ഓച്ചിറ കാളകെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെട്ടുകാള

ഇരുപത്തെട്ടാം ഓണഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ഒരു ആഘോഷമാണ് കാളകെട്ട്. ഒരു ജോടി കാളകളുടെ രൂപങ്ങൾ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്രപരിസരത്ത് നിരത്തി വെച്ചു കൊണ്ടാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ഇങ്ങനെ കെട്ടിയുണ്ടാക്കുന്ന കാളരൂപങ്ങളെ കെട്ടുകാളകൾ എന്നും പറയുന്നു. വൈവിദ്ധ്യമാർന്ന വലിപ്പങ്ങളിലുള്ള കാളകളെ ഈ സമയത്ത് മൈതാനത്ത് നിരത്താറുണ്ട്. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായാണ് ഓരോ കാളയും നിരക്കുന്നത്. 2014-ൽ ഇത്തരത്തിലെ 200-ലധികം കാളകൾ അണി നിരക്കുകയുണ്ടായി.[1][2][3] ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളകെട്ടുത്സവം എന്നു പറയാവുന്നതാണ് ഈ ആഘോഷം.[4]

നിർമ്മാണം[തിരുത്തുക]

കാളകളുടെ തലമാത്രമാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. ഓരോ തലയ്ക്കും വേണ്ട ഉടലുകൾ വർഷാവർഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുകയാണ് പതിവ്. ചട്ടത്തിൽ വൈക്കോലും മറ്റും കൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളിൽ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടു വരുക. ഏറ്റവും വലിയ കാളകൾക്ക് ടൺ കണക്കിന് ഭാരം ഉണ്ടാകാറുണ്ട്. എന്നാൽ കൈവെള്ളയിൽ ഒതുങ്ങുന്ന തരത്തിലുള്ളവയും ഉണ്ട്. സാധാരണയായി ഒരു കാളക്ക് വെള്ള നിറവും മറ്റേതിന് ചുവപ്പുമാണ് കൊടുക്കാറുള്ളത്. തുണിയുടെ പുറത്തു കൂടി കഴുത്തിൽ മണികൾ കെട്ടിത്തൂക്കുകയും ജീവത, നെറ്റിപ്പട്ടം, വെൺചാമരം തുടങ്ങിയ അലങ്കാരങ്ങളും മാലകളും മറ്റും അണിയിക്കുകയും ചെയ്യുന്നു. ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളും മറ്റുമായി ആഘോഷപൂർവ്വം ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടു വരുന്ന കാളകൾക്ക് മത്സരത്തിന്റെ രീതിയിൽ സമ്മാനം കൊടുക്കുന്ന പതിവും ഉണ്ട്.[4]

ഓണാട്ടുകര കതിരവൻ എന്നതായിരുന്നു 2014-ലെ ഏറ്റവും വലിയ കെട്ടുകാള.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "ഓണാട്ടുകാരയിലെ ഉത്സവങ്ങൾക്ക്‌ തുടക്കം കുറിച്ചു കാളകെട്ട്‌ ഉത്സവം നടന്നു". മംഗളം. 6 ഒക്ടോബർ 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-08 14:23:32-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഒക്ടോബർ 2014. Check date values in: |archivedate= (help)
  2. "ഓച്ചിറ കെട്ടുത്സവം നാളെ". കേരളകൗമുദി. 3 ഒക്ടോബർ 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-08 14:23:37-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഒക്ടോബർ 2014. Check date values in: |archivedate= (help)
  3. "ഓച്ചിറ പടനിലത്ത് ഇന്ന് കാളകെട്ട്". ഏഷ്യാനെറ്റ് ടിവി. 13 ഒക്ടോബർ 2013. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-08 14:23:44-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഒക്ടോബർ 2014. Check date values in: |archivedate= (help)
  4. 4.0 4.1 അജിത് പനച്ചിക്കൽ (25 സെപ്റ്റംബർ 2015). "ഓച്ചിറ കെട്ടുകാഴ്ച്ച..." മാതൃഭൂമി. മൂലതാളിൽ നിന്നും 2015-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-28.
"https://ml.wikipedia.org/w/index.php?title=ഓച്ചിറ_കാളകെട്ട്&oldid=3222393" എന്ന താളിൽനിന്ന് ശേഖരിച്ചത്