ഒയാഷിയോ പ്രവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒയാഷിയോ ശീതജല പ്രവാഹം

ഉത്തര ശാന്തസമുദ്രത്തിലെ ഒരു ശീത ജലപ്രവാഹമാണ് ഒയാഷിയോ പ്രവാഹം. ബെറിങ് കടലിൽ തുടങ്ങി, കംചാത്കാ ഉപദ്വീപിനും കുരിൽ ദ്വീപസമൂഹത്തിനും കിഴക്കുമാറി തെക്കു പടിഞ്ഞാറു ദിശയിലൊഴുകുന്ന ഒയാഷീയോ പ്രവാഹത്തിന് പലകാര്യത്തിലും ഉത്തര അറ്റ്ലാന്റിക്കിലെ ലാബ്രഡോർ പ്രവാഹവുമായി സാമ്യമുണ്ട്. ജപ്പാൻ ദ്വീപുകളുടെ കിഴക്കു ഭാഗത്തു വച്ച് കുറോഷിയോ ഉഷ്ണജലപ്രവാഹവുമായി ഇതു സന്ധിക്കുന്നു; എന്നാൽ ഉപരിതല പ്രവാഹമായ കുറോഷിയോയിലെ ഉഷ്ണജലത്തിനടിയിലൂടെ ഒഴുകിനീങ്ങുകയും ചെയ്യുന്നു. ഇവിടെ വച്ച് ഒയാഷിയോ പ്രവാഹം രണ്ടായിപിരിയുന്നു; ഒരു ശാഖ കിഴക്കോട്ടും മറ്റൊന്നു തെക്കോട്ടും.[1]

ചൂടും ലവണതയും കുറവായ ഉപധ്രുവീയ ജലപിണ്ഡമാണ് ഒയാഷീയോ പ്രവാഹം ഉൾക്കോള്ളുന്നത്. ബെറിങ് കടലിൽ അല്യൂഷൻ ദ്വീപുകൾക്കടുത്തു നിന്ന് ഒഴുകിയെത്തുന്ന ജലപിണ്ഡങ്ങളും കുരിൽ ദ്വീപുകളുടെ തെക്കുനിന്ന് പ്രദക്ഷിണ ദിശയിലുള്ള പ്രവാഹവും സംഗമിച്ച് പ്രബലമാവുന്നതോടെയാണ് ഒയാഷിയോ പ്രവാഹം രൂപംകൊള്ളുന്നത്. പസഫിക്കിന്റെ ഉത്തരഭാഗം താരതമ്യേന ഇടുങ്ങിയതാണ്; ഇവിടെ ശാന്തമായ കാലാവസ്ഥയും അനുഭവപ്പെടുന്നു. ഇക്കാരണത്താൽ ഒയാഷീയോ പ്രവാഹം കുറോഷീയോയെ അപേക്ഷിച്ച് വേഗത കുറഞ്ഞതാണ്. ഒരു സെക്കന്റിൽ ഉദ്ദേശം 150 ലക്ഷം ഘനമീറ്റർ ജലം ഈ പ്രവാഹത്തിലൂടെ ഒഴുകി നിങ്ങുന്നു. പ്ലവകങ്ങളുടെയും ഇതര പോഷക ലവണങ്ങളുടെയും ബാഹുല്യം മൂലം ഒയാഷീയോ ജലൗഘം തവിട്ടുനിറത്തിൽ കാണപ്പെടുന്നു. 'ഒയാഷീയോ' എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം സമൃദ്ധി എന്നാണ്.[2]

ജപ്പാൻ ദ്വീപുകളുടെ കിഴക്കുഭാഗത്ത് വടക്കേ അക്ഷാംശം 37 ഡിഗ്രി മുതൽ 42 ഡിഗ്രി വരെയുള്ള സമുദ്രഭാഗമാണ് ഒയാഷിയോ-കൂറേഷീയോ ജലപിണ്ഡങ്ങളുടെ സമ്മിശ്രമേഖല. ഈ മേഖലയിൽ പ്രദക്ഷിണവും അപ്രദക്ഷിണവുമായി ചുറ്റുന്ന ചുഴലികൾ കാണാ; ഇവയിൽ മിക്കതിന്റെയും വ്യാസം ശതക്കണക്കിനു കിലോ മീറ്ററുകൾ ആയിരിക്കും. ഈ മേഖലയ്ക്കു മുകളിലും സമീപ പ്രദേശങ്ങളിലും മിക്ക മാസങ്ങളിലും മഞ്ഞുണ്ടാവുന്നതിനുള്ള മുഖ്യക്കാരണം ഉഷ്ണ-ശീതജല പ്രവാഹങ്ങളുടെ സംഗമമാണ്.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒയാഷിയോ_പ്രവാഹം&oldid=3911946" എന്ന താളിൽനിന്ന് ശേഖരിച്ചത്