ഓൾബേഴ്സിന്റെ പ്രഹേളിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓൾബേഴ്സ് പ്രഹേളികയുടെ ചിത്രീകരണം

രാത്രിയിലെ ഇരുണ്ട ആകാശം, അനന്തവും അചഞ്ചലവുമായ (മാറ്റമില്ലാത്ത) പ്രപഞ്ചസങ്കൽപ്പവുമായി യോജിക്കുന്നില്ല എന്ന പ്രശ്നമാണ് ഓൾബേഴ്സ് പ്രഹേളിക എന്നറിയപ്പെടുന്നത്. 1826 ൽ വിയന്നക്കാരനായ ഹെൻറിയിച്ച് ഓൾബേഴ്സ് എന്ന് ഭിഷഗ്വരൻ ഉന്നയിച്ച പ്രശ്നമാണിത്. മഹാവിസ്ഫോടനസിദ്ധാന്തം വിഭാവനം ചെയ്യുന്നതുപോലെയുള്ള മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചസങ്കൽപ്പത്തെ സാധൂകരിക്കുന്ന ഒന്നാണിത്.

രാത്രിയിൽ ആകാശം ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട് എന്നതായിരുന്നു ആ ചോദ്യം. സൂര്യപ്രകാശം ഇല്ലാത്തതുകൊണ്ട് എന്നതാണല്ലോ ആദ്യം പറയാവുന്ന ഉത്തരം. എന്നാൽ നക്ഷത്രങ്ങളുടെ വെളിച്ചം ഉണ്ടല്ലോ. പ്രപഞ്ചം അനന്തവിസ്ത്രതമാണെന്നും അതിലാകെ നക്ഷത്രങ്ങൾ ഏതാണ്ട് ഒരേഅളവിൽ സ്ഥിരമായി വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു അക്കാലത്തെ ധാരണ. അങ്ങനെയെങ്കിൽ ഈ നക്ഷത്രങ്ങളിൽ നിന്നെല്ലാമുള്ള പ്രകാശത്തെ കൂട്ടിനോക്കിയാൽ രാത്രിയെ പകലാക്കാനുള്ള പ്രകാശം സ്ഥിരമായി ലഭ്യമായിരിക്കും എന്നതായിരുന്നു ഓൾബേഴ്സിന്റെ വാദം. നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശത്തിന്റെ തീവ്രതയും അവിടെ നിന്നുള്ള ദൂരത്തിന്റെ വർഗ്ഗവും വിപരീതാനുപാതത്തിലായിരിക്കും. അകലെയുള്ള നക്ഷത്രങ്ങൾക്ക് പ്രകാശം കുറവായി അനുഭവപ്പെടും. എന്നാൽ ഒരു പ്രത്യേക ദൂരത്തിൽ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളുടെ എണ്ണം ദൂരത്തിന്റെ വർഗ്ഗത്തിന്റെ നേർ അനുപാതത്തിലായിരിക്കും. അതായത് കൂടുതൽ ദൂരത്തിൽ നിൽക്കുന്ന നക്ഷത്രങ്ങളെ കണക്കിലെടുക്കുമ്പോൾ അവയുടെ എണ്ണവും കൂടുമെന്നർത്ഥം. മേൽപ്പറഞ്ഞ രണ്ടുകാര്യങ്ങളും ഒരുമിച്ചു പരിഗണിക്കുമ്പോൾ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം ദൂരമനുസരിച്ചു കുറയുന്നില്ലെന്ന് വ്യക്തമാണ്. പ്രപഞ്ചം അനന്തമെന്നെടുത്താൽ നക്ഷത്രവെളിച്ചം സൂര്യനെ നിസ്സാരമാക്കിക്കളയും എന്ന് സമ്മതിക്കേണ്ടിവരും. ഇതാണ് ഓൾബേഴ്സിന്റെ പ്രഹേളിക.

ഈ പ്രശ്നം നിസ്സാരമാണെങ്കിലും പരിഹാരം നിസ്സാരമല്ല. നക്ഷത്രാന്തരീയ വാതകങ്ങളും ധൂളീപടലങ്ങളും പ്രകാശത്തെ ആഗിരണം ചെയ്യുന്നുണ്ടാവാം എന്നതായിരുന്നു ഒരു വിശദീകണം. അങ്ങനെയെങ്കിൽ ആ വസ്തുക്കൾ ക്രമേണ ചൂടാവുകയും ഒടുവിൽ ധാരാളം പ്രകാശം വികിരണം നടത്തുകയും ചെയ്യും. നക്ഷത്രലോകത്തിന് അതിർത്തിയുണ്ടാവുമെന്നാണ് മറ്റൊരു വിശദീകരണം. അങ്ങനെയെങ്കിൽ പ്രപഞ്ചത്തിന്റെ ആകൃതിയെന്ത് , അതിന്റെ കേന്ദ്രമെവിടെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം കാണേണ്ടിവരും. 20 ആം നൂറ്റാണ്ടിൽ ഗാലക്സികളുടെ ചുവപ്പുനീക്കം കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. അകന്നുപോകുന്ന ഗാലക്സികളിലെ നക്ഷത്രങ്ങളിൽ നിന്നുവരുന്ന ഊർജ്ജം ചുവപ്പുനീക്കത്താൽ കുറഞ്ഞുവരുന്നുവെന്നത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. ഇതിന്റെ ചുവടുപിടിച്ച് മഹാവിസ്ഫോടന സിദ്ധാന്തവും പൊതു ആപേക്ഷികതാസിദ്ധാന്തവും ചേർത്ത് ഓൾബേഴ്സിന്റെ പ്രശ്നത്തിന് പരിഹാരമാകും.

ഇതും കാണുക[തിരുത്തുക]

റെഫറൻസുകൾ[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓൾബേഴ്സിന്റെ_പ്രഹേളിക&oldid=2801948" എന്ന താളിൽനിന്നു ശേഖരിച്ചത്