കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ജീവചരിത്രം/2011 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ശാസ്ത്രജ്ഞനാണ്‌ ലൂയി പാസ്ചർ(1822-1895). ഇദ്ദേഹം 1822ൽ ഫ്രാൻസിലെ ഡോളിൽ ജനിച്ചു.നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഇദ്ദേഹമാണ്‌. പേവിഷബാധക്കുള്ള പ്രതിരോധ മരുന്നു കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. പേ ബാധിച്ച നായുടെ തലച്ചോറിൽ നിന്നും വേർതിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. മൈക്രോബയോളജിയുടെ പിതാവായും ലൂയി പാസ്ചർ അറിയപ്പെടുന്നു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ടാർടാറിക് അംളം, പോളറൈസേഷൻ എന്ന പ്രത്യേകത കാണിക്കുന്നു. എന്നാൽ കൃത്രിമമായി നിർമ്മിച്ച ടാർടാറിക് അമ്ളം എങ്ങനെ പ്രകാശത്തെ പോളറൈസ് ചെയ്യുന്നു എന്ന സമസ്യയ്ക്ക് ഉത്തരം കണ്ടത് പാസ്ചർ ആയിരുന്നു. കൈറാൽ സംയുക്തങ്ങളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തതും അദ്ദേഹം തന്നെ. കൃസ്റ്റലോഗ്രാഫിയിൽ അദ്ദേഹം ചെയ്ത ഗവേഷണമാണ് പാസ്ചറെ പ്രശസ്തനാക്കിയത്. 1865-ൽ പട്ടുനൂൽപ്പുഴുക്കൾ ചത്തുപോകാൻ കാരണമായ രണ്ട് രോഗങ്ങളെപ്പറ്റി പഠനം നടത്തിയ പാസ്ചർ, രോഗകാരണം സൂക്ഷ്മാണുക്കളാണെന്ന് കണ്ടെത്തി. രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ നീക്കം ചെയ്യുന്നതു വഴി രോഗത്തെ നിയന്ത്രിക്കാൻ കഴിയും എന്നദ്ദേഹം പ്രസ്താവിച്ചു. കന്നുകാലികൾ ആന്ത്രാക്സിൽ നിന്ന് രക്ഷപ്പെട്ടതും ഇതേ കാരണം കൊണ്ടാണെന്ന് അദ്ദേഹം അനുമാനിച്ചു. റാബീസിനെതിരെ ഉള്ള കുത്തിവെപ്പ് ആദ്യമായി പരീക്ഷിച്ചത് പാസ്ചർ ആണ്. എന്നാൽ ഈ മരുന്ന് ആദ്യമായി നിർമ്മിച്ചത് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ എമിലീ റോക്സ് ആണ്.1895-ൽ പാരീസിൽ വച്ച് അദ്ദേഹം മരണപ്പെട്ടു. നോട്രെഡാം കത്തീഡ്രലിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.


...പത്തായം കൂടുതൽ വായിക്കുക...