കവാടം:ക്രിക്കറ്റ്/ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിക്കറ്റ് പന്ത്
ക്രിക്കറ്റ് പന്ത്

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. വൃത്താകൃതിയിലുള്ള പുൽമൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു. കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു.