കനകലത ബറുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കനകലത ബറുവ
কনকলতাৰ প্ৰতিমুৰ্তি.JPG
ബോറങ്കബാരിയിൽ സ്ഥാപിച്ചിട്ടുള്ള കനകലതയുടെ പ്രതിമ
ജനനം(1924-12-22)22 ഡിസംബർ 1924
ബോറങ്കബാരി, ആസ്സാം, ബ്രിട്ടീഷ് ഇന്ത്യ
മരണം1942 സെപ്റ്റംബർ 20
ബോറങ്കബാരി
പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം

ബ്രിട്ടീഷ് ഇന്ത്യയിലെ ആസ്സാമിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര പ്രവർത്തക ആയിരുന്നു കനകലത ബറുവ (ജനനം 22 ഡിസംബർ 1924 - മരണം 20 സെപ്തംബർ 1942). ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ടു നടന്ന ഒരു ജാഥയിൽ പങ്കെടുക്കവേ കനകലത പോലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു.[1] ധൈര്യശാലി എന്നർത്ഥം വരുന്ന ബീർബല എന്നും ഇവർ അറിയപ്പെടുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1924 ഡിസംബർ 22 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ആസ്സാമിലുള്ള ദരാങ് ജില്ലയിലാണ് കനകലത ജനിച്ചത്. കൃഷ്ണകാന്തയും, കർണ്ണേശ്വരി ബറുവയുമായിരുന്നു മാതാപിതാക്കൾ. [2] തന്റെ താഴെയുള്ള സഹോദരങ്ങളെ നോക്കി വളർത്തേണ്ട ഉത്തരവാദിത്തം കനകലതയിലായി. മൂന്നാം ക്ലാസ്സിൽ വച്ച് കനകക്ക് പഠനം നിറുത്തേണ്ടി വന്നു. കനകലതക്ക് അഞ്ചുവയസ്സുള്ളപ്പോൾ കർണ്ണേശ്വരി അന്തരിച്ചു. [3] കനകലതക്ക് പതിമൂന്നു വയസ്സുള്ളപ്പോൾ പിതാവും അന്തരിച്ചു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

മഹാത്മാ ഗാന്ധി, കോൺഗ്രസ്സ്, സ്വാതന്ത്ര്യം എന്നീ വാക്കുകൾ കേട്ടാണ് കനകലത ബാല്യം ചിലവിട്ടത്. പ്രായത്തിൽ കവിഞ്ഞ അറിവുള്ള കുട്ടിയായിരുന്നു കനകലത. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യണമെന്ന് ആത്മാർത്ഥമായി തീരുമാനമെടുത്ത കനകലത, രഹസ്യമായി മീറ്റിങ്ങുകളിൽ പങ്കെടുക്കാന തുടങ്ങി. ജ്യോതിപ്രസാദ് അഗർവാളിന്റെ ഗാനങ്ങളും, ബിഷ്ണുപ്രസാദിന്റെ പ്രസംഗങ്ങളും, കനകലതയും തീരുമാനത്തെ അരക്കിട്ടുറപ്പിച്ചു.[4] കനകലതയുടെ മുത്തച്ഛൻ ഈ തീരുമാനത്തിനെതിരായിരുന്നു, അദ്ദേഹം പൗത്രിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, മുത്തശ്ശിയുടെ അനുവാദത്തോടെ കനകലത വീണ്ടും സമ്മേളനങ്ങളിൽ പങ്കെടുത്തു.

ആസ്സാമിലെ കോൺഗ്രസ്സ് യുവജനവിഭാഗം രൂപീകരിച്ച മൃത്യു ബാഹിനി എന്ന സംഘടനയിലൂടെയാണ് കനകലത രാഷ്ട്രീയരംഗത്തേക്കു പ്രവേശിക്കുന്നത്.[5] ക്വിറ്റ് ഇന്ത്യാ സമരത്തേത്തുടർന്നുണ്ടായ വ്യാപക അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയൊട്ടുക്കും അക്രമങ്ങൾ അരങ്ങേറിയപ്പോഴും, ആസ്സാമിൽ സമാധാനപൂർണ്ണമായി തന്നെയാണ് ക്വിറ്റ് ഇന്ത്യാ സമരം നടന്നത്. 1942 സെപ്തംബർ 20 ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ദേശീയ പതാക ഉയർത്താൻ ബാഹിനി തീരുമാനിച്ചു. കനകലതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സമാധാനപരമായി സ്റ്റേഷനിലേക്കു മാർച്ചു നടത്തി. പോലീസിന്റെ വിലക്കു വകവെക്കാതെ, സംഘം പോലീസ് സ്റ്റേഷനെ ലക്ഷ്യമാക്കി തന്നെ മുന്നേറി. ജാഥക്കു നേരെ പോലീസ് വെടിയുതിർത്തു. വെടിവെപ്പിൽ കനകലതയും, മുകുന്ദ കാക്കോത്തിയും മരണമടഞ്ഞു.[6]

സ്മാരകം[തിരുത്തുക]

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ തിരച്ചിൽ ബോട്ടിന് കനകലതയോടുള്ള ബഹുമാനാർത്ഥം കനകലത എന്ന പേരാണ് നൽകിയിരിക്കുന്നത്.[7]

അവലംബം[തിരുത്തുക]

ഗുപ്തജിത്, പഥക് (2008). ആസ്സാമീസ് വുമൺ ഇൻ ഇന്ത്യൻ ഇൻഡിപെൻഡൻസ് മൂവ്മെന്റ്. മിത്തൽ പബ്ലിക്കേഷൻസ്. ISBN 81-8324-233-2.

"https://ml.wikipedia.org/w/index.php?title=കനകലത_ബറുവ&oldid=3176146" എന്ന താളിൽനിന്ന് ശേഖരിച്ചത്