കാറ്റി ജുറാഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാറ്റി ജുറാഡോ
ജുറാഡോ 1953ൽ
ജനനം
മരിയ ക്രിസ്റ്റീന എസ്റ്റേല മാർസെല ജുറാഡോ ഗാർഷ്യ

(1924-01-16)ജനുവരി 16, 1924
മരണംജൂലൈ 5, 2002(2002-07-05) (പ്രായം 78)
അന്ത്യ വിശ്രമംപാന്റെയോൺ ഡി ലാ പാസ്, കെർണവാക്കാ, മെക്സിക്കോ
തൊഴിൽനടി
സജീവ കാലം1943–2002
ജീവിതപങ്കാളി(കൾ)
വിക്ടർ വാലക്വെസ്
(m. 1939; div. 1943)
(m. 1959; div. 1963)
കുട്ടികൾ2
ഒപ്പ്

കാറ്റി ജുറാഡോ എന്നറിയപ്പെടുന്ന മരിയ ക്രിസ്റ്റീന എസ്റ്റേല മാർസെല ജുറാഡോ ഗാർഷ്യ (ജീവിതകാലം:16 ജനുവരി 1924 - 5 ജൂലൈ 2002) ചലച്ചിത്ര, ടെലിവിഷൻ, നാടക മേഖലകളിൽ പ്രശസ്തയായ ഒരു മെക്സിക്കൻ സ്വദേശിയായ ചലച്ചിത്ര നടിയായിരുന്നു. ജുറാഡോ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് മെക്സിക്കോയിലാണ്. മെക്സിക്കൻ സിനിമയുടെ സുവർണ്ണകാലം എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ (1940 മുതൽ 1950 വരെ) അവർ തന്റെ രാജ്യത്തെ സിനിമയിൽ അഭിനയിച്ചുകൊണ്ട് പ്രശസ്തി നേടി. 1951 ൽ മെക്സിക്കോയിലെ അമേരിക്കൻ ചലച്ചിത്ര പ്രവർത്തകരുടെ ദൃഷ്ടിയിൽപ്പെട്ടതോടെ അവരുടെ ഹോളിവുഡ് ജീവിതം ആരംഭിച്ചു. 1950 കളിലെയും 1960 കളിലെയും ശ്രദ്ധേയ പാശ്ചാത്യ സിനിമകളിൽ ജുറാഡോ അഭിനയിച്ചു. സങ്കീർണ്ണവും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട കാമോദ്ദീപകമായ സ്ത്രീകളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ ജുറാഡോ പ്രത്യേക വൈദഗ്ദ്ധ്യം നേടി. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ഈ മെക്സിക്കൻ നടിയുടെ കഴിവ് അമേരിക്കൻ സിനിമയിലേയ്ക്ക് മെക്സിക്കൻ നടിമാർക്ക് വഴിയൊരുക്കുന്നതായിരുന്നു.[1] 1954 ൽ പുറത്തിറങ്ങിയ ബ്രോക്കൺ ലാൻസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിയായി ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ലാറ്റിൻ അമേരിക്കൻ നടിയും, ഹൈ നൂൺ (1952) എന്ന സിനിമയിലെ അഭിനയത്തിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ മെക്സിക്കൻ വനിതയുമായിരുന്നു ജുറാഡോ.

ആദ്യകാലം[തിരുത്തുക]

ബാല്യകാലത്ത് "കാറ്റി" എന്നറിയപ്പെടുന്ന മരിയ ക്രിസ്റ്റീന എസ്റ്റെല മാർസെല ജുറാഡോ ഗാർഷ്യ 1924 ജനുവരി 16 ന് മെക്സിക്കോയിലെ ജാലിസ്കോയിലെ ഗ്വാഡലജാറയിൽ അഭിഭാഷകനായ ലൂയിസ് ജുറാഡോ ഒച്ചോവയുടെയും ഗായികയായ വിസെന്റ ഗാർഷ്യയുടേയും മകളായി ജനിച്ചു. ലൂയിസ് റൌൾ, ഓസ്കാർ സെർജിയോ എന്നിവരായിരുന്നു ജുരാഡോയുടെ ഇളയ സഹോദരന്മാർ. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള റേഡിയോ സ്റ്റേഷനായിരുന്ന മെക്സിക്കൻ റേഡിയോ സ്റ്റേഷൻ XEW യിൽ ജോലി ചെയ്തിരുന്ന ഒരു ഗായികയായിരുന്നു അവരുടെ മാതാവ്. "ലാസ് ക്വാട്രോ മിൽപാസ്" പോലുള്ള പ്രശസ്ത മെക്സിക്കൻ ഗാനങ്ങളുടെ രചയിതാവായിരുന്ന മെക്സിക്കൻ സംഗീതജ്ഞൻ ബെലിസാരിയോ ഡി ജെസസ് ഗാർഷ്യയുടെ സഹോദരിയായിരുന്നു മാതാവ്. ജുറാഡോയുടെ കസിൻ എമിലിയോ പോർട്ടസ് ഗിൽ മെക്സിക്കോയുടെ പ്രസിഡന്റായിരുന്നു (1928-1930).[2]

സ്വകാര്യജീവിതം[തിരുത്തുക]

