കണ്ണമ്പുഴ ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാലക്കുടിപ്പുഴയുടെ വടക്കെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ദേശീയ പാതയ്ക്ക് പടിഞ്ഞാറാണ് ഈ ക്ഷേത്രം, കിഴക്ക് ശ്രീകൃഷണ സ്വാമി ക്ഷേത്രം ഉണ്ട്.

ചാലക്കുടിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കണ്ണമ്പുഴ ഭഗവതി ക്ഷേത്രം. ഇംഗ്ലീഷ്: Kannampuzha Bhagavathi Temple ആദിപരാശക്തിയായ ഭഗവതിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

കണ്ണൻ എന്ന പുലയനായിരുന്നു ക്ഷേത്രം നില നിന്നിരുന്ന പ്രദേശത്തിനവകാശി. അതിൽ നിന്നാണ്‌ കണ്ണമ്പുഴ എന്ന പേരുണ്ടായത്.

ഐതിഹ്യം[തിരുത്തുക]

കണ്ണമ്പുഴ ഭഗവതി സ്വയംഭൂ ആണെന്നാണ് വിശ്വാസം. കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലത്ത് ആദ്യം കാലുകുത്തിയ ഒരു പുലയൻ കല്ലിൽ അരിവാൾ ഉരക്കുകയും അതിൽ നിന്ന് രക്തം പൊടിയുകയും അങ്ങനെ ആ സ്ഥലം പുണ്യപ്പെട്ടതായും ഐതിഹ്യങ്ങൾ പറയുന്നു. സ്വയംഭൂവായിരുന്ന ശില അല്പാല്പമായി വള്ർന്ന് വരികയായിരുന്നു എന്നു നാട്ടുകാർ പറയുന്നു.

ചരിത്രം[തിരുത്തുക]

ക്ഷേത്രം ദ്രാവിഡന്മാരുടേതായിരുന്നെന്നും പിന്നീട് ആര്യന്മാർ കൈക്കലാക്കിയതാണെന്നും വിശ്വസിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്.[1] ക്ഷേത്രം ആര്യന്മാരുടെ സങ്കേതമായി മാറിയമുതൽക്ക് തെക്കേടത്ത് മനയിലെ നമ്പൂതിരിമാരുടേതായിരുന്നു. അവരാണ് നിത്യ പൂജകൾ ചെയ്തു വന്നത്.തെക്കേടത്തു മുല്ലയ്ക്കൽ ഭഗവതി എന്നായിരുന്നു അക്കാലത്ത് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1096ല് ക്ഷേത്രം വലുതാക്കി പണികഴിപ്പിച്ചതോടു കൂടി നാലമ്പലവും പുതുതായി ചേർക്കപ്പെട്ടു. അന്നു മുതലാണ് ക്ഷേത്രത്തിൽ പതിവായി രണ്ടു നേരവും പൂജയും വെച്ച് നിവേദ്യവും തുടങ്ങിയത്. എന്നാൽ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം അവർണ്ണ ഹിന്ദുക്കൾക്ക് പ്രവേശനം നൽകപെട്ടു. അന്നു മുതൽ മുല്ലയക്കൽ ഭഗവതി എന്ന സ്ഥാനം വിട്ടു നാട്ടു പരദേവത എന്ന സ്ഥാനവും പ്രശസ്തിയും ലഭിച്ചു തുടങ്ങി. കൊല്ല വർഷം 1131 മീനമാസത്തിലും 1138 ഏടവമാസത്തിലും 1171 മകരമാസത്തിലും ന്നവീകരണ കലശം നടത്തുകയുണ്ടായി

വാസ്തുശില്പരീതി[തിരുത്തുക]

കേരളീയ വാസ്തുശില്പരീതിയിലാണ് നിർമ്മിതിൽ ചതുരാകൃതിയാണ്. കിഴക്കേ ചുറ്റുമതിനു ചെർന്ന് പ്രധാന ഗോപുരം ഉണ്ട്. എന്നാൽ പ്രധാനമായ പ്രവേശനം വടക്കു വശത്തുകൂടെയാണ്. കിഴക്കുഭാഗത്ത് നമസ്കാാര മുഖമണ്ഡപം. ബലിക്കല്ല് എന്നിവ കാണാം. ഇവിടെ നിന്ന് ദേവീ ദർശനം സാധ്യമാണ്. ചുറ്റമ്പലത്തിനു പുറത്തെ മതിലിൽ നിറമാലക്കുള്ള വിളക്കുമാടം. നടുക്കായി ശ്രീകോവിൽ. ഇത് ചതുരാകൃതിയിലാണ്. പ്രധാന പ്രതിഷ്ഠയായ കണ്ണമ്പുഴ ദേവിയെ ഇവിടെ പ്രതിസ്ഠിച്ചിരിക്കുന്നു. തെക്കു പടിഞ്ഞാറു മൂലയിൽ മറ്റൂപദേവതകളായ നാഗരാജാവും ശിവനും ഉണ്ട്. ചുറ്റമ്പലത്തിനു വെളിയിലായി പടിഞ്ഞാറായി ശാസ്താവും ഗണപതിയും അഷ്ടദിക് പാലകരും

പ്രതിഷ്ഠ[തിരുത്തുക]

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭഗവതിയാണ്. സ്വയംഭൂവാണെന്നാണ് സങ്കൽപ്പം‍. കിഴക്കോട്ടാൺ ദർശനം. ശാസ്താവ്, ശിവൻ, വിഷ്ണു, ഭദ്രകാളി, ദുർഗ്ഗ, നാഗരാജാവ്, നാഗയക്ഷി ഉപദേവതകളാൺ.

പൂജകളും ചടങ്ങുകളും[തിരുത്തുക]

നിത്യാധി പൂജകൾ ഇന്നും തെക്കേടത്തു നമ്പൂതിരിമാർ തന്നെയാണ് നടത്തി വരുന്നത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന മലബാറിലെ പ്രസിദ്ധമായ കൊട്ടീയൂർ മഹാദേവക്ഷേത്രത്തിലെ പ്രധാന തന്ത്രിമാരുടെ പദവി ഈ മനക്കാർക്കുള്ളതാണ്. മണ്ഡലകാലത്ത് ക്ഷേത്രത്തിൽ (വൃശ്ചികം 21 മുതൽ) വരനാട്ടു കുറുപ്പിന്റെ കളമെഴുത്തുപാട്ടും ഒരു പ്രധാന ചടങ്ങാണ്. ഓരോ ദിവസവും നിറമാലയും ഉണ്ടാവാറുണ്ട്. ഇത് ഓരോരുത്തരുടെ വകയായി നടത്തപ്പെടുന്നു. ദ്രാവിഡരുടെ ആചാരമായ ഗുരുതിയും കളമെഴുത്തുപാട്ടും ഇവിടത്തെ പ്രധാനമായ അചാരങ്ങളില്പെടുന്നു. മണ്ഡലകാലങ്ങളിലെ ചടങ്ങുകൾ പത്താമുദയം എഴുന്നള്ളിപ്പോടെ അവസാനിക്കുന്നു.

പറയെടുപ്പ്

നവരാത്രികാലങ്ങളിൽ നിറമാലയും ഗുരുതിയും ഉണ്ടാകും. മകര ചൊവ്വയും മകരമാസത്തിലെ അത്തം നാളിലെ പ്രതിഷ്ഠാ ദിനത്തിലെ വിശേഷ പൂജകളും നടത്തപ്പെടുന്നു. അന്ന് ദീപക്കാഴ്ചയും കലാപരിപാടികളും നടത്തുന്നു.

ക്ഷേത്രോത്സവം[തിരുത്തുക]

പകൽ‍പൂരം, തെക്കേടത്തു മനയുടെ മുറ്റത്ത് നടത്തുന്ന ദൃശ്യം

ക്ഷേത്രത്തിലെ പ്രധാന ആഘോഷം കുംഭമാസത്തിലെ അശ്വതിനാളിൽ(രാത്രിയിൽ അശ്വതിനാൾ ഏറെ വരുന്ന ദിവസം)നടത്തപ്പെടുന്ന താലപ്പൊലിയാണ്‌. ഈ ദിവസത്തിൽ ദേവിക്ക് ചാർത്താൻ താലികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഘോഷപൂർവ്വം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊണ്ടു വരുന്നു. ദേവി അന്നേ ദിവസം അഞ്ച്/ഏഴ് ആനകളുടെ അകമ്പടിയോടെ തെക്കേടത്തു മനയിലേയ്ക്ക് എഴുന്നള്ളുന്നു. വഴിക്ക് ഭക്തജനങ്ങൾ ഐശ്വര്യസൂചകമായി വീടുകളിൽ ദേവിയുടെ സാന്നിദ്ധ്യത്തിൽ പറ നിറയ്ക്കൽ ചടങ്ങുകൾ നടത്തുന്നു. മനയ്ക്കൾ വച്ചുള്ള വാദ്യമേളങ്ങളും പൂരവും ദർശിച്ച് പുലർച്ചയോടേ ദേവിയെ തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിക്കപ്പെടുന്നു.

പ്രതിഷ്ഠാ ദിനത്തിലെ ദീപക്കാഴ്ച

വൈകീട്ട് ആയിരത്തൊന്ന് കതിന വെടികൾ മുഴക്കുന്നത് ദേവിക്ക് ഉപചാരമർപ്പിക്കാനായാണ്. ഭഗവതി ശ്രീകോവിലിൽ പ്രവേശിക്കുന്നതോടേ കരിമരുന്ന് പ്രയോഗങ്ങൾ നടത്തുന്നു. വിവിധ കലാപരിപാടികളും ക്ഷേത്രാങ്കണത്തിൽ നടക്കാറുണ്ട്. ക്ഷേത്രത്തിനടുത്തുള്ള പാട വരമ്പത്ത് നിരവധി കച്ചവടക്കാർ നിരക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ട വിവിധ സാധന സാമഗ്രികൾ ഇവിടെ വില്കപ്പെടുന്നു. [2]

പകൽ‍പൂരം പുറപ്പാട്

പാറപ്പുറത്തു ഭഗവതി[തിരുത്തുക]

പാറപ്പുറത്തു ഭഗവതിയുടെ ക്ഷേത്രം

കണ്ണമ്പുഴ ക്ഷേത്രത്തിലെ ഉപദേവതയായ പാറപ്പുറത്തു ഭഗവതിയെ ക്ഷേത്രത്തിനു വടക്കായി തെക്കേടത്തു മനയുടെ അങ്കണത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവി തന്നെയാണ് എന്നാണ് സങ്കല്പം. പണ്ട് കൊട്ടിയൂർ ക്ഷേത്രത്തിൽ താന്ത്രിക കാര്യങ്ങൾക്ക് വേണ്ടി പോയ തേക്കേടത്തു മനയിലെ മൂത്ത തിരുമേനിക്ക് അസമയത്തു തിരിച്ചു വരേണ്ടി വരികയും യാത്ര വന മദ്ധ്യത്തിലൂടെയായപ്പോൾ അദ്ദേഹം ഭയ വിഹ്വലനാവുകയും ചെയ്തു. നേരം ഇരുട്ടിയപ്പോൾ വഴി അറിയാൻ പറ്റാതാവുകയും ചെയ്തു. ഭയ ഭക്തിയോടെ ദേവിയെ പ്രാർത്ഥിച്ചപ്പോൾ ദൂരെ ഒരു സ്ത്രീ വിളക്കും തെളിച്ച് പോകുന്നതായി കണ്ടു. അവരെ പിന്തുടർന്ന് തന്ത്രി വനത്തിനും പുറത്ത് അപകടം ഒന്നും കൂടാതെ കടന്നു. ഈ സ്ത്രീ ഭാവത്തെ ദേവീരൂപ്പത്തിൽ മനയുടെ തെക്കു ഭാഗത്തായി അദ്ദേഹം പ്രതിഷ്ഠിച്ചു. ഇതാണ് പാറപ്പുറത്ത് ഭഗവതി.

എല്ലാ മലയാള മാസവും ആദ്യം വരുന്ന ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ മാത്രമാണിവിടെ നട തുറന്ന് പൂജ നടത്താറുള്ളൂ. അന്നേ ദിവസം മാത്രമേ ദേവി ഭക്തർക്ക് ദർശനം അരുളുകയുള്ളൂ. [3]

ഭരണം[തിരുത്തുക]

ഗുരുതി പൂജ

ക്ഷേത്ര ഭരണത്തിനായി ഒരു ക്ഷേത്ര സേവാ സമിതി രൂപവത്കരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അദ്ധ്യക്ഷ സ്ഥാനം തെക്കേടത്തു നമ്പൂതിരിമാർക്കുള്ളതാണ്. മറ്റുള്ളവരെ നാട്ടുകാർ തിരഞ്ഞെടുക്കുന്നു.


അനുബന്ധം[തിരുത്തുക]

രാത്രി പൂരം

റഫറൻസുകൾ[തിരുത്തുക]

  1. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂ ര് ‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992
  2. മലയാള മനോരമ ഇറക്കിയ പ്രത്യേക സപ്ലിമെൻറ് 2007 ഫെബ്രുവരി 20. തൃശ്ശൂർ ഏഡീഷൻ
  3. പി. രാമൻ‍കുട്ടി മാരാർ, മാതൃഭൂമി ദിനപത്രത്തിന്റെ കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക അനുബന്ധ പ്രസിദ്ധീകരണം. 2007 ഫെബ്രുവരി 20. തൃശ്ശൂർ എഡിഷൻ, കേരള