Jump to content

ഐ.വി. ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേശാഭിമാനി വാരിക പത്രാധിപരും സി.പി.ഐ (എം) സംസ്ഥാന സമിതിയംഗവും ആയിരുന്ന വ്യക്തി.ഐ.വി. ദാസ് എന്ന പേരിൽ പ്രശസ്തനായ ഐ.വി ഭുവനദാസ്.

ജനനം 1932 ജൂലായ് 7
മരണം 2010 ഒക്ടോബർ 30
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിത പങ്കാളി സുശീല

ജീവിതരേഖ

[തിരുത്തുക]

1953 ജൂൺ ഒന്നിന് മൊകേരി ഈസ്റ്റ് യുപി സ്‌കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1982 സെപ്റ്റംബർ 24ന് സ്വമേധയാ വിരമിച്ചു. ദീർഘകാലം കമ്യൂണിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഐ വി ദാസ് . 1985ലും 2007ലും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമായി. ദേശാഭിമാനി, മുന്നണി, പുതുയുഗം, റോക്കറ്റ്, പടഹം എന്നീ മാസികകളുടെ പത്രാധിപരായിരുന്നു.

സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി, കേരള ഗ്രന്ഥശാലാ സംഘം ജോയിന്റ് സെക്രട്ടറി, കൺട്രോൾ ബോർഡ് അംഗം, കേരള സാഹിത്യ അക്കാദമി സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി അംഗം, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

പ്രവർത്തനശൈലി

[തിരുത്തുക]

ദേശീയപ്രസ്ഥാനത്തിന്റെയും വാഗ്ഭടാനന്ദനും മറ്റും നേതൃത്വം നൽകിയ സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെയും ആശയധാരയിൽനിന്നും കരുത്തെടുത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തി മുഴുവൻ സമയപ്രവർത്തകനും നേതാവുമായി ഉയർന്നത്. പത്രപ്രവർത്തനത്തിൽ വലിയ കമ്പമായിരുന്നു. അധ്യാപകനായിരിക്കെ കണ്ണൂരിലും തലശ്ശേരിയിലും ചില സായാഹ്നപത്രങ്ങൾ നടത്തുകയുണ്ടായി. ലീവെടുത്ത് ദേശാഭിമാനി ദിനപത്രത്തിൽ സബ് എഡിറ്ററായും പ്രവർത്തിച്ചു. തായാട്ട് ശങ്കരനുശേഷം ദേശാഭിമാനി വാരികയുടെ പത്രാധിപത്യം ഏറ്റെടുക്കാൻ വളണ്ടറി റിട്ടയർമെന്റെടുത്തു. പത്ത് വർഷത്തോളം ലൈബ്രറി കൗൺസിൽ സെക്രട്ടറിയായിരുന്നശേഷം വീണ്ടും ദേശാഭിമാനി വാരികയുടെ പത്രാധിപരായി.

ഏതുനേരത്തും ഏതു വീട്ടിലും അടുക്കളവരെ കടന്നുചെല്ലാനും ഏതു പ്രായക്കാരോടും കുശലം പറയാനും കഴിയുന്ന പ്രവർത്തനശൈലിയായിരുന്നു . വിവാഹ വീട്ടിലും മരണവീട്ടിലും അന്നുപറ്റിയില്ലെങ്കിൽ ആഴ്ചകൾ കഴിഞ്ഞായാലും എത്തുക, നാട്ടുകാരും പരിചയക്കാരുമായ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ സഹായം നൽകുക, ആസ്​പത്രികളിൽ ചെന്നുകണ്ട് സാന്ത്വനിപ്പിക്കുക - ഇങ്ങനെ ജനകീയമായ പ്രവർത്തനശൈലി അവസാനംവരെ തുടരാൻ കഴിഞ്ഞ സഞ്ചരിക്കുന്ന ഒരു പ്രസ്ഥാനമായിരുന്നു അദ്ദേഹം. ഒരു സ്വതന്ത്ര എഴുത്തുകാരൻ എന്ന നിലയിൽ കാലാതിവർത്തിയായ സംഭാവനകളൊന്നും ഐ.വി.ദാസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും ജീവചരിത്രപരമായും നിരവധി ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്ത് പുറത്തിറക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രമുഖരെക്കൊണ്ട് എഴുതിക്കാനും അത് സമാഹരിച്ച് പുതിയ തലമുറക്കു ലഭ്യമാക്കുകയും ചെയ്തുവെന്നത് പ്രധാനമാണ്. ദേശാഭിമാനി ദിനപത്രത്തിൽ പ്രതികരണങ്ങൾ എന്ന പംക്തി കൈകാര്യം ചെയ്തു. അതിലെ ഗ്രാമ്യപ്രയോഗങ്ങളും നിശിത വിമർശനങ്ങളും ചിലപ്പോൾ എതിർപ്പും ക്ഷണിച്ചുവരുത്തി. എഴുതിയത് അച്ചടിക്ക് മുമ്പ് ആരെയെങ്കിലും വായിച്ചുകേൾപ്പിക്കണമെന്നത് നിർബന്ധമായിരുന്നു.

കൃതികൾ

[തിരുത്തുക]

18 കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇ.എം.എസ്:ജീവിതവും കാലവും ആണ് ഒടുവിലത്തെ കൃതി.

പുരസ്‌കാരങ്ങൾ

[തിരുത്തുക]

അക്ഷരപുരസ്‌ക്കാരം, പി.എൻ.പണിക്കർ പുരസ്‌കാരം, കാലിക്കറ്റ് റീഡേഴ്‌സ് ഫോറത്തിന്റെ റീഡേഴ്‌സ് അവാർഡ്, പി.ആർ.കുറുപ്പിന്റെ സ്മരണയ്ക്കായുള്ള വജ്രസൂചി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.

അവലംബം

[തിരുത്തുക]

http://www.mathrubhumi.com/story.php?id=136545 Archived 2010-11-02 at the Wayback Machine.

http://www.mathrubhumi.com/online/malayalam/news/story/594439/2010-10-31/kerala Archived 2010-11-03 at the Wayback Machine.

http://www.mathrubhumi.com/online/malayalam/news/story/594441/2010-10-31/kerala Archived 2010-11-06 at the Wayback Machine. വർഗ്ഗംːകേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ വർഗ്ഗംːപത്രാധിപർ

"https://ml.wikipedia.org/w/index.php?title=ഐ.വി._ദാസ്&oldid=4097949" എന്ന താളിൽനിന്ന് ശേഖരിച്ചത്