ജുരാഡോയുടെ ആദ്യ ഭർത്താവ് പ്രശസ്ത മെക്സിക്കൻ നടിമാരായ ടെറെയുടെയും ലോറെന വെലാസ്ക്വസിന്റെയും രണ്ടാനച്ഛനായിരുന്ന മെക്സിക്കൻ നടൻ വിക്ടർ വെലസ്ക്വസ് ആയിരുന്നു. വെലാസ്ക്വസിൽ അവർക്ക് വെക്ടർ ഹ്യൂഗോ (മരണം: 1981), സാന്ദ്ര എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു. ഹോളിവുഡിലെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ജുറാഡോയ്ക്ക് ചലച്ചിത്ര നിർമ്മാതാവ് ബഡ് ബോട്ടിചറുമായും അഭിനേതാവ് ടൈറൺ പവറുമായും ബന്ധമുണ്ടായിരുന്നു.[3][4] ഹൈ നൂൺ സിനിമയിൽ ജുരാഡോയെ കണ്ട മർലോൺ ബ്രാണ്ടോ അവരെ ഇഷ്ടപ്പെട്ടിരുന്നു.[5] വിവാ സപാറ്റ! (1952) എന്ന സിനിമയുടെ ചിത്രീകരണത്തിനായി മെക്സിക്കോയിൽ ആയിരുന്നപ്പോഴാണ് അവർ പരസ്പരം കണ്ടുമുട്ടിയത്. അക്കാലത്ത് മോവിറ്റ കാസ്റ്റനേഡയുമായി ബന്ധമുണ്ടായിരുന്ന അയാൾ റീത്ത മൊറെനോയുമായി ഒരു സമാന്തര ബന്ധവും സ്ഥാപിച്ചിരുന്നു. മെക്സിക്കോയിൽ വെറാ ക്രൂസ് (1954) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, ജുറാഡോ അമേരിക്കൻ അഭിനേതാവ് ഏണസ്റ്റ് ബോർഗ്നൈനെ കണ്ടുമുട്ടുകയും 1959 ഡിസംബർ 31 ന് അയാൾ ജുറാഡോയുടെ രണ്ടാമത്തെ ഭർത്താവായിത്തീരുകയും ചെയ്തു.[6] തുടക്കത്തിൽ ഇവരുടെ ബന്ധം സ്വരച്ചേർച്ചയുള്ളതായിരുന്നുവെങ്കിലും വിവാഹജീവിതം മുന്നോട്ടുപോകവേ സ്ഥിതി സങ്കീർണ്ണമായിത്തീർന്നു. ഇരുവരുടെയും ക്ഷോഭപ്രകൃതി നിരവധി അക്രമപരമായ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും അവയിൽ ചിലത് അക്കാലത്തെ പത്രങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവാഹ ജീവിതകാലത്ത് ബോർഗ്നൈനിൽ നിന്ന് ശാരീരികമായ അതിക്രമങ്ങൾ നേരിട്ടതായി ജുറാഡോ അവകാശപ്പെട്ടിരുന്നു.[7] ജുറാഡോയും ബോർഗ്നൈനും ഒടുവിൽ 1963 ൽ വിവാഹമോചനം നേടി.

മരണം[തിരുത്തുക]

അവസാനകാലത്ത് ജുറാഡോയ്ക്ക് ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. വൃക്കകളുടെ തകരാറും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം 2002 ജൂലൈ 5 ന് 78 ആം വയസ്സിൽ മെക്സിക്കോയിലെ മൊറെലോസിലെ കെർണവാക്കയിലുള്ള ഭവനത്തിൽവച്ച് അവർ അന്തരിച്ചു. കെർണവാക്കയിലെ പാന്റെയോൺ ഡി ലാ പാസ് സെമിത്തേരിയിൽ അവർ സംസ്കരിക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Katy Jurado, la mujer fatal que tuvo a Marlon Brando y John Wayne a sus pies". El Periódico de Catalunya (in സ്‌പാനിഷ്). Catalunya, Barcelona, Spain: Grupo Zeta. 16 January 2018. Retrieved 12 May 2018.
  2. Arnáiz, പുറം. 8
  3. "Katy Jurado, la mujer fatal que tuvo a Marlon Brando y John Wayne a sus pies". El Periódico de Catalunya (in സ്‌പാനിഷ്). Catalunya, Barcelona, Spain: Grupo Zeta. 16 January 2018. Retrieved 12 May 2018.
  4. Arnáiz, പുറം. 32
  5. "Katy Jurado, la mujer fatal que tuvo a Marlon Brando y John Wayne a sus pies". El Periódico de Catalunya (in സ്‌പാനിഷ്). Catalunya, Barcelona, Spain: Grupo Zeta. 16 January 2018. Retrieved 12 May 2018.
  6. "Katy Jurado, la mujer fatal que tuvo a Marlon Brando y John Wayne a sus pies". El Periódico de Catalunya (in സ്‌പാനിഷ്). Catalunya, Barcelona, Spain: Grupo Zeta. 16 January 2018. Retrieved 12 May 2018.
  7. Arnáiz, പുറം. 32
"https://ml.wikipedia.org/w/index.php?title=കാറ്റി_ജുറാഡോ&oldid=3669872" എന്ന താളിൽനിന്ന് ശേഖരിച്ചത്