാൻ കൂടുതൽ സ്ഥലമെന്തിന്?[8]

അനിമേഷൻ[തിരുത്തുക]

വാട്ടേഴ്സൺ കാൽവിനേയം ഹോബ്സിനേയും അനിമേറ്റ് ചെയ്യുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടായിരുന്നു. അനിമേഷൻ എന്ന കലാരൂപത്തോടുള്ള തന്റെ ആരാധന അദ്ദേഹം പ്രകടിപ്പിക്കുമായിരുന്നു. 1989 ലെ കോമിക്സ് ജേണൽ എന്ന മാഗസിന് അദ്ദേഹം നൽകിയ അഭിമുഖ സംഭാഷണത്തിൽ ഇങ്ങനെ പറയുന്നു.

ടെക്സ് അവേറി, ചക്ക് ജോൺസ് എന്നിവരുടെ പഴയ കാർട്ടൂണുകൾ നോക്കുകയാണെങ്കിൽ, വെറും വരകൾക്ക് ചെയ്യാൻ കഴിയാത്ത ഒട്ടനവധി കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കു കാണാൻ കഴിയും. അനിമേറ്റർമാർക്ക് അവിശ്വസനീയമായ അപഭ്രംശങ്ങളിൽ നിന്നും, പൊലിപ്പിക്കലുകളിൽ നിന്നും രക്ഷപ്പെടാൻ കഴിയും... കാരണം, അനിമേറ്റർമാർക്ക് നിങ്ങൾ കാണുന്നതിന്റെ സമയം നിയന്ത്രിക്കാൻ കഴിയും. ഭ്രമാത്മകമായ അവിശ്വസനീയതകൾ, ശ്രദ്ധയിൽ പെടുന്നതിനു സമയം ലഭിക്കില്ല അതിനാൽ കാഴ്ചക്കാരൻ താൻ കണ്ട തോന്ന്യാസമോർത്തിരിക്കുകയുമില്ല.

ഒരു കോമിക് സ്ട്രിപ്പിൽ, നിങ്ങൾ സംഭവങ്ങളുടെ പ്രധാനഭാഗങ്ങൾ മാത്രം കാണിക്കുന്നു - അത് എങ്ങനെയുണ്ടാവുന്നു എന്നത് നിങ്ങൾക്ക് കാണിക്കാൻ കഴിയില്ല... ഇനി അങ്ങനെ കാണിക്കണമെങ്കിൽ, ഒരു ചലച്ചിത്രത്തിലെ ഓരോ ഫ്രെയിമുകൾ എടുത്തു പരിശോധിക്കുന്ന തരത്തിൽ കാര്യങ്ങളുടെ വേഗത കുറക്കുകയെങ്കിലും വേണ്ടി വരും . അപ്പോൾ നിങ്ങളുദ്ദേശിച്ച ഫലം നഷ്ടമാകാതെ ഗതിയില്ല. ഒരു കോമിക് സ്ട്രിപ്പിൽ നിങ്ങൾക്ക് ചലനവും സമയവും സൂചിപ്പിക്കാം, എന്നാൽ, ഒരു അനിമേറ്റർക്കു ചെയ്യാനാവുന്നതിനെ വച്ചു നോക്കുകയാണെങ്കിൽ അതു വളരെ അപരിഷ്‌കൃതമാണ്. എനിക്ക് നല്ല അനിമേഷനോട് ഒരു വല്ലാത്ത പ്രതിപത്തിയാണ്.[3]

അതിനു ശേഷം "കാൽവിന്റെ ശബ്ദം കേൽക്കുന്നതിനെ പറ്റി ആലോചിക്കുന്നത് കുറച്ച് പേടിപ്പിക്കുന്നതല്ലേ" എന്നു ചോദിച്ചപ്പോൾ, "അതു വളരെയേറെ പേടിപ്പിക്കുന്നതാണ്" എന്നാണ് അദ്ദേഹം പറഞ്ഞത്. അനിമേഷന്റെ ദൃശ്യ സാധ്യതകളെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നെങ്കിലും, തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുന്നവരെ കണ്ടെത്തുന്നതിനെ പറ്റിയുള്ള ചിന്ത അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. തന്റെ എല്ലാ പ്രവർത്തനങ്ങളും ഒറ്റയ്ക്കാണ് ചെയ്തിരുന്നത് എന്നതിനാൽ, ഒരു അനിമേഷൻ സംഘത്തോട് ചേർന്ന് ജോലി ചെയ്യുന്ന കാര്യവും അദ്ദേഹത്തിന് ആത്മവിശ്വാസക്കുറവുണ്ടാക്കി..[3] ആത്യന്തികമായി, കാൽവിനും ഹോബ്സും ഒരിക്കലും ഒരു അനിമേറ്റഡ് പംക്തി ആയില്ല. വാട്ടേഴ്സൺ കാൽവിനും ഹോബ്സും ദശ വാർഷിക പുസ്തകത്തിൽ പറഞ്ഞത് അദ്ദേഹത്തിന്റെ സ്ട്രിപ്പ് ഒരു "ചെറിയ ഒറ്റയാൾ പ്രവർത്തനം" എന്ന കാര്യം അദ്ദേഹം ഇഷ്ടപ്പെടുന്നു എന്നും ഓരോ വരിയും ഓരോ വരയും താൻ തന്നെ സൃഷ്ടിച്ചു എന്നതിൽ അഭിമാനിക്കുന്നു എന്നുമാണ്.[9]

കഥാപാത്രങ്ങളും കഥാവസ്തുക്കളും[തിരുത്തുക]

പ്രധാന കഥാപാത്രങ്ങൾ[തിരുത്തുക]

 • കാൽ‌വിൻ
 • ഹോബ്‌സ്

സഹ കഥാപാത്രങ്ങൾ[തിരുത്തുക]

 • കാൽ‌വിന്റെ കുടുംബം
 • സൂസി ഡെർ‌ക്കിൻസ്
 • മിസ്സ് വോം‌വുഡ്
 • റോസലിൻ
 • മോ
 • പ്രിൻസിപ്പൽ സ്പിറ്റിൽ

തുടർ‌ച്ചയുള്ള കഥാം‌ശങ്ങൾ[തിരുത്തുക]

 • കാർ‌ഡ് ബോർ‌ഡ് പെട്ടികൾ
 • കാൽ‌വിൻ‌ബോൾ
 • പെട്ടി വണ്ടിയും സ്ലെഡും
 • മഞ്ഞുപന്തുകളും മഞ്ഞുമനുഷ്യരും
 • ജി.ആർ.ഓ.എസ്സ്.എസ്സ്.(ചേർ‌ത്തു വായിക്കുമ്പോൾ GROSS എന്ന ഇം‌ഗ്ലീഷ് പദമാകും)

കാൽ‌വിന്റെ രൂപങ്ങൾ[തിരുത്തുക]

 • സ്പേസ്മാൻ സ്പിഫ്
 • സ്റ്റൂപെൻഡസ് മാൻ
 • ട്രേസർ ബുള്ളറ്റ്

അവലംബം[തിരുത്തുക]

 1. "Andrews McMeel Press Release". Archived from the original on 2005-10-26. Retrieved 2006-05-03.
 2. "The Complete Calvin and Hobbes". Charles Solomon. Day to Day. NPR. 2005-10-21. 3:28.50 മിനിട്ടളവിൽ. മൂലതാളിൽ നിന്നും July 22, 2011-ന് പരിരക്ഷിച്ചത്. “In the final strip, Calvin and Hobbes put aside their conflicts and rode their sled into a snowy forest. They left behind a hole in the comics page that no strip has been able to fill.”
 3. 3.0 3.1 3.2 3.3 West, Richard Samuel (1989). "Interview: Bill Watterson". The Comics Journal / Fantagraphics via Calvin and Hobbies: Magic on Paper (fan site). Archived from the original on 2011-07-14. Retrieved August 30, 2012. {{cite web}}: Unknown parameter |month= ignored (help)
 4. Astor, David (December 3, 1988). "Watterson Knocks the Shrinking of Comics". Editor & Publisher. p. 40.
 5. Watterson, Bill (October 27, 1989). The Cheapening of the Comics. The 1989 Festival of Cartoon Art. Via Calvin and Hobbies: Magic on Paper (fansite). Archived from the original on 2011-07-14. Retrieved 2011-12-24. {{cite conference}}: External link in |conferenceurl= (help); Unknown parameter |conferenceurl= ignored (|conference-url= suggested) (help)
 6. Astor, David (March 30, 1991). "Nine-month Vacation for Bill Watterson". Editor & Publisher. p. 34.
 7. Astor, David (March 7, 1992). "Cartoonists discuss 'Calvin' requirement". Editor & Publisher. p. 34. Archived from the original on 2007-03-20. Retrieved 2007-01-19.
 8. Watterson, Bill (2001). Calvin and Hobbes: Sunday Pages 1985–1995. Kansas City, MO: A. McMeel Pub. p. 15. ISBN 0-7407-2135-6. {{cite book}}: Unknown parameter |month= ignored (help)
 9. Watterson (1995), p. 11

തുടർ‌ വായന[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

The following links were last verified 1 March 2007.

Official sites

Fan sites

Multimedia


Calvin and Hobbes by Bill Watterson
Characters
Calvin | Hobbes | Secondary characters | Calvin's alter egos
Terms and objects
Recurring themes | Horrendous Space Kablooie | Transmogrifier
Other
Calvin and Hobbes in translation | List of Calvin and Hobbes books
"https://ml.wikipedia.org/w/index.php?title=കാൽ‌വിനും_ഹോബ്‌സും&oldid=3971313" എന്ന താളിൽനിന്ന് ശേഖരിച്ചത